ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടു കാണുന്നു: റഹ്മത്ത് പകൽ മുഴുവൻ ജോലി ചെയ്തു ക്ഷീണിച്ചു. പതിവുപോലെ ആഹാരവുമായി മടങ്ങി. വഴിനീളെ ഭർത്താവിനെക്കുറിച്ചുള്ള ചിന്തമാത്രം. രോഗം കലശലായിട്ടുണ്ട്. എത്ര കാലമായി കഷ്ടപ്പെടുന്നു. എത്ര വേദന സഹിച്ചു ഒരു വൈദ്യനെ കണ്ടിരുന്നെങ്കിൽ. മനസ്സ് വല്ലാതെ മോഹിച്ചുപോയി. ഈ തക്കം മുതലെടുക്കാൻ ഇബ്ലീസ് പദ്ധതിയിട്ടു...
നല്ലൊരു മരുന്നുകച്ചവടക്കാരന്റെ വേഷത്തിൽ വന്നു. വഴിയരികിൽ നിന്നും മരുന്നുകൾ നിരത്തിവെച്ചു. എന്നിട്ട് ഉറക്കെ സംസാരം തുടങ്ങി. വരുവീൻ! കാണുവീൻ! കേൾക്കുവീൻ! ഏത് രോഗത്തിനും ചികിത്സിക്കും. നിങ്ങളുടെ രോഗം ഏതുമാവട്ടെ നമ്മെ സമീപിക്കുവീൻ. നാം ചികിത്സിച്ചു ഭേദപ്പെടുത്തും. സംശയിച്ചു നിൽക്കാതെ അടുത്തേക്കു വരുവീൻ. ആളുകൾ വാചാലതയിൽ ആകൃഷ്ടരായി അയാളുടെ ചുറ്റും കൂടി...
പലവിധ രോഗികൾ, വേദനയുള്ളവർ, രോഗമില്ലാത്തവർ എല്ലാവരും തിങ്ങിക്കൂടി.
റഹ്മത്ത് നടന്നു വരികയാണ്. വഴിയിൽ ആൾക്കൂട്ടം. വൈദ്യന്റെ ശബ്ദം ഉയർന്നു കേൾക്കാം. വരുവീൻ രോഗം ഏതുമാകട്ടെ. എത്ര വർഷം കഴിഞ്ഞതാവട്ടെ. ചികിത്സിച്ചു ഭേദപ്പെടുത്തിത്തരാം. കൈയിൽ തരാനൊന്നുമില്ലാത്തവർക്ക് സൗജന്യമായി മരുന്നു തരാം...
റഹ്മത്ത് നിന്നു സംസാരം ശ്രദ്ധിച്ചു. വരൂ വരൂ സംശയിച്ചു നിൽക്കാതെ വരൂം... ഇതാ മുന്തിയതരം മരുന്നുകൾ. റഹ്മത്ത് അടുത്തേക്ക് ചെന്നു. വൈദ്യൻ രോഗവിവരങ്ങൾ ചോദിച്ചു. എല്ലാ ചോദ്യത്തിനും മറുപടി നൽകി. ഈ മരുന്ന് കൊണ്ടുപോയി കൊടുത്തോളൂ. മരുന്ന് എന്റെ വക സൗജന്യമാണ് വില തരേണ്ടതില്ല. മരുന്ന് കഴിച്ചാൽ രോഗം മാറും. രോഗം മാറിയ ശേഷം ഞാൻ തന്ന മരുന്നുകൊണ്ടാണ് രോഗം മാറിയത് എന്ന് ഭർത്താവിനോട് പറയണം...
റഹ്മത്ത് നടന്നു കൈയിൽ മരുന്നിന്റെ പൊതി. ഭർത്താവിന്റെ സമീപത്തെത്തി. അപ്പോൾ വന്നു ചോദ്യം. "ആ പൊതിയിലെന്താണ്..?"
"മരുന്ന്"
"മരുന്നോ ... എന്തിന്..?"
"രോഗം മാറിക്കിട്ടാൻ. ഇത് കഴിച്ചാൽ രോഗം ഭേദമാകുമെന്ന് വൈദ്യൻ പറഞ്ഞു"
"വൈദ്യരോ? ഏത് വൈദ്യർ..?"
പിന്നെ സംഭവങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു. എല്ലാം കേട്ടപ്പോൾ നബി പറഞ്ഞു : "നീ പോയിക്കണ്ടു സംസാരിച്ചു മരുന്നു വാങ്ങി ആരിൽനിന്ന്..?ശപിക്കപ്പെട്ടവനിൽ നിന്ന്.
അത് വൈദ്യനല്ല പിശാചാണ്. ശപിക്കപ്പെട്ടവൻ. നീ എന്തിനവന്റെ അടുത്ത് പോയി? നീ അവന്റെ വലയിൽ വീണുപോവില്ലേ?
എന്റെ രോഗം മാറി ആരോഗ്യം തിരിച്ചു കിട്ടിയാൽ നിന്നെ ഞാൻ നൂറ് അടി അടിക്കും"
ഞെട്ടിപ്പോയി..!! എന്തൊരു വചനം...
എത്ര ഗൗരവമുള്ള വാക്കുകൾ. റഹ്മാനായ റബ്ബേ... പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് എന്നെ നീ കാത്തുകൊള്ളേണമേ...
പിശാച് വിട്ടകന്ന് പോവുന്നില്ല. തങ്ങളെ വഴിപിഴപ്പിക്കാൻ സദാ നോക്കി നടക്കുകയാണ്. അല്ലാഹുവേ കാത്തുകൊള്ളേണമേ...
നൂറ് അടി അടിക്കുമെന്നു പറയാൻ മറ്റൊരു കാരണമാണ് ചിലർ പറയുന്നത്.
റഹ്മത്തിന്റെ മുടിക്ക് നല്ല അഴകാണ്. മുടി മെടഞ്ഞിട്ടാൽ നല്ല ഭംഗിയായിരിക്കും. ആ ഭംഗി ഭർത്താവ് ആസ്വദിച്ചിട്ടുണ്ട്. ആഹാരം കിട്ടാത്ത ഒരു ദിവസം മനസ്സ് നിറയെ ദുഃഖമുണ്ട്. ഇന്നെന്ത് ചെയ്യും?
ആഹാരമൊന്നുമില്ലാതെ ചെല്ലുന്നതെങ്ങനെ..?
വിഷമിച്ചു നിൽക്കുമ്പോൾ ഒരാൾ ചോദിച്ചു
നിങ്ങളുടെ മുടിക്ക് എന്തൊരു ഭംഗിയാണ്. മെടഞ്ഞിട്ട മുടിയുടെ ഒരു ഭാഗം എനിക്കു തരാമോ? ഞാൻ വില തരാം. ആ വാക്കുകൾ മനസ്സിൽ തട്ടി. മുടി വിൽക്കണോ? ഭർത്താവ് വിശപ്പ് സഹിക്കണോ..?
രണ്ട് ചോദ്യങ്ങൾ. അതിന് മധ്യത്തിലാണ് റഹ്മത്ത്. എന്ത് വേണം..?
ഭർത്താവിന്റെ വിശപ്പ് അത് പരിഗണിക്കാം. മുടിയുടെ ഭംഗികൊണ്ടെന്ത് കാര്യം..? മുടി വിറ്റു. ആഹാരം വാങ്ങി. നടക്കുമ്പോൾ പേടി തോന്നി തന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ വരുമോ..? ഭയന്നത് തന്നെ സംഭവിച്ചു. വല്ലാതെ ക്ഷോഭിച്ചു...
"നീ എന്തിന് ചെയ്തു..? പോ.... ഇനി എന്റെ കൺമുമ്പിൽ കാണരുത് പോ... പോവാനല്ലേ പറഞ്ഞത്. എനിക്ക് ആരോഗ്യം വീണ്ടുകിട്ടിയാൽ നിന്നെ ഞാൻ നൂറ് അടി അടിക്കും."
ഭർത്താവിന്റെ കർശനമായ താക്കീത് വന്നു. കൺമുമ്പിൽ വന്നു പോവരുത്. അകലേക്കു മാറിനിന്നു. അടുത്ത നാളിലും ജോലിക്കു പോയി. ഇനിയെന്തിന് ജോലി? എന്തിന് കൂലി? താൻ സമ്പാദിച്ച ഭക്ഷണം ഇനി ഭർത്താവ് കഴിക്കില്ല. തന്നെ വെറുത്തുകഴിഞ്ഞു. തന്നെ കാണണമെന്നില്ല. ഒറ്റക്കായിപ്പോയില്ലേ? തനിക്കെന്തും സംഭവിച്ചു കൊള്ളട്ടെ ഭർത്താവിനൊന്നും സംഭവിക്കരുതേ... എല്ലാം കാണുന്ന റബ്ബേ കാത്തുകൊള്ളേണമേ... നീയല്ലാതെ തുണയില്ല റബ്ബേ..!
ഇബ്ലീസ് ഞെട്ടിപ്പോയി. ഇതെന്തൊരു രംഗം കൂട്ടിനുണ്ടായിരുന്ന ഭാര്യയെ പറഞ്ഞു വിട്ടു. കൂടെയാരുമില്ല. ഒന്നുമില്ല.
കിടക്കാൻ ഭൂമി. മീതെ ആകാശം. ആഹാരമില്ല. വെള്ളമില്ല. ഉണ്ടെങ്കിൽ തന്നെ എടുത്തു കഴിക്കാൻ കൈകൾക്ക് കരുത്തില്ല. ഇതിനപ്പുറം ഇനിയെന്താണ് വരാനുള്ളത്? ശപിക്കപ്പെട്ട ഇബ്ലീസ് ചിന്താകുലനായി. ഞാനിതാ പരാജയപ്പെട്ടിരിക്കുന്നു. പരാജയം സമ്മതിച്ചിരിക്കുന്നു. ഞാനും എന്റെ സഹായികളും ഞങ്ങളുടെ കഴിവുകളെല്ലാം പ
്രയോഗിച്ചു. പരാജയപ്പെട്ടു...
ഈമാനിന്റെ ശക്തി അപാരം തന്നെ. അത് തകർക്കാനാവില്ല. പരീക്ഷണങ്ങൾ അതിന്റെ ശോഭ കൂട്ടുന്നതേയുള്ളൂ. ഇബ്ലീസിന്റെ മനസ്സിൽ പുതിയ സൂത്രങ്ങളൊന്നും തെളിയുന്നില്ല. അവനാകെ അവശനായിപ്പോയി...
സംവത്സരങ്ങൾ നീണ്ട പരീക്ഷണങ്ങൾ. മാരകമായ രോഗം. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. പരീക്ഷണങ്ങൾ പരിപൂർണതയിലെത്തിക്കഴിഞ്ഞു. ഇനിയതിന് വിരാമം വീഴും. അതിന് സമയമായിവരികയാണ്...