Wednesday - 22 April, 2026 4-Dhu al-Qadah-1447

ഹാമാന്റെ ഉപദേശങ്ങൾ (2)

   പണവും സ്വാധീനവും അയാളെ ഉയർത്തി. അയാൾ ഖിബ്തികളുടെ ഇഷ്ടക്കാരനായി. ഒടുവിൽ മന്ത്രിസഭയിലെടുത്തു. മന്ത്രിയായി നന്നായി ശോഭിച്ചു. പട്ടാളക്കാരുമായി നല്ല ബന്ധം സ്ഥാപിച്ചു. അവരുടെ ക്ഷേമത്തിനു വേണ്ടി  പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കി. പട്ടാള മേധാവികൾ സ്വന്തക്കാരായി.


 നാട് ഭരിക്കുന്ന രാജാവ് കാലം ചെയ്തു. പിരമിഡിൽ സംസ്കരിച്ചു. പട്ടാളക്കാരുമായി അയാൾ ഗൂഢാലോചന നടത്തി. അവരുടെ സഹായത്തോടെ ഭരണം പിടിച്ചെടുത്തു. ഈജിപ്തിന്റെ രാജാവായി. ഫിർഔൻ ആയി...


 ഉരുക്കു മുഷ്ടികൊണ്ട് എതിരാളികളെ അടിച്ചമർത്തി. കൊടും ക്രൂരതകളാണ് പിന്നെ അയാൾ നടത്തിയത്.  ഈജിപ്ത് അയാളുടെ കരങ്ങളിലമർന്നു. സയ്യിദുനാ ഹാറൂൻ (അ) ജനിക്കുന്ന കാലത്ത് ക്രൂരനായ ഈ ഫിർഔനിന്റെ തേർവാഴ്ച നടക്കുകയായിരുന്നുവെന്നാണ് ചില ചരിത്രകാരന്മാരുടെ നിഗമനം. 


 ഇസ്രാഈല്യരുടെ അഭിമാനം ചവിട്ടിമെതിക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. അക്കാലത്ത് ഇസ്രാഈല്യർക്കിടയിൽ ഒരു പ്രമുഖനായിരുന്നു ഇംറാൻ. അദ്ദേഹത്തിന്റെ പിതൃപരമ്പര ഇങ്ങനെ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. 


ഇംറാൻ 

ഖാഹിസ്

ആസിർ

ലാവി 

യഅ്ഖൂബ് (അ)

ഇസ്ഹാഖ് (അ) 

ഇബ്രാഹിം (അ) 


 ഫിർഔൻ രാജാവ്. ഹാമാൻ മന്ത്രി. ഹാമാൻ എല്ലാ കാര്യങ്ങളിലും ഫിർഔനെ സഹായിച്ചു. മറ്റു മന്ത്രിമാർക്കില്ലാത്ത സ്ഥാനവും അടുപ്പവും അധികാരവും അദ്ദേഹത്തിനുണ്ടായിരുന്നു.  


 ഇബ്രാഹിം നബി (അ)ന്റെ ശരീഅത്ത്. അത് ഇസ്രാഈല്യർക്കിടയിൽ നിലനിൽക്കുന്നു. ധാരാളം പണ്ഡിതൻമാർ അവർക്കിടയിലുണ്ട്. അവർ ശരീഅത്ത് വിവരിക്കുന്നു. ജനങ്ങളെ ശരീഅത്ത് അനുസരിച്ചു ജീവിക്കാൻ പ്രേരിപ്പിക്കുന്നു.  


 അവർക്ക് ചില മസ്ജിദുകളുണ്ട്. അവിടെ ആരാധന നടക്കുന്നുണ്ട്. ശരീഅത്ത് അനുസരിച്ചു ജീവിക്കാത്തവരും പലരുണ്ട്. അവരെ പലരും ഉപദേശിക്കുന്നു. ചിലപ്പോൾ ഉപദേശം ഫലം ചെയ്യും. ചിലപ്പോൾ ഫലം ചെയ്യില്ല.  


 മതവിശ്വാസവും ചിട്ടകളുമാണ് ഇസ്രാഈലി സമൂഹത്തിന്റെ ശക്തി. അത് നന്നായി മനസ്സിലാക്കിയ ആളാണ് ഹാമാൻ. ഇസ്രാഈല്യരുടെ ചരിത്രവും സംസ്കാരവും മതചിട്ടകളും ഹാമാന് നന്നായറിയാം. മതചിട്ടകൾ നിലനിൽക്കുന്ന കാലത്തോളം അവരെ നശിപ്പിക്കാനാവില്ലെന്നും അയാൾക്ക് നന്നായറിയാം.  


 ഈജിപ്ത് പൂർണമായും ഫിർഔന്ന് കീഴടങ്ങി. അവൻ പറയുന്നതാണ് നിയമം. എതിർത്തൊരു ശബ്ദമില്ല. ശബ്ദിക്കാൻ അനുവദിക്കില്ല. ഒരു ദിവസം ഫിർഔനും ഹാമാനും സംഭാഷണം നടത്തുകയാണ്. ഫിർഔൻ പറഞ്ഞു: 


"ജനങ്ങളുടെ മനസ്സിൽ എന്നെപ്പറ്റിയുള്ള ധാരണയെന്താണ്?"


"താങ്കൾ തന്നെയാണ് രാജ്യം. താങ്കൾ തന്നെയാണ് ഭരണം. താങ്കളില്ലെങ്കിൽ ഈജിപ്തിൽ ഐശ്വരമില്ല. ഇതൊക്കെയാണ് ജനങ്ങളുടെ വിശ്വാസം."  


"അത് പോര. ഞാനാണ് ശക്തി. എന്നെക്കാൾ വലിയൊരു ശക്തിയില്ല. ആ വിശ്വാസം വളർത്തണം."  


"അതെങ്ങനെ കഴിയും? പരമശക്തൻ ദൈവമാണെന്നല്ലേ ജനങ്ങളുടെ വിശ്വാസം. ഏത് ശക്തന്റെയും മീതെ ദൈവം എന്ന ശക്തിയുണ്ട്." 


"അത് വേണ്ട. ദൈവം എന്ന ശക്തി വേണ്ട. ഞാനാണ് ശക്തൻ. അങ്ങനെ വിശ്വസിക്കണം."


"ദൈവ വിശ്വാസം മനുഷ്യ മനസ്സിൽ നിന്ന് പോവില്ല. അത് അത്രക്ക് ഉറച്ച വിശ്വാസമാണ്." 


"എങ്കിൽ ഒരു കാര്യം ചെയ്യാം. ഞാൻ തന്നെ ദൈവമായിക്കൊള്ളാം. അത് ജനങ്ങൾ വിശ്വസിക്കുമോ?"


"വിശ്വസിപ്പിക്കണം. അതിന്നൊരു തടസ്സമുണ്ട്.  ഇബ്രാഹിം നബിയുടെ ശരീഅത്ത് ഇവിടെ നിലവിലുണ്ട്. അവർക്ക് അല്ലാഹുﷻവിനെക്കുറിച്ച് ശരിയായ ധാരണയുണ്ട്. അത് നിലനിൽക്കുന്ന കാലത്തോളം താങ്കൾ ദൈവമാണെന്ന് ജനങ്ങൾ വിശ്വസിക്കില്ല."


"അപ്പോൾ ആദ്യം ആ വിശ്വാസം തകർക്കണം. ജനങ്ങൾ അല്ലാഹുﷻവിനെക്കുറിച്ച് കേൾക്കരുത്. അറിയരുത്. അല്ലാഹുﷻവിന് ആരാധന നടത്തരുത്."  


"അത്ര എളുപ്പമുള്ള കാര്യമല്ല. പണ്ഡിതന്മാർ ധാരളമുണ്ട്. അവരാണ് ജനങ്ങളിൽ മതബോധം നിലനിർത്തുന്നത്. അവരുള്ള കാലത്തോളം മതബോധം നിലനിൽക്കും." 


"അത് സമ്മതിക്കില്ല ഒരു പണ്ഡിതനെയും ജീവിക്കാൻ വിടരുത്. വധിച്ചു കളയണം. ഞാനാണ് ദൈവം എന്ന് വിശ്വസിക്കുന്നവർ ജീവിച്ചാൽ മതി."