Wednesday - 22 April, 2026 4-Dhu al-Qadah-1447

അഞ്ചു ബിംബങ്ങൾ

   ഇതിന്നിടയിൽ അവർ ബിംബാരാധനയും തുടങ്ങിയിരുന്നു. അതിന് വഴിയൊരുക്കിയതും ഇബ്ലീസ് തന്നെ. അതിനുമുണ്ട് ഒരു ചരിത്രം ...


ഇദ്രീസ് നബി (അ)ന് അഞ്ച് മക്കളുണ്ടായിരുന്നു. സൽസ്വഭാവികൾ, പണ്ടിതന്മാർ, ആരാധനയിൽ മുഴുകി ജീവിച്ചവർ, ജനസേവകർ, സ്നേഹസമ്പന്നർ അവർ ജനങ്ങളെ സ്നേഹിച്ചു. അവരെ ഉപദേശിച്ചു. നല്ല കാര്യങ്ങളിൽ അവരെ സഹായിച്ചു. ജനങ്ങൾ അവരെ വല്ലാതെ സ്നേഹിച്ചു. അവർക്കു വേണ്ടി എന്ത് ത്യാഗം ചെയ്യാനും ജനം തയ്യാർ. അവർ നന്നായി ആരാധന നടത്തി. അവരോടൊപ്പം ആരാധനയിൽ പങ്കെടുക്കാൻ ജനങ്ങളെ പ്രേരിപ്പിച്ചു. ജനങ്ങൾക്ക് സന്തോഷമായി...


ജനങ്ങൾക്ക് എപ്പോഴും അവരെ കണ്ടുകൊണ്ടിരിക്കണം. അവരുടെ സംസാരം കേൾക്കണം. അവരെ പിരിഞ്ഞിരിക്കാൻ മനസ്സ് വരുന്നില്ല.  ജനങ്ങൾ ആരാധനകളിൽ അതീവ തൽപരരായി മാറി. അങ്ങനെയായിരിക്കെ അഞ്ച് പേരിൽ ഒരാൾ മരണപ്പെട്ടു. ജനങ്ങൾക്ക് സഹിക്കാനാവാത്ത ദുഃഖം വന്നു. നാല് പേർ അവരെ സമാധാനിപ്പിച്ചു. ഒരാൾ പോയാലും നാല് പേരുണ്ടല്ലോ എന്നവർ ആശ്വസിച്ചു...


കാലം ആരെയും വെറുതെ വിടില്ല. സമയമെത്തുമ്പോൾ മരിച്ചു പിരിയണം. നാട്ടിൽ പലരും മരിക്കുന്നു. ഇദ്രീസ് (അ) മരിച്ചുപോയില്ലേ ? ആ ദുഃഖം ജനം സഹിച്ചില്ലേ ? പിന്നെയും മരണങ്ങൾ സംഭവിച്ചു. ഇദ്രീസ് (അ)ന്റെ എല്ലാ മക്കളും മരിച്ചു പോയി. ഇതെങ്ങനെ സഹിക്കും ? നബി പോയി. അഞ്ച് മക്കളും പോയി. ആളുകൾ പല സ്ഥലത്തായി കൂട്ടംകൂടിയിരിക്കുന്നു. മരിച്ചു പോയവരെക്കുറിച്ച് പറഞ്ഞ് കരയാൻ തുടങ്ങി. പരേതരുടെ ഗുണങ്ങൾ ഓരോരുത്തരും പറയാൻ തുടങ്ങി...


ശപിക്കപ്പെട്ട ഇബ്ലീസ് അവരോടൊപ്പം കൂടി ദുഃഖത്തിൽ പങ്കെടുത്തു. ഇബ്ലീസ് അവരെ പലതും പറഞ്ഞു ആശ്വസിപ്പിക്കും. എല്ലാവർക്കും ഇബ്ലീസ് വളരെ വേണ്ടപ്പെട്ടവനായി. അവന്റെ വാക്കുകൾക്ക് ആളുകൾ വില കൽപ്പിച്ചു തുടങ്ങി. ഒരു ദിവസം ഇബ്ലീസ് ഇങ്ങനെ പറഞ്ഞു ... 


മരിച്ചുപോയ മഹാന്മാരോടുള്ള നിങ്ങളുടെ സ്നേഹം വളരെ വലുതാണ്. അവരെ കാണാതെ നിങ്ങൾ ദുഃഖിക്കുകയാണ്. നിങ്ങളുടെ ദുഃഖം തീർക്കാൻ ഒരു വഴിയുണ്ട്. നിങ്ങൾക്കവരെ എപ്പോഴും കണ്ടു കൊണ്ടിരിക്കാം... 

അതെങ്ങനെ എല്ലാവരും കൂടി ചോദിച്ചു ...


പറയാം ... കേട്ടോളൂ, ഞാൻ അവരുടെ പ്രതിമയുണ്ടാക്കാം. അപ്പോൾ നിങ്ങൾക്കവരെ എപ്പോഴും കാണാമല്ലോ. അതൊരു നല്ല കാര്യമായി അവർക്ക് തോന്നി. ഇബ്ലീസ് പ്രതിമകളുണ്ടാക്കി. അഞ്ചും അതേ പോലെയുണ്ട്. ജനങ്ങൾ എല്ലാ ദിവസവും അവയെ കാണും. അതൊരാശ്വാസമാണ്. പ്രതിമകളെ അലങ്കരിക്കാനും ആഭരണം ധരിപ്പിക്കാനും ഇബ്ലീസ് പറഞ്ഞു. അവരതനുസരിച്ചു. അവരുടെ മുമ്പിൽ ചെന്ന് സങ്കടം പറയാനും ആവലാതികൾ ബോധിപ്പിക്കാനും ഇബ്ലീസ് അവരെ പ്രേരിപ്പിച്ചു.

പറഞ്ഞതെല്ലാം അനുസരിച്ചു ...


അവയോട് പ്രാർത്ഥിക്കാൻ പറഞ്ഞു. ഒടുവിൽ ആരാധിക്കാനും പറഞ്ഞു. ജനങ്ങൾ അതും അനുസരിച്ചു...


വയസ്സന്മാർ മരിച്ചു പോയി. പുതിയ തലമുറ വന്നു. അവർക്ക് ഇദ്രീസ് നബിയെ അറിയില്ല. നബിയുടെ അധ്യാപനങ്ങളറിയില്ല. അല്ലാഹുﷻവിനെക്കുറിച്ചും കാര്യമായിട്ടൊന്നും അറിയില്ല. ഇളം തലമുറ ജനിച്ചത് തന്നെ ബിംബാരാധനയുടെ അന്തരീക്ഷത്തിലേക്കാണ്. ഇബ്ലീസ് ഒരു ജനവിഭാഗത്തെ വഞ്ചിച്ചു. തൗഹീദിൽ നിന്ന് അവരെ ശിർക്കിലേക്ക് കൊണ്ടുപോയി... 


ഇദ്രീസ് (അ)ന്റെ അഞ്ച് പുത്രന്മാർ ഇവരായിരുന്നു ...


1 വദ്ദ്. 2 സുവാഹ്. 3 യഗൂസ്. 4 യഊഖ്. 5 നസ്റ്... 


ഇപ്പോൾ ഇവ അഞ്ച് വിഗ്രഹങ്ങളുടെ പേരാണ്. ഇബ്നു ജരീർ ഈ വിഗ്രഹങ്ങളെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്. ആദം (അ)ന്റെയും നൂഹ് (അ)ന്റെയും ഇടക്കുള്ള കാലത്ത് ജീവിച്ച സ്വാലിഹീങ്ങളായിരുന്നു ഇവരെല്ലാം... 


ഇബ്നു അബ്ബാസ് (റ)പറയുന്നു: നൂഹ് നബി  (അ)ന്റെ ജനതയുടെ ഈ ബിംബങ്ങൾ പിൽക്കാലത്ത് അറബികളുടേതായി മാറി. ഇക്രിമ (റ), ളഹാക് (റ), ഖത്താദ (റ), മുഹമ്മദ്ബ്നു ഇസ്ഹാഖ് (റ) എന്നിവരെല്ലാം ഇതേ കാര്യം പറഞ്ഞിട്ടുണ്ട് ...


ഇബ്നു അബീഹാത്തിം ഇങ്ങനെ രേഖപ്പെടുത്തി : 

വദ്ദ്, യഗൂസ്, യഊഖ്, സുവാഹ്, നസ്റ് ഇവർ ആദം നബി (അ)ന്റെ മക്കളാകുന്നു. ഇവരിൽ ഏറ്റവും ഉന്നതൻ വദ്ദ് ആയിരുന്നു ...


ഇബ്നു അബീ ഹാത്തിം രേഖപ്പെടുത്തുന്നു; 


വദ്ദ് എന്ന സ്വാലിഹായ മനുഷ്യൻ മരിച്ചു. ബാബൽ എന്ന നാട്ടിൽ ഖബറടക്കി. ദുഃഖിതരായ ജനത ഖബറിനു ചുറ്റുമിരുന്നു സങ്കടപ്പെട്ടു കരഞ്ഞു. ഇബ്ലീസ് മനുഷ്യ വേഷത്തിൽ വന്നു. ഞാൻ നിങ്ങൾക്കു ഈ മനുഷ്യന്റെ രൂപമുണ്ടാക്കിത്തരാമെന്ന് പറഞ്ഞു. വദ്ദിന്റെ പ്രതിമ നിർമ്മിച്ചു. ആളുകൾ അതിന്റെ ചുറ്റും കൂടി. ഓരോ വീട്ടുകാർക്കും ഓരോ പ്രതിമ നിർമ്മിച്ചു കൊടുത്തു. ഓരോ വീട്ടിലും കാലാന്തരത്തിൽ ബിംബാരാധന തുടങ്ങി. തലമുറകൾ അതിനെ ആരാധിച്ചുവന്നു. വദ്ദ് എന്ന പദത്തിന് സ്നേഹം എന്നർത്ഥം. സ്നേഹത്തിന്റെ പ്രതീകമായി ഇത് വാഴ്ത്തപ്പെട്ടു ...


ലോകത്ത് ആരാധിക്കപ്പെട്ട ആദ്യത്തെ ബിംബം വദ്ദ് ആകുന്നു. ഉമ്മു ഹബീബ (റ) ഉമ്മു സലമ (റ) എന്നിവർ നബി (സ) തങ്ങളോട് ഒരു സംഭവം വിവരിക്കുന്നു ...


ഞങ്ങൾ അബ്സീനിയായിൽ ആയിരുന്നപ്പോൾ ഒരു കനീസ (ആരാധനാലയം) കണ്ടു. മരിയ്യഃ എന്നായിരുന്നു അതിന്റെ പേര്. അ


വിടെ ചില രൂപങ്ങൾ ഞങ്ങൾ കണ്ടു ...


നബി (സ)പറഞ്ഞു : അവരുടെ കൂട്ടത്തിൽ സ്വാലിഹായ മനുഷ്യൻ മരിച്ചാൽ അദ്ദേഹത്തിന്റെ രൂപം ഉണ്ടാക്കിവെക്കും. അതുണ്ടാക്കുന്നവരാണ് അല്ലാഹുﷻവിന്റെ സൃഷ്ടികളിൽ ഏറ്റവും ദുഷിച്ചവർ. ഖിയാമം നാളിൽ അവരായിരിക്കും ഏറ്റവും ദുഷിച്ചവർ...


വദ്ദ് പുരുഷ രൂപത്തിലുള്ള വിഗ്രഹമാണ്. ലോകം സ്നേഹത്തിൽ നിന്നു ആരംഭിച്ചു എന്ന സന്ദേശം വദ്ദ് നൽകുന്നു എന്ന് പ്രചരിപ്പിക്കപ്പെട്ടു ...


സുവാഹ് സ്ത്രീ രൂപത്തിലുള്ള വിഗ്രഹമാണ്. ലോകത്തിന്റെ ഉത്ഭവം നിലനിൽപ് എന്നിവ സ്ത്രീയെ ആശ്രയിച്ചിരിക്കുന്നു എന്ന സന്ദേശം സുവാഹ് നൽകുന്നു. ഗ്രഹഭരണം, കുടുംബ കാര്യങ്ങൾ എന്നിവ സുവാഇനോട് പറയും...


യഗൂസ് കുതിരയുടെ രൂപത്തിലുള്ള വിഗ്രഹം. ദുഃഖത്തിൽ നിന്ന് മോചനം നേടാൻ ഈ വിഗ്രഹത്തെ സമീപിക്കും. ദുഃഖിതരുടെ വലിയ കൂട്ടം യഗൂസിന്റെ മുമ്പിൽ കാണും... 


യഊഖ് സിംഹ രൂപത്തിലുള്ള ബിംബം. ആപത്തുകൾ തടയാനുള്ള കഴിവ് ഇതിനുണ്ടെന്ന് ആളുകൾ വിശ്വസിച്ചു...


നസ്റ് പരുന്തിന്റെ രൂപമുള്ള ബിംബം. ശക്തിയുടെ പ്രതീകമാണ് ദൈവശക്തിയാണ് ലക്ഷ്യമിട്ടത് ...


കാലാന്തരത്തിലാണ് വിഗ്രഹങ്ങൾക്ക് രൂപമാറ്റങ്ങൾ സംഭവിച്ചത്. സ്വാലിഹീങ്ങളായ അഞ്ച് പുരുഷന്മാരുടെ രൂപമാറ്റങ്ങളാണ് ഈ രൂപത്തിൽ മാറിയത്... 


നൂഹ് നബി (അ)ന്റെ കാലത്തുണ്ടായ മഹാപ്രളയത്തിൽ ഈ വിഗ്രഹങ്ങൾ മണ്ണിനടിയിൽ പെട്ടു. പിൽക്കാലത്ത് ഇബ്ലീസ് അവ പുറത്തെടുത്ത് അറബികൾക്ക് നൽകി... 


ഇബ്നു അബ്ബാസ് (റ) പറയുന്നു : 

ആദം നബി (അ)ന്റെ ശരീരം ഇന്ത്യയിലെ ഒരു മലയിൽ ഖബറടക്കപ്പെട്ടു. മുസ്ലിംകൾ ഖബർ സന്ദർശിച്ചുകൊണ്ടിരുന്നു. മുസ്ലിംകളല്ലാത്തവർ ഖബറിന്നടുത്ത് വന്നിരുന്നില്ല. അനുവദിക്കപ്പെട്ടില്ല. മുസ്ലിംകളല്ലാത്ത വിഭാഗത്തോട് ഇബ്ലീസ് പറഞ്ഞു : ഞാൻ നിങ്ങൾക്ക് വിഗ്രഹങ്ങളുണ്ടാക്കിത്തരാം ഖബറിന്നടുത്തേക്ക് പോവേണ്ട. അഞ്ച് വിഗ്രഹങ്ങൾ ഉണ്ടാക്കിക്കൊടുത്തു. ഇന്ത്യക്കാർ അവയെ ആരാധിച്ചു വന്നു ...


മഹാപ്രളയ കാലത്ത് മണ്ണിന്നടിയിലായ ബിംബങ്ങളെ ദീർഘ കാലത്തിനുശേഷം ഇബ്ലീസ് പുറത്തെടുത്തു. ദൗമത്തുൽ ജൻദലിലെ കൽബ് ഗോത്രക്കാർക്ക് വദ്ദ് എന്ന ബിംബങ്ങൾ നൽകി ...


സബഇൽ നിന്നുള്ള മുറാദ് ഗോത്രക്കാർക്ക് യഗൂസ് ബിംബം കിട്ടി. ആഹ്ലാദത്തോടെ ഏറ്റു വാങ്ങി ...


യഊഖിനെ കിട്ടിയത് ഹംദാൻകാർക്ക്. നസ്റിനെ ഹംയർകാർക്ക് കിട്ടി ...


ഖാബീലിന്റെ വിഗ്രഹവും നിർമ്മിക്കപ്പെട്ടു. ഖാബീൽ പാരമ്പര്യമുള്ളവർ അതിനെ ആരാധിച്ചു. ബിംബാരാധന വളരെ ശക്തമായി. ധാരാളം ബിംബങ്ങൾ നിർമ്മിക്കപ്പെട്ടു. ശിർക്കിന്റെ ആധിപത്യമായി ഇങ്ങനെയൊരു കാലം മുമ്പുണ്ടായിട്ടില്ല. ഈ വിഭാഗത്തെ തൗഹീദിലേക്കു ക്ഷണിക്കാൻ അല്ലാഹുﷻ നൂഹ് നബി (അ)നെ നിയോഗിച്ചു...


ബിംബാരാധകർ ശക്തമായ പ്രതിരോധം തീർത്തു ...