Wednesday - 22 April, 2026 4-Dhu al-Qadah-1447

സ്പെയിനിൽ പുതിയ പ്രഭാതം

സ്പെയിൻ....

ബാല്യം മുതൽക്കേ താലോലിച്ച് കൊണ്ടു നടന്ന ആ സ്വപ്നമിതാ കണ്മുന്നിൽ പുലർന്നിരിക്കുന്നു...


ത്വാരീഖിന്റെ ഉള്ളകം പുളകം കൊണ്ടു. സത്യമതത്തിന്റെ പ്രചുരപ്രചാരത്തിൽ തന്റേതായ ഭാഗധേയം നിർണയിക്കാൻ കഴിഞ്ഞതിലുള്ള ആത്മാഭിമാനം... 


ശ്രമകരമായ ഈ ദൗത്യം ഇത്ര വിജയകരമായി പര്യവസാനിക്കുമെന്ന് ത്വാരീഖ് സ്വപ്നേപി വിചാരിച്ചിരുന്നില്ല...


എത്ര പെട്ടെന്നാണ് രാക്ഷസതിരമാലകൾ വിശ്വാസത്തിനു മുന്നിൽ കീഴടങ്ങിയത്! വിശ്വാസത്തിനു മുന്നിൽ ശാന്തമാവാത്ത കൊടുങ്കാറ്റുകളും പതറിത്തെറിക്കാത്ത പാതങ്ങളും ചിതറിത്തകരാത്ത ചിത്തങ്ങളുമില്ലെന്നത് എത്ര ശരിയാണ്. ത്വാരീഖ് തന്റെ മനോധൈര്യം കൊണ്ടത് തെളിയിച്ച കഴിഞ്ഞു...


പലപ്പോഴും കരുതിവെപ്പുകളുടെ അതിർവരമ്പുകളും മറികടന്നായിരുന്നു മുന്നേറ്റം. ഒരുവേള മൂസാബിനു നുസ്വൈറിന്റെ നിർദേശങ്ങളും കടന്ന്... ത്വാരീഖ് ആവേഷഭരിതനായി. ആവേശം തലക്കുപിടിക്കുമ്പോഴുണ്ടാകുന്ന സഹജ വികാരങ്ങൾക്ക് അടിമപെട്ടിട്ടുണ്ടാവാമെങ്കിലും ത്വാരീഖ് ഒരിക്കൽപ്പോലും തന്നിഷ്ടം പ്രവർത്തിച്ചില്ല...


ത്വാരീഖിന്റെ മുന്നേറ്റം യഥാർത്ഥത്തിൽ ഒരു മതപ്രബോധനമായിരുന്നു. ത്വാരീഖ് ആ ദൗത്യം വിജയകരമായി പൂർത്തിയാക്കി. ദൗത്യ പ്രാധാന്യം മനിസ്സിലാക്കി തൊട്ടടുത്ത പ്രദേശങ്ങളിലേക്കും തേര് തെളിച്ചു. സ്വഷ്ടപ്രകാരം കാര്യങ്ങൾ നടത്താത്ത ദീനിന്റെ മാർഗമവലംബിച്ച് അല്ലാഹുവിന്റെ ശരീഅത്ത് നടപ്പിലാക്കുന്ന സമർത്ഥനായ നായകനായിരുന്നു ത്വാരീഖ് ബിൻ സിയാദ്. ഉഖ്ബതുബിനു നാഫിഇന്റെ കാലത്ത് ഇസ്ലാം സ്വീകരിച്ച ആഭിജാത്യമുള്ള അടങ്ങാത്ത അഭിനിവേശവുമായി വളർന്ന കർമ്മയോഗി. ഇസ്ലാമിന്റെ മൗലിക തത്ത്വങ്ങൾക്കനുസൃതമായ ചലനങ്ങളായിരുന്നു ത്വാരീഖിന്റെ വിജയരഹസ്യം...


സമർത്ഥനായൊരു രാഷ്ട്രതന്ത്രജ്ഞൻ കൂടിയായിരുന്നു അദ്ദേഹം. ആരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായിപ്പോവും. സൈനികർ അദ്ദേഹത്തെ അനുസരിച്ചത് ഭയം കൊണ്ടായിരുന്നില്ല. ആത്മാർഥതമായ സ്നേഹം കൊണ്ട് മാത്രമായിരുന്നു...


ത്വാരീഖ് ടോലിഡോവിൽ സുശക്തമായൊരു രാഷ്ട്രീയ വ്യവസ്ഥിതിക്ക് തുടക്കമിട്ടു. അന്യമതസ്ഥർക്ക് അവരവരുടെ ആചാരങ്ങളിൽ കഴിഞ്ഞുകൂടാൻ അനുമതി നൽകി. ദുർബലർക്ക്  അവകാശങ്ങൾ വകവെച്ചുകൊടുത്തു. അഗതികളുടെയും അനാഥകളുടെയും കണ്ണീരൊപ്പി. അക്രമങ്ങളോ അസ്വരസ്യങ്ങളോ ഇല്ല. എവിടെയും ശാന്തിയും സമാധാനവും മാത്രം... 


രാജകൊട്ടാരങ്ങളിൽ അടിമവേല ചെയ്തുകഴിഞ്ഞവർ ത്വാരീഖിന്റെ രീതിശാസ്ത്രമറിഞ്ഞു. ആശ്വാസത്തിന്റെ നിശ്വാസങ്ങളുതിർത്തു. തങ്ങളും മനുഷ്യരാണെന്ന സ്വബോധം അവരിൽ ആദ്യമായി ഉടലെടുത്തു. തങ്ങൾക്ക് മേൽ പതിച്ചു ചർത്തപ്പെട്ട അടിമത്വത്തിന്റെ നുകം ദൈവത്തിന്റെയായിരുന്നില്ല, അധികാരി വർഗ്ഗത്തിന്റേതായിരുന്നു എന്നിവർക്ക് ആദ്യമായി മനസ്സിലായി...


ഇനി കഠാരകൾക്ക് മുന്നിൽ പകലന്തികൾ തള്ളിനീക്കേണ്ടതില്ല. ചുട്ടുപൊള്ളുന്ന മേലങ്കികൾക്കുള്ളിൽ എരിപിരി കൊള്ളേണ്ടതില്ല. ചരിത്രപരമായി ത്വാരീഖിന്റെ വിപ്ലവത്തോടെ എല്ലാം അവസാനിച്ചിരിക്കുന്നു. അസത്യത്തിന്‌ കൂടുതൽ കാലം പിടിച്ചു നിൽക്കാനാവില്ല. ആത്യന്തിക വിജയം സത്യത്തിനു മാത്രമേയുള്ളൂ. സത്യത്തിനു മാത്രം... അത് എത്ര ചെറുതായാലും അതിനെ തടുക്കാൻ ഒരു ശക്തിക്കുമാവില്ല. ചരിത്രം ഇതു തന്നെയാണ് ചുണ്ടിക്കാണിക്കുന്നതും...


പക്ഷെ, ചരിത്രം അതിന്റെ സ്വഭാവം വീണ്ടും ആവർത്തിക്കുകയാണല്ലോ...

അവസാനമായി ഇതാ... റോഡറികിന്റെ സാമ്രാജ്യവും ഈ പരമ്പരയിൽ കണ്ണി ചേർന്നു കഴിഞ്ഞു. കാലങ്ങളോളം അശാന്തിയുടെ മുൾമുനയിൽ നിർത്തിയ സ്പെയിനിന്റെ ഈ ഭരണകൂടം സത്യത്തിനു മുന്നിൽ പിടിച്ചു നിലകാനാവാതെ ഊർധശ്വാസം വലിച്ചുകൊണ്ടിരുന്നു....


മുട്ടുശാന്തിക്കായി പൈദാഹത്തോടെ കാത്തുകാത്ത് കഴിഞ്ഞവർ, അധികാരവർഗ്ഗത്തിന്റെ കിരാത കൈകൾക്കുള്ളിൽ എരിഞ്ഞമർന്നവർ, ജീവിതത്തിൽ സന്തോഷമെന്തെന്നുപോലും അറിയാൻ ഭാഗ്യം ലഭിക്കാത്ത പട്ടിണിപ്പാവങ്ങൾ.... എല്ലാവരുമിപ്പോൾ മനസ്സ് നിറയെ സന്തോഷിക്കുകയാണ്. ഇസ്ലാം കടന്നുവന്നതോടെ മനുഷ്യത്വത്തിന്റെ യഥാർത്ഥ മൂല്യം അവർ തിരിച്ചറിഞ്ഞു...


നോക്കു... ഇന്നവർ മുസ്ലിംകൾക്ക് തോളോടുതോൾ ചേർന്നാണ് നടക്കുന്നത്. ഒരേ തളികക്ക്‌ ചുറ്റുമിരുന്നാണ് ഭക്ഷണം കഴിക്കുന്നത്. ഒരേ നാടിന്റെ അഭ്യുന്നതിക്ക് വേണ്ടിയാണവർ സംഘടിത യത്നങ്ങൾ നടത്തുന്നത്. അവർക്കിടയിൽ വിദ്വേഷമോ ചിദ്രതയോ ഇല്ല. വിഭാഗീയതയും പക്ഷപാതിത്വവുമില്ല. എല്ലാവർക്കും ഒരേ മനസ്സ്, ഒരൊറ്റ ആത്മാവ്, ഒരേ സൃഷ്ടാവിന്റെ സൃഷ്ടികളാണെന്ന സമത്വബോധം... 


"ഇസ്ലാം ജനങ്ങളിലേക്ക് വിഭാഗീയത നിരോധിച്ച് സമത്വം നിലനിർത്തുകയും ധനികന്റെ സ്വത്തിൽ ദരിദ്രനും അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുവെങ്കിൽ നാമെന്തിന് ആ മതത്തിൽ പ്രവേശിക്കാതിരിക്കണം?"

അവർ പരസ്പരം ചോദിച്ചു. 

ഈ പ്രസക്തമായ ചോദ്യത്തിന് മറുപടിയെന്നോണം ഒട്ടേറെ പേർ ഇസ്ലാമിലേക്ക് കൂട്ടമായി കടന്നുവന്നു. സത്യമാതാശ്ലേഷിതർ അനുദിനം വർധിച്ചു വരാൻ തുടങ്ങി. അതെ,


ത്വാരീഖിന്റെ വിയർപ്പുതുള്ളികൾ കൊണ്ട് പടുത്തുണ്ടാക്കിയ ഇസ്ലാമിക ഗവൺമെന്റിനു കീഴിലേക്ക്.....


ലേഖകൻ : മുഹമ്മദ് സി ഓമശ്ശേരി

           (ശറഫീ പബ്ലിക്കേഷൻസ് )


【ശാന്തിയുടെയും, സമാധാനത്തിന്റെയും, ഏക ദൈവ വിശ്വാസത്തിന്റെയും തനിപ്പകർപ്പായ ഇസ്ലാംമതം പ്രചരിപ്പിക്കാനും, നില നിർത്താനും വേണ്ടി ചെയ്ത ധർമ്മസമരത്തിൽ,  നമുക്ക് നമ്മുടെ ഒട്ടേറെ മഹാന്മാരെ ഇന്നലെകളിൽ കൈമോശം വന്നിട്ടുണ്ട് ... റബ്ബ് സുബ്ഹാനഹുവതാല ആ മഹാന്മാരുടെ ദറജകൾ ഉയർത്തികൊടുക്കട്ടെ ... ആ മഹാന്മാർക്ക് വേണ്ടി ഒരു ഫാത്തിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...】