Wednesday - 22 April, 2026 4-Dhu al-Qadah-1447

ത്വാരീഖിന് തടവറ

പക്ഷെ ശക്തമായ മുസ്ലിം പട അവരെ നിലം പരിശാക്കി ...


ഇതോടെ ഖൂത്തുകരുടെ അവസാന കച്ചിതുരുമ്പും അസ്തമിച്ചിരിക്കുന്നു. പ്രധാന നഗരങ്ങൾ പോലെ വമ്പിച്ചൊരു സൈനിക സമ്പത്താണ് തിരിച്ചു പിടിക്കാൻ പറ്റാത്ത വിധം തരിപ്പണമായത്. 

ഇനി അവർക്കൊരു മർഗ്ഗമേയുള്ളൂ. മലയിടുക്കുകളിൽ ചെന്ന് അഭയം നേടുക....


ഖൂത്തുകാരുടെ ശക്തിയണഞ്ഞെന്നു കണ്ടപ്പോൾ മൂസ ബിനു നുസ്വൈർ ടോലിഡോയിലേക്ക് നീങ്ങി. 

ത്വാരീഖിനോടുള്ള അമർഷം ഇപ്പോഴും കേട്ടടങ്ങിയിട്ടില്ല... ഓർക്കും തോറും മനസ്സിൽ അത് പുകയുകയാണ്...


തന്റെ നിർദേശങ്ങൾ മറികടന്ന് ദൂരദിക്കുകളിൾ സൈന്യത്തെ വിന്യാസിച്ചത് എങ്ങനെയാണ്‌ പൊറുക്കുക ? അഥവാ വല്ല അപകടവും വന്നുപെട്ടാൽ എടുത്ത പണി മുഴുവൻ നിഷ്ഫലമാകുമായിരുന്നില്ലേ...

ചിന്തിക്കാതെ എന്തിനാണ് ത്വാരീഖ് ഇതു ചെയ്തത് ...?


പക്ഷെ, ഈ അമർഷമൊന്നും ത്വാരീഖ്  അറിഞ്ഞിരുന്നില്ല...


തന്റെ വിജയകരമായ ദൗത്യനിർവ്വഹണത്തിന്‌ മുക്തകണ്ഠം പ്രശംസ ലഭിക്കുമെന്നാണ് ത്വാരീഖ് കരുതിയത്.... പക്ഷെ, നടന്നത് നേരെ തിരിച്ചും.... എരിതീയിൽ എണ്ണയൊഴിച്ച പ്രതീതിയിലായിരുന്നു മൂസയുടെ വരവ് തന്നെ....


എന്തോ പന്തികേടുണ്ടെന്ന് ത്വാരീഖിന് മനസ്സിലായി...

അടുത്തെത്തിയപ്പോൾ ഒരൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചു വരുത്തി മൂസ ചോദിച്ചു:

"ഖൈറുവാനിൽ വെച്ച് ഞാൻ നിനക്ക് നൽകിയ നിർദേശങ്ങൾക്കെതിരെ നിൽക്കാൻ കാരണം...?!"


"മആദല്ലാഹ്... അങ്ങയുടെ കല്പനക്കെതിരെ നിന്നതല്ല.... ഇവിടത്തെ സാഹചര്യങ്ങൾ നോക്കിയപ്പോൾ വീണ്ടുമൊരു യുദ്ധത്തിന് പര്യാപ്തമാണെന്നു മനസ്സിലാക്കി ചെയ്തു പോയതാണ്...."


"സൈനികർക്ക് ആപത്തു വരാൻ ഇത് ഇടയാക്കുമായിരുന്നില്ലേ..."


"അങ്ങയുടെ അകൈതവമായ സഹായം വഴി അള്ളാഹു നമ്മെ രക്ഷിച്ചല്ലോ..."


"നീയൊന്ന്‌ ആലോചിച്ചു നോക്ക്... ഖൈറുവാനിൽ നിന്ന് ഞങ്ങൾ വരാൻ വൈകിയാൽ നിങ്ങൾക്കെതിരെ സംഘടിച്ച ശത്രുക്കൾക്ക് നിങ്ങളെ പരാജയപ്പെടുത്താൻ വല്ല സാഹസവും നേരിടേണ്ടി വരുമായിരുന്നോ ...?!"


"അത് ഞാനെന്റെ ദൗത്യം പൂർത്തിയാക്കിയപ്പോൾ വെറുതെ ഇരിക്കണ്ടയെന്നു കരുതി ചെയ്തു പോയതാണ്..."


"നേതാവിന്റെ നിർദേശം മാനിക്കാത്ത സൈനികൻ മാപ്പർഹിക്കുന്നവനാണോ?"


"അത് ആ സൈനികന്റെ സാഹചര്യവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിച്ച ശേഷം നേതാവ് തീരുമാനിക്കേണ്ട പ്രശ്നമാണ്..."


"എങ്കിൽ ഈ സാഹചര്യം അനുസരിച്ചു സൈനികൻ ശിക്ഷാർഹമാണ്..."


"പ്രഭോ... അങ്ങ് ഉദ്ദേശിക്കുന്ന രൂപത്തിൽ എന്നെ ശിക്ഷിച്ചോളൂ..."


"സൈനിക നേതൃത്വത്തിൽ നിന്നും നിന്നെ ഞാൻ ഭൃഷ്ടനാക്കാൻ തീരുമാനിച്ചിരിക്കുന്നു... ഖലീഫയുടെ നിലപാട് വരുന്നത് വരെ ബന്ധിയാക്കാനും..."


"സന്തോഷമേയുള്ളൂ... വിജയം വരിച്ച ശേഷം സ്ഥാനഭൃഷ്ടനാക്കപ്പെടുന്ന

പ്രഥമ പടയാളി ഒന്നുമല്ല ഞാൻ... യർമൂഖീൽ വിജയം വൈജയന്തി നാട്ടിയ ശേഷം ഖാലിദ്ബിൻ വലീദ് (റ) സ്ഥാനഭൃഷ്ടനായിട്ടുണ്ട്. മൊറോക്കയിലെ മുഴുവൻ അധികാരി വർഗത്തോട് പോരാടിച്ചു ജയിച്ചു വന്ന ശേഷം ഉഖ്ബത്തുബിനു നാഫിഅ് (റ) നേതൃസ്ഥാനെത്തു നിന്നും മാറ്റപ്പെട്ടിട്ടുണ്ട്.... പക്ഷെ, ഈ ഭൃഷ്ട കല്പനകളൊന്നും ചരിത്രത്തിന്റെ അംഗീകാരത്തിന് ഊഹം തട്ടിയിട്ടില്ല. വിജുഗീഷുകളുടെ വിരേതിഹാസങ്ങളെ ചരിത്രം അതിന്റെ തങ്കത്താളിയോലകളിൽ കൊത്തിവെച്ചിട്ടുണ്ട്..." ത്വാരീഖ് മറുപടി പറഞ്ഞു. 


മൂസ പിന്നെ അധികം വർത്തമാനത്തിനു നിന്നില്ല. ത്വാരീഖിനെ തുറങ്കിലിലടക്കാൻ ആജ്ഞ കൊടുത്തു. വൈകാതെ അദ്ദേഹം ടോലിഡോ തടവറയിലേക്ക് നയിക്കപ്പെടുകയായി...


പക്ഷെ, ഈ നടപടി അനുയായികൾക്കൊട്ടും രസിച്ചിരുന്നില്ല....

 വിശിഷ്യാ മുഗീസുർറൂമിക്ക്...


അദ്ദേഹം ഡമസ്കസിൽ ചെന്ന് ഖലീഫ വലീഡിനോട് പരാതി പറഞ്ഞു.

ഇതുകേട്ടപ്പോൾ ഖലീഫക്കും സഹിച്ചില്ല...

ലോകത്തെ വിറപ്പിച്ച ധീരയോദ്ധാവിനോട് മൂസാബിനു നുസ്വൈർ കാണിച്ചത് ക്രൂരതയാണെന്നു അദ്ദേഹം മനസ്സിലാക്കി...

ഉടനെ തന്നെ നടപടിയിൽ നിന്ന് പിൻവാങ്ങണമെന്നാവശ്യമുന്നയിച്ച് മൂസക്ക് കത്തെഴുതി...


കത്ത് കിട്ടിയതോടെ പിന്നെ അദ്ദേഹം ഒന്നും ആലോചിച്ചു നിന്നില്ല. ത്വാരീഖിനെ ജയിൽ മോചിതനാക്കി...


അതു മുതൽ അവർക്കിടയിൽ ആ പഴയ സൗഹൃദാ ബന്ധം വീണ്ടും നിലനിന്നു...

മുമ്പ് അവർക്കിടയിൽ യതൊരു അസ്വാരസ്യവും ഇല്ലാത്തതുപോലെ ...