ഇബ്രാഹിം (അ)ന്റെ ശരീഅത്ത് അതിന് സർവനാശം വരണമെന്ന് ഫിർഔനും ഹാമാനും തീരുമാനിച്ചു. പണ്ഡിതന്മാരെ വധിക്കുക, മതവിജ്ഞാനം ഇല്ലാതാക്കുക, ആരും മതചടങ്ങുകൾ നടത്തരുത്, നിയമം അടിച്ചേൽപ്പിക്കുക പദ്ധതികൾ അവരുടെ ചിന്തയിൽ രൂപംകൊള്ളുകയാണ്.
ഈജിപ്തിന്റെ മണ്ണ് മനുഷ്യരക്തംകൊണ്ട് ചെഞ്ചായമണിയാൻ പോവുകയാണ്. യൂസുഫ് (അ)നെ സന്തോഷപൂർവം സ്വാഗതം ചെയ്ത നാടാണിത്. ആ ചരിത്ര സ്മരണകൾ ഇന്നും ഇവിടെ നിലനിൽക്കുന്നു. അതെല്ലാം തേച്ചുമായ്ച്ചു കളയണം. പൂർവ പ്രവാചകന്മാരെപ്പറ്റി സംസാരിക്കരുത്. ചിന്തിക്കരുത്. ചിന്ത ഫിർഔനെപ്പറ്റിയായിരിക്കണം. ഉറക്കിലും ഉണർച്ചയിലും ഫിർഔനെ ഓർക്കണം. ഫിർഔനെ മാത്രം. ഫിർഔൻ തന്നെയാണ് സൃഷ്ടാവ്. സംഹാരകനും.
"നോക്കൂ... നൈൽ നദി ഒഴുകുന്നത് കണ്ടില്ലേ? അത് എന്റെ കൽപന പ്രകാരമാണ് ഒഴുകുന്നത്. പ്രകൃതിയിൽ എല്ലാ കാര്യങ്ങളും നടക്കുന്നത് എന്റെ കൽപന പ്രകാരമാണ്. അതെല്ലാവരും വിശ്വസിക്കണം. ഉൾക്കൊള്ളണം."
ആദരണീയരായ പണ്ഡിതന്മാർ അവർ മതനിയമങ്ങൾ പറയുന്നവരാണ്. അവർക്കു നേരെ വാൾ നീണ്ടുവരികയാണ്. ഫിർഔൻ ദൈവമാണെന്ന് പരസ്യമായി സമ്മതിക്കണം. ഒരു പണ്ഡിതനെ പിടിച്ചു കൊണ്ടുപോയി. കള്ളനെ കൊണ്ടുപോകുംപോലെ കുറ്റവാളിയെ കൊണ്ടുപോകുന്നതുപോലെ.
ഇന്നലെവവരെ സമാദരണീയനായിരുന്നു അദ്ദേഹം. കടന്നുവന്നാൽ ആളുകൾ എഴുന്നേറ്റു നിൽക്കും. ആദരിക്കും. അദ്ദേഹം ഒരു തെറ്റും ചെയ്തില്ല. പോലീസ് വന്നു പിടിച്ചുവലിച്ചു കൊണ്ടുപോയി. ആളുകൾ കൂടി പരസ്യ വിചാരണ തുടങ്ങി.
"നീ ആരെയാണ് ആരാധിക്കുന്നത്?"
"അല്ലാഹുﷻവിനെ."
"ഇന്ന് മുതൽ അത് പാടില്ല. ഇന്ന് മുതൽ നിന്റെ ദൈവം ഫിർഔൻ ആകുന്നു. ഫിർഔനെ ആരാധിക്കണം."
പണ്ഡിതർ ശബ്ദിച്ചില്ല.
"ആരാണ് നിന്റെ സൃഷ്ടാവ്?"
"അല്ലാഹുﷻ"
"അല്ല നിന്റെ സൃഷ്ടാവ് ഫിർഔൻ ആകുന്നു."
നൈൽ നദി ആരുടെ കൽപനപ്രകാരം ഒഴുകുന്നു?
"അല്ലാഹുﷻവിന്റെ കൽപനപ്രകാരം"
"അല്ല. ഫിർഔനിന്റെ കൽപനപ്രകാരം."
"എല്ലാം മനസ്സിലായല്ലോ?"
പണ്ഡിതൻ മൗനം പാലിച്ചു.
"ഇനി നിന്റെ വിശ്വാസം പ്രഖ്യാപിക്കൂ..."
"ലാ ഇലാഹ ഇല്ലല്ലാഹ്
ഇബ്റാഹീമു ഖലീലുല്ലാഹ്."
"അവന്റെ കഴുത്ത് വെട്ടുക." ഫിർഔനിന്റെ ക്രൂരമായ കൽപന.
മിന്നിത്തിളങ്ങുന്ന വാൾ വീശി. പണ്ഡിതന്റെ ശിരസ്സ് തെറിച്ചു. അപ്പോഴും അത് മന്ത്രിച്ചുകൊണ്ടിരുന്നു. ഇങ്ങനെ: "ലാ ഇലാഹ ഇല്ലല്ലാഹ് ഇബ്റാഹീമു ഖലീലുല്ലാഹ്." പണ്ഡിതൻ രക്തസാക്ഷിയായി...
രക്തസാക്ഷികളുടെ രക്തമൊഴുകി. മണൽത്തരികൾ ചുവപ്പണിഞ്ഞു. ഇസ്രാഈലി സമൂഹത്തിനുള്ള മുന്നറിയിപ്പാണിത്. ഫിർഔൻ അല്ലാത്ത ഒരു ദൈവത്തെ സങ്കൽപിച്ചാൽ ഇതായിരിക്കും അനുഭവം.
പ്രതിഷേധിക്കാനുള്ള ധൈര്യം ചോർന്നുപോയിരിക്കുന്നു. ഇസ്രാഈലികൾ എണ്ണത്തിൽ ധാരാളമുണ്ട്. രാജ്യം മുഴുവൻ ചിന്നിച്ചിതറിക്കിടക്കുന്നു. സംഘടിതരല്ല ഒരു നേതൃത്വമില്ല. ഒന്നിനും ശക്തിയില്ലാതായിപ്പോയി...
മതപ്രബോധനം പാടില്ല.
മത ചടങ്ങുകൾ പാടില്ല.
ദൈവാരാധന പാടില്ല. എല്ലാം ഫിർഔൻ തന്നെ. ഫിർഔനെ വാഴ്ത്താം. എത്രയും പുകഴ്ത്തിപ്പറയാം. ഗദ്യത്തിലും പദ്യത്തിലുമാവാം...
നാട് നടുങ്ങിനിൽക്കുന്ന കാലം. അക്കാലത്ത് ഫിർഔൻ ഒരു സ്വപ്നം കണ്ടു. ആ സ്വപ്നത്തിന്റെ കഥ പറയാം: ഈജിപ്തിലെ കൊട്ടാരം. എല്ലാ ആഢംബരങ്ങളും ആർഭാടങ്ങളും നിറഞ്ഞ കൊട്ടാരം. കൊട്ടാരത്തിലെ മനോഹരമായ ഉറക്കറ. പട്ടുമെത്തയിൽ ഉറങ്ങുന്ന രാജാവ് ഫിർഔൻ. ആ ഉറക്കിലാണ് സ്വപ്നം കണ്ടത്.