Wednesday - 22 April, 2026 4-Dhu al-Qadah-1447

മരണം അനിവാര്യം (2)

   ആരാധ്യനായ അല്ലാഹു ﷻ ഏകനാണ് എന്നവർ സമ്മതിച്ചു. ദുൽകിഫ്ലി അല്ലാഹുﷻവിന്റെ ദൂതനാണെന്നും സമ്മതിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിച്ചു ജീവിച്ചുകൊള്ളാം. ഒരു കാര്യം മാത്രം പറ്റില്ല. അല്ലാഹുﷻവിന്റെ മാർഗത്തിൽ സമരം ചെയ്യൽ. സമരം എന്നാൽ യുദ്ധം. യുദ്ധം എന്നാൽ മരണം. മരണം നമുക്കു വേണ്ട. മരിക്കാൻ സന്നദ്ധരല്ല. ജീവിതത്തെ

സ്നേഹിക്കുന്നവർ ദീർഘകാലം ജീവിക്കണം. സുഖകരമായ ജീവിതം. യുദ്ധം ചെയ്യാൻ പറയരുത്... 


 ഈ നിലപാട് ദുൽകിഫ്ലി (അ)നെ വളരെയേറെ വേദനിപ്പിച്ചു. എത്ര ഉപദേശിച്ചിട്ടും ഇക്കാര്യത്തിൽ ഫലം കണ്ടില്ല. അവർ മറ്റൊരു കാര്യത്തിന് കൂടി നബിയെ നിർബന്ധിക്കാൻ തുടങ്ങി. സുദീർഘമായ ജീവിതം. അവരുടെ അഭ്യർത്ഥന ഇതായിരുന്നു. 


"താങ്കൾ അല്ലാഹുﷻവിന്റെ നബിയാണ്. താങ്കൾ പ്രാർത്ഥിച്ചാൽ അല്ലാഹുﷻ സ്വീകരിക്കും. ഞങ്ങളുടെ ദീർഘായുസ്സിന് വേണ്ടി പ്രാർത്തിക്കണം. ഞങ്ങൾ ഉപദേശിക്കുമ്പോൾ മാത്രമേ മരണം സംഭവിക്കാവൂ. അതുവരെ ജീവിക്കണം."  


 ദുൽകിഫ്ലി (അ) വല്ലാത്ത അവസ്ഥയിലായി. ദുഃഖവും നിരാശയും മനസ്സിൽ നിറഞ്ഞു. ഇക്കാര്യം എങ്ങനെ അല്ലാഹുവിനോട് പറയും..? വളരെയേറെ പ്രയാസത്തിലായി...


 ജനങ്ങൾ വീണ്ടും വീണ്ടും നബിയെ പ്രേരിപ്പിച്ചുകൊണ്ടിരുന്നു. പ്രാർത്ഥിക്കാൻ. വല്ലാത്തൊരു സാഹസത്തിനുള്ള ഒരുക്കം. ഒരു ജനതയുടെ ആവശ്യമാണ് അത്. അല്ലാഹുﷻവിന്റെ മുമ്പിൽ സമർപ്പിക്കുകയാണ്. ദുൽകിഫ്ലി (അ) ദീർഘനേരം നിസ്കരിച്ചു. എന്നിട്ട് പ്രാർത്ഥിച്ചു...  


"എന്റെ റബ്ബേ..! നിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ നീ എന്നോട് കൽപിച്ചു. എന്നെക്കൊണ്ടാവും വിധം ഞാനത് നിർവഹിച്ചു കൊണ്ടിരിക്കുന്നു. നിന്റെ ശത്രുക്കളുമായി യുദ്ധം ചെയ്യാനാണ് നീ കൽപിച്ചത് അത് അവർ അനുസരിക്കുന്നില്ല. യുദ്ധം ചെയ്യാൻ അവർ സന്നദ്ധരല്ല. എനിക്ക് അവരോട് പറയാനല്ലേ കഴിയൂ. നിർബന്ധിച്ചിട്ട് ഫലമില്ല."


"എന്റെ റബ്ബേ..! എനിക്ക് എന്റെ ശരീരത്തെ അനുസരിപ്പിക്കാൻ മാത്രമേ കഴിയുകയുള്ളൂ. ഇക്കാര്യം നിനക്കറിയാമല്ലോ. എന്റെ ജനത ഒരു കാര്യം ആവശ്യപ്പെട്ടിരിക്കുന്നു. സുദീർഘമായ ആയുസ്സ്. അവർ ആവശ്യപ്പെടുന്നതുവരെ മരണത്തെ പിന്തിക്കണം. ഈ ആവശ്യം അതിമോഹമോ അഹങ്കാരമോ ആണെങ്കിൽ എന്നോട് പൊറുക്കേണമേ..! അതിന്റെ പേരിൽ എന്നെ നീ ശിക്ഷിക്കരുതേ. യാ റബ്ബൽ ആലമീൻ." ദുൽകിഫ്ലി (അ)ന്റെ കണ്ണീർകുതിർന്ന ദുആ. അല്ലാഹുﷻവിന്റെ ഭാഗത്തുനിന്ന് ആശ്ചര്യകരമായ മറുപടിയുണ്ടായി...


"നിന്റെ ജനത എന്താണോ ആവശ്യപ്പെട്ടത് അത് ഞാൻ അനുഭവിച്ചിരിക്കുന്നു. അവർ ഇഷ്ടപ്പെടുമ്പോൾ മാത്രമേ മരണം സംഭവിക്കുകയുള്ളൂ. അതുവരെ ആയുസ്സ് നീട്ടിയിടും. ദുൽകിഫ്ലി (അ) ചിന്താധിനനായി ഇരുന്നുപോയി. തന്റെ ജനത അബദ്ധം കാണിച്ചിരിക്കുന്നു   കുറെ കാലത്തേക്ക് മനുഷ്യർ മരിക്കാതിരുന്നാൽ ഇവിടെ എന്തായിരിക്കും അവസ്ഥ..?  


 അല്ലാഹുﷻവിൽനിന്ന് കിട്ടിയ വിവരം ദുൽകിഫ്ലി (അ) തന്റെ ജനതയെ അറിയിച്ചു. അവരുടെ ആവശ്യം അല്ലാഹുﷻ അംഗീകരിച്ചതിന് അദ്ദേഹം ജാമ്യം നിന്നു. ഇത് കാരണമാണ് നബിക്ക് ദുൽകിഫ്ലി (ജാമ്യക്കാരൻ) എന്ന പേർ ലഭിച്ചത്.


 കാലം നീങ്ങി റോമിൽ ജനസംഖ്യ വർധിച്ചു. ഭക്ഷ്യവിഭവങ്ങളും താമസ സൗകര്യങ്ങളും പോരാതെവന്നു.  ആരും മരിക്കുന്നില്ല. ജനനം കൂടിക്കൂടി വരുന്നു. താമസിക്കാനിടമില്ല. പല സ്ഥലത്തും കുടിയേറി പാർക്കേണ്ടി വന്നു. വൃദ്ധജനങ്ങൾ സാമൂഹിക പ്രശ്നമായിത്തീർന്നു. പലരും ദുൽകിഫ്ലി (അ)നെ സമീപിച്ചു. പരാതി പറയാൻ തുടങ്ങി. പഴയ അവസ്ഥ തന്നെ മതി അതിനുവേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുക... 


 ആ ജനതക്ക് തങ്ങളുടെ അബദ്ധം ബോധ്യമായി. മരണം ഒരാവശ്യം തന്നെയാണ്. സമയമായാൽ മാറിക്കൊടുക്കണം. ജനങ്ങൾ നിർബന്ധിച്ചപ്പോൾ ദുൽകിഫ്ലി(അ) പ്രാർത്ഥിച്ചു. അല്ലാഹു ﷻ പ്രാർത്ഥന സ്വീകരിച്ചു. പഴയതുപോലെ മരണം സംഭവിക്കാൻ തുടങ്ങി... 


 പൗരാണിക കാലം മുതൽ ശാം ലോകപ്രസിദ്ധമാണ്. അവിടെയാണ് പ്രസിദ്ധമായ മാർക്കറ്റ് നിലനിന്നത്. റോമാ കോട്ടാരത്തിലേക്ക് വേണ്ട സാധനങ്ങൾ ഈ മാർക്കറ്റിൽ നിന്നാണ് വാങ്ങിക്കൊണ്ടുപോയിരുന്നത്. ശാമിൽ എല്ലാ രാജ്യക്കാരും വരും. സാധനങ്ങൾ വാങ്ങലും വിൽക്കലും നടക്കും. ശാമിലാണ് ദുൽകിഫ്ലി (അ) താമസിച്ചിരുന്നത്. ആ പ്രദേശമാകെ തൗഹീദ് പ്രചരിപ്പിക്കാൻ അദ്ദേഹത്തിന്റെ ശ്രമംകൊണ്ട് കഴിഞ്ഞു. അദ്ദേഹം എഴുപത്തഞ്ച് വയസുവരെ ജീവിച്ചു.  


 നാബുൽസ് ശാമിലെ പ്രസിദ്ധമായൊരു പ്രദേശമാണ്. നാബുൽസിലെ ഒരു സ്ഥലമാണ് കിഫ്ൽ ഹാരിസ്. ദുൽകിഫ്ലി (അ) എഴുപത്തഞ്ചാം വയസിൽ വഫാത്തായി. വമ്പിച്ച ജനക്കൂട്ടം ജനാസ നിസ്കാരത്തിൽ പങ്കെടുത്തു. കിഫ്ൽ ഹാരിസിൽ ഖബറടക്കി.  


 വരുംതലമുറകളുടെ അറിവിന്നായി ദുൽകിഫ്ലി (അ)ന്റെ ഓർമ്മകൾ കാലം കാത്തുസൂക്ഷിച്ചു.  ദുൽകിഫ്ൽ എന്ന പേര് ലഭിക്കാൻ ഒരു കാരണംകൂടി പറയപ്പെടുന്നുണ്ട്. ഒരു രാജാവിന്റെ കഥയാണത്.  അക്കാലത്തൊരു രാജാവുണ്ടായിരുന്നു. പേര് കൻആൻ. നബി അദ്ദേഹത്തെ ഇസ്ലിമിലേക്ക് ക്ഷണിച്ചു.  

ഇസ്ലാം മതം സ്വീകരിക്കാം. പക്ഷെ ഒരു നിബന്ധനയുണ്ട്. എനിക്ക്


സ്വർഗം ലഭിക്കുമെന്ന് താങ്കൾ ഉറപ്പ് തരണം. ജാമ്യം നിൽക്കണം. എഴുതിത്തരണം.  


 നബി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. "എന്റെ റബ്ബേ..! ഞാഞാൻ ഈ രാജാവിനെ നിന്റെ ദീനിലേക്കു ക്ഷണിച്ചു. സ്വർഗം കിട്ടുമെന്ന് അദ്ദേഹത്തിന് എഴുതികൊടുക്കണം. ഞാൻ ജാമ്യം നിൽക്കണം. ഇതാണ് അയാളുടെ ആവശ്യം." 


 നബിക്ക് വിവരം കിട്ടി. എഴുതിക്കൊടുക്കാം. നബി രാജാവിന് എഴുതിക്കൊടുത്തു. രാജാവ് ഇസ്ലാം മതം വിശ്വസിച്ചു. ജാമ്യക്കാരൻ എന്ന അർത്ഥത്തിൽ നബിക്ക് ദുൽകിഫ്ലി എന്ന പേര് കിട്ടി...  


 രാജാവ് ആരാധനകളിൽ മുഴുകി. കൊട്ടാരവും അധികാര ചിഹ്നങ്ങളും മടുത്തു. ഭരിക്കാൻ മറ്റുള്ളവരെ ഏൽപിച്ചു. എല്ലാം ഉപേക്ഷിച്ചു ദ്വീപിലേക്ക് പോയി. ഏകാന്തതയിലെ ആരാധന. ജനങ്ങൾ അദ്ദേഹത്തെ അന്വേഷിച്ച് ദ്വീപിലെത്തി. രാജാവ് അവരെ ഇസ്ലാം മതത്തിലേക്ക് ക്ഷണിച്ചു. അധികപേരും ക്ഷണം സ്വീകരിച്ചു മുസ്ലിംകളായി...  


 രാജാവ് ഇങ്ങനെ വസ്വിയത്ത് ചെയ്തു. നബി എഴുതിക്കൊടുത്ത കരാർ എന്റെ മയ്യിത്തിനൊപ്പം ഖബറിൽ വെക്കണം. പിന്നീട് രാജാവ് മരിച്ചു. കരാറ് പത്രം ഖബറിൽ വെച്ചു മറമാടി. ചടങ്ങുകൾ നടന്നു. കരാർ പാലിക്കപ്പെട്ടുവെന്ന് നബിക്ക് വിവരം കിട്ടി. അത് ജനങ്ങളെ അറിയിക്കുകയും ചെയ്തു.  എഴുപത്തഞ്ചാം വയസിൽ ദുൽകിഫ്ലി(അ) വഫാത്തായപ്പോൾ ഇസ്രാഈലി സമൂഹം ദുഃഖത്തിലായി...


 ദുൽകിഫ്ലി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ☝????


 ദുൽകിഫ്ലി നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....


ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 ദുൽകിഫ്ലി നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】