Wednesday - 22 April, 2026 4-Dhu al-Qadah-1447

ആ ദുഷ്ടന്റെ അന്ത്യം

പൂർവ്വാധികം ശക്തിയോടെ ശത്രുമുഖത്തേക്ക് ചീറിയെടുത്തു. ഇടം വലം നോക്കാതെ ആഞ്ഞുവെട്ടി. ആരും അദ്ദേഹത്തോടടുക്കാൻ ധൈര്യപ്പെട്ടില്ല...


ശത്രുക്കളുടെ എണ്ണം കൂടുതലായതുകൊണ്ട് യുദ്ധം ഏഴു ദിവസം നീണ്ടു. മിസ്ലിംകൾ നിമിഷംതോറും കരുത്ത് കൂടുകയാണ്. പരാജയമുറപ്പിച്ച പലരും അടിക്കടി യുദ്ധമുഖത്തു നിന്നും പിൻവലിഞ്ഞുകൊണ്ടിരുന്നു...


രാജകീയ പ്രൗഢിയോടെ വന്ന റോഡറികിന് ഇത് കണ്ടു സഹിക്കാനായില്ല. തന്റെ ഭരണകൂടത്തിന്റെ ശ്വാസങ്ങൾ എണ്ണപ്പെട്ടു കഴിഞ്ഞെന്നു അദ്ദേഹം ഉറപ്പിച്ചു. ഇനി മുസ്ലിംകളുടെ കരങ്ങളാൽ ബന്ധിയായിക്കൂടാ....


റോഡറിക് തീരദേശത്തേക്ക് കുതിച്ചു. പക്ഷെ, അവിടെ എത്തും മുൻപാണ് ജൂലിയാൻ ആ വഴി എതിരെ വന്നത്. എന്തോ ഒരവലക്ഷണം അദ്ദേഹത്തിന്റെ മിഴികളിൽ നിന്ന് റോഡറിക് വായിച്ചെടുത്തു. ആദ്യത്തെ മുഖഭാഗമല്ല ഇപ്പോൾ ജൂലിയാന്. ആകെ മാറിയിരിക്കുന്നു ...


റോഡറികിന്റെ ഹൃദയമിടിക്കാൻ തുടങ്ങി. ഉരിയാടാൻ വാക്കുകൾ മറന്നു. എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥ. ജൂലിയാന്റെ മുഖഗംഭീര്യത്തിനു മുൻപിൽ തളരുകയാണ്...


"പേടിത്തൊണ്ടാ എവിടേക്കാണ് ഓടുന്നത്...?" ജൂലിയാന്റെ നിസാരത കലർന്ന ചോദ്യം


റോഡറിക് ഞെട്ടിപ്പോയി. ഒരിക്കലും നിനക്കാത്ത ചോദ്യം... "ജൂലിയാൻ മാറൂ...! എന്റെ മുന്നിൽ നിന്ന് മാറിനിൽക്കൂ.. ഞാൻ പോവട്ടെ.."


"മാറിനിൽക്കാം... പക്ഷെ നമുക്കിടയിലുള്ള കണക്കുകളെല്ലാം തീർത്തിട്ടു മതി...."


"എന്തു കണക്ക്…!?"


"നീ നാടിൻറെ രാജാവൊക്കെത്തന്നെ. പക്ഷെ, നമുക്കിടയിലുള്ള കണക്ക് നീണ്ടതാണ്...."


"എടാ പമ്പരവിഡ്ഢി!! നാണക്കേടാണ് വേറെ എന്തെങ്കിലും വേണോ? നീ മുസ്ലിംകൾക്ക് ഈ നാടിനെ ഒറ്റികൊടുത്ത് നശിപ്പിച്ചില്ലേ?"


"ഞാൻ ഒറ്റികൊടുത്തത് നിന്റെ ക്രൂരതയിൽ നിന്ന് ഈ നാടിനെ രക്ഷിക്കാനാണ്...."


"മാറി നിൽകട എന്റെ മുൻപിൽ നിന്ന്..!! പറഞ്ഞത് കേട്ടില്ലേ..?!"


"നാണമില്ലേ രാജാ.... യുദ്ധമുഖത്തു നിന്ന് വിരണ്ടോടാൻ..."


"അതിനു നിനക്കെന്താ? എന്താണ് നിനക്ക് എന്റെയടുത്ത്?"


"നീ മറന്നോ? എന്റെ ശരീലത്തിലേല്പിച്ച ആ മുറിവ്! അതിലൂടെ ഇപ്പോഴും രക്തമുറ്റുന്നുണ്ട്. അടക്കാനാവാത്ത അതിന്റെ വേദന ദൈനംദിനം ശക്തിയായിക്കൊണ്ടിരിക്കുകയാണ്. മരിച്ചാലും മായാത്ത മുറിവാണത്."


"ജൂലിയാൻ, എനിക്കൊന്നും മനസ്സിലാകുന്നില്ല, ഏതു മുറിവിന്റെ കുറിച്ചാണ് നീ സംസാരിക്കുന്നത്?!"


"ഫ്ലോറിന്റ!!!! ആ നിഷ്കളങ്ക യുവതിയെ മറന്നോ? അവളുടെ അഭിമാനത്തിന് കളങ്കം ചാർത്തിയത് മറന്നോ രാജാ!!?"


"നുണ!! കല്ലുവെച്ച നുണ!! ഞാൻ ചെയ്യാത്തത് എന്റെ മേൽ വെച്ചുകെട്ടുന്നു...."


"നീ ചെയ്യാത്തതോ?!. നിന്റെ സംരക്ഷണയിൽ ഒരു നിഷ്കളങ്ക യുവതിയുടെ മനത്തിനു ഭംഗം വരുത്തിയിട്ട് ഒരു കുറ്റബോധം പോലും തോന്നുന്നില്ല അല്ലെ?"


"ആഹ്... അതുകൊണ്ടാണോ നീ മുസ്ലിംകളെ സഹായിച്ചത്!? സ്പെയിനിനോട് കിടപിടിക്കുന്നവളാണോ നിന്റെ മകൾ? എനിക്ക് വന്നുപെട്ട ഈ ദുരന്തം പോരെ അതിനു പ്രതികാരം..."


"പോരാ... നിന്റെ സിംഹാസനത്തേക്കാൾ എനിക്ക് വിലപ്പെട്ടത് എന്റെ മകളാണ്. ഓർക്കുന്നില്ലേ... ഹദ്‌യ നൽകി എന്നെ വശീകരിക്കാൻ ശ്രമിച്ചത്... നിന്റെ നക്കാപ്പിച്ചക്കു മുൻപിൽ എല്ലാം ഞാനങ് മറന്നേക്കുമെന്നു കരുതിയില്ല...?"


"പിന്നെ എന്തിനു നീ ആ ഹദ്‌യ സ്വീകരിച്ചു?"


"നിന്നെ വഞ്ചിക്കാൻ തന്നെ! നീ ആവശ്യപ്പെട്ട പ്രാപിടിയന്മാരെ നിനക്ക് അയച്ചു തരാൻ."


"ജൂലിയാൻ, എന്റെ മുൻപിൽ നിന്ന് മാറിനിൽക്കു... ഭൂമിയിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും നികൃഷ്ടനാണ് നീ!!"


"രാജാ... നിങ്ങൾക്ക് നിങ്ങളെ കുറിച്ചറിയില്ല. നിങ്ങൾ കള്ളനാണ്. സിംഹാസനം മോഷ്ടിച്ച കള്ളൻ. യുവതികളുടെ ചാരിത്രശുദ്ധി പിച്ചിച്ചീന്തിയിരിക്കുന്നു. എന്നിട്ട് ദുർബലരായ അടിമകളെ ഈ യുദ്ധഭൂമിയിലേക്ക് പറഞ്ഞു വിട്ടിരിക്കുന്നു. അതുകൊണ്ട് ഞാനിതാ നിങ്ങൾക്ക് മരണം വിധിച്ചിരുന്നു..."


"ജൂലിയാൻ, എന്നെ നീ കൊല്ലുകയാണോ...?"


"ഒരു ഏറ്റുമുട്ടലിന് ധൈര്യമുണ്ടെങ്കിൽ വരൂ. കാണട്ടെ, അല്ല മരണഭയമുണ്ടെങ്കിൽ ഇതാ സമുദ്രമാണ് മുൻപിൽ."


" എന്നെ വിടൂ... ഞാൻ പോവട്ടെ..."


"ഇല്ല, വിടുന്ന പ്രശ്നമില്ല. രണ്ടാലൊരു മരണം തെരഞ്ഞെടുക്കാം."


"എന്നാലും ജൂലിയാൻ, നമ്മുടെ ആ പഴയ സൗഹാർദ്ദ ബന്ധം.."


"ഒന്നും പറയേണ്ട..., തീരുമാനം പെട്ടന്നാവുക."


"ഞാൻ മത്സ്യങ്ങൾക്ക് ഭക്ഷണമായിക്കൊള്ളാം. നിന്റെ മുഖം പിന്നെ എനിക്ക് കാണേണ്ടതിലല്ലോ!!!"


ഇതും പറഞ്ഞു റോഡറിക് അലമാലകൾ അലതല്ലുന്ന ആ മഹാസമുദ്രത്തിലേക്ക് എടുത്തുചാടി ...