ശദ്ദാദ് മരിച്ചുപോയി. തന്റെ രാജാധികാരമോ വമ്പിച്ച സമ്പത്തോ ആൾബലമോ അയാൾക്ക് തുണയായില്ല. എല്ലാവരും മരിക്കും. അത് സത്യമാണ്. സൽകർമ്മങ്ങൾ ചെയ്യണം. അതിന്റെ പ്രതിഫലം പൂർണമായി ലഭിക്കുന്നത് അന്ത്യനാളിൽ മാത്രമാണ്...
അന്ത്യനാളിൽ ആരാണോ രക്ഷപ്പെട്ടത് അവൻ വിജയിച്ചു. ഈ ലോകത്തെ യശസ്സും പദവികളും പലരേയും വഴിതെറ്റിച്ചു. അവർക്ക് പരലോകത്ത് യശസ്സില്ല. ഒരു പദവിയുമില്ല. ഈ ലോകം ഒരു വഞ്ചനയാണ്. വഞ്ചനയുടെ വേദി. വഞ്ചനയിൽ പെട്ടുപോകരുത്. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ :
"എല്ലാ ദേഹവും മരണത്തെ രുചി നോക്കുന്നതാകുന്നു. നിങ്ങളുടെ കൂലികൾ (കർമ്മഫലം) ഖിയാമത്ത് നാളിലേ നിങ്ങൾക്ക് നിറവേറ്റിത്തരപ്പെടുകയുള്ളൂ അപ്പോൾ ആര് നരകത്തിൽ നിന്ന് അകറ്റപ്പെടുകയും, സ്വർഗ്ഗത്തിൽ പ്രവേശിക്കപ്പെടുകയും ചെയ്തുവോ തീർച്ചയായും അവൻ വിജയിച്ചു ഐഹിക ജീവിതം വഞ്ചനയുടെ വിഭവം അല്ലാതെ മറ്റൊന്നുമല്ല." (3:185)
"എല്ലാ ദേഹവും മരണം ആസ്വദിക്കുന്നതാണ് തിന്മകൊണ്ടും നന്മകൊണ്ടും നിങ്ങളെ നാം പരീക്ഷിക്കുന്നതാണ്. നമ്മുടെ അടുക്കലേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും." (21:35)
ഇഹലോക ജീവിതത്തിൽ നന്മകളും തിന്മകളും വന്നു കൊണ്ടിരിക്കും. നന്മകൾ ധാരാളം നൽകി പരീക്ഷിക്കും. തിന്മകളിലൂടെയും പരീക്ഷിക്കും. രണ്ടു ഘട്ടങ്ങളിൽ അല്ലാഹുﷻവിന്റെ കല്പന പാലിക്കണം. അവനെ മറന്നുപോകരുത്...
എല്ലാവരും അല്ലാഹുﷻവിങ്കലേക്ക് മടക്കപ്പെടും. അക്കാര്യം എപ്പോഴും ഓർമ്മ വേണം. ജീവിത സൗകര്യങ്ങൾ വർധിക്കുമ്പോൾ പലരും അത് മറക്കുന്നു. അതിന്റെ ഉദാഹരണമാണ് ശദ്ദാദ്...
ശദ്ദാദ്, ഫിർഔൻ, ഖാറൂൻ, നംറൂദ് തിന്മയുടെ ശക്തികൾ അവരെല്ലാം ഇടക്കിടെ ചർച്ചകൾക്ക് വിധേയമാവുന്നു. പിൽക്കാല തലമുറക്കാർ അവരെ ഓർക്കണം. അതിന് ചില വേദികൾ വന്നു ചേരും. ഒരു ഉദാഹരണം കാണുക:
ശദ്ദാദിന്റെ കാലശേഷം അനേക നൂറ്റാണ്ടുകൾ കഴിഞ്ഞ് നടന്ന ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു...
ശദ്ദാദിന്റെ കൊട്ടാരം തകർന്നുവീണു. മണ്ണ് മൂടിപ്പോയി. ഹള്റത്ത് മുആവിയയുടെ ഭരണകാലം. സഹാബിയായ അബ്ദുല്ലാഹിബ്നു ഖിലാബത്ത് മരുഭൂമിയിലൂടെ യാത്ര ചെയ്യുകയായിരുന്നു. വിശ്രമത്തിനായി ഒരിടത്തിറങ്ങി. അപ്പോൾ ഒട്ടകം വിരണ്ടോടിക്കളഞ്ഞു. നോക്കെത്താവുന്ന ദൂരത്തൊന്നും ഒട്ടകത്തെ കാണാനില്ല...
മരുഭൂമിയിലൂടെ അദ്ദേഹം അലഞ്ഞു തിരിഞ്ഞു നടന്നു. അദ്ദേഹം ഒരു പ്രത്യേക സ്ഥലത്തെത്തി. ശക്തമായ കാറ്റു കാരണം ആ പ്രദേശത്ത് നിന്ന് മണൽ നീങ്ങിപ്പോയിരിക്കുന്നു. മണ്ണിന്നടിയിൽ തകർന്ന കെട്ടിടത്തിന്റെ ഭാഗങ്ങൾ. അവ്യക്തമായിക്കാണാം. തകർന്ന ചുമരുകളിൽ വല്ലാത്ത തിളക്കം. വിലകൂടിയ രത്നങ്ങൾ. ഈ വിജന മരുഭൂമിയിൽ ഒരു കെട്ടിടമോ..? ഒരു മനുഷ്യനെയും ചുറ്റുപാടിൽ കാണാനില്ല. അനേക വർഷങ്ങളായി ഈ പ്രദേശം വിജനമാണ്. പിന്നെ ഇതെങ്ങനെ സംഭവിച്ചു..?