നോക്കുന്നിടത്തെല്ലാം വെള്ളം. ജലവിതാനം ഉയരുകയാണ്. ഈ സമയത്ത് നൂഹ് (അ) മകൻ കൻആനെ വിളിച്ചു, മോനേ... ഈ കപ്പലിൽ കയറിക്കൊള്ളൂ... നബി പറഞ്ഞു. വേണ്ട ഞാൻ കയറില്ല കൻആൻ നിഷേധിച്ചു. മോനേ... ഇത് പ്രളയമാണ്. കപ്പലിൽ കയറിയവർക്ക് മാത്രമാണ് രക്ഷ. ഇല്ല ഞാൻ കയറില്ല. വെള്ളപ്പൊക്കം എനിക്ക് പ്രശ്നമല്ല. ഞാൻ ആ വലിയ മലയിൽ കയറി രക്ഷപ്പെടും. മോനേ ഒരു മലയും ബാക്കിയാവില്ല, എവിടെയും രക്ഷയില്ല, എല്ലാ മലകളും വെള്ളത്തിലായിത്തീരും...
വെള്ളം ഇളകി മറിഞ്ഞുവന്നു. അത് പിതാവിന്റെയും മകന്റെയുമിടയിൽ വിള്ളല്‍ സൃഷ്ടിച്ചു. അവരകന്നുപോയി. വെള്ളം കൻആനെ വലിച്ചു കൊണ്ടുപോയി. ഭൂമിയിൽ നിന്ന് പൊട്ടിയൊലിക്കുന്ന വെള്ളത്തിന്റെ ശക്തി കൂടി. മഴ കൂടുതൽ ശക്തിയോടെ പെയ്തിറങ്ങാൻ തുടങ്ങി. രണ്ട് തരം വെള്ളം. അവ പരസ്പരം കണ്ടു, ഒന്നിച്ചു ചേർന്നു രൗദ്രഭാവം കൊണ്ടു. സംഹാര താണ്ഡവം തുടങ്ങി. എല്ലാം തല്ലിത്തകർത്തു. വൻ തിരമാലകൾ ആഞ്ഞടിക്കുന്നു...
അല്ലാഹുﷻ വിശുദ്ധ ഖുർആനിൽ പറയുന്നു :
അപ്പോൾ കോരിച്ചൊരിയുന്ന മഴവെള്ളം കൊണ്ട് ആകാശ കവാടങ്ങൾ നാം തുറന്നു (54:11). ഭൂമിയിൽ ഉറവകൾ നാം പൊട്ടിയൊലിപ്പിക്കുകയും ചെയ്തു. നിശ്ചയിക്കപ്പെട്ട ഒരു വമ്പിച്ച കാര്യത്തിനു വേണ്ടി ആ വെള്ളം കൂട്ടിമുട്ടി (54:12).
വൻ മരങ്ങൾ കട പുഴകി വീണു. ധനികരുടെ വലിയ വീടുകൾ നിലംപൊത്തി. ധിക്കാരികൾ വെള്ളത്തിൽ മുങ്ങി. ആരോഗ്യമുള്ളവർ നീന്തിക്കൊണ്ടിരുന്നു. കര കാണാത്ത വെള്ളം. ഒരു നീന്തൽക്കാരനും രക്ഷയില്ല. അംബരചുബികളെന്ന് വിശേഷിപ്പിക്കപ്പെട്ട വൻ മലകൾ ഇപ്പോൾ വെള്ളത്തിന്നടിയിലാണ്...
ജലവിതാനത്തിൽ ഒരേയൊരു കപ്പൽ. അതിന്റെ ചലനത്തെക്കുറിച്ച് അല്ലാഹുﷻ പറയുന്നു :
നമ്മുടെ സംരക്ഷണത്തിൽ അത് സഞ്ചരിക്കുന്നു. നിഷേധിക്കപ്പെട്ട ആൾക്കുള്ള ഒരു പ്രതികാര നടപടിയായിരുന്നു അത് (54:14).
സത്യസന്ദേശവുമായി വന്നപ്പോൾ നൂഹ് (അ)നെ ആ ജനത നിഷേധിക്കുകയാണല്ലോ ചെയ്തത്. അതിനുള്ള പ്രതികരണമാണിത്. തന്റെ ദൂതനെ നിഷേധിച്ചവരോട് അല്ലാഹുﷻ പ്രതികാരം ചെയ്യുന്നു...
ലോകത്ത് ആദ്യമായി നിർമ്മിക്കപ്പെട്ട ആ കപ്പലിന്റെ അവശിഷ്ടങ്ങൾ ഇന്നും അറാറത്ത് പർവ്വതത്തിന്റെ മുകളിലുണ്ടെന്ന് ചില ഗവേഷകന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. പിൽക്കാലക്കാർക്ക് ഒരു ദൃഷ്ടാന്തമാണ് ആ കപ്പൽ. അല്ലാഹുﷻ പറയുന്നതിങ്ങനെയാണ് നിശ്ചയമായും അതിനെ നാം ഒരു ദൃഷ്ടാന്തമായി അവശേഷിപ്പിച്ചു. എന്നാൽ ചിന്തിച്ചു പാഠം പഠിക്കുന്നവരായി ആരെങ്കിലുമുണ്ടോ..? (54:15).
അപ്പോൾ എന്റെ ശിക്ഷയും എന്റെ താക്കീതുകളും എങ്ങനെയായിത്തീർന്നു (54:16).
ചരിത്രഗവേഷകന്മാരും പുരാവസ്തു ഗവേഷകന്മാരും നൂഹ് (അ) ന്റെ കപ്പലിന്റെ അവശിഷ്ടങ്ങൾ അന്വേഷിക്കുന്നുണ്ട്. ഒരു സംഘം പുരാവസ്തു ഗവേഷകന്മാർ അറാറത്ത് പർവ്വതത്തിന്റെ ചരിവിൽ പതിനാലായിരം അടി ഉയരത്തിൽ കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി വാർത്ത ഉണ്ടായിരുന്നു ...
സൂറത്ത് നൂഹിൽ ഇങ്ങിനെ കാണാം ...
തങ്ങളുടെ തെറ്റുകളാൽ തന്നെ അവർ വെള്ളത്തിൽ മുക്കി നശിപ്പിക്കപ്പെട്ടു. എന്നിട്ടവർ അഗ്നിയിൽ പ്രവേശിപ്പിക്കപ്പെടുകയുമുണ്ടായി. അപ്പോൾ അല്ലാഹുﷻവിനെ കൂടാതെയുള്ള ഒരു സഹായിയെയും തങ്ങൾക്കവർ കണ്ടെത്തിയില്ല (71:25)...
മഹാപ്രളയവും നൂഹ് (അ)ന്റെ കപ്പലും ലോക ജനതയെ എക്കാലവും വിസ്മയിപ്പിച്ച മഹാസംഭവങ്ങളാകുന്നു. സൂറത്ത് ഹൂദിൽ ഇങ്ങനെ കാണാം ...
അങ്ങനെ നമ്മുടെ കൽപ്പന വരികയും അടുപ്പ് (ഉറവ പൊട്ടി) തിളച്ചു മറിയുകയും ചെയ്തപ്പോൾ നാം പറഞ്ഞു : എല്ലാവസ്തുക്കളിൽ നിന്നും രണ്ട് (വീതം)ഇണകളെയും നിന്റെ വീട്ടുകാരെയും നീ അതിൽ കയറ്റിക്കൊള്ളുക ആർക്കെതിൽ (ശിക്ഷയുടെ) വാക്ക് മുൻകടന്നുപോയിട്ടുണ്ടോ അവരൊഴികയുള്ള വിശ്വാസികളെയും (കയറ്റിക്കൊള്ളുക) ...
അദ്ദേഹത്തോടൊപ്പം അൽപം ആളുകല്ലാതെ വിശ്വസിച്ചിട്ടില്ല (11:40).
അദ്ദേഹം അവരോട് പറയുകയും ചെയ്തു. നിങ്ങൾ അതിൽ കയറിക്കൊള്ളുവീൻ. അല്ലാഹുﷻവിന്റെ നാമത്തിലാണ് അതിന്റെ സഞ്ചാരവും അതിന്റെ നിര്‍ത്തവും (നങ്കൂരമിടലും). നിശ്ചയമായും എന്റെ റബ്ബ് വളരെ പൊറുക്കുന്നവനും കരുണാനിധിയും തന്നെയാകുന്നു (11:41). വെള്ളം ഭയാനകമായ കാഴ്ചയായി മാറി. വെള്ളമല്ലാതെ മറ്റൊന്നും കാണാനില്ല. മലകളെപ്പോലെ ആർത്തിരമ്പി വരുന്ന തിരമാലകൾ...
വിശുദ്ധ ഖുർആൻ ആ രംഗം വിവരിക്കുന്നു ...
അവരെയും വഹിച്ചുകൊണ്ട് കപ്പൽ മലപോലുള്ള തിരമാലകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. നൂഹ് തന്റെ മകനെ അവൻ അകലെയുള്ള ഒരു സ്ഥലത്തായിരുന്നു വിളിച്ചു പറഞ്ഞു : എന്റെ കുഞ്ഞു മകനെ ഞങ്ങളോടൊപ്പം കപ്പലിൽ കയറിക്കൊള്ളുക. നീ അവിശ്വാസികളുടെ കൂട്ടത്തിൽ ആയിപ്പോവരുത് (11:42).
തന്റെ മകൻ അവിശ്വാസിയായിപ്പോവുന്നത് നൂഹ് (അ)ന്ന് സഹിക്കാൻ കഴിയുന്നില്ല. അതുകൊണ്ടാണ് കപ്പലിൽ കയറാൻ പറഞ്ഞത്. മകന്റെ മറുപടി ഖുർആനിൽ കാണാം ...
അവൻ പറഞ്ഞു : വെള്ളത്തിൽ നിന്നും എന്നെ രക്ഷപ്പെടുത്തുന്ന വല്ല മലയിലേക്കും അഭയം പ്രാപിച്ചുകൊള്ളാം. അദ്ദേഹം പറഞ്ഞു അ
ല്ലാഹുﷻവിന്റെ കൽപനയിൽ നിന്ന് അവന്റെ കരുണ ചെയ്തവർക്കല്ലാതെ ഇന്ന് രക്ഷ നൽകുന്ന ഒന്നുമില്ല. അവർ രണ്ടാൾക്കുമിടയിൽ തിരമാല മറയിടുകയും ചെയ്തു. അങ്ങനെ അവൻ മുക്കി നശിപ്പിക്കപ്പെട്ടവരിൽ ആയിത്തീരുകയും ചെയ്തു (11:43) ...
മകൻ വെള്ളത്തിൽ മുങ്ങി നശിച്ചു. നൂഹ് നബി (അ)ന് വല്ലാത്ത ദുഃഖം വന്നു. തന്റെ മകന്റെ കാര്യത്തിൽ പ്രാർഥന നടത്താൻ നൂഹ് (അ) തീരുമാനിച്ചു. റബ്ബേ എന്റെ മകൻ എന്റെ സ്വന്തക്കാരനാണല്ലോ ? നീതിമാനായ റബ്ബേ എന്റെ സ്വന്തക്കാരെ കപ്പലിൽ കയറ്റാൻ നീ പറഞ്ഞതാണല്ലോ എന്റെ മകനെ രക്ഷപ്പെടുത്തേണമേ ...
അല്ലാഹുﷻവിന്റെ ഭാഗത്ത് നിന്ന് വളരെ ഗൗരവത്തിലുള്ള പ്രതികരണമാണുണ്ടായത്.
അവൻ നിന്റെ സ്വന്തക്കാരനല്ല. നല്ലതല്ലാത്ത പ്രവർത്തി ചെയ്യുന്നവനാണവൻ. അറിവില്ലാത്ത കാര്യങ്ങൾ സംസാരിച്ച് നീ വിഡ്ഢികളിൽ പെട്ടുപോവരുത് ...
നൂഹ് (അ) കാര്യം മനസ്സിലാക്കി ഉടനെ ഖേദിച്ചു മടങ്ങുകയും ചെയ്തു...