Wednesday - 22 April, 2026 4-Dhu al-Qadah-1447

പ്രസവത്തെ തുടര്‍ന്നുള്ള രക്തസ്രാവം


പ്രസവാനന്തരം സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും യോനിയില്‍ കൂടി രക്തസ്രാവം ഉണ്ടാകാറുണ്ട്. അതിനു അറബി ഭാഷയില്‍ നിഫാസ് എന്ന് പറയുന്നു.


സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ അശുദ്ധിയുണ്ടാക്കുന്ന കാരണങ്ങളിലൊന്നാണത്.


നിഫാസിന്‍റെ ഏറ്റവും കുറഞ്ഞ സമയം ഒരു നിമിഷം മാത്രമാണ്. സാധാരണയായി അത് നാല്പത്  ദിവസം വരെ നീണ്ടു നില്‍ക്കാറുണ്ട്.


ഏറ്റവും കൂടിയാല്‍ 60 ദിവസം വരെ മാത്രമേ പ്രസവാനന്തര രക്തസ്രാവം നീണ്ടു നില്‍ക്കാറുള്ളൂ. അതിനപ്പുറം ഉണ്ടാവുകയില്ല...


തീരെ നിഫാസുണ്ടാകാത്ത സ്ത്രീകളേയും അപൂര്‍വമായെങ്കിലും കാണാം. പ്രസവം നടന്ന് 15 ദിവസം തികയുന്നതിന് മുന്‍പ് രക്തസ്രാവം ഉണ്ടായാല്‍ അത് നിഫാസ് തന്നെ എന്ന്‍  കണക്കാക്കാം.15 ദിവസത്തിനു ശേഷമാണ് കാണുന്നതെങ്കില്‍ അത് നിഫാസല്ല.


15 ദിവസത്തിനുള്ളില്‍ രക്തസ്രാവമുണ്ടായാല്‍ സ്ത്രീ പ്രസവം മുതല്‍ തന്നെ നിഫാസുകാരിയായിരുന്നു എന്ന് കണക്കാക്കേണ്ടതാണ്...


ഇരട്ട പ്രസവമാണെങ്കില്‍ ഒരു കുഞ്ഞു പിറന്നു അടുത്തത് പിറക്കുന്നതിനിടയിലുള്ള രക്തസ്രാവം നിഫാസല്ല.


പ്രസവിക്കുന്നതിന് മുമ്പ് ആര്‍ത്തവം ഉള്ളവളാണെങ്കില്‍ അത് ആര്‍ത്തവവും അല്ലാത്ത പക്ഷം രോഗം കാരണമുള്ള രക്തസ്രാവവുമാണ്.


രണ്ടു പ്രസവവും കഴിഞ്ഞു പുറപ്പെടുന്നത് പ്രസവ രക്തം തന്നെയാണ്...      


പ്രസവാനന്തരം രക്തസ്രാവമില്ലാത്ത സ്ത്രീകള്‍ കുളിച്ച് നിസ്കാരം പോലെയുള്ള നിര്‍ബന്ധ കര്‍മങ്ങള്‍ അനുഷ്ടിക്കേണ്ടതാണ്. അന്ന് തന്നെ വേണമെങ്കില്‍ ഭര്‍ത്താവുമായി ലൈംഗികവേഴ്ച്ചയില്‍ ഏര്‍പ്പെടാവുന്നതാണ്.


പ്രസവിച്ച 15 ദിവസങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് രക്തസ്രാവമുണ്ടായാല്‍ മുകളില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും ഉപേക്ഷിക്കുകയും പ്രസവിച്ചതുമുതല്‍ തന്നെ താന്‍ നിഫാസുകാരിയായിരുന്നുവെന്ന് കണക്കാക്കുകയും വേണം.


ആര്‍ത്തവമൊ നിഫാസോ നിലച്ചുവെന്നു ഉറപ്പു വരുത്താന്‍ പഞ്ഞിയോ മറ്റോ യോനിക്കുള്ളില്‍ വെച്ച് എടുത്തു നോക്കണം. പഞ്ഞിയില്‍ രക്തക്കറയോ നിറവ്യത്യാസമോ ഇല്ലെന്നു കണ്ടാല്‍ രക്തസ്രാവം നിലച്ചുവെന്ന് ഉറപ്പിക്കാം...


????ജനാബത്തുള്ളവര്‍ക്ക് നിഷിദ്ധമായ എല്ലാ കാര്യങ്ങളും ഹൈളും നിഫാസും ഉള്ള സ്ത്രീകള്‍ക്കും നിഷിദ്ധമായി തീരും.????


കൂടാതെ പള്ളിയില്‍ കടക്കല്‍, ലൈംഗികവേഴ്ച്ചയില്‍ ഏര്‍പ്പെടല്‍, മുട്ട് പോക്കിളിനിടയിലുള്ള ഭാഗങ്ങള്‍ കൊണ്ട് സുഖം എടുക്കല്‍, വിവാഹ മോചനം, നോമ്പ് എന്നിവയും നിഷിദ്ധമാണ്.


രക്തസ്രാവം നിലച്ചതിന് ശേഷം കുളിച്ചിട്ടില്ലെങ്കില്‍ തന്നെയും വിവാഹമോചനം, നോമ്പ് എന്നിവ നിര്‍വഹിക്കാവുന്നതാണ്. മറ്റുള്ളവ കുളിച്ച് ശുദ്ധിയായതിന് ശേഷമേ നിര്‍വഹിക്കാവൂ.


ഹൈളിന്‍റെയും നിഫാസിന്‍റെയും കാലയളവില്‍ നഷ്ട്ടപ്പെട്ട നിസ്കാരങ്ങള്‍ പിന്നീട് നിസ്കരിക്കേണ്ടതില്ല.


എന്നാല്‍ ആ കാലയളവില്‍ നഷ്ടപ്പെട്ട നോമ്പ് പിന്നീട് നോറ്റുവീട്ടണം.        

   അബൂ ഹിബതൈനി. [നിസാമുദ്ദീൻ] പരിക്കപ്പാറ...