Wednesday - 22 April, 2026 4-Dhu al-Qadah-1447

കൊട്ടാരം (2)

   പന്ത്രണ്ടു വർഷം കൊണ്ട് പണി പൂർത്തിയായി. ജനങ്ങളുടെ ആവേശം വർദ്ധിച്ചു. ഉൽഘാടന സുദിനം കാത്തിരിക്കുകയാണവർ. ഒടുവിൽ ആ ദിവസം ആഗതമായി. ശദ്ദാദ് വരുന്നു കൊട്ടാരത്തിന്റെ കവാടം തുറക്കാൻ. നാടാകെ ഉത്സവ പ്രതീതിയിലാണ്. ഒരു ഉത്സവത്തിനും ഈ സന്തോഷം നൽകാനാവില്ല. ലോകത്തിലെ ഏറ്റവും വലിയ മണിസൗധം തുറക്കപ്പെടാൻ പോവുകയാണ്. അതിന്റെ നിർമ്മാതാവിന് അനുമോദനം. രാജാവ് വരുന്ന വഴികൾ ജനങ്ങൾ അലങ്കരിച്ചു...


രാജാവ് വരികയായി. പടക്കുതിരകളുടെ കുളമ്പടി ശബ്ദം. പട്ടാളക്കാരുടെ വമ്പൻ അകമ്പടി. എല്ലാ പ്രതാപങ്ങളുടെയും മഹാപ്രകടനം. അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ. തെരുവുകളുടെ ഇരുവശവും തിങ്ങിനിറഞ്ഞ  ജനക്കൂട്ടം. മഹാരാജാവ് നീണാൾ വാഴട്ടെ... ശദ്ദാദ് രാജാവ് നീണാൾ വാഴട്ടെ... അന്തരീക്ഷം ശബ്ദമുഖരിതമായി. ഏതെല്ലാം രാജ്യങ്ങളിലെ പ്രമുഖന്മാരാണ് ആ അപൂർവ്വ ദൃശ്യത്തിന് സാക്ഷികളാവാൻ എത്തിയിരിക്കുന്നത്?  


കൊട്ടാരം കൺമുമ്പിൽ കാണുന്നു. ആവേശം കത്തിപ്പടരുന്നു. വൻ ജനാവലി നീങ്ങുന്നു. കൊട്ടാരത്തിന്റെ വിശാലമായ അങ്കണം. വർണ്ണത്തിലും പ്രകാശത്തിലും ലങ്കിവിളങ്കിയ മുറ്റം. കൊട്ടാരത്തിന്റെ മുൻവാതിൽ. പടുകൂറ്റൻ വാതിൽ തുറക്കപ്പെട്ടു. എന്തൊരു സുഗന്ധം. ശദ്ദാദ് കൊട്ടാരത്തിൽ കടക്കാൻ ഒരു കാൽ വെച്ചു കഴിഞ്ഞു.   


അപ്പോൾ അവിടെ മാലാഖയെത്തി. മരണത്തിന്റെ മലക്ക് അസ്റാഈൽ (അ). അമ്പരപ്പ്. ഒരു കാൽ അകത്ത്. കൊട്ടാരത്തിനകത്ത് എത്തിയില്ല.  കൊട്ടാരം കണ്ടില്ല. സമയം തീർന്നു. തീരാറായത് അറിഞ്ഞില്ല.  അറിഞ്ഞിരുന്നെങ്കിൽ ഉൽഘാടനം ഇന്നലെ ആക്കാമായിരുന്നു. ഒരു ദിവസം ഇതിനകത്ത് താമസിക്കാമായിരുന്നു. ശദ്ദാദിന് കണക്കാക്കപ്പെട്ട ആഹാരം തീർന്നു. വെള്ളവും തീർന്നു. സമയവും തീർന്നു ...


താനാണ് ഏറ്റവും ശക്തൻ എന്ന് പ്രഖ്യാപിച്ചത് വെറുതെയായി. തന്നെക്കാൾ വലിയൊരു ശക്തിയില്ലെന്ന് വിളിച്ചു പറഞ്ഞത് വെറും വീമ്പിളക്കലായിപ്പോയി. തനിക്കു മുകളിൽ പരമ ശക്തനുണ്ടെന്ന് ബോധ്യമായി. ബോധ്യമായിട്ടെന്തു കാര്യം? സമയം തീർന്നുപോയില്ലേ? ശദ്ദാദ് മരിച്ചുവീഴുന്നത് ജനങ്ങൾ കണ്ടു...


 നിശ്ചലമായ ശവശരീരം അവരോട് പറയുംപോലെ തോന്നി "മനുഷ്യാ...., നീയെത്ര ദുർബലൻ. എന്നിട്ടും നീ അഹങ്കരിക്കുന്നു. നിന്റെ അഹങ്കാരത്തിനെന്തർത്ഥം!?"