ദുഃഖം നിറഞ്ഞ അഞ്ചു വർഷങ്ങൾ. ആ അഞ്ച് വർഷം എങ്ങനെയാണ് കടന്നു പോയതെന്നറിയില്ല. കണ്ണീരിന്റെയും നെടുവീർപ്പിന്റെയും കാലം. നൊന്തു പ്രസവിച്ച മകൻ. ആദ്യത്തെ കൺമണി. താലോലിച്ചു വളർത്തിയ പൊന്നോമന മകൻ. അവൻ ഈ കടുംകൈ ചെയ്തല്ലോ. എങ്ങനെയിത് സഹിക്കും. അല്ലാഹുﷻവേ..! സഹിക്കാനും ക്ഷമിക്കാനും കഴിവ് നൽകേണമേ...! തീറ്റയും കുടിയും മറന്ന പകലുകൾ. ഉറക്കമില്ലാത്ത രാവുകൾ...
ആദ്യ പ്രസവത്തിൽ ഇരട്ടകളായിരുന്നു. ഒരു മോനും ഒരു മോളും. എന്തൊരഴകുള്ള മക്കൾ. വിശാലമായ ഭൂമി. അതിലധികഭാഗവും കടൽ. പിന്നെ എന്തെല്ലാം തരത്തിലുള്ള ജലാശയങ്ങൾ. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന പർവ്വതങ്ങൾ. അവയുടെ ഉച്ചിയിൽ തട്ടി നിൽക്കുന്ന മേഘങ്ങൾ. മനോഹരമായ താഴ് വരകൾ. കളകളാരവം മുഴക്കുന്ന പറവകൾ. പലതരം മൃഗങ്ങളുടെ കൂട്ടങ്ങൾ. അവയ്ക്കിടയിൽ മനുഷ്യരായി തങ്ങൾ രണ്ട് പേർ മാത്രം. സറം ദ്വീപിലെ താമസക്കാർ. ആദം (അ), ഹവ്വ (റ)...
പച്ചപുതച്ച മലകൾ, കാടുകൾ, പൂക്കൾ വിടർന്നു നിൽക്കുന്ന വിവധയിനം ചെടികൾ. സറം ദ്വീപിനു ചുറ്റും അലയടിച്ചുയരുന്ന അറബിക്കടൽ ...
ഏകാന്തത അനുഭവിക്കുന്ന കാലത്താണ് രണ്ട് ഓമന മക്കൾ പിറന്നത്. ഏകാന്തതയിലെ കൂട്ടുകാർ. അവരുടെ കളിയും ചിരിയും മനസ്സിനെ കുളിരണിയിച്ചു. കരയുമ്പോൾ പാൽ കൊടുക്കും. എടുത്തോമനിക്കും. ഉപ്പഒരാളെ എടുത്തോമനിക്കും. ഉമ്മ മറ്റെ കുഞ്ഞിനെ ഓമനിക്കും. മോളെയും മോനെയും മാറിയെടുത്തു. മോൾക്കും മോനും മാറി മാറി മുലപ്പാൽ കൊടുത്തു. ഇളം ചുണ്ടുകളിൽ വിരിയുന്ന പുഞ്ചിരി മനസ്സിനെ കോരിത്തരിപ്പിച്ചു ...
ഖാബീലും ഇഖ് ലീമയും. ഉമ്മായുടെ അഴക് ഇഖ് ലീമക്ക് കിട്ടിയിട്ടുണ്ട്. കുഞ്ഞുങ്ങൾ വളരുകയാണ്. ഭൂമിയിൽ മനുഷ്യരായി തങ്ങൾ നാലു പേർമാത്രം. പിന്നെയുള്ളത് ശത്രുവാണ്. കൊടും ശത്രു. ശപിക്കപ്പെട്ട ഇബ്ലീസ്. ചതിക്കുഴിയിൽ വീഴ്ത്തിയവൻ. അവൻ മക്കളെ നോട്ടമിടു ചതിക്കാൻ നോക്കും. തങ്ങളിരുവരും സ്വർഗ്ഗത്തിലായിരുന്നു. അവിടെ നിന്നാണ് ഭൂമിയിൽ വന്നത്...
സ്വർഗ്ഗത്തിലെ ജീവിതം സുഖ സുന്ദരം! ഭൂമിയിൽ അങ്ങനെയല്ല. കഷ്ടപ്പെട്ട ജീവിതമാണ്. നാലാൾക്ക് ജീവിക്കണം. ഭക്ഷണം വേണം. അധ്വാനിച്ചുണ്ടാക്കണം. നിലംകിളയ്ക്കണം. ധാന്യങ്ങൾ വിതയ്ക്കണം. നനയ്ക്കണം. കൃഷി പരിചരിക്കണം. അടുകളുണ്ട് അവയെ മേയ്ക്കണം. പരിപാലിക്കണം. ആട്ടിൻപാൽ കിട്ടും. ആടിന്റെ രോമം കൊണ്ട് വസ്ത്രമുണ്ടാക്കാം. ജിബ് രീൽ (അ) വരും. ഓരോ കാര്യങ്ങൾ പഠിപ്പിച്ചു തരും. നന്നായി അധ്വാനിക്കണം. ഭാര്യയും ഭർത്താവും നന്നായി ജോലി ചെയ്തു ജീവിക്കുന്നു. അധ്വാനത്തിന്റെ സന്തോഷം ...
കാലം കടന്നുപോയപ്പോൾ ഹവ്വ (റ) വീണ്ടും ഗർഭണിയായി. ഇരട്ടകളെ പ്രസവിച്ചു. മോനും മോളും. ഹാബീൽ, ലബൂദ. ആറു പേരടങ്ങുന്ന കുടുംബം. സന്തോഷവും സമാധാനവും നിറഞ്ഞ അന്തരീക്ഷം. കാലം കടന്നു പോയപ്പോൾ ഹവ്വ (റ) പലതവണ ഗർഭിണിയായി. ഇരട്ടകളെ പ്രസവിച്ചു. മൂത്ത കുട്ടികൾ വളർന്നു. അവരും കൃഷിപ്പണി തുടങ്ങി. നാൽക്കാലികളെ വളർത്താൻ തുടങ്ങി. മൂത്തവർക്ക് വിവാഹ പ്രായമായി. ഇരുപത് വയസ്സ് വരെയായി. ഇനിയവർ വിവാഹിതരാവണം. ഒരു പ്രസവത്തിലെ ആൺകുട്ടി മറ്റൊരു പ്രസവത്തിലെ പെൺകുട്ടിയെ വിവാഹം ചെയ്യണം. അതാണ് ചിട്ട. മൂത്ത മകൻ ഖാബീൽ അടുത്ത പ്രസവത്തിലെ ലബൂദയെ വിവാഹം ചെയ്യണം. ആദ്യ പ്രസവത്തിലെ ഇഖ് ലിമയെ അടുത്ത പ്രസവത്തിലെ ഹാബീൽ വിവാഹം ചെയ്യണം. പിന്നീട് നടന്ന സംഭവങ്ങളൊന്നും ഹവ്വ (റ)ക്ക് ഓർക്കാൻ കഴിയുന്നില്ല. ഖൽബ് തകരുന്ന വാർത്തയല്ലേ പിന്നെ കേട്ടത് ...