പച്ചപ്പുടവയണിഞ്ഞ ഗിരിനിരകളിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന വഴിത്താര...
ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാൻ കലപില കൂട്ടി പാറിനടക്കുന്ന പറവകൾ...
കോടമഞ്ഞും കുളിർകാറ്റും ഇടക്കിടെ ശല്യമാവുന്നുണ്ട് ...
എന്നാലും നമുക്ക് മുന്നോട്ട് പോകാം ...
നഫ്റ ഗോത്രക്കാരുടെ നാട്ടിലെത്താൻ ഇനി അധികം ദൂരമില്ല. ശാന്തത തളം കെട്ടിനിൽക്കുന്ന സുന്ദരമായൊരു ഭൂപ്രദേശം.
നാഗരികത ഏറെ ഒന്നും എത്തിനോക്കിയിട്ടില്ലെങ്കിലും കച്ചവടക്കണ്ണുകളുടെ ആശാകേന്ദ്രമാണിവിടെ...
വൻവിപണന സാധ്യത കണ്ട് സ്പെയിനിൽ നിന്നും മറ്റും പ്രദീക്ഷയുടെ വിരൽതുമ്പ് പിടിച്ച് ഈ കുഗ്രാമം തേടിയെത്തുന്ന വ്യാപാരികൾ നിരവധി...
ചരക്കുകൾ ചൂടപ്പം പോലെ വിറ്റഴിച്ച് തിരിച്ചുപോകുമ്പോൾ മറ്റൊരു തിരിച്ചുവരവിനുള്ള ധൃതിയിലായിരിക്കും അവർ...
നഫ്റ കുടുംബത്തിലെ ഉന്നത ശീർഷനായ സിയാദിന്റെ മകന് അതെല്ലാം കണ്ടിരിക്കാൻ നല്ല ഹരമാണ്. കച്ചവടക്കാരുടെ നാട്ടുവർത്തമാനങ്ങൾ കേൾക്കാൻ സജീവമായി അവൻ മുന്നിലുണ്ടാവും. സ്പെയിനിനെ കുറിച്ച് ആദ്യമായി പരിചയപ്പെടുന്നത് ഇവരിൽ നിന്നാണ്.
അന്ന് മുതൽ സ്പെയിൻ അവന്റെ ദൗർബല്യമായി മാറി. ചരിത്രമുറങ്ങുന്ന ആ പുണ്ണ്യഭൂമി കാണാൻ മനം സദാ വെമ്പൽ കൊണ്ടു. എപ്പോഴും ചിന്ത സ്പെയിൻ തന്നെ ; സ്പെയിൻ...
ജീവിതത്തിലെന്നെങ്കിലും ആ പുണ്ണ്യഭൂമി കാണാനാവുമോ ...?
ഉത്തരമില്ലാത്ത ഈ ചോദ്യത്തിനു മുന്നിൽ നാളുകൾ എണ്ണിത്തീർക്കുന്നതിനിടയിലാണ് ആ വിളിയാളം വരുന്നത്...
"ത്വാരീഖ്, സേനയിൽ അംഗമാവാൻ മൂസബ്നു നുസ്വൈർ ക്ഷണിക്കുന്നുണ്ട്."
ത്വാരീഖ് ഒരു നിമിഷം അന്തിച്ചു നിന്ന് പോയി...