അയ്യൂബ് നബി (അ)നെ ബാധിച്ച രോഗം എത്ര കാലം നീണ്ടുനിന്നു..?
ഒരഭിപ്രായത്തിൽ പതിമൂന്നു കൊല്ലം.
മറ്റൊരഭിപ്രായപ്രകാരം പതിനെട്ട് കൊല്ലം. കഷ്ടപ്പാടുകൾ വളരെ വർധിച്ചു. എല്ലാവരും പോയി ഭാര്യയെയും കാണാനില്ല. ഉടനെ വരും. വരാതിരിക്കില്ല. വരാതിരിക്കാൻ കഴിയില്ല. നല്ല പ്രതീക്ഷയുണ്ട്. ഇത് അൽപനേരത്തേക്കുള്ള അകൽച്ച മാത്രം...
ഒറ്റപ്പെട്ടുപോയ ഒരു നിമിഷത്തിൽ അയ്യൂബ് നബി (അ)ന്റെ വായിൽ നിന്ന് ഈ വാക്കുകൾ പുറത്തുവന്നു...
إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَاب
"എന്റെ റബ്ബേ പിശാച് കാരണമായി അവശതയും പീഡനവും എന്നെ ബാധിച്ചിരിക്കുന്നു."
വായിൽ നിന്ന് വന്ന വാക്കുകൾ. അത്രമാത്രം. മനസ്സിലായോ..?
രോഗം സുഖപ്പെടുത്താൻ പറഞ്ഞില്ല. വേദന സഹിക്കാൻ വല്ലാതെ ബുദ്ധിമുട്ടിയപ്പോൾ അങ്ങനെ പറഞ്ഞുപോയി. സ്വാദ് സൂറത്തിൽ ഈ സംഭവം പറയുന്നുണ്ട്. അതിപ്രകാരമാകുന്നു :
"നമ്മുടെ അടിമ അയ്യൂബ് നബിയെ ഓർക്കുക. അദ്ദേഹം തന്റെ റബ്ബിനോട് പ്രാർത്ഥിച്ച സന്ദർഭം. നിശ്ചയമായും അവശതയും പീഡനവുമായി പിശാച് എന്നെ സ്പർശിച്ചിരിക്കുന്നു." തന്റെ അടിമയുടെ വായിൽ നിന്ന് വന്ന വചനങ്ങൾ. സർവശക്തനായ അല്ലാഹു ﷻ അത് പരിഗണിച്ചു. രോഗം ഭേദമാവേണ്ട സമയമായി. അത്ഭുതകരമായ രീതിയിൽ രോഗം മാറാൻ പോവുകയാണ്...
തന്റെ മുമ്പിൽ ആരോ വന്നുനിൽക്കുന്നു. ആരാണത്..? ആളെ മനസ്സിലായപ്പോൾ അതിശയവും ആശ്വാസവും വന്നു. മലക്കുൽ അമീൻ ജിബ്രീൽ (അ)...
ജിബ്രീൽ (അ) നിർദേശിച്ചതിങ്ങനെ :
"അങ്ങയുടെ പാദംകൊണ്ട് നിലത്തടിക്കുക. അപ്പോൾ ശുദ്ധജലം ഉറവയായി ഒഴുകിവരും. ആ വെള്ളത്തിൽ നന്നായി കുളിക്കുക. കുടിക്കുകയും ചെയ്യുക."
ആശ്വാസത്തിന്റെ സന്ദേശം... സന്തോഷത്തിന്റെ സന്ദർഭം...
ഉള്ള ശക്തിയെടുത്ത് ഭൂമിയിൽ കാൽകൊണ്ട് ചവിട്ടി. അത്ഭുതം ഉറവ പൊട്ടിയൊഴുകുന്നു. തണുത്ത വെള്ളം. എന്തൊരനുഭൂതി. എന്തൊരാഗ്രഹം. എങ്ങിനെയാണിതിന് നന്ദി പറയുക. നന്ദി പറയാൻ വാക്കുകളില്ല. വാക്കുകൾ കിട്ടാതെ വിഷമിച്ചുപോയ നിമിഷങ്ങൾ...
തന്റെ ശരീരത്തിലേക്കു നോക്കി. എന്തോ രൂപം. ഈ രൂപം മാറാൻ പോവുകയാണ്. ഈ രോഗം ശമിക്കാൻ പോവുകയാണ്. അൽഹംദുലില്ലാഹ്..☝???? സർവസ്തുതിയും അല്ലാഹുവിനാകുന്നു. വെള്ളത്തിലേക്കിറങ്ങി. വെള്ളം കോരിക്കുടിച്ചു. പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം. വെള്ളത്തിൽ കുളിച്ചു...
ശരീരത്തിൽ വെള്ളം തട്ടിയപ്പോൾ എന്താണ് സംഭവിച്ചത്..? അത്ഭുതം. അല്ലാതെന്ത് പറയാൻ...
ശരീരത്തിലെ വൃണങ്ങളെല്ലാം ഒഴുകിപ്പോയി. ഒട്ടും ബാക്കിയില്ല. മറ്റൊരു തൊലി പ്രത്യക്ഷമായി. സുന്ദരമായ തൊലി. മുടി... തന്റെ പഴയ രൂപം കൈവന്നിരിക്കുന്നു. മനസ്സിൽ മൂടിക്കെട്ടിക്കിടന്ന വികാരങ്ങളെല്ലാം ഒഴുകിപ്പോയി. മനസ്സ് തെളിഞ്ഞ ആകാശം പോലെയായി. എന്തൊരാശ്വാസം. സന്തോഷം. ഈ നിമിഷങ്ങൾക്ക് റഹ്മത്ത് സാക്ഷിയാവേണ്ടതായിരുന്നു...
അവരെവിടെ? വരും. ഉടനെ വരും. വരാതിരിക്കില്ല. തന്നെ ഈ വിധത്തിൽ കണ്ടാൽ തിരിച്ചറിയുമോ? ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു. ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :
"ജിബ്രീൽ (അ) വന്നു കാൽകൊണ്ട് ഭൂമിയിൽ ചവിട്ടാൻ നിർദേശിച്ചു. ഭൂമിയിൽ ചവിട്ടി ഉടനെ ഉറവയുണ്ടായി വെള്ളം തടംകെട്ടി നിർത്തി.
അതിൽ കുളിക്കാൻ നിർദേശിച്ചു. നന്നായി കുളിച്ചു. ശരീരത്തിന്റെ കറുപ്പുനിറം പോയി. വൃണങ്ങളും പോയി. പഴയ സൗന്ദര്യം തിരിച്ചു കിട്ടി. അല്ലെങ്കിൽ അതിനേക്കാൾ സുന്ദരനായി..."
അൽപദൂരം നടന്നു.
അപ്പോൾ ജിബ്രീൽ (അ) ഇങ്ങനെ നിർദേശിച്ചു...
മറ്റേ കാൽകൊണ്ട് ഭൂമിയിൽ ചവിട്ടുക. ഭൂമിയിൽ ചവിട്ടി. ഉറവയുണ്ടായി. അതിൽ നിന്ന് കുടിക്കുക. വെള്ളം കോരിക്കുടിച്ചു. അതോടെ ആന്തരികമായ പ്രയാസങ്ങളെല്ലാം നീങ്ങി. മനസ്സ് സന്തോഷമായി...
പണ്ട് നിസ്കരിക്കുമ്പോൾ സുജൂദ് ചെയ്തു. സുജൂദിൽ ആയിരുന്നപ്പോൾ ഇബ്ലീസ് നാസികയിൽ ഊതി. അതോടെ ശരീരത്തിന് കറുപ്പ് നിറം വന്നു. അതിന്റെ വിഷം കുറച്ചൊന്നുമല്ല. എല്ലാം സഹിച്ചു. ഇപ്പോൾ അതെല്ലാം പോയി.
കഴിഞ്ഞ കാലം ഓർമയായി. ചരിത്രമായി.
അന്ത്യനാൾവരെ അത് ഓർമിക്കപ്പെടും...
ഖത്താദ (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം:
അവ രണ്ട് അരുവികളായിരുന്നു. ശാമിലെ അൽ ജാബിയ്യഃ പ്രദേശത്ത് കൂടിയാണ് അവ ഒഴുകിയത്. ഒന്നിൽ നിന്ന് കുളിച്ചു. മറ്റേതിൽനിന്ന് കുടിച്ചു...
മുഖാത്തിൽ (റ)വിന്റെ റിപ്പോർട്ടിൽ ഇത്രകൂടിയുണ്ട്: ആദ്യത്തേതിൽ ചൂടുള്ള വെള്ളമായിരുന്നു. അതിൽ നിന്ന് കുളിച്ചു. രണ്ടാമത്തേതിൽ മാധുര്യമുള്ള തണുത്ത വെള്ളമായിരുന്നു. അതിൽ നിന്ന് കുടിച്ചു...
അയ്യൂബ് നബി (അ)ന്റെ രോഗകാലഘട്ടത്തെപ്പറ്റി ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. ഇബ്നു അബ്ബാസ് (റ) വിന്റെ റിപ്പോർട്ട്: അയ്യൂബ് (അ) രോഗത്തിൽ കിടന്ന കാലഘട്ടം ഏഴ് വർഷം, ഏഴ് മാസം, ഏഴ് ദിവസം, ഏഴ് മണിക്കൂർ...
വഹബുബ്നു മുനബ്ബഹ് (റ)ന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം: അയ്യൂബ് (അ) രോഗാവസ്ഥയിൽ കിടന്നത് ഏഴ് വർഷം. യൂസുഫ് (അ)ജയിലിൽ കിടന്നതും ഏഴ് വർഷം...
ഇബ്നു അബ്
ബാസ് (റ) മനസ്സിൽ തട്ടുന്ന വിവരങ്ങളാണ് നൽകുന്നത്...