Wednesday - 22 April, 2026 4-Dhu al-Qadah-1447

അന്ത്യയാത്ര

നബി (സ)യുടെ ഒരു വാക്ക് ആഇശ (റ)ക്ക് മനസ്സിലായില്ലെങ്കിൽ പലതവണ ചോദിക്കും. ശരിക്ക് മനസ്സിലാവുംവരെ ചോദിക്കും. അപ്പോഴേ മനസ്സമാധാനം വരികയുള്ളൂ. ഇതിനുള്ള സൗകര്യം ആഇശ (റ)യെപ്പോലെ മറ്റാർക്കും ലഭിച്ചിട്ടില്ല ... 


ആദ്യകാല സ്വഹാബികൾ മിക്കവാറും വഫാത്തായപ്പോൾ മുസ്ലിംകൾ മതവിധികൾക്കായി സമീപിച്ചിരുന്നത് ഇവരെയായിരുന്നു.  

അബ്ദുല്ലാഹിബ്നു ഉമർ (റ), അബ്ദുല്ലാഹിബ്നു അബ്ബാസ് (റ), അബൂഹുറൈറ (റ),

ആഇശ (റ) ...


കഠിനമായ കുരുക്കുകൾ നിറഞ്ഞ എത്രയെത്ര മസ്അലകളാണ് ആഇശ (റ) കുരുക്കഴിച്ചുകൊടുത്തത് ...  ഹദീസ് ഗ്രന്ഥങ്ങളും ചരിത്ര ഗ്രന്ഥങ്ങളും നോക്കിയ പണ്ഡിതന്മാർ വളരെ അത്ഭുതത്തോടെ ആഇശ (റ) യെ കുറിച്ച് സംസാരിക്കും ...


മഹാപണ്ഡിതനായ ഹിശാമുബ്നു ഉർവ്വത്ത് (റ) പറയുന്നു  : 


ഖുർആൻ അനന്തരാവകാശ നിയമങ്ങൾ, മതവിധികൾ, കവിത, അറബികളുടെ ചരിത്രം, ഗോത്രപരമ്പരകളെ കുറിച്ചുള്ള വിവരം എന്നിവയിൽ ആഇശ (റ)യെ മുൻകടക്കുന്ന ഒരാളെയും  ഞാൻ കണ്ടിട്ടില്ല ...  


വൈദ്യശാസ്ത്ര പരിജ്ഞാനത്തെയും പലരും പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. നബി (സ) തങ്ങൾക്ക് അവസാനത്തെ രോഗം വന്നപ്പോൾ അറേബ്യയിലെ അറിയപ്പെടുന്ന വൈദ്യന്മാരെല്ലാം അവിടെ എത്തിയിരുന്നു. അവർ പറഞ്ഞതെല്ലാം ആഇശ (റ) മനഃപാഠമാക്കി.  യുദ്ധങ്ങളിൽ മുറിവ് പറ്റുന്നവരെ ചികിത്സിക്കുന്നവിധം ആഇശ (റ) മറ്റുള്ളവരെ പഠിപ്പിച്ചിരുന്നു...  


അറബികളുടെ പൂർവ്വകാല ചരിത്രം ആഇശ (റ)ക്ക് നന്നായറിയാമായിരുന്നു. അതുകൊണ്ട് ഇസ്ലാം വരുത്തിയ മാറ്റങ്ങൾ നന്നായി മനസ്സിലാക്കാനും മറ്റുള്ളവർക്ക് വിശദമായി പറഞ്ഞുകൊടുക്കാനും ആഇശ (റ)ക്ക് കഴിഞ്ഞു ...


നബി(സ) തങ്ങളുടെ അന്ത്യരംഗങ്ങൾ എത്ര ഹൃദയസ്പർശിയായ രീതിയിലാണവർ അവതരിപ്പിച്ചത്.  രോഗം ആരംഭിച്ചത് മുതൽ വഫാത്ത് വരെയുള്ള രംഗങ്ങൾ, ആ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ, കഫൻ ചെയ്തതിന്റെ വിശദാംശങ്ങൾ, ഖബറടക്കൽ തുടങ്ങിയവയെല്ലാം ആഇശ (റ)യിലൂടെ ലോകം അറിഞ്ഞു. അന്ത്യനാൾവരെ അറിഞ്ഞുകൊണ്ടിരിക്കുകയും ചെയ്യും ...


സാഹിത്യം ഓളംതല്ലുന്ന ശൈലിയിലാണ് വിവരണം. വല്ലാത്ത ഭാഷാ ശുദ്ധിയാണ്. അത് കേട്ട പണ്ഡിതന്മാർ അക്കാര്യത്തിലുള്ള അവരുടെ അത്ഭുതം രേഖപ്പെടുത്തിയിട്ടുണ്ട് ...


എക്കാലവും അവ അത്ഭുതമായിത്തന്നെ നിലനിൽക്കും.  വഹ്യ്യ് ഇറങ്ങുമ്പോൾ നബി  (സ) വിയർക്കും. വിയർത്തൊലിക്കും. നെറ്റിയിൽ വിയർപ്പ് തുള്ളികൾ കാണാം. നെറ്റിയിലെ വിയർപ്പുതുള്ളികളെക്കുറിച്ച് ആഇശ (റ) പറയുന്നതിങ്ങനെയാണ് :


നെറ്റിയിൽ മുത്തുമണികൾ തിളങ്ങി. ഭാഷാസാഹിത്യസ്നേഹികളെ തട്ടിയുണർത്തുന്ന പദപ്രയോഗങ്ങൾ എത്ര തവണ കേട്ടാലും മതിവരില്ല ...


ഇസ്ലാമിന്റെ ആദ്യഘട്ടത്തിൽ വനിതകൾക്കിടയിൽ ഇസ്ലാം മതം പ്രചരിപ്പിക്കാൻ വേണ്ടി സ്വഹാബിവനിതകൾ പ്രഭാഷണങ്ങൾ നടത്തിയിരുന്നു. ആഇശ (റ)യുടെ പ്രഭാഷണ ചാതുരി സ്ത്രീകളെ ഹഠാദാകർഷിച്ചിരുന്നു. വനിതകളുടെ സാഹിത്യക്കുറിച്ച് പിൽക്കാലത്ത് ഗ്രന്ഥങ്ങൾ തന്നെ രചിക്കപ്പെട്ടിട്ടുണ്ട്. ആഇശ (റ) യുടെ പ്രഭാഷണങ്ങൾ എത്രയോ ഗ്രന്ഥങ്ങളിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് ...


സംഭവബഹുലമായിരുന്നു അവരുടെ ജീവിതം. ആ ജീവിതത്തിന്  അറുപത്തേഴ് വയസ്സായി. ഹിജ്റ വർഷം അമ്പത്തിയെട്ട്. അപ്പോൾ ആഇശ (റ) രോഗബാധിതയായി. പലരും കാണാൻ വന്നു. രോഗവിവരം തിരക്കുന്നവരോട് സുഖം തന്നെ  എന്നാണവർ പറയുക ...  രോഗത്തെക്കുറിച്ചുള്ള പരാതി പറയില്ല...


അമീർ മുആവിയയുടെ ഭരണം ഇരുപത് കൊല്ലം നീണ്ടുനിന്നു. അതിൽ പതിനെട്ടാം വർഷമാണിത്.  രോഗം കാണാൻ വരുന്നവർ തന്നെ പ്രശംസിച്ചു സംസാരിക്കുന്നത് അവർ ഇഷ്ടപ്പെട്ടിരുന്നില്ല.  ഞാൻ കല്ലായിരുന്നെങ്കിൽ, ഞാൻ കാട്ടിലെ പച്ചമരുന്നായിരുന്നെങ്കിൽ, എന്നൊക്കെയാണവർ പറയുക...  


നബി (സ) തങ്ങളുടെ വഫാത്തിനുശേഷമുള്ള അഞ്ചു പതിറ്റാണ്ടുകൾ. ചരിത്ര സംഭവങ്ങൾ നിറഞ്ഞ അരനൂറ്റാണ്ടുകാലം ചരിത്രത്തിന്റെ നാൾവഴികളിലേക്ക് തിരിഞ്ഞു നോക്കി എന്തുമാത്രം സംഭവങ്ങൾക്ക് സാക്ഷിയായി...


റൗളാ ശരീഫിൽ ഒരു ഖബറിന്ന് കൂടി സ്ഥലമുണ്ട്.  വേണ്ട തന്നെയവിടെ ഖബറടക്കേണ്ട.   മറ്റുഭാര്യമാരോടൊപ്പം ജന്നത്തുൽ ബഖീഇൽ ഖബറടക്കിയാൽ മതി. രാത്രിയാണ് മരിക്കുന്നതെങ്കിൽ രാത്രിതന്നെ ഖബറടക്കണം.  അബൂഹുറൈറ (റ) മദീനയിൽ ഗവർണറുടെ സ്ഥാനം വഹിക്കുന്നു. മഹാന്റെ നയനങ്ങൾ  ആഇശ (റ)യുടെ ജീവിതം കണ്ട കണ്ണുകൾ. അദ്ദേഹം രോഗവിവരം അന്വേഷിച്ചുകൊണ്ടിരുന്നു...


റമളാൻ മാസം കടന്നു പോയ്കൊണ്ടിരിക്കുന്നു ... മസ്ജിദുന്നബവിയിൽ തറാവീഹിന് വമ്പിച്ച ജനാവലിയാണ്. റമളാൻ പതിനേഴ് ബദറിന്റെ ഓർമ്മകൾ നിറഞ്ഞ രാവ്. ആഇശ (റ) രോഗവും ക്ഷീണവും അവഗണിച്ചുകൊണ്ട് നിസ്കാരം നിർവഹിച്ചു. വിത്ർ നിസ്കരിച്ചുതീർന്നു. നബി (സ)യോടൊപ്പം വിത്ർ നിസ്കരിച്ച ഓർമ്മകൾ ...


ഇതവസാനത്തെ വിത്ർ നിസ്കാരം. ദുനിയാവിൽ കഴിയാൻ അനുവദിക്കപ്പെട്ട സമയം അവസാനിച്ചു. ഇവിടത്തെ വെള്ളവും വായുവും ഇനിയില്ല. അവയെല്ലാം തീർന്നുകഴിഞ്ഞു. ശാന്തമായ മരണം. മരണത്തിന്റെ മാലാഖയെത്തി ...

ആത്മാവ്  ശാന്തമായി കടന്നുപോയി ...


ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊൻ 


മദീന ദുഃഖമൂകമായി. ജനം കൂട്ടംകൂട്ടമായി വന്നു. മുമ്പൊരു രാത്രിയിലും ഇത്രയേറെ ജനങ്ങളെ മദീന കണ്ടിട്ടില്ല.  കുലീന വനിതകൾ അവരെ കുളിപ്പിച്ചു. കഫൻ ചെയ്തു.  സഹോദര സഹോദരിമാരുടെ പുത്രിമാർ എല്ലാറ്റിനും നേതൃത്വം നൽകി.  അബൂഹുറൈറ (റ) ജനാസ നിസ്കാരത്തിന് നേതൃത്വം നൽകി...  


സ്ത്രീകളുടെ നിലക്കാത്ത പ്രവാഹം. ഉമ്മ നഷ്ടപ്പെട്ട മക്കളുടെ പ്രവാഹം അണപൊട്ടിയൊഴുകുന്ന ദുഃഖം.  നനയാത്ത കണ്ണുകളില്ല. വിതുമ്പാത്ത ചുണ്ടുകളില്ല. മയ്യിത്ത് ജന്നത്തുൽ ബഖീഇലേക്ക് എടുക്കുകയാണ്.  അബൂബക്കർ (റ)വിന്റെ മകൻ മുഹമ്മദിന്റെ മകൻ ഖാസിം മുന്നോട്ടു വന്നു. കൂടെ വന്നത് അബൂബക്കർ (റ)വിന്റെ മകൻ അബ്ദുറഹ്മാന്റെ മകൻ അബ്ദുല്ല.

ബന്ധുക്കളായ അതീഖിന്റെ മകൻ അബ്ദുല്ല. സുബൈറിന്റെ മകൻ ഉർവത്ത് തുടങ്ങിയവർ ചേർന്നു  ജനാസ കൊണ്ടുപോയി. ബന്ധുക്കളായ നിരവധിപേർ ചുമന്നു കൊണ്ടുപോവാൻ കൂടി.  സഹോദരീ സഹോദരന്മാരുടെ മക്കൾ മയ്യിത്ത് ഖബറിലേക്ക് താഴ്ത്തി ... മണ്ണ് വാരിയിട്ടു ...


ജന്നത്തുൽ ബഖീഇൽ പുതിയ ഖബർ ... ജ്വലിച്ചുനിന്ന ദീപം നീങ്ങിപ്പോയി ... റൗളാശരീഫിലും വഴിയിലും ജന്നത്തുൽ ബഖീഇലും ആളുകൾ കൂട്ടം കൂടി നിന്നു. എല്ലാവരും ദുഃഖിതരാണ് ...


സത്യവിശ്വാസികളുടെ മാതാവിന്റെ വിയോഗം. അവർ ആരുടെയെല്ലാം മാതാവായിരുന്നുവോ അവരെല്ലാം ആ രാത്രിയിൽ ദുഃഖിച്ചു ... പിതാവും പുത്രിയും 

അബൂബക്കർ സിദ്ദീഖ് (റ)വും ആഇശ (റ)യും നബി (സ)ക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ... അബൂബക്കർ സിദ്ദീഖ് (റ), അത് കഴിഞ്ഞാൽ ആഇശ (റ) ആളുകൾ അതോർത്തു ... ചിലർ പറഞ്ഞു  ...


ആഇശ (റ)യുടെ വിജ്ഞാനത്തിന്റെ പ്രകാശം ഒരിക്കലും മങ്ങുകയില്ല. എല്ലാ വനിതകൾക്കും അവർ മാതൃകയാണ്. അവരുടെ മഹത്വം വർണ്ണിച്ച പേനകളെത്ര... അവരെ വർണ്ണിച്ചു രചിക്കപ്പെട്ട കവിതകളെത്ര...

അതെ നമ്മുടെ ഉമ്മ വിജ്ഞാനത്തിന്റെ സമുദ്രമായിരുന്നു... 

ആ സമുദ്രം എക്കാലും അലയടിച്ചുകൊണ്ടിരിക്കും... അവരെക്കുറിച്ചവർ മറ്റുള്ളവർക്കു പറഞ്ഞുകൊടുക്കട്ടെ...

അവരോടുള്ള സ്നേഹം വർദ്ധിച്ചു വരട്ടെ... 


എല്ലാ ദിവസവും ഒരു ഫാത്തിഹ ഓതി അവർക്ക്  ഹദിയ ചെയ്യുക ... അങ്ങനെ എല്ലാ ദിവസവും അവരെ ഓർക്കുക. മനസ്സ് പ്രകാശപൂരിതമായിത്തീരും. ആ വിജ്ഞാന സാഗരത്തിൽ നിന്ന് ഒരു കൈക്കുമ്പിൾ അല്ലാഹു നമുക്ക് നൽകി അനുഗ്രഹിക്കട്ടെ.  സ്വർഗത്തിൽ ആ ഉമ്മയുടെ സാമീപ്യം സിദ്ധിക്കുന്ന സൗഭാഗ്യവാന്മാരായ മക്കളിൽ അല്ലാഹു നമ്മെയും പെടുത്തിത്തരട്ടെ ... ആമീൻ യാ റബ്ബൽ ആലമീന്‍ 


വിജ്ഞാനത്തിന്റെ ബഹർ ആയിരുന്ന നമ്മുടെ ഉമ്മാക്ക്  ഒരു ഫാതിഹ ഓതി ഹദിയ ചെയ്യുവാൻ താൽപര്യപ്പെടുന്നു ...

【അവസാനിച്ചു