Wednesday - 22 April, 2026 4-Dhu al-Qadah-1447

വേണ്ടാത്ത സമ്മാനങ്ങൾ

വനാന്തരത്തിലെ ഒരു ഗുഹ. അതാണിന്ന് ഇബ്രാഹിമിബ്നു അദ്ഹമിന്റെ വസതി. സ്വന്തം ശരീരത്തെ എല്ലാവിധ ദുരാഗ്രഹങ്ങളിൽനിന്നും അദ്ദേഹം മുക്തനാക്കിയിരുന്നു ...


സ്വന്തം ശരീരത്തോട് അദ്ദേഹം എല്ലാഴ്പ്പോഴും ഉപദേശങ്ങൾ നൽകിക്കൊണ്ടിരുന്നു. തന്റെ പൂർവ്വകാല ജീവിതത്തെക്കുറിച്ച് അദ്ദേഹം ഓർമ്മിക്കും അത് കൈവിട്ടതിലുള്ള നഷ്ടബോധത്തോടെയല്ല നേരെ മറിച്ച് താരതമ്യപഠനം നടത്താൻ മാത്രം. രാജാവായിരിക്കുമ്പോൾ ഉത്തുംഗ മണിസൗധത്തിൽ വസിച്ച ശരീരമേ നീയിന്ന് ഈ കാട്ടുഗുഹയിൽ താമസിക്കുന്നു ... 


സ്വാദിഷ്ടമായ ഭക്ഷ്യവിഭവങ്ങൾ കഴിച്ചിരുന്ന നീ ഇന്ന് വെറും ചവർക്കുന്ന കാട്ടുകനികൾ മാത്രം ഭക്ഷിക്കുന്നു. നാവിൽ നിന്ന് രുചി നീങ്ങിപോവാത്ത മധുര പാനീയങ്ങളും പാൽപായസവും കുടിച്ച നീ കാട്ടാറിലെ വെള്ളം കൊണ്ട് തൃപ്തിപ്പെടുന്നു. രാജ്യത്തുവെച്ച് ഏറ്റവും സുന്ദരികളായ കന്യകമാരെ തിരഞ്ഞെടുത്ത നീ പെണ്ണിന്റെ ചൂടുപോലും മറന്നിരിക്കുന്നു ... 


ഇനിയൊരിക്കലും നിന്റെ ആ പഴയ നിലപാടിലേക്ക് നീ തിരിച്ച് പോകരുത്. സ്വന്തം ശരീരത്തോട് എപ്പോഴും ഉപദേശം നൽകുമായിരുന്നു അദ്ദേഹം ...


തന്റെ ഏതഭിലാഷവും നിറവേറ്റിത്തരാൻ ആജ്ഞയും കാത്ത് നിൽക്കുന്ന ദാസന്മാർ ആ പാവപ്പെട്ടവരെ കഷ്ടപ്പെടുത്തിയ സ്വന്തം ശരീരത്തെ തന്നെ കഷ്ടപ്പെടുത്താൻ ഇബ്രാഹീം തീരുമാനിച്ചു ... 


കഠിനമായ അദ്ധ്വാനംകൊണ്ട് അദ്ദേഹം ശരീരത്തെ വെറുക്കാൻ തുടങ്ങി. മലയിൽനിന്ന് വിറക് ശേഖരിച്ച് ചുമലിലേറ്റി വിറ്റ് അതിൽ നിന്ന് കിട്ടുന്ന കാശ് കൊണ്ട് മാത്രം അദ്ദേഹം വിശപ്പടക്കാനുള്ള എന്തെങ്കിലും വാങ്ങി. അങ്ങനെ ആ ശരീരം ശേഷിച്ചു എല്ലും തൊലിയുമായി. കണ്ടാൽ തിരിച്ചറിയാതായി ... 


പകൽ മുഴുവനും ഇബ്രാഹിം നോമ്പനുഷ്ഠിച്ചു. രാത്രി മുഴുവൻ ഇബാദത്തിൽ മുഴുകി. അങ്ങനെ ഇബാദത്തുകൾകൊണ്ട് തന്റെ ജീവിതം തന്നെ അദ്ദേഹം സാന്ദ്രമാക്കി. വിശപ്പിന്റെ രുചിയെന്തന്നറിയാതെയാണ് ഇത്രയുംകാലം ജീവിച്ചത്. ആ വയറിനെയാണ് ഇപ്പോൾ പട്ടിണിക്കിട്ട് മെരുക്കുന്നത് ...


ദിനരാത്രങ്ങൾ പലതും കഴിഞ്ഞു. ആ വനം ഇബാഹിമിന്ന് സ്വന്തം നാടുപോലെ സുപരിചിതമായി. അവിടെയുള്ള ഹിംസ്രജന്തുക്കൾപോലും അദ്ദേഹത്തിന്റെ മുന്നിൽ ഓച്ഛാനിച്ചുനിന്നു. അങ്ങനെ അള്ളാഹുവിന്റെ പ്രീതിക്ക് പാത്രമായി യതിവര്യനായി താമസിയാതെ ഇബ്രാഹീമുബ്നു അദ്ഹം മാറി ... 


അള്ളാഹുവിന്റെ കോപത്തിന് പാത്രീഭൂതമാകുന്ന ഒരു സിസ്സാരകാര്യത്തിൽ പോലും അദ്ഹം ഏർപ്പെട്ടില്ല ...


വർഷങ്ങളോളം ആ ജീവിതം തുടർന്നു. യാതൊരല്ലലുമലട്ടുമില്ലാത്ത ജീവിതം. കുടുംബങ്ങളില്ല, പ്രജകളില്ല, കെട്ടുപാടുകളില്ല. അഹമെന്ന ചിന്തയിൽ നിന്ന് വ്യതിചലിപ്പിക്കാൻ ആരുമില്ല. പക്ഷെ സ്ഫടികസമാനമായി കിടക്കുന്ന വെള്ളത്തിൽ ചെളിവാരിയിട്ടതു പോലെ അദ്ദേഹത്തിന്റെ ഏകാന്തതയിലേക്ക് ജനങ്ങൾ ഇരമ്പിവന്നു ...


സ്വന്തം സാമ്രാജ്യം ഉപേക്ഷിച്ച് കരിമ്പടം പുതച്ചിറങ്ങിയ ചക്രവർത്തി എവിടെയാണെന്നറിയാൻ ആകാംക്ഷഭരിതരായി കാത്തിരിക്കുകയായിരുന്നു ജനങ്ങൾ...


അങ്ങനെയിരിക്കെ രാജാവ് വനത്തിലെ ഗുഹയിൽ അധിവസിക്കുന്ന വിവരം ആരോ മണത്തറിഞ്ഞു. പിന്നെ വാർത്ത പ്രചരിക്കാൻ അധികസമയം വേണ്ടിവന്നില്ല. അതിന്നുശേഷം ജനങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു ...


എല്ലാവർക്കും സൂഫിവര്യനായ ഇബ്രാഹീമിബ്നു അദ്ഹമിനെ കാണണം. അതിന്നുവേണ്ടിയുള്ള തിക്കിത്തിരക്ക് തന്നെ, തികച്ചും ഏകാന്തതമാത്രമായിരുന്നു  ഇബ്രാഹീമുബ്നു അദ്ഹം ആഗ്രഹിച്ചിരുന്നത്. ഇത്രയും കാലം ആ ഏകാന്തത ലഭിച്ചു. കാട്ടുമൃഗങ്ങൾ എത്ര നല്ലവർ. അവർ തന്റെ ഏകാന്തതക്ക് ഒരു ഭംഗവും വരുത്തിയില്ല. എന്നാൽ ഇപ്പോഴിതാ മനുഷ്യർ ഒരു ശല്യമായിമാറിയിരിക്കുന്നു...


തന്നെയുമല്ല, പലരും പലവിധ പാരിതോഷികങ്ങളുമായിട്ടാണ് എത്തിച്ചേരുന്നത്. ദുനിയാവിന്റെ കെട്ടുപാടുകളിൽ നിന്ന് ഒഴിഞ്ഞു മാറാൻ വേണ്ടി വനത്തിൽ വന്ന തനിക്കെന്തിനാണ് ഈ സമ്മാനങ്ങൾ. ഇല്ല ഇനിയിവിടെ നിന്നാൽ തന്റെ ഉദ്ദേശം സഫലീകൃതമാവുകയില്ല ...


ഇബ്രാഹീമിബ്നു അദ്ഹം പിന്നെ അവിടെ നിന്നില്ല. ഒരു സുപ്രഭാതത്തിൽ അദ്ദേഹം ആ ഗുഹയിൽ നിന്ന് യാത്ര പറഞ്ഞു ...