ഈസാ (അ). വല്ലാത്തൊരു വിസ്മയം ലോകത്ത് നിലനിർത്തിപ്പോരുന്ന പേരാണത്. അനേക നൂറ്റാണ്ടുകളായി ഈസാ (അ) നെക്കുറിച്ചുള്ള വിവരണം അതിശയത്തോടെ ലോകം കേട്ടുകൊണ്ടിരിക്കുന്നു.
മാതാപിതാക്കളുടെ സമ്പർക്കത്തിൽ നിന്ന് കുഞ്ഞ് ജനിക്കുന്നു. അതാണ് പ്രകൃതി രീതി. പ്രകൃതിയുടെ രീതിക്ക് വിരുദ്ധമായി കുഞ്ഞ് ജനിക്കുമോ?
ജനിക്കും. ഈസാ (അ) ജനിച്ചതങ്ങനെയാണ്. ഈസാ (അ) പിതാവില്ലാതെ പിറന്ന കുട്ടിയാണ്...
ഈസ്രാഈലി സമൂഹത്തിലേക്ക് അനേകം പ്രവാചകന്മാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. അവരിൽ അവസാനത്തെ പ്രവാചകനാണ് ഈസാ (അ). മാതാവ് മർയം (റ)...
ഈസാ (അ) നെക്കുറിച്ച് പറയുമ്പോൾ ലോകം ആദം (അ)നെ ഓർക്കുന്നു. പ്രമാണങ്ങൾ ഓർമപ്പെടുത്തുകയും ചെയ്യുന്നു. ആദം (അ) നെ അല്ലാഹു ﷻ സൃഷ്ടിച്ചു. പിതാവില്ലാതെ. മാതാവില്ലാതെ. അതല്ലേ വലിയ വിസ്മയം.
ആദം നബി (അ)ന്ന് ഇണയായി ഹവ്വാ (റ) സൃഷ്ടിക്കപ്പെട്ടു. ഹവ്വാ (റ)ക്ക് പിതാവുണ്ടോ? മാതാവുണ്ടോ? ഇല്ല. അല്ലാഹുﷻവിന്റെ അത്ഭുതകരമായ സൃഷ്ടിവൈഭവം. അല്ലാഹു ﷻ സർവ്വശക്തനാണ്. എന്തിനും കഴിവുള്ളവൻ. ആദം (അ) ഹവ്വാ (റ) ഈസാ (അ)ഇവരുടെ സൃഷ്ടിപ്പ് അതിന്നുദാഹരണമാണ്...
വിശുദ്ധ ഖുർആനിലെ പത്തൊമ്പതാം അധ്യായത്തിന്റെ പേരെന്താണെന്നറിയുമോ?
സൂറത്ത് മർയം. ഒരു വിശുദ്ധ വനിതയുടെ പേരിൽ അറിയപ്പെടുന്ന അധ്യായം. വിശുദ്ധ ഖുർആനിൽ മുപ്പത് സ്ഥലത്ത് പറയപ്പെട്ട പേര്.
മർയം(റ)യുടെ മാതാവ് പുണ്യവതിയായ ഹന്ന. പിതാവ് പൗര പ്രമുകനായ ഇംറാൻ. അക്കാലത്ത് ഫലസ്തീൻ ജനതയുടെ സാമൂഹിക ജീവിതത്തിന്റെ സിരാകേന്ദ്രമായിരുന്നു ബൈത്തുൽ മുഖദ്ദസ്. ബൈത്തുൽ മുഖദ്ദസിലെ പരിചാരകന്മാരിൽ പ്രമുഖനാണ് ഇംറാൻ. അവിടെ വന്നു പോകുന്നവരുമായി നല്ല ബന്ധം. എല്ലാ പൊതുകാര്യങ്ങൾക്കും മുമ്പിലുണ്ടാവും.
ആ സമൂഹത്തിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനാണ് സക്കരിയ്യ (അ). വഴിപിഴച്ചു പോയ ജനതയെ തൗഹീദിലേക്കു ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട മഹാപ്രവാചകനാണ്. ആ സമൂഹം കൊടും ക്രൂരതയാണ് സകരിയ്യ (അ)നോട് കാണിച്ചത്. സകരിയ്യ (അ)ന്റെ ഭാര്യയുടെ പേര് ഈശാഹ്. ഈശാഹ് ആരാണ്? ഹന്നയുടെ മൂത്ത സഹോദരി...
സ്നേഹവും വാത്സല്യവും നിറഞ്ഞ ഇത്താത്ത. സകരിയ്യ (അ) ഈശാഇനോടൊപ്പം ഒരു കൊച്ചുവീട്ടിൽ താമസിക്കുന്നു. വഴിപിഴച്ച ദുഷ്ടന്മാരുടെ ഉപദ്രവങ്ങൾ സഹിച്ചാണ് ജീവിക്കുന്നത്. പകൽ സമയത്ത് സകരിയ്യ (അ) അധികനേരവും വീട്ടിലുണ്ടാവില്ല. ബൈത്തുൽ മുഖദ്ദസിലോ മറ്റു സ്ഥലങ്ങളിലോ ആയിരിക്കും. ഹന്നയും ഇംറാനും ഒരു കൊച്ചുവീട്ടിൽ സമാധാനത്തോടെ കഴിയുന്നു.
പകൽ സമയത്ത് ഇംറാൻ ബൈത്തുൽ മുഖദ്ദസിലായിരുക്കും. രണ്ട് വീടുകളിലും ഒരേ ദുഃഖം തളം കെട്ടി നിന്നു. ഇരു കൂട്ടർക്കും സന്താനങ്ങളില്ല. ഖൽബിനെ കാർന്നു തിന്നുന്ന വേദന നാലു പേരും അനുഭവിച്ചു വരികയാണ്.