വിശുദ്ധ ഖുര്‍ആനിലെ മൂന്നാമത്തെ സൂറത്താണ് ആലു ഇംറാന്‍. 200 ആയത്തുകള്‍ ഉള്‍കൊള്ളുന്ന ഈ സൂറത്തിന് ധാരാളം സവിശേഷതകളും അതു പാരായണം ചെയ്താല്‍ ലഭിക്കുന്ന ഒട്ടനവധി ഫലങ്ങളും ഹദീസുകള്‍ വിവരിച്ചിട്ടുണ്ട്...
നബി (സ്വ) പറഞ്ഞു: നിങ്ങള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുക. അത് അന്ത്യദിനത്തില്‍ നിങ്ങള്‍ക്കു ശുപാര്‍ശകനായി എത്തുന്നതാണ്. പ്രഭ വിതറുന്ന രണ്ട് സൂറത്തുകള്‍ നിങ്ങള്‍ പാരായണം ചെയ്യുക. അല്‍ബഖറയും, ആലു ഇംറാനും. തണല്‍ നല്‍കുന്ന മേഘങ്ങളെ പോലെ, അല്ലെങ്കില്‍ ചിറകു വിരിച്ച പക്ഷിക്കൂട്ടങ്ങളെ പോലെ ഈ സൂറത്തുകള്‍ പാരായണം ചെയ്ത വ്യക്തികള്‍ക്ക് അനുകൂലമായി വാദിച്ചുകൊണ്ട് ഖിയാമത്ത് നാളില്‍ വരുന്നതാണ്. (മുസ്‌ലിം, മിശ്കാത്ത് 184)...
അന്നവാസിബ്‌നു സംആന്‍(റ) പറയുന്നു: നബി (സ്വ) ഇങ്ങനെ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അന്ത്യനാളില്‍ വിശുദ്ധ ഖുര്‍ആനും ഖുര്‍ആന്റെ വിധിവിലക്കുകള്‍ അനുസരിച്ച് ജീവിച്ചവരും ഹാജറാക്കപ്പെടും. ഈ രണ്ട് സൂറത്തുകള്‍ തണല്‍ നല്‍കുന്നതും പ്രഭ ചൊരിയുന്നതുമായ മേഘങ്ങളെ പോലെയോ ചിറക് വിരിച്ച് അണി നിരന്ന പക്ഷിക്കൂട്ടങ്ങളെ പോലെയോ അവര്‍ക്കു വേണ്ടി വാദിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നതാണ്. (മുസ്‌ലിം – മിശ്കാത്ത് 184)...
മലക്കുകള്‍ ദുആ ചെയ്യുന്നു
ആലു ഇംറാന്‍ പാരായണം ചെയ്യുന്നവര്‍ക്ക് വേണ്ടി മലക്കുകള്‍ ദുആ ചെയ്യുമെന്നു നബി (സ്വ) പഠിപ്പിക്കുന്നു. ഇമാം ദാരിമി (റ) ഉദ്ധരിക്കുന്നു: നബി (സ്വ) പറഞ്ഞു: വെള്ളിയാഴ്ച ദിവസം ആരെങ്കിലും സൂറത്തു ആലുഇംറാന്‍ പാരായണം ചെയ്താല്‍ അന്നു രാത്രിയാകും വരെ ആ മനുഷ്യനുവേണ്ടി മലക്കുകള്‍ പാപമോചനത്തിനു തേടുകയും ദുആ ചെയ്യുന്നതുമാണ്. (മിശ്കാത്ത് 189)...
പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുന്നു
ഒരാള്‍ സൂറത്തുല്‍ ബഖറയും ആലും ഇംറാനും ഓതി നിസ്‌കരിച്ചു. നിസ്‌കാരം കഴിഞ്ഞ ഉടനെ കഅ്ബ് (റ) നിസ്‌കരിച്ച വ്യക്തിയോട് ചോദിച്ചു: ‘നിങ്ങള്‍ അല്‍ബഖറയും ആലു ഇംറാനും പാരായണം ചെയ്തുവോ?’ അദ്ദേഹം പറഞ്ഞു: ‘അതെ. ഞാന്‍ പാരായണം ചെയ്തിട്ടുണ്ട്. അപ്പോള്‍ കഅ്ബ്(റ) പറഞ്ഞു: അല്ലാഹുവാണ് സത്യം, നിശ്ചയം ആ രണ്ട് സൂറത്തുകളില്‍ അല്ലാഹുവിന്റെ (തിരുനാമം) ഇസ്മുല്‍ അഅ്‌ളമുണ്ട്. അതു ചൊല്ലി ദുആ ചെയ്താല്‍ ഉത്തരം ലഭിക്കുന്നതാണ്. (ഇബ്‌നുകസീര്‍ 1/30).
ആലുഇംറാനിലെ ഒടുവിലെ ആയത്തുകള്‍
ആലുഇംറാന്‍ സൂറത്തിലെ അവസാനത്തെ പത്തു ആയത്തുകള്‍ (190-ാം ആയത്തു മുതല്‍ ഒടുവില്‍ വരെ) പ്രത്യേക മഹത്വങ്ങളുള്ളതാണെന്നു തിരുനബി(സ്വ)യുടെ വചനങ്ങളില്‍ നിന്നു മനസിലാക്കാം. നബി(സ്വ) രാത്രി നിസ്‌കാരത്തിന് (തഹജ്ജുദ്) എഴുന്നേല്‍ക്കുമ്പോള്‍ ഈ ആയത്തുകള്‍ ഓതാറുണ്ടായിരുന്നു...
തിരുനബി(സ്വ) രാത്രി എഴുന്നേറ്റിരുന്ന് ഈ പത്ത് ആയത്തുകള്‍ പാരായണം ചെയ്ത ശേഷം വുളൂഅ് ചെയ്തു നിസ്‌കരിക്കുമായിരുന്നുവെന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്. ഒരു രാത്രിയില്‍ മൂന്ന് തവണ എഴുന്നേറ്റപ്പോഴും നബി(സ്വ) തങ്ങള്‍ ഈ പത്ത് ആയത്തുകള്‍ പാരായണം ചെയ്തിരുന്നതായി ഇബ്‌നുഅബ്ബാസ് (റ)ല്‍ നിന്ന് ഇമാം മുസ്‌ലിം (റ)വും ഈ സംഭവം ഉദ്ധരിച്ചതായി കാണാം. (മിശ്കാത്ത് 106)...