Wednesday - 22 April, 2026 4-Dhu al-Qadah-1447

ചാട്ടവാറടികൾ

യജമാനന്റെ മൂത്തപുത്രി ആ പാതിരാത്രിയിലും പതുങ്ങി വന്നു... 


ഇബാദത്തുകളിൽ മുഴുകിയിരിക്കുന്ന ലുഖ്മാനവർകളെ അവൾ തന്റെ ആഗ്രഹ നിവൃത്തിക്കായി ക്ഷണിച്ചു. ഇതാ ഈ വിജനതയിൽ, കൂരിരുട്ടിൽ സുന്ദരിയും യൗവ്വനയുക്തയും ആരോഗ്യവതിയുമായ ഒരു യുവതി 


എടോ അടിമേ, താനൊരു പുരുഷനല്ലേ, അൽപ്പമെങ്കിലും പുരുഷത്വം തന്നിലുണ്ടെങ്കിൽ എന്റെ ആഗ്രഹം നിറവേറ്റിത്തരൂ. പല പ്രാവശ്യം ഞാൻ ആവശ്യപ്പെട്ടതാണ്. ഇനിയെങ്കിലും നിന്റെ ഈ ധിക്കാരം അവസാനിപ്പിക്കൂ...  


  യജമാന പുത്രീ, നിന്റെ ആഗ്രഹം ഒരു കാലത്തും നടക്കാൻ പോകുന്നില്ല. സൃഷ്ടാവിന്റ കോപത്തിന് പാത്രീഭൂതമാകുന്ന പ്രവർത്തനത്തിന് ഒരിക്കലും എന്നെ നിർബന്ധിക്കരുത്. എത്രയും പെട്ടെന്ന് ഇവിടെ നിന്ന് പോകുന്നതാണ് നിനക്ക് നല്ലത് ...


എത്ര തന്നെ വശീകരണ തന്ത്രങ്ങൾ പ്രയോഗിച്ചിട്ടും ലുഖ്മാൻ(റ) വശംവദനാകുന്നില്ലെന്നറിഞ്ഞ ആ യുവതി ഒടുവിൽ ആത്മഹത്യക്കൊരുങ്ങി. മഹാൻ അവളെ തടഞ്ഞു. ഇനിയും വരുമെന്ന് ഭീഷണി മുഴക്കിയാണ് അവൾ മടങ്ങിപ്പോയത്...

   

 അടി അടിമയുടെ കൂടപ്പിറപ്പാണോ, അടിവരുന്നത് എപ്പോഴാണെന്നറിയില്ല. എവിടെ നിന്നെന്നറിയില്ല. എത്രയെത്ര ചാട്ടവാറടികളാണ് ലുഖ്മാനുൽ ഹകീം(റ) സഹിച്ചത്. നിസ്സാര കാരണം മതി ചാട്ടവാറിന്റെ സീൽക്കാരം മുഴങ്ങാൻ...


 ചോദിക്കാൻ ആളില്ലാത്തവരോട് എന്തുമാവാല്ലോ... ചാഞ്ഞു കിടക്കുന്ന മരത്തിന്മേൽ ഓടിക്കേറാൻ ആളേറെക്കാണും. ചുട്ടുപൊള്ളുന്ന ചാട്ടവാറടികൾ പൂമാല ശരീരത്തിൽ വന്ന് വീഴുന്നതുപോലെ മഹാനവർകൾ ഏറ്റുവാങ്ങി...


 അടിമകളെ ജോലിയെടുപ്പിക്കാൻ വേണ്ടിയാണല്ലോ യജമാനൻമാർ വാങ്ങുന്നത്. എന്നാൽ സ്ത്രീകളെ അടിമകളാക്കി വാങ്ങുന്നവർക്ക് മറ്റൊരുദ്ദേശം കൂടിയുണ്ട്. അവരുമായി കിടപ്പറ പങ്കിടുക. ഈ സമ്പ്രദായം ആരും ഒരു തെറ്റായി അക്കാലത്ത് കണക്കാക്കിയിരുന്നില്ല...


 ലുഖ്മാനവർകളുടെ യജമാനനു ഇപ്രകാരം ബന്ധമുള്ള ഒരടിമസ്ത്രീ ഗർഭിണിയായി. ഏകദേശം പ്രസവം അടുത്തെന്ന് മനസ്സിലാക്കിയപ്പോൾ യജമാനൻ ലുഖ്മാനവർകളെ  വിളിച്ച് ഇപ്രകാരം പറഞ്ഞു...


  എടാ, ഈ പെണ്ണ് പ്രസവിക്കാനടുത്തെന്ന് തോന്നുന്നു. ഇവളുടെ പ്രസവത്തെ നീ നിരീക്ഷിക്കണം. ആൺ കുട്ടിയെ പ്രസവിച്ചാൽ അവളതിനെ വളർത്തട്ടെ. പെൺകുട്ടിയെ പ്രസവിച്ചാൽ നീയാ കുഞ്ഞിനെ കൊന്നുകളയണം.


    യജമാനന്റെ കണ്ണിൽ ചോരയില്ലാത്ത വാക്കുകൾ കേട്ട് ലുഖ്മാനുൽ ഹകീം(റ)ന് ധാർമിക രോഷം നുരഞ്ഞു പൊന്തി. മഹാൻ പറഞ്ഞു.


        ഒരു തെറ്റും ചെയ്യാത്ത പിഞ്ചുപൈതലിനെ കൊല്ലാൻ എനിക്കു സാധ്യമല്ല ...


   യജമാനൻ എന്ത് പറയുന്നുവോ അതപ്പടി അനുസരിക്കുക. അടിമ അത്ര മാത്രം ചെയ്താൽ മതി. ശരിയും തെറ്റും വേർതിരിച്ചെടുക്കേണ്ട കാര്യമവനില്ല. ഈ വ്യവസ്ഥിതി നിലനിൽക്കുന്ന കാലഘട്ടത്തിലാണ് ഒരടിമ യജമാനന്റെ മുഖത്ത് നോക്കി ഇത്രയും ധിക്കാരപരമായി സംസാരിച്ചത്. 


 ആ യജമാനന്റെ ഖൽബിൽ രോഷം ആളിക്കത്തി. അയാൾ ചാട്ടവാറെടുത്തു ലുഖ്മാനവർകളെ അതികഠിനമായി പ്രഹരിക്കാൻ തുടങ്ങി. എത്ര തന്നെ പ്രഹരമേറ്റിട്ടും മഹാനവർകൾ തന്റെ തീരുമാനത്തിൽ നിന്ന് പുറകോട്ടു പോയില്ല. പിന്നെ അടിയുടെ പൊടിപൂരം തന്നെയായിരുന്നു...