അതിവിശാലമായ കൊട്ടാരം. മതിൽകെട്ടിനകത്ത് അനേകം കെട്ടിടങ്ങൾ. ഓരോന്നിലും അനേകം മുറികൾ. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച പ്രത്യേക മുറികൾ. അതിമനോഹരം എന്ന് വിശേഷിപ്പിക്കാവുന്ന മൈതാനികൾ. ആരും നോക്കിനിന്നുപോവുന്ന പുൽച്ചെടികൾ. ശ്രദ്ധയോടെ നട്ടുവളർത്തിയതാണ്...
സ്വർഗത്തിൽ എല്ലാതരം പഴങ്ങളുമുണ്ട്. ഇവിടെയും അതെല്ലാം വേണം. പല രാജ്യങ്ങളിൽ നിന്ന് കൊണ്ടുവന്ന പഴവർഗ്ഗങ്ങളുടെ ചെടികൾ വളർത്തിയെടുത്തു. കൂട്ടത്തിൽ അമ്പരപ്പിക്കുന്ന കാഴ്ചകളുമുണ്ട്. കൃത്രിമ വൃക്ഷങ്ങൾ. അവയുടെ ശാഖകൾ. മരതകം കൊണ്ടും, കായും, പൂക്കളും മികച്ച രത്നങ്ങൾക്കൊണ്ടും ആയിരുന്നു...
വൃക്ഷ ശിഖരങ്ങളിൽ അനേകം പക്ഷികൾ. വിവിധതരം രത്നങ്ങളിൽ നിർമിക്കപ്പെട്ട പക്ഷികൾ. മനോഹരമായ ഉദ്യാനങ്ങൾ. മധ്യഭാഗത്തുകൂടി അരുവികൾ ഒഴുകുന്നു. വൃത്തിയിലും ഭംഗിയിലും നിർമ്മിക്കപ്പെട്ട തോടുകൾ. വിലകൂടിയ കല്ലുകളാൽ അലങ്കരിക്കപ്പെട്ട തോടുകൾ. തോടുകൾ കൊട്ടാരത്തിലെ മുറികളെ ബന്ധപ്പെട്ടാണ് ഒഴുകുന്നത്. തോടുകളിൽ രുചികരമായ ശീതള പാനീയങ്ങൾ ഒഴുകുന്നു...
സ്വർഗത്തിലെ അരുവികളുടെ അനുകരണം. ഒരു തോട്ടിൽ മദ്യവും മറ്റൊന്നിൽ തേനും ഒഴുകുന്നു. മറ്റൊരു തോട്ടിൽ ഒഴുകുന്നത് പാല്. മുറികളുടെ ചുമരുകളിൽ നിന്ന് പരിമളം വരുന്നു. കസ്തൂരിയുടെയും മറ്റ് സുഗന്ധ ദ്രവ്യങ്ങളുടെയും പരിമളം. വില കൂടിയ മുത്തുകളാൽ അലങ്കരിക്കപ്പെട്ട സ്തംഭങ്ങളും സ്തൂപങ്ങളും നിരവധിയുണ്ട്. എപ്പോഴും മുത്തുകളുടെ തിളക്കം. മൈതാനിയിലെ നടപ്പാതകൾ. നടപ്പാതകൾക്കു സമീപം ചോല വൃക്ഷങ്ങൾ. വൃക്ഷങ്ങൾക്കു താഴെ സ്വർണത്തിന്റെയും വെള്ളിയുടെയും ഇരിപ്പിടങ്ങൾ. കൊട്ടാരത്തിലെ അലങ്കാരങ്ങൾ പറഞ്ഞാൽ തീരില്ല...
മനോഹര ദീപങ്ങൾ. അതിന് അവർണനീയ കൗതുകം. നിലത്തു വിരിച്ച ചവിട്ടുമെത്തകൾ. പട്ടുനൂൽകൊണ്ട് അലങ്കാര വേലകൾ ചെയ്ത കമ്പളങ്ങൾ. സ്വർണവും രത്നങ്ങളും അതിന്റെ അഴക് വർദ്ധിപ്പിക്കുന്നു. കൊട്ടാരത്തിലെ ഗൃഹോപകരണങ്ങൾ. കട്ടിലുകളെ എങ്ങനെ വർണിക്കും. അവയിലിട്ട മെത്തകൾ. മിനുസമേറിയ പട്ടുമെത്തകൾ. മെത്തയിലെ വിരിപ്പുകൾ. തലയിണകൾ. വിരിപ്പിലെയും തലയിണയിലെയും ചിത്രപ്പണികൾ. കൊട്ടാരത്തിലെ ഇരിപ്പിടങ്ങൾ, അലമാരകൾ, മറ്റ് ഉപകരണങ്ങൾ. സ്വർണവും വെള്ളിയും കൊണ്ടുള്ള പാത്രങ്ങൾ. അലങ്കരിച്ച തീൻമുറികൾ...
എവിടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ. വല്ലാത്ത പരിമളം. സ്വർഗത്തിൽ ഹൂറികളുണ്ട്. ബാലന്മാരുണ്ട് ഇവിടെയും അത് വേണം. പല രാജ്യങ്ങളിൽ നിന്നായി ബാലന്മാരെയും യുവതികളെയും കൊണ്ടുവന്നു. അവർക്ക് ധാരാളം ആഭരണങ്ങൾ നൽകി. പട്ടിന്റെ ഉടുപ്പുകൾ നൽകി. നന്നായി അണിയിച്ചൊരുക്കി...
ശദ്ദാദിന്റെ സ്വർഗതുല്യമായ കൊട്ടാരത്തെക്കുറിച്ച് ലോകം കേൾക്കാൻ തുടങ്ങിയിട്ട് പന്ത്രണ്ടു വർഷമായി. ആ സ്വർഗമൊന്നു കാണാൻ ആളുകൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഉൽഘാടനം ഒന്നു കഴിഞ്ഞു കിട്ടണം. അതിനുശേഷമാണ് പ്രവേശനം അനുവദിക്കുക...