ഒരു പരീക്ഷണത്തിന്റെ കഥ പറയാം. ക്ഷമ പരിശോധിച്ച സംഭവമാണ് പറയാൻ പോവുന്നത്. ദുൽകിഫ്ലി (അ) നെ എങ്ങനെയെങ്കിലും പ്രകോപിപ്പിക്കണം. കോപാകുലനാക്കി മാറ്റണം അത് ശപിക്കപ്പെട്ട ഇബ്ലിസിന്റെ ആഗ്രഹമാണ്.
അന്നും ദുൽകിഫ്ലി (അ) നോമ്പെടുത്തിട്ടുണ്ട്. നട്ടുച്ച കഴിഞ്ഞു. മധ്യാഹ്ന പ്രാർത്ഥന കഴിഞ്ഞു. ക്ഷീണം തോന്നി. മുറിയുടെ വാതിലടച്ചു കട്ടിലിൽ കിടന്നു. നേർത്ത മയക്കം. വാതിലിൽ ശക്തിയായി മുട്ടുന്നു. മര്യാദയില്ലാത്ത മുട്ട് ആരാണ്? എന്താണാവശ്യം..? നബി ചോദിച്ചു:
"ഒരു കാര്യം സാധിക്കണം. നിങ്ങളെ ഉദ്ദേശിച്ചു വന്നതാണ്." പരുക്കൻ മറുപടി
ദുർകിഫ്ലി (അ) ഒരു ശിഷ്യനെ വിളിച്ചു. ശിഷ്യൻ ഓടിയെത്തി. "പുറത്ത് ആരോ വന്നു നിൽക്കുന്നു. അയാളുടെ ആവശ്യം നിർവഹിച്ചു കൊടുക്കൂ." ശിഷ്യൻ പുറത്തു വന്നു. ആഗതനെ കണ്ടു. ആവശ്യം എന്താണെന്ന് അന്വേഷിച്ചു...
"നീയെന്തിന് വന്നു. നിന്നെ എനിക്കാവശ്യമില്ല. അയാൾ തന്നെ വരണം. എന്നിട്ട് എന്റെ കാര്യം നടത്തിത്തരണം." ആഗതൻ ഉറക്കെ വിളിച്ചു പറഞ്ഞു.
ദുൽകിഫ്ലി (അ) മറ്റൊരാളെ പുറത്തേക്കയച്ചു. അദ്ദേഹം ആഗതനോട് ആവശ്യം എന്താണ് എന്നു ചോദിച്ചു. ആ വരവും ചോദ്യവും ആഗതൻ ഇഷ്ടപ്പെട്ടില്ല.
"നിന്നെ വിളിച്ചില്ല നീയെന്തിന് വന്നു? നിന്നെ എനിക്ക് കാണേണ്ട. അയാൾ വരട്ടെ! എന്റെ കാര്യം നടത്തിത്തരട്ടെ." ആഗതൻ ക്ഷോഭത്തോടെ സംസാരിച്ചു. ഈ ധിക്കാരം ആരെയും രോഷം കൊള്ളിക്കും. ദുൽകിഫ്ലി (അ) രോഷംകൊണ്ടില്ല. കോപിച്ചില്ല. വിരിപ്പിൽ നിന്നെഴുന്നേറ്റു. പുറത്തേക്ക് വന്നു.
"എന്റെ കൂടെ അങ്ങാടിയിലേക്ക് വരൂ." ആഗതൻ നടന്നു. നബി കൂടെ നടന്നു. ആഗതൻ വേഗത കൂട്ടി. നബിയും വേഗത്തിൽ നടന്നു. ആഗതന്റെ മനസ്സിൽ ഉൽക്കണ്ഠ വന്നു. ഇത് ചില്ലറക്കാരനല്ല. കോപം വരാത്ത നബി തന്നെയാണ്. ഇനിയെന്താണ് വേണ്ടത്? ഓടി രക്ഷപ്പെടുകതന്നെ. അത് ശപിക്കപ്പെട്ട പിശാച് ആയിരുന്നു...
മധ്യാഹ്ന മയക്കം അലോസരപ്പെടുത്തിയാൽ കോപം വരുമെന്നായിരുന്നു ധാരണ. അത് നടന്നില്ല. നബിയുടെ കൂടെ നടക്കാൻ പേടി തോന്നി. പിശാച് ഒരൊറ്റ ഓട്ടം. കുറച്ചു നേരം അത് നോക്കിനിന്നു. നബിയുടെ മുഖത്തെ ശാന്തഭാവത്തിന് ഒരു മാറ്റവും ഇല്ല. ഒരു മന്ദഹാസത്തോടെ മടങ്ങിപ്പോന്നു...
റോം രാജ്യത്തുള്ള മനുഷ്യരെ സന്മാർഗത്തിൽ വഴിനടത്താനാണ് അല്ലാഹു ﷻ ദുൽകിഫ്ലി (അ) നെ നിയോഗിച്ചത്. നബി റോമക്കാരോട് സംസാരിച്ചു.
"അല്ലാഹു ﷻ ഏകനാകുന്നു. അവൻ സർവ്വശക്തനാണ്. ഈ പ്രപഞ്ചം സൃഷ്ടിച്ചത് അവനാണ്. ആകാശത്തേക്ക് നോക്കൂ. എന്തൊരതിശയകരമായ സൃഷ്ടിപ്പാണത്. പ്രഭാതമാകുമ്പോൾ കിഴക്കൻ ചക്രവാളത്തിൽ സൂര്യനുദിക്കുന്നു. അത് നമുക്ക് ചൂടും വെളിച്ചവും തരുന്നു. ഭൂമിയിൽ ജീവൻ തുടിക്കുന്നത് സൂര്യന്റെ ചൂടും വെളിച്ചവും കിട്ടുന്നതുകൊണ്ടാണ്. ശ്വസിക്കാനുള്ള വായു. കുടിക്കാൻ ശുദ്ധജലം. വിശപ്പടക്കാൻ ഭക്ഷണം. നാണം മറയ്ക്കാൻ വസ്ത്രം. ജോലി ചെയ്യാൻ ആരോഗ്യം. ചിന്തിച്ചു തീരുമാനിക്കാൻ ബുദ്ധിശക്തി....
എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങൾ. നാം അല്ലാഹുﷻവിനോട് നന്ദിയുള്ളവരായിരിക്കണം. നന്ദികേട് കാണിക്കരുത് ആരാധനക്കർഹൻ അല്ലാഹുﷻ മാത്രം. അവന് പങ്കുകാരില്ല. ഞാൻ അല്ലാഹുﷻവിന്റെ ദൂതനാകുന്നു. ഞാൻ പറയുന്നത് വിശ്വസിക്കുക. അനുസരിക്കുക. അല്ലാഹുﷻവിനെ ആരാധിക്കുക."
എത്രയെത്ര പ്രഭാഷണങ്ങളാണ് ദുൽകിഫ്ലി (അ) നടത്തിയത്. കുത്തഴിഞ്ഞ ജീവിതം നയിച്ചവർക്ക് അസ്വസ്ഥതയുണ്ടായി. ഒരു വിഭാഗം എതിർത്തുനിന്നു. മറ്റൊരു വിഭാഗം നബിയിൽ വിശ്വസിച്ചു.
റോം എന്നു പേരുള്ള ഒരു മഹാൻ പണ്ട് ജിവിച്ചിരുന്നു. അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് റോം.. റോമക്കാർ. ഇവരുടെ പിതൃപരമ്പര ചെന്നു മുട്ടുന്നത് ഇസ്ഹാഖ് (അ)ലാണ്. ഇസ്ഹാഖ് (അ) ന്റെ പുത്രൻ ഈസ്. ഈസിന്റെ മകനാണ് റോം. റോമിന് ശേഷം എത്രയോ പരമ്പരകൾ കടന്നുപോയിരിക്കുന്നു. ഇപ്പോൾ അവരിലേക്ക് ദുൽകിഫ്ലി(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടിരിക്കുന്നു.