സയ്യിദുനാ ഹാറൂൻ (അ).
ബുദ്ധി, യുക്തി, വാചാലത, ധൈര്യം, ആരോഗ്യം, സൽസ്വഭാവം എന്നിവകൊണ്ട് അനുഗ്രഹീതനായ ചെറുപ്പക്കാരൻ. ഇളയ സഹോദരൻ സയ്യിദുനാ മൂസാ(അ). ഇളയ സഹോദരനെക്കൊണ്ട് മൂത്ത സഹോദരന് ഗുണം കിട്ടി. ചെറിയ ഗുണമൊന്നുമല്ല. ഒരു സഹോദരനെക്കൊണ്ട് മറ്റൊരു സഹോദരന് കിട്ടാവുന്ന ഏറ്റവും വലിയ നേട്ടം. അതിനേക്കാൾ വലിയൊരു നേട്ടമില്ല...
മൂസാ(അ) അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു: "അല്ലാഹുവേ എന്റെ സഹോദരനെ നബിയായി നിയോഗിക്കേണമേ."
അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. ഉത്തരം നൽകി. ഹാറൂൻ എന്ന സഹോദരനെ നബിയായി നിയോഗിച്ചു. ഇതാണ് അനുജന് ജ്യേഷ്ഠന് നൽകിയ ഗുണം. ഇതിൽപ്പരം ഗുണമുണ്ടോ? ചരിത്രം ആ സഹോദരങ്ങൾക്കു മുമ്പിൽ വിസ്മയത്തോടെ നിന്നു പോയി...
ഈ സഹോദരങ്ങളുടെ വീട് ഈജിപ്തിലാണ്. ഈജിപ്ത് പൗരാണിക നദീതട സംസ്കാര കേന്ദ്രം അവിടെയാണ്. പ്രാചീന നാഗരികതയുടെ തുടക്കം. മനുഷ്യർ ആദ്യം താമസിക്കാൻ കണ്ടെത്തിയ സ്ഥലം. മനുഷ്യർ സമൂഹമായി ജീവിക്കാൻ തുടങ്ങിയതും ഇവിടെ തന്നെ.
സമൂഹം എന്ന സങ്കൽപം രൂപംകൊണ്ടു. സമൂഹമാകുമ്പോൾ അതിന്നൊരു നേതാവ് വേണം. നേതാവിനെ മറ്റുള്ളവർ അനുസരിക്കണം. സമൂഹത്തിന് ചില പെരുമാറ്റ മര്യാദകൾ വേണം. അവകാശങ്ങൾ വേണം. തുല്യത വേണം. സാമൂഹിക നിയമങ്ങൾ നിലവിൽവന്നു. നിയമങ്ങൾ പാലിക്കപ്പെടണം. നിയമം തെറ്റിക്കരുത്. തെറ്റിച്ചാലോ? ചിലർ നിയമം തെറ്റിച്ചപ്പോൾ ചിന്ത ആ വഴിക്ക് തിരിഞ്ഞു.
ശിക്ഷ. ശിക്ഷയെക്കുറിച്ചു ചിന്തിക്കേണ്ടിവന്നു. ശിക്ഷിക്കുംമുമ്പെ വിചാരണ വേണം. എല്ലാം സമൂഹത്തിന്റെ ആവശ്യങ്ങളാണ്. തെറ്റു ചെയ്തവനെ വിചാരണ ചെയ്യണം. വിചാരണക്കു ശേഷം ശിക്ഷ വിധിക്കണം.
ആര് ശിക്ഷ വിധിക്കും? ആര് വിചാരണ നടത്തും? ഒരു വിധികർത്താവ് വേണ്ടിവന്നു. തെറ്റുകൾ പലവിധം. ശിക്ഷകൾ പലവിധം. അത് നിർണയിക്കാൻ വിചാരണ വിശാലമാവണം.
സമൂഹത്തിന് സുരക്ഷ വേണം. കാട്ടുജന്തുക്കളെ ചെറുക്കണം. പുറത്തുനിന്ന് ശത്രുക്കൾ വന്നാൽ പ്രതിരോധിക്കണം. അതിനെന്ത് വഴി? പ്രതിരോധ ശക്തി വേണം. ഒരു സേന വേണം. അവർക്ക് ആയുധം വേണം അവരെ നയിക്കാൻ നേതാവ് വേണം.
വിശപ്പടക്കാൻ കൃഷി വേണം. കൃഷിക്കാർ വേണം. അവരെ പ്രോത്സാഹിപ്പിക്കണം. ധാന്യം ശേഖരിക്കണം. ന്യായമായി വിതരണം നടത്തണം. ഒരു സമൂഹത്തിന്റെ ജീവിത മേഖലകൾ നിരവധിയാണ്. ഇവയിൽ മിക്കതും വളർന്നുവന്നത് നൈൽ നദിയുടെ തീരത്താണെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാർ കരുതുന്നു.
ഏറ്റവും ശക്തമായ രാജാക്കന്മാർ ഇവിടെ ഭരണം നടത്തി. അവർ ഫിർഔൻ എന്നറിയപ്പെടുന്നു. പൗരാണിക ഫിർഔൻമാർ പിരമിഡുകളിൽ അന്ത്യവിശ്രമം കൊള്ളുന്നു. ഫിർഔൻമാർ ശാരീരിക ശക്തി കൂടിയവരും നൂറ്റാണ്ടുകളോളം ജീവിച്ചവരുമായിരുന്നുവെന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹാറൂൻ നബി (അ)ന്റെ കാലത്തുണ്ടായിരുന്ന ഫിർഔൻ നാനൂറ് വയസ്സുവരെ ജീവിച്ചതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. കടലിൽ മുങ്ങിച്ചാവുമ്പോൾ നാനൂറിലേറെ വയസ്സുണ്ടായിരുന്നുവെന്ന് പറയപ്പെട്ടിട്ടുണ്ട്. യഹൂദരും ക്രൈസ്തവരും ആ ഫിർഔനെ കാബൂസ് എന്നു വിളിച്ചിരുന്നു...
റോമിലെ രാജാക്കന്മാരെ കൈസർ എന്നു വിളിക്കുന്നു. പേർഷ്യൻ രാജാക്കന്മാരെ കിസ്റാ എന്നാണ് വിളിക്കുന്നത്. യമൻ രാജാക്കന്മാരെ തുബ്ബത്ത് എന്നു വിളിക്കുന്നു. അതുപോലെ ഈജിപ്തിലെ രാജാക്കന്മാരെ ഫിർഔൻ എന്നും വിളിക്കുന്നു...
അമാലിഖത്ത് വർഗക്കാർ പൗരാണിക കാലത്ത് ഈജിപ്ത് ഭരിച്ചതായി ചില രേഖകളിൽ കാണുന്നു. ഇവരുടെ ബന്ധുക്കളായിരുന്നു ഖിബ്ത്തി വംശക്കാർ. ഖിബ്തിന്റെ ആദ്യത്തെ ശക്തനായ നേതാവ് സനാൻ ആയിരുന്നു. ഒന്നാമത്തെ ഫിർഔൻ സനാൻ ആണെന്ന് ചിലർ പറയുന്നു...
ഇബ്രാഹിം (അ) കുടുംബത്തോടൊപ്പം ഈജിപ്തിൽ വന്നത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നുവെന്ന് കാണുന്നു. ഇബ്രാഹിം നബി (അ)ന്റെ ഭാര്യ സാറ(റ)യെ കൊട്ടാരത്തിൽ വരുത്തുകയും അപമാനിക്കാൻ ശ്രമിക്കുകയും ചെയ്തത് ഈ ഫിർഔൻ ആയിരുന്നു...
സാറ(റ)യെ സ്പർശിക്കാൻ പോലും കഴിഞ്ഞില്ല. ഖേദിച്ചു കരഞ്ഞു. ഹാജറ(റ) യെ പാരിതോഷികമായി നൽകുകയും ചെയ്തു. പിൽക്കാല ഇസ്രാഈലി സമൂഹത്തിൽ ഈ സംഭവം വളരെ പ്രസിദ്ധമായിത്തീർന്നു.
രണ്ടാമത്തെ ഫിർഔനിന്റെ പേര് റയ്യാൻ എന്നായിരുന്നു. യൂസുഫ് നബി (അ)നെ ഈജിപ്തിൽ മന്ത്രിയായി നിയോഗിച്ചത് ഈ ഫിർഔൻ ആയിരുന്നു...
മൂന്നാമത്തെ ഫിർഔൻ ഖാബൂസ് ആയിരുന്നു. ഖാബൂസിന്റെ മരണശേഷം വലീദ് എന്നു പേരുള്ള ഒരു ഭീകരൻ ഫിർഔൻ ആയി. ഖാബൂസിന്റെ സഹൃദരനായിരുന്നു വലീദ് എന്ന് പറയപ്പെട്ടിട്ടുണ്ട്. ക്രൂരനും ദയയില്ലാത്തവനുമായിരുന്നു.
ഹാറൂൻ നബി (അ) ന്റെ കാലത്ത് ഈ ക്രൂരനായ ഫിർഔനാണ് ഈജിപ്ത് ഭരിച്ചിരുന്നത്. അവൻ ബനൂഇസ്രാഈൽ സമൂഹത്തിന്റെ ശത്രുവായിരുന്നു.
യൂസുഫ് (അ)ന്റെ കാലം. ഈജിപ്തിന്റെ സുവർണ കാലഘട്ടമായിരുന്നു. പട്ടിണിയിലും ദാരിദ്ര്യത്തിലും വീണുപോവാതെ ഈജിപ്തിനെ വളരെ സമർത്ഥമായി ഭരിച്ച ഭരണാധികാരിയായിരുന്നു യൂസുഫ് (അ). ഇസ്രാഈലി കുടുംബത്തിലെ ദരിദ്രരെയും കുട്ടികളെയുംവരെ ഖിബ്ത്തികൾ ബഹുമാനിച്ചിരുന്ന കാലമായിരുന്നു അത്.
ആയിരക്കണക്കായ ഇസ്രാഈലികൾ ഈജിപ്തിൽ വന്നു താമസമാക്കി. അവരിലൂടെ അനേക തലമുറകളുണ്ടായി. പെറ്റു പെരുകി. ജനസാന്ദ്രത വർധിച്ചു. യൂസുഫ് (അ) വഫാത്തായി വർഷങ്ങൾ പലത് കടന്നുപോയി. അക്കാലത്ത് ജീവിച്ചിരുന്നവരൊക്കെ മരിച്ചുപോയി.
ഖിബ്ത്തികൾ ഇസ്രാഈലികളുടെ സംഖ്യാബലം കണ്ട് ഞെട്ടിപ്പോയി. ഇസ്രാഈല്യരെക്കുറിച്ചു അവർ പഠനം നടത്തി. ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നു. സ്വദേശികൾക്കൊപ്പം വിദേശികളും. ഖിബ്ത്തികൾക്കൊപ്പം ഇസ്രാഈലികളും.
ഇസ്രാഈലികൾ നമുക്ക് വെല്ലുവിളിയാണ്. ഏതെങ്കിലും വിധത്തിൽ ഇവരെ അടിച്ചൊതുക്കണം. നമുക്കെതിരിൽ ഒരു വിപ്ലവം ഉണ്ടാവരുത്. പ്രതിഷേധിക്കാൻ പോലും അവകാശം നൽകരുത്. ഖിബ്ത്തി നേതാക്കന്മാർ പലതവണ യോഗം ചേർന്നു. പ്രശ്നം ചർച്ച ചെയ്തു. പല തീരുമാനങ്ങളെടുത്തു. എല്ലാവിധത്തിലും പീഡിപ്പിക്കുക. പ്രതിഷേധങ്ങൾ അടിച്ചമർത്തുക. അടിമകളാക്കി മാറ്റുക.
ക്രൂര പീഡനങ്ങൾ അവിടെ ആരംഭിക്കുകയായി. കടുത്ത ജോലികൾ ചെയ്യിക്കുക. നിരന്തരം ജോലി ചെയ്യിക്കുക. വിശ്രമം നൽകാതിരിക്കുക. ആഹാരത്തിന്റെ കാര്യം മുറ തെറ്റാൻ തുടങ്ങി. വിശപ്പും തളർച്ചയും ബാധിച്ചു. ചികിത്സയും വിശ്രമവും നിഷേധിക്കപ്പെട്ടു. പീഡനങ്ങളുടെ ആയിരം കഥകൾ പുറത്തുവരാൻ തുടങ്ങി...