Wednesday - 22 April, 2026 4-Dhu al-Qadah-1447

ഒഴുകിപ്പോയ സഹസ്രാബ്ദങ്ങൾ (2)

   യഅ്ഖൂബിന്റെ മറ്റൊരു പേരാണ് ഇസ്രാഈൽ. ഇസ്രാഈലിന്റെ സന്താന പരമ്പരയാണ് ബനൂ ഇസ്രാഈൽ. ശക്തരും സമ്പന്നരുമായ ജനവിഭാഗം. കരുത്തറ്റ ജനത. അവരിലേക്ക് നിരവധി പ്രവാചകന്മാർ നിയോഗിക്കപ്പെട്ടു. അവസാനം വന്നത് ഈസാ(അ)... 


 ഈസാ(അ) അവസാനത്തേതിന് മുമ്പുള്ള പ്രവാചകൻ. അവസാനത്തെ പ്രവാചകൻ ഇസ്രാഈല്യരിൽ നിന്നല്ല വന്നത്. അന്ത്യ പ്രവാചകൻ അറബികളിൽ നിന്നാണ്. യഅ്ഖൂബ് നല്ല കർഷകനായിരുന്നു. കൃഷികൊണ്ട് സമ്പന്നനായി. കന്നുകാലി സമ്പത്തും വളർന്നു... 


 ഐസുനായാട്ടിൽ താൽപരനായി വളർന്നു. വീട്ടിൽ ഇറച്ചി കൊണ്ടുവരും. എല്ലാവർക്കും അത് ഇഷ്ടമായിരുന്നു. പിതാവിന്റെ പ്രാർത്ഥനയുടെ ഫലമായി ഐസു രാജാവായിത്തീർന്നു. റോമക്കാർ ഇദ്ദേഹത്തിന്റെ പരമ്പരയിൽ വരുന്നു. ആ പരമ്പരയിൽ നിരവധി രാജാക്കന്മാരുണ്ട്...


 പിതാവിന്റെ ശരീഅത്താണ് ഇസ്ഹാഖ്(അ) പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. അത് പ്രചരിപ്പിക്കാൻ മക്കളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. നൂറ്റി അമ്പത് വയസ്സ് വരെ ഇസ്ഹാഖ്(അ) ജീവിച്ചിരുന്നു. സുദീർഘമായ കാലം ദീനീ പ്രബോധനം നടത്തി. ഇസ്ഹാഖ് (അ)ന് ശേഷം യഅ്ഖൂബ്(അ) ആ ദൗത്യം തുടർന്നു. ഇസ്ഹാഖ്(അ)നെ പിന്തുടർന്നവർ തൗഹീദ് പ്രചരിപ്പിച്ചു...


 പിൽക്കാലത്ത് മൂസാ(അ)ന് അല്ലാഹുﷻ തൗറാത്ത് ഇറക്കിക്കൊടുത്തു. അതിനെ പിൻപറ്റിയവർ സത്യവിശ്വാസികളായിരുന്നു. അവർ യഹൂദികളായിരുന്നു. പിൽക്കാലത്തുള്ളവർ തൗറാത്തിൽ മാറ്റിത്തിരുത്തലുകൾ നടത്തി. അവർ വഴിപിഴച്ചു... 


 ഈസാ(അ)ന് അല്ലാഹുﷻ ഇഞ്ചീൽ ഇറക്കിക്കൊടുത്തു. അതിനെ പിൻപറ്റിയവർ സത്യവിശ്വാസികളാകുന്നു. പിൽക്കാലത്ത് അവരും ഇഞ്ചീലിൽ മാറ്റം വരുത്തി. ക്രിസ്ത്യാനികളും വഴിതെറ്റി... 


 യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും അന്ത്യപ്രവാചകനായ മുഹമ്മദ് മുസ്തഫﷺ തങ്ങളുടെ ആഗമനത്തെക്കുറിച്ചറിയാമായിരുന്നു. മക്കയിൽ നബി വന്നപ്പോൾ അവർ പിൻമാറിക്കളഞ്ഞു. അക്കാരണത്താൽ അവർ വഴിപിഴച്ചു...


 യഹൂദികളും ക്രിസ്ത്യാനികളും തങ്ങൾ ഇസ്ഹാഖിന്റെയും യഅ്ഖൂബിന്റെയും ആളുകളാണെന്ന് അവകാശപ്പെടുന്നു. ഈ അവകാശവാദം പൊള്ളയാണ്. ഇസ്ഹാഖും യഅ്ഖൂബും കൈമാറിയ തൗഹീദ് അവരുടെ കൈവശമില്ല. മരണാസന്നനായ സമയത്ത് യഅ്ഖൂബ്(അ) മക്കൾക്കു നൽകിയ വസ്വിയ്യത്ത് ഖുർആനിൽ കാണാം. അതിന്റെ ആശയം ഇങ്ങനെയാകുന്നു...


 "യഅ്ഖൂബിന് മരണം ആസന്നമായ സമയത്ത് നിങ്ങൾ അവിടെ സന്നിഹിതരായിരുന്നുവോ? അദ്ദേഹം തന്റെ മക്കളോട് നിങ്ങൾ എന്റെ മരണശേഷം എന്തിനെയാണ് ആരാധിക്കുക. എന്നു ചോദിച്ചപ്പോൾ അവർ പറഞ്ഞു: നിങ്ങളുടെ ആരാധ്യനും നിങ്ങളുടെ പിതാക്കളായ ഇബ്റാഹീമിന്റെയും, ഇസ്മാഈലിന്റെയും ഇസ്ഹാഖിന്റെയും ആരാധ്യനുമായുള്ളവനെ... ഒരേയൊരു ആരാധ്യനെ... ഞങ്ങൾ ആരാധിക്കും. ഞങ്ങൾ അവന് അല്ലാഹുﷻന് കീഴൊതുങ്ങിയ മുസ്ലിംകളായിരിക്കും." 

  (2:133)


 അവർ സന്മാർഗ്ഗം പ്രാപിച്ച സമൂഹമായിരുന്നു. അവർ സമ്പാദിച്ചത് അവർക്കു കിട്ടി. പിൽക്കാലക്കാരായ ആളുകൾ സമ്പാദിച്ചതെന്താണോ അതേ അവർക്കുള്ളൂ... മുൻഗാമികളുടെ പേര് പറഞ്ഞിട്ടു കാര്യമില്ല... 


 അല്ലാഹുﷻ പറയുന്നത് കാണുക: "അതൊരു സമുദായം - അത് കഴിഞ്ഞു പോയി. അവർ സമ്പാദിച്ചത് അവർക്കുണ്ട്. നിങ്ങൾ സമ്പാദിച്ചത് നിങ്ങൾക്കുമുണ്ടായിരിക്കും അവർ പ്രവർത്തിച്ചുകൊണ്ടിക്കുന്നതിനെ പറ്റി നിങ്ങളോട് ചോദിക്കപ്പെടുന്നതല്ല." 

  (2:134)


 അവർ പ്രവർത്തിച്ചതിന്റെ പ്രതിഫലം അവർക്ക്. നിങ്ങൾ പ്രവർത്തിച്ചതിന്റെ ഫലം നിങ്ങൾക്ക്‌. ഏകനായ അല്ലാഹുﷻൽ വിശ്വസിക്കുക. അന്ത്യപ്രവാചകനിലും വിശ്വസിക്കുക. അല്ലാഹുﷻന്റെ കൽപനകൾ പലിക്കുക. അവർക്കാണ് വിജയം...


 ഇസ്ഹാഖ് (അ) ഹജ്ജിനു വേണ്ടി മക്കയിലെത്തുന്ന രംഗം നമുക്കു മനസ്സിൽ കാണാം. രണ്ട് സഹോദരന്മാരുടെ സംഗമം. രണ്ട് പരമ്പരകളുടെ സംഗമം... 


 പ്രവാചകന്മാരും സത്യവിശ്വാസികളും പുണ്യഭൂമിയിൽ വന്നിട്ടുണ്ട്. മിനായും, അറഫയും, മുസ്ദലിഫയും കടന്നു പോയിട്ടുണ്ട്. ജംറകളിൽ എറിയുകയും ബലി നടത്തുകയും ചെയ്തിട്ടുണ്ട്. സംസം കുടിക്കുകയും കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്...


 തലമുറകൾ ഇസ്മാഈൽ (അ)ന്റെയും ഇസ്ഹാഖ്(അ)ന്റെയും ചരിത്രം അനേകായിരം തവണ പറഞ്ഞിട്ടുണ്ട്. നാമും അത് ജനങ്ങളിൽ എത്തിക്കാൻ ശ്രമിച്ചു. എല്ലാം സ്വാലിഹായ അമലായി അല്ലാഹു ഖബൂൽ ചെയ്യട്ടെ...

ആമീൻ യാ റബ്ബൽ ആലമീൻ...☝????


 ഇസ്ഹാഖ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ...☝????


ഇസ്ഹാഖ് നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 ഇസ്ഹാഖ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】