അരുത്, ബാപ്പ ഇനിയിവനെ
തല്ലരുത് ...
അതെന്താ, ഇവൻ നമ്മുടെ അടിമയല്ലെ മോളെ .
സാധാരണ അടിമകളെ പോലെയല്ല ഇവൻ. എന്ത് ഭാരിച്ച ജോലി ഏൽപ്പിച്ചാലും ഒരു മടിയും കൂടാതെ ചെയ്തു തീർക്കും.
ഓ! നിനക്ക് അത്രക്കങ്ങ് ഇഷ്ടമായെങ്കിൽ അവനെ വിവാഹം കഴിക്കുന്നതാണ് നല്ലത്. ഒരു ശുപാർശക്കാരി വന്നിരിക്കുന്നു.
അതിനു ശേഷം അയാൾ വീടിനുള്ളിലേക്ക് പോയി. ബാപ്പയുടെ വാക്കുകൾ അവളുടെ ഹൃദയത്തിലെവിടെയോ ഉടക്കി...
ദൃഢഗാത്രനായ ആ അടിമയെ കണ്ട നാൾ മുതൽക്കു തന്നെ അവളുടെ മനസ്സിൽ അടിമയോട് ഒരു പ്രത്യേകത തോന്നിയിരുന്നു. ബാപ്പ കളിയാക്കി പറഞ്ഞതാണെങ്കിലും ആ അടിമയെ ഭർത്താവായി അവൾ സങ്കൽപ്പിച്ചു നോക്കി. ഖൽബിൽ മധുരാനുഭൂതികൾ പടർന്നു. അവളിൽ ഗാഢമായൊരു പ്രണയം മൊട്ടിടുകയായിരുന്നു...
ലുഖ്മാനുൽ ഹഖീം(റ) ഉറക്കത്തിൽ പോലും ചിന്തിക്കാത്ത കാര്യം ആ പ്രഭുകുമാരി മനസ്സിൽ താലോലിക്കാൻ തുടങ്ങുകയായിരുന്നു...
മകളുടെ ഇടപെടലിനെ തുടർന്ന് യജമാനൻ പിൻവാങ്ങി. രക്തമൊലിച്ചുകൊണ്ട് ലുഖ്മാൻ (റ) തന്റെ കീറച്ചാക്കിൽ കുനിഞ്ഞിരുന്നു. മനസ്സിൽ നൊമ്പരവുമായി യജമാനപുത്രി മഹാനവർകളെ സമീപിച്ചു കൊണ്ട് ചോദിച്ചു:
ഹേ നിങ്ങൾക്ക് ശരീരമാകെ ചോരയൊലിക്കുന്നുണ്ടല്ലോ? മുറിവുകൾ നല്ല വേദനയുണ്ടോ..?
ആ സുന്ദരിപ്പെണ്ണിന്റെ മധുര സ്വരം ലുഖ്മാനുൽ ഹഖീം(റ)ൽ ഒരു വികാരവും ഉണർത്തിയില്ല. അവളുടെ സാന്ത്വനം മഹാനവർകൾക്ക് ഏശിയില്ല. എങ്കിലും സാമാന്യ മര്യാദക്കെന്നവണ്ണം മഹാൻ പറഞ്ഞു:
സഹോദരി, എന്നെ മർദ്ദിച്ചത് എന്റെ താൽക്കാലിക യജമാനനാണ്. അദ്ദേഹത്തിന്റെ മർദ്ദനങ്ങൾ എത്ര കഠിനമായാലും സഹിക്കേണ്ടത് എന്റെ ബാധ്യതയാണ്.
എങ്കിലും എന്റെ ബാപ്പ ചെയ്തത് തീരെ ശരിയായില്ല. ഇത്രയധികം ക്രൂരനാകാൻ അദ്ദേഹത്തിനെങ്ങനെ കഴിഞ്ഞു.
ഭവതി, സ്വന്തം പിതാവിനെ ഒരിക്കലും ആക്ഷേപിച്ചു സംസാരിക്കരുത്. അർഹതപ്പെട്ടതു മാത്രമേ എനിക്കു ലഭിച്ചിട്ടുള്ളൂ.
താങ്കളുടെ മുറിവുകളിൽ മരുന്നു പുരട്ടിത്തരുവാൻ എന്നെ അനുവദിക്കാമോ..?
ഞാനൊരു യുവാവ്, നീയൊരു യുവതി. നാം തമ്മിൽ പരസ്പരം സ്പർശനം പാടില്ല.
ഞാൻ പറയുന്നത് അനുസരിക്കാൻ ബാധ്യതയുള്ള അടിമയാണ് നീ എന്നോർക്കണം.
ന്യായമായ എന്തും ഞാൻ അനുസരിക്കും .
ആ യുവതിക്ക് ലുഖ്മാനുൽ ഹഖീം (റ) യോടുള്ള സ്നേഹം കൂടുകയാണ് ചെയ്തത്...
മറ്റേതു അടിമയാണെങ്കിലും ഈ അവസരം വിനിയോഗിക്കും. യജമാന പുത്രിയോടൊത്തു സ്വർഗ്ഗീയ സുഖമനുഭവിക്കാനുള്ള അസുലഭ സന്ദർഭം പാഴാക്കാൻ ധൈര്യം കാണിച്ച ഈ അടിമ സാധാരണക്കാരനല്ലെന്നു അവളുടെ അന്തരംഗം മന്ത്രിച്ചു ...
യുവതീ, നീയെന്തറിയുന്നു. പരിശുദ്ധദീനിന്റെ സകല സംഹിതകളും മന:പ്പാഠമാക്കിയ മഹാനായ ലുഖ്മാനുൽ ഹഖീം(റ)യാണ് നിന്റെ മുന്നിലിരിക്കുന്ന ഈ അടിമ. വൈദ്യശാസ്ത്രത്തിനു അജ്ഞാതമായ പല ചികിത്സകളും വശത്താക്കിയ മഹത്വത്തിനുടമായാണ് ഈ മനുഷ്യൻ. വേണമെങ്കിൽ സ്വന്തം ശരീരത്തിലെ മുറിപ്പാടുകൾ ഒരു തലോടൽ കൊണ്ട് മായ്ച്ചുകളയുവാൻ കെൽപ്പുള്ള ഭിഷഗ്വരനാണ് ഈ യുവാവ്. എല്ലാം മറച്ചുവെച്ച് ഭൗതിക മൂശയിലിട്ട് സ്വന്തം ശരീരത്തെ ഊതിക്കാച്ചിയെടുക്കാനുള്ള ബദ്ധപ്പാടിലാണ് ആ മഹാനുഭാവൻ ...
മനസ്സിൽ ലുഖ്മാനുൽ ഹഖീം(റ)നോടുള്ള അഭിനിവേശം അരക്കിട്ടുറപ്പിച്ചു കൊണ്ടാണ് യജമാനന്റെ മൂത്തമകൾ തന്റെ അറയിലേക്ക് മടങ്ങിപ്പോയത്. തന്റെ ഹൃദയാഭിലാഷം നിറവേറ്റാനുള്ള അവസരത്തിനുവേണ്ടി കാതോർത്തു നിൽക്കുകയാണവൾ...
ഒരിക്കൽ യജമാനൻ ഒരു വിദേശയാത്രക്കൊരുങ്ങി. തന്റെ മണിമാളികയും കൃഷിയിടങ്ങളും പുതിയ അടിമയെ ഏല്പിച്ചാണയാൾ പോയത്. കൊട്ടാരത്തിന്റെ പ്രവേശന കവാടം ഒരിക്കലും തുറന്നിടരുതെന്ന് അയാൾ ലുഖ്മാൻ (റ) ക്ക് നിർദ്ദേശം നൽകി. തന്റെ മൂന്നു പുത്രിമാരെയും സൂക്ഷിച്ചു കൊള്ളണമെന്നും യാതൊരു കാരണവശാലും അവരെ പുറത്തേക്കെങ്ങും പറഞ്ഞയക്കരുതെന്നും യജമാനൻ പ്രത്യേകം മുന്നറിയിപ്പു നൽകി...
ബാപ്പ പോയതോടെ പെൺകുട്ടികൾ മൂന്നും ലുഖ്മാനുൽ ഹഖീം (റ)ന്റെ അടുത്തെത്തി. അതിൽ ഇളയവൾ പറഞ്ഞു:
ഹേ അടിമേ, ഈ പടിവാതിൽ ഒന്നു തുറന്നു തരൂ.. ഞങ്ങൾക്കൊന്നു പുറത്തു പോകണം.
ലുഖ്മാനുൽ ഹഖീം(റ) അവരോട് വളരെ വിനയസ്വരത്തിൽ പ്രതിവചിച്ചു...
എന്റെ യജമാനന്റെ പ്രിയപ്പെട്ട പുത്രിമാരാണ് നിങ്ങൾ മൂന്നുപേരുമെന്നെനിക്കറിയാം. പക്ഷെ യജമാനന്റെ നിർദ്ദേശത്തിനു വിപരീതമായി നിങ്ങളെ പുറത്തു വിടാൻ ഞാൻ ഒരുക്കമല്ല. ദയവു ചെയ്ത് നിങ്ങൾ അകത്തു പോകണം.
അടിമയുടെ വാക്കുകളിൽ അവർ ഒട്ടും ന്യായം കണ്ടില്ല. നേരേ മറിച്ച് വെറും ധിക്കാരമായിട്ടാണ് അനുഭവപ്പെട്ടത്. കൂട്ടത്തിൽ രണ്ടാമത്തെ മകൾ പറഞ്ഞു...
എടോ അടിമേ, നിന്റെ യജമാനന്റെ മക്കളാണ് ഞങ്ങളെന്നല്ലേ നീ പറഞ്ഞത്. എങ്കിൽ ഞങ്ങളെയും അനുസരിക്കണം. വേഗം കതകു തുറന്ന് തരണം.
പൊന്നുപെങ്ങളേ യജമാനൻ പ്രത്യേകം കൽപ്പിച്ചു പോയതാണ്, ഒരു കാരണവശാലും നിങ്ങളെ പുറത്തേക്ക് വിടരുതെന്ന്. അതിനു വിപരീതമായി പ്രവർത്തിക്കുന്നത് വിശ്വാസവഞ്ചനയല്ലെ. അതൊരിക്കലും ഞാൻ ചെയ്യുകയില്ല.
ഞങ്ങൾക്കാ ഗെയിറ്റൊന്നു തുറന്നു തന്നാൽ നിന്റെ യജമാനൻ അതറിയാൻ പോകുന്നില്ല.
ഇത്തവണ അഭിപ്രായം പറഞ്ഞത് മൂത്തവളാണ്. അതിന് ലുഖ്മാനുൽ ഹഖീം(റ)ന്റെ മറുപടി ഇപ്രകാരമായിരുന്നു.
സഹോദരീ, എല്ലാം കാണുന്ന എന്റെ മഹോന്നതനായ യജമാനൻ ഉണ്ട്. അവന്റെ മുമ്പിൽ ഒന്നും ഒളിച്ചുവെക്കാൻ സാധ്യമല്ല. ഞാൻ ആ യജമാനനെ ഭയപ്പെടുന്നു.
അതാരാണ് എല്ലാം കാണുന്ന യജമാനൻ..?
പരമകാരുണികനും കരുണാനിധിയുമായ അല്ലാഹു ﷻ
ഓ ലുഖ്മാനുൽ ഹഖീമിനെ പോലും കവച്ചുവെക്കുന്ന ദൈവഭക്തി.
അവരുടെ പ്രതികരണം കേട്ടപ്പോൾ ലുഖ്മാൻ(റ)ന്റെ ഉള്ളൊന്നു പിടഞ്ഞു. താൻ ലുഖ്മാനുൽ ഹഖീമാണെന്നറിഞ്ഞാൽ എന്തായിരിക്കും സ്ഥിതി... റബ്ബേ കാക്കണേ . മഹാൻ ആത്മഗതം ചെയ്തു...
യജമാനന്റെ പുത്രിമാരിൽ മൂത്തവൾ മാത്രം അടിമയുടെ വാക്കുകൾ കേട്ട് പിന്തിരിയാനൊരുങ്ങി. എന്നാൽ ഇളയ രണ്ടു പെൺകുട്ടികളും ലുഖ്മാനുൽ ഹഖീം (റ)ന്റെ നേരെ തിരിഞ്ഞു:
എടോ, താൻ വാതിൽ തുറന്നു തരുന്നുണ്ടോ..?
അവർ അവസാനവാക്കെന്നോണം ചോദിച്ചു.
ഇല്ല, എനിക്കതിനു സാധ്യമല്ല.
പറഞ്ഞു തീർന്നതും പെൺകുട്ടികൾ ലുഖ്മാൻ (റ) യെ മർദ്ദിക്കാൻ തുടങ്ങി...