Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹന്നയുടെ മകൾ (2)

   ഹന്ന ഒരു ദിവസം ഒരു കാഴ്ചകണ്ടു. വലിയൊരു തണൽ വൃക്ഷം, കൊമ്പിലൊരു പക്ഷിക്കൂട്. കൂട്ടിൽ തള്ളപ്പക്ഷിയും കുഞ്ഞുങ്ങളും. തള്ളപ്പക്ഷി കുഞ്ഞുങ്ങളോട് കാണിക്കുന്ന വാത്സല്യം. കുറച്ചു നേരം നോക്കി നിന്നപ്പോൾ ഹന്നയുടെ ഖൽബിൽ ദുഃഖം നിറഞ്ഞു. ആ തള്ളപ്പക്ഷി സൗഭാഗ്യവതിയാണ്. താനോ? തേങ്ങിക്കരഞ്ഞുപോയി...


 സംഭവമറിഞ്ഞപ്പോൾ ഇംറാനും ദുഃഖിതനായി. പതറിയ മനസ്സുമായി ദുആ ഇരന്നു. കുഞ്ഞിനെ ലഭിക്കാൻ വേണ്ടി എന്നും പ്രാർത്ഥിക്കാറുണ്ട്. അന്നത്തെ പ്രാർത്ഥന കണ്ണീരിൽ കുതിർന്നതായിരുന്നു. ആ പ്രാർത്ഥന ഫലമുണ്ടായി. തള്ളപ്പക്ഷി തന്റെ കുഞ്ഞിന് തീറ്റകൊടുക്കുന്ന രംഗം കണ്ട ഹന്നയുടെ മനസ്സ് ദുഃഖം കൊണ്ട് ആടിയുലഞ്ഞു പോയി. വെപ്രാളത്തോടെ ഒരു നേർച്ചനേർന്നു.


 അല്ലാഹുവേ നീ എനിക്കൊരു കുഞ്ഞിനെ നൽകിയാൽ ഞാനതിനെ ബൈത്തുൽ മുഖദ്ദസിന്റെ സേവനത്തിനായി സമർപ്പിക്കുന്നതാണ്. വല്ലാത്തൊരു നേർച്ചയാണ് നേർന്നത്. ഏറെക്കഴിഞ്ഞില്ല ഹന്ന ഗർഭണിയായി. ഗർഭണിയായ സന്തോഷം. സന്തോഷത്തോടൊപ്പം ദുഃഖവുമെത്തി... 


 വേർപാടിന്റെ കടുത്ത വേദന. പ്രിയ ഭർത്താവ് ഇംറാൻ തളർന്നുപോയി. കണ്ണുകളടഞ്ഞു. എന്നെന്നേക്കുമായി ഇംറാൻ മരിച്ചു പോയി. ഹന്ന വിധവയായി. മാസം തികഞ്ഞു.  കുഞ്ഞിനെ പ്രസവിച്ചു. പെൺകുഞ്ഞ്. ഈ കുഞ്ഞാണ് മർയം(റ)...


 പെൺകുഞ്ഞ് പിറന്നപ്പോൾ ഹന്നക്ക് വെപ്രാളമായി. ബൈത്തുൽ മുഖദ്ദസിന്റെ സേവന്നത്തിനുവേണ്ടി സമർപ്പിക്കപ്പെടുക ആൺകുട്ടികളാണ്. പെൺകുട്ടികളല്ല. നേർച്ച വീടുകയും വേണം. എന്തുവഴി..? അല്ലാഹു ﷻ ഒരു വഴികാട്ടിത്തരും. അവർ അങ്ങനെ ആശ്വസിച്ചു...


 പിറന്ന ദിവസം തന്നെ കുഞ്ഞിന് പേരിട്ടു. മർയം. മർയം എന്ന വാക്കിന്ന് ശുശ്രൂഷിക്കുന്നവൾ, ആരാധനയിൽ വ്യാപൃതയായവൾ. എന്നൊക്കെ അർത്ഥം പറഞ്ഞു കാണുന്നു. ബൈത്തുൽ മുഖദ്ദസിന്റെ ശുശ്രൂഷകന്മാർ ഇരുപത്തൊമ്പത് പേരുണ്ടായിരുന്നു. അവരുടെ നേതാവ് സകരിയ്യ (അ) ആയിരുന്നു. ഹന്നയുടെ നേർച്ചയെക്കുറിച്ച് അവരറിഞ്ഞു. 


 മർയം അല്ലാഹു ﷻ നൽകിയ അനുഗ്രഹമാണ്. ആ കുഞ്ഞിന്റെ സംരക്ഷണം. ഏറ്റെടുക്കാൻ ഇരുപത്തൊമ്പത് പേരും സന്നദ്ധരായി. അവർക്കിടയിൽ മത്സരമായി. വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായത്തിന്റെ പേര് സൂറത്തു ആലു ഇംറാൻ എന്നാകുന്നു. ഇംറാന്റെ കുടുംബ വാർത്തകൾ ഇതിൽ പറയുന്നുണ്ട്.


 അതിലെ മുപ്പത്തഞ്ചാം വചനം ശ്രദ്ധിക്കുക. അതിന്റെ ആശയം ഇങ്ങനെയാകുന്നു. "എന്റെ റബ്ബേ..! എന്റെ വയറ്റിലുള്ള ശിശുവിനെ ഞാനിതാ നിനക്കായി ഉഴിഞ്ഞുവെക്കുവാൻ നേർച്ചയാക്കിയിരിക്കുന്നു. അതുകൊണ്ട് നീ ഇത് സ്വീകരിക്കേണമേ..! തീർച്ചയായും നീ മാത്രമാണ് നന്നായി കേൾക്കുന്നവനും കാണുന്നവനും എന്ന് ഇംറാന്റെ ഭാര്യ പറഞ്ഞ സന്ദർഭം ഓർക്കുക." (3:35) 


 തൊട്ടടുത്ത വചനത്തിന്റെ ആശയം ഇങ്ങനെ: "അങ്ങനെ കുഞ്ഞിനെ പ്രസവിച്ചപ്പോൾ മഹതി പറഞ്ഞു : എന്റെ റബ്ബേ ഞാൻ പ്രസവിച്ചത് ഒരു പെൺകുഞ്ഞിനെയാണ്. മഹതി പ്രസവിച്ചത് എന്താണെന്ന് അല്ലാഹു ﷻ നന്നായി അറിയുന്നവനാകുന്നു. ആൺകുഞ്ഞ് പെൺകുഞ്ഞിനെപ്പോലെയല്ല. ഞാൻ അവൾക്ക് മർയം എന്ന് പേരിട്ടിരിക്കുന്നു. അവളെയും അവളുടെ സന്താനങ്ങളെയും ശപിക്കപ്പെട്ട പിശാചിൽ നിന്ന് രക്ഷിക്കുവാനായി നിന്നിൽ ഞാൻ അഭയം പ്രാപിക്കുകയാണ്." (3:36)