Wednesday - 22 April, 2026 4-Dhu al-Qadah-1447

കണ്ണഞ്ചിപ്പിക്കുന്ന സ്വർണ്ണനാണയങ്ങൾ

സമ്പന്നതയുടെ മടിത്തട്ടിൽ വിലസിയിരുന്ന ഇബ്രാഹീമിബ്നു അദ്ഹം ഇപ്പോൾ ഏറ്റവുമധികം വെറുക്കുന്നത് സമ്പത്തിനെയാണ് ...


സ്വർണ്ണനാണയങ്ങളുടെ കിലുകിലാരവം അദ്ദേഹത്തിന് കർണ്ണകഠോരമായിട്ടാണ് അനുഭവപ്പെട്ടുവന്നത്. പാരിതോഷികങ്ങൾ കാണുന്നതുതന്നെ അദ്ദേഹത്തിന് വെറുപ്പായിരുന്നു. വലിയ സമ്പന്നനായ ഒരു പ്രഭു അദ്ദേഹത്തിന് കാഴ്ച വെച്ച സ്വർണ്ണനാണയങ്ങളുടെ കിഴി നിരസിക്കാൻ അദ്ദേഹം പറഞ്ഞ കാരണമിതാണ് ...


"പാവപ്പെട്ടവർ തരുന്ന പാരിതോഷികങ്ങൾ ഞാൻ സാധാരണ വാങ്ങാറില്ല ..."


"പാവപ്പെട്ടവനോ...? വളരെയധികം സ്വത്തിന്റെ ഉടമയാണ് ഞാൻ. പിന്നയെന്താണ് അങ്ങെന്നെ പാവപ്പെട്ടവനെന്ന് വിശേഷിപ്പിക്കുന്നത്....?" പ്രഭു ചോദിച്ചു .


" നിങ്ങൾ കേവലം ദരിദ്രൻ തന്നെ ..."


" അല്ല ഞാൻ ധനവാനാണ് "


" താങ്കൾ ഉള്ള സ്വത്തുകൊണ്ട് സംതൃപ്തനാണോ ... ? അതോ ഇനിയും ഉണ്ടാക്കണമെന്നുള്ള ആഗ്രഹക്കാരനാണോ...? ആത്മാർത്ഥമായി മറുപടി പറയൂ ..."


"അതെ, ഇനിയും ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ട്. അതിന്നുവേണ്ടി യത്നിക്കുകയും ചെയ്യുന്നു ..."


" അതുകൊണ്ടാണ് ഞാൻ പറഞ്ഞത്, താങ്കൾ ദരിദ്രനാണെന്ന് ... താങ്കൾക്ക് സമ്പത്ത് തികഞ്ഞിട്ടില്ല. അതുകൊണ്ട് ഈ കിഴിയുമെടുത്ത് വേഗം പൊയ്ക്കൊള്ളൂ ..."


പക്ഷെ ആ സമ്പന്നൻ പോകാൻ കൂട്ടാക്കിയില്ല. ഇബ്രാഹീമിബ്നു അദ്ഹമിന്റെ വാക്കുകൾ അയാളുടെ ഹൃദയത്തിൽ കൂരമ്പുപോലെ തുളച്ചുകയറി. താൻ ഇത്രയധികം സമ്പത്തുണ്ടാക്കിയിട്ടും ഇനിയും അത്യാഗ്രഹം മാറിയില്ലല്ലോ ഈ ദുരതന്നെ എന്നെ ഇവിടെയെത്തിച്ചത്... അതാണയാൾ ചിന്തിച്ചത്. ഒടുവിൽ ഐഹികമായ എല്ലാ ചുറ്റുപാടുകളിൽ നിന്നും വിരമിച്ച് ഇബ്രാഹീമിബ്നു അദ്ഹമിന്റെ ശിഷ്യനായി കൂടുകയാണ് ആ സമ്പന്നൻ ചെയ്തത് ...


ഇബ്രാഹീമിബ്നു അദ്ഹം തന്റെ ദേശാടനം തുടർന്നുകൊണ്ടിരുന്നു. ഒരിക്കൽ ദാഹവിവശനായ അദ്ദേഹം വഴിയിൽ കണ്ട  ഒരു കിണറ്റിൽ നിന്ന് അൽപം വെള്ളം കോരികുടിക്കാൻവേണ്ടി തൊട്ടികിണറ്റിലിട്ടു മുക്കിനോക്കുമ്പോൾ തൊട്ടിയിൽ വെള്ളത്തിനുപകരം നിയെ  സ്വർണ്ണനാണയങ്ങൾ.  വെട്ടിത്തിളങ്ങുന്ന ഈ സ്വർണ്ണനാണയങ്ങൾ കണ്ട് നഊദുബില്ലാ എന്നുപറഞ്ഞു കൊണ്ട് ബക്കറ്റ് അദ്ദേഹം കിണറ്റിലേക്ക് തന്നെ താഴ്തി അള്ളാഹുവിന്റെ പരീക്ഷണമാണിത് . പിശാച് തന്നെ കബളിപ്പിക്കാൻ നോക്കുകയാണ് . അദ്ദേഹം വീണ്ടും തൊട്ടി പൊന്തിച്ചു അപ്പോഴും അതിൽ നിറയെ സ്വർണ്ണനാണയങ്ങൾ തന്നെ ...


യാറബ്ബീ, ഇതെന്തു പരീക്ഷണമാണ്....? ഈ പാവപ്പെട്ട ഇബ്രാഹീമിനെ ഇങ്ങനെ പരീക്ഷിക്കല്ലെ ...


സ്വർണ്ണനാണയങ്ങൾ കൂമ്പാരങ്ങളിൽ നിന്നും രമ്യഹർമ്മ്യങ്ങളിൽ നിന്നും ലലനാമണികളിൽ നിന്നും ഒളിച്ചോടിയ ബൽഖയിലെ ചക്രവർത്തിയാണ് താൻ എന്നെ ഇനിയെങ്കിലും പരീക്ഷണത്തിനു വിധേയനാക്കരുതേ ... ഇപ്രകാരം പ്രാർത്ഥിച്ച് ബക്കറ്റ് താഴെയിട്ട് വീണ്ടും മുക്കിനോക്കിയപ്പോൾ സ്ഫടികം പോലെയുള്ള ജലമാണ് കണ്ടത് ...


അദ്ദേഹം വളരെ സന്തോഷത്തോടുകൂടി അത് കുടിക്കുകയും സർവ്വശക്തനായ അള്ളാഹുവിന്ന് സ്തുതികളർപ്പിക്കുകയും ചെയ്തശേഷം തന്റെ പ്രയാണം തുടർന്നു ...