23 Mar, 2023 | Thursday 1-Ramadan-1444
കറൻസിയുടെ  സക്കാത്ത്

വസ്‌തുക്കള്‍ പരസ്‌പരം വിനിമയം ചെയ്യുന്ന സമ്പ്രദായമാണ് പുരാതന കാലത്ത്‌ ലോകം മുഴുവന്‍ നിലനിന്നിരുന്നത്‌. ഉദാഹരണത്തിന് അറബികള്‍ ഈത്തപ്പഴവുമായി കേരളത്തില്‍ വരുന്നു. പകരം കുരുമുളകും ഇതര കേരളീയ ഉത്പന്നങ്ങളുമായി അവര്‍ തിരികെ പോവുന്നു. ഇവിടെ നാണയങ്ങള്‍ക്ക് യാതൊരരു പ്രസക്തിയും ഉണ്ടാവുന്നില്ല. ഈ വിനിമയത്തില്‍ പല അസൗകര്യങ്ങളും ഉടലെടുക്കും എന്നത് തീര്‍ച്ചയാണല്ലൊ. സമയവും അദ്ധ്വാനവും ഏറെ വേണ്ടി വരുമെന്നതും വസ്‌തുതയാണ്‌. ഈ സാഹചര്യത്തിലാണ് നാണയങ്ങള്‍ രംഗത്ത് വരുന്നതും അതിന് പ്രാബല്യം കൈവരുന്നതും. ഈ നാണയങ്ങള്‍ പ്രവാചക(ﷺ) യുഗത്തിലും ശേഷവുമെല്ലാം വെള്ളിയും സ്വര്‍ണവുമായിരുന്നു...


 ഇവിടെ നാം ഒരു കാര്യം ഓര്‍ക്കേണ്ടതാണ്. സ്വര്‍ണ്ണവും വെള്ളിയും സ്വയം മൂല്യമുള്ള വസ്‌തുക്കളാണെന്നതിനു പുറമം നാണയം എന്ന പദവി കൂടി അതിന് വന്നു ഭവിച്ചിരിക്കുന്നു. അതിനാല്‍ തന്നെ സ്വര്‍ണത്തിനും വെള്ളിക്കും സക്കാത്ത് നിര്‍ബന്ധമാക്കുന്നതിന്റെ മാനദണ്ഡം അതിന്റെ സ്വയം തനിമയല്ല. പകരം നാണയം എന്ന മാനദണ്ഡത്തിലാണ്‌. നാണയം എന്നതിന് പകരം വിലകള്‍ എന്ന് ചിലയിടത്ത് പ്രയോഗിച്ച് കാണുന്നത് ഇത് കാരണംതന്നെ. മാത്രമല്ല, സ്വര്‍ണത്തേക്കാള്‍ മൂല്യമുള്ള രത്‌നങ്ങള്‍ക്ക് സക്കാത്ത് നിര്‍ബന്ധമില്ല. അതിനാല്‍ തന്നെ സ്വര്‍ണത്തിന്റെയും വെള്ളിയുടെയും നാണയമെന്ന വീക്ഷണത്തിനാണ് സക്കാത്തില്‍ പ്രാമുഖ്യം...


 നാണയങ്ങള്‍ എന്നതിന് സ്വര്‍ണവും വെള്ളിയും എന്ന വ്യാഖ്യാനം നല്‍കുന്ന ഗ്രന്ഥങ്ങള്‍ തന്നെ മിസ്‌കാലിന്റെയും ദിര്‍ഹമിന്റെയും വിശദീകരണമാണ് തുടര്‍ന്ന് നല്‍കുന്നത്‌. അഥവാ സ്വര്‍ണം, വെള്ളിനാണയങ്ങള്‍ എന്ന്‌. (ദിനാര്‍, ദിര്‍ഹം). ആധുനിക ലോകത്തും നാണയങ്ങള്‍ കറന്‍സികളാണല്ലൊ. നേരത്തെ സ്വര്‍ണം വെള്ളി നാണയങ്ങള്‍ മുഖേന എന്തെല്ലാം പ്രയോജനങ്ങളാണോ അവയെല്ലാം കറന്‍സികൊണ്ടും നടക്കുന്നു. വിഭവങ്ങള്‍ വാങ്ങുക, ജോലിക്ക് വേതനം നല്‍കുക. നികാഹിന് മഹ്‌റ് നല്‍കുക അങ്ങനെ പലതും. ആധുനികലോകത്ത് സാമ്പത്തിക മേഖല നിലനില്‍ക്കുന്നത് തന്ന ഡോളര്‍ അടക്കമുള്ള കറന്‍സികളിലാണല്ലോ. കറന്‍സിയുടെ സകാത്തിനെകുറിച്ച് ചര്‍ച്ച വരുമ്പോള്‍ വളരെ സങ്കുചിതമായ വീക്ഷണമാണ് ചിലര്‍ വച്ചുപുലര്‍ത്തുന്നത്‌. സര്‍ക്കാറിന്റെ അംഗീകാരം നഷ്‌ടപ്പെട്ടാല്‍ പിന്നെ അത് കേവലം കടലാസാണെന്നതാണ് ന്യായം. സര്‍ക്കാര്‍ പിന്‍വലിക്കുന്ന കറന്‍സികള്‍ക്ക് മൂല്യമില്ലെന്നത് സകാത്തിന്റെ പ്രശ്‌നത്തില്‍ മാത്രമാണോ..?


 ഒരുലക്ഷം രൂപക്ക് നാം ഒരു വീട് വാങ്ങി. കുറച്ചു കഴിഞ്ഞപ്പോള്‍ സര്‍ക്കാര്‍ നോട്ടിന്റെ വിനിമയം ദുര്‍ബലപ്പെടുത്തി. ഈവീട്ടില്‍ നമുക്ക് നിസ്കരിക്കുന്നതിനോ വസിക്കുന്നതിനോ മതപരമായ തടസ്സങ്ങള്‍ ഉണ്ടോ? ഇല്ലെന്ന കാര്യം തീര്‍ച്ചയല്ലേ. ചുരുക്കത്തില്‍ ഇന്നത്തെ നാണയങ്ങള്‍ കറന്‍സികള്‍ തന്നെയാണ്. വ്യാപകമായി വിനിമയം സാധിക്കും എന്നത് അതിന്റെ സ്വഭാവമാണ്‌. ഒരു രാജ്യത്തെ കറന്‍സിക്ക് മറുനാട്ടില്‍ മൂല്യമില്ലെന്ന വാദം അജ്ഞതയാണ്‌. അതാത് രാജ്യത്തെ വിനിമയ കേന്ദങ്ങളിലൂടെആവണമെന്ന് മാത്രം...


 കറന്‍സികള്‍ സ്വയം നാണയം തന്നെയാണെന്ന വീക്ഷണമനുസരിച്ച് നിസ്വാബ് എങ്ങനെ കണക്കാക്കും എന്നൊരു ചോദ്യമുണ്ട്‌. 200 ദിര്‍ഹമിന് ലഭിക്കുന്ന സാധനങ്ങള്‍ക്ക് എത്രനോട്ടുകള്‍ വേണമോ അത്രയും നോട്ടുകള്‍ അടിസ്ഥാന നിസാബാക്കിയാല്‍ മതിയാവും. കറന്‍സി സ്വയം നാണയമല്ലെന്ന് പറയുന്നവരും സക്കാത്ത് നിര്‍ബന്ധമാണെന്ന് തന്നെയാണ് പറയുന്നത്. കാരണം ബ്രിട്ടീഷിന്ത്യയിലും സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും വെള്ളിത്തുട്ടുകള്‍ നാണയങ്ങളായി ഉപയോഗിച്ചിരുന്നു. പ്രസ്‌തുതനാണയങ്ങള്‍ തൂക്കിനോക്കിയാണ് ഏതാണ്‌ 22 ഒരുറുപ്പിക തൂക്കം എന്ന് കണക്കാക്കിയിരുന്നത്‌. അന്നത്തെ വെള്ളി നാണയങ്ങളുടെ അതേ മൂല്യംതന്നെ ഒറ്റരൂപാ കറന്‍സികള്‍ക്കുമുണ്ടായിരുന്നു. ഒരുകാലത്ത് മൂല്യശോഷണം സംഭവിക്കാം എന്നുവെച്ച് കറന്‍സിയെ മാറ്റിനിര്‍ത്തുന്നപക്ഷം ഇതേ തത്വം വെള്ളിയിലും സ്വര്‍ണത്തിലും സംഭവിക്കുന്നതാണ്. എന്തെന്നാല്‍ വിഭവങ്ങളുടെ വില എന്ന പദവിയില്‍ അതെന്നും തുടരണമെന്നില്ല. ഇതര പ്രയോജനങ്ങള്‍ നിലനില്‍ക്കുന്നുമുണ്ടാവാം. കറന്‍സികള്‍ അച്ചടിക്കുന്നതിന്റെ മാനദണ്ഡം ഏറെ ദുരൂഹമാണ് എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്‌. ധനത്തിന്റെ വിഹിതം എന്ന വീക്ഷണത്തിലാണ് സക്കാത്തിന്റെ ചര്‍ച്ച വരുന്നത്. കറന്‍സികളുടെ ഉടമ തന്നെയാണല്ലോ ഇന്നത്തെ ധനികന്‍. അടുത്തകാലം വരെ നികാഹില്‍ മഹ്റ് പറഞ്ഞിരുന്നത് മിസ്‌കാല്‍ അഥവാ സ്വര്‍ണനാണയം എന്നായിരുന്നു. ഇന്നത് നോട്ടുകളാണ്. ഇവിടെയൊന്നും തര്‍ക്കം ഉണ്ടായിരുന്നില്ല. കറന്‍സിയുടെ മൂല്യം താല്‍കാലികമാണെന്ന വാദം തന്നെ പൂര്‍ണ്ണമായും ശരിയല്ല. പെട്ടൊന്നൊരു ദിനം സര്‍ക്കാര്‍ പിന്‍വലിക്കാറില്ല. പകരം ഒരു നിശ്ചിത അവധി നല്‍കി ഘട്ടംഘട്ടമായി പിന്‍വലിക്കുകയാണ് ചെയ്യുക. ഇതു കാരണം നോട്ടിന്റെ ഉടമക്ക് ഒരു നഷ്‌ടവും സംഭവിക്കുന്നില്ല താനും. അവന് പകരം നോട്ടുകള്‍ ലഭിക്കുന്നു. കറന്‍സിക്ക് സകാത്ത് നിര്‍ബന്ധമാക്കിയാല്‍ ആധാരത്തിനും മറ്റും അതായിക്കൂടേ എന്ന ചോദ്യം ബാലിശമാണ്‌. കറന്‍സി പോലെവ്യാപകമായ വിനിമയത്തിന് ആധാരം കൊള്ളില്ലെന്നതാണ് കാരണം. ഓരോ കാലത്തും കറന്‍സികള്‍ വഹിക്കുന്ന മൂല്യം അജ്ഞാതമാണെന്നും അതുകൊണ്ട് സക്കാത്ത് വേണ്ടതില്ലെന്ന് പറയുന്നതും ശരിയല്ല. ഈ സ്ഥിതി വിശേഷം സ്വര്‍ണം വെള്ളി നാണയങ്ങളിലും സംഭവിക്കാം. അതിന്റെ യഥാര്‍ത്ഥ തനിമ നിലനില്‍ക്കുന്നുവെങ്കിലും നാണയമെന്ന വീക്ഷണത്തില്‍ ഏറെ വ്യത്യാസങ്ങള്‍ സംഭവിക്കാനിടയുണ്ടല്ലൊ. 


 ഒരുകാലത്ത് രാജാക്കന്മാര്‍ നല്‍കിയിരുന്ന നോട്ടുകള്‍‍ക്ക് ഈ പരിമിതികള്‍ ഉണ്ടായിരുന്നു. അതടിസ്ഥാനമാക്കിയാണ് അവക്ക് സക്കാത്തില്ലെന്ന പരാമര്‍ശം ഗ്രന്ഥങ്ങളില്‍ വരാനിടയായത്. ഇന്നതെല്ലാം മാറിയിരിക്കുന്നു. കറന്‍സികളുടെ മൂല്യത്തിനൊത്ത സ്വര്‍ണവും വെള്ളിയും ബാങ്കില്‍ നിക്ഷേപം ഉണ്ടെന്നും കറന്‍സി അതിന്റെ രേഖാചിത്രമാണെന്നും അതിനാല്‍ ആ മൂല്യത്തിന്റെ സക്കാത്ത് നിര്‍ബന്ധമാണെന്നും ചിലര്‍ പറയുമ്പോള്‍ ബാങ്ക് കടബാധ്യതയുടെ സ്ഥാനത്താണെന്നും ഉപേക്ഷ കാണിക്കാത്ത കടബാധ്യതയായ ധനത്തിന്റെ സക്കാത്ത് ഉടമസ്ഥന്‍ നല്‍കണമെന്ന തത്വമനുസരിച്ച് കറന്‍സിക്ക് സക്കാത്ത് നിര്‍ബന്ധമാണെന്ന് വേറെ ചില പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നു...


 കറൻസി സ്വയം നാണയമല്ല എന്ന അടിസ്ഥാനത്തിൽ ആണ് അവരുടെ ചർച്ച മുന്നോട്ടു പോകുന്നത്. എങ്കിലും സക്കാത്തിന്റെ കാര്യത്തില്‍ തികഞ്ഞ ഉത്തരവാദിത്ത ബോധം അവര്‍ക്കുണ്ടെന്നതില്‍ നമുക്ക് സന്തോഷിക്കാം.

 


എം.കെ. കൊടശ്ശേരി ഫൈസി

 
Islamic Knowledge in Malayalam
ഇസ്ലാമിക വിജ്ഞാനം | Islamic Knowledge in Malayalam
Public group · 2100+ members
Join Group
ٱلسَّلَامُ عَلَيْكُمْ‎
ഇത് ഇസ്ലാമിക വിജ്ഞാനം ഷെയർ ചെയ്യാൻ വേണ്ടിയുളള ഗ്രുപ്പ്ആണ്.
This group is created to share Islamic Knowledge in Malayalm