ഖുറയ്ശികൾ അറിയാതെ വേണം യാത്ര പോവാൻ. അറിഞ്ഞാൽ പോക്കു നടക്കില്ല. ജിദ്ദാ തുറമുഖത്തു കപ്പൽ വരുന്ന സമയം രഹസ്യമായി അറിഞ്ഞു.
അബ്സീനിയായിലേക്കാണു പോകുന്നത്. ആ രാജ്യം ഭരിച്ചിരുന്നതു നജ്ജാശി രാജാവായിരുന്നു. അബ്സീനിയൻ രാജാക്കന്മാർ നജ്ജാശി എന്ന പേരിൽ അറിയപ്പെട്ടു. അക്കാലത്തെ നജ്ജാശിയുടെ ശരിയായ പേര് "അസഹമത്ത് " എന്നായിരുന്നു.
ഖുറയ്ശികളറിയാതെ രക്ഷപ്പെടണം. ഇരുട്ടിന്റെ മറവിൽ യാത്ര. റുഖിയ്യ ബീവി(റ) ഖദീജ(റ)യുടെ സമീപം വന്നുനിന്നു. ഇരുവരും കെട്ടിപ്പിടിച്ചു കരഞ്ഞു. പിന്നെ യാത്ര പറഞ്ഞിറങ്ങി. മകളുടെ പോക്കു നോക്കി മാതാപിതാക്കൾ നിൽക്കുന്നു. ഉസ്മാൻ (റ) കൂടെ നടക്കുന്നു. ഇരുട്ടിൽ നടന്നുനീങ്ങുന്ന നിഴൽരൂപങ്ങൾ...
ആ സംഘത്തിനു നേതൃത്വം നൽകുന്നത് ഉസ്മാനുബ്നു മള്ഊൻ (റ) ആണ്.
അബ്ദുർറഹ്മാനുബ്നു ഔഫ്(റ), ആമിർ ബ്നു റബീഅത്ത്(റ), ആമിറിന്റെ ഭാര്യ ലയ്ല(റ), അബൂസലമത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മു സലമത്ത്(റ), അബീ സബ്റത്ത്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുകുൽസൂം(റ), അബൂഹുദയ്ഫ(റ), അദ്ദേഹത്തിന്റെ ഭാര്യ സഹ് ലത്ത് (റ), മിസ്അബ് ബ്നു ഉമയ്ർ(റ), സുബയ്റുബ്നുൽ അവ്വാം(റ), ജഅ്ഫറുബ്നു അബീത്വാലിബ്(റ) ഇങ്ങനെ പതിനൊന്നു പുരുഷന്മാരും നാലു സ്ത്രീകളും അബ്സീനിയയിലേക്കു പുറപ്പെട്ടു.
ജിദ്ദയിലെത്തിയപ്പോൾ കപ്പൽ കിടക്കുന്നു. കൂലി നൽകി കപ്പലിൽ കയറി. ഖുറയ്ശികൾ എങ്ങനെയോ വിവരം അറിഞ്ഞു. അവർ ജിദ്ദാതുറമുഖത്ത് ഓടിയെത്തി. കപ്പൽ വിട്ടുപോയി. നിരാശരായി മടങ്ങി. ഖുറയ്ശികൾ രോഷാകുലരായി.
മുസ്ലിംകൾ അബ്സീനിയായിലെത്തി. നീതിമാനായ നജ്ജാശി രാജാവിന്റെ നാട്ടിൽ അവർ സമാധാനത്തോടെ ജീവിച്ചു. ഖുറയ്ശികൾക്കതു തീരെ സഹിച്ചില്ല. മുസ്ലിംകളെ തിരികെ കൊണ്ടുവരണം. അതിനെന്തുവഴി..?
ഖുറയ്ശികൾ ചർച്ച നടത്തി.
വാചാലമായി സംസാരിക്കാൻ കഴിവുള്ള ബുദ്ധിമാന്മാരായ രണ്ടുപേരെ അബ്സീനിയായിലേക്കയയ്ക്കാൻ തീരുമാനിച്ചു.
അബ്ദുല്ലാഹിബ്നു റബീഅ, അംറ്ബ്നുൽ ആസ്. ഇരുവരും അബ്സീനിയായിൽ പോകണം. ആദ്യം പാതിരിമാരെ കാണണം. പാരിതോഷികങ്ങൾ നൽകി അവരെ സ്വാധീനിക്കണം. അവരുടെ സഹായത്തോടുകൂടി നജ്ജാശിയെ
കാണണം. വിഷയം അവതരിപ്പിക്കണം. കാര്യം നേടണം.
ഇരുവരും പുറപ്പെട്ടു. അബ്സീനിയായിലെത്തി. നേരെ പുരോഹിതന്മാരെ കാണാൻ ചെന്നു. പാരിതോഷികങ്ങൾ കൈമാറി.
“ഞങ്ങളുടെ നാട്ടിൽനിന്നു കുറെയാളുകൾ ഇന്നാട്ടിലേക്കു വന്നിട്ടുണ്ട്. അവർ വലിയ കുഴപ്പക്കാരാണ്. ഇവിടെ പല കുഴപ്പങ്ങളും അവരുണ്ടാക്കും. അവരെ ഞങ്ങൾക്കു വിട്ടുതരണം. നിങ്ങളുടെ രാജാവിനെ കാണാനും ഇക്കാര്യങ്ങൾ ഉണർത്താനും ഞങ്ങൾക്കു സൗകര്യം ചെയ്തുതരണം.”
“അക്കാര്യം ഞങ്ങളേറ്റു.”
പുരോഹിതന്മാർ രാജാവുമായി ബന്ധപ്പെട്ടു. ഖുറയ്ശി പ്രതിനിധികൾ മഹാരാജാവിനെ മുഖം കാണിക്കാൻ വേണ്ടി എത്തിയിട്ടുണ്ടെന്നും അവർക്കു സങ്കടം പറയാൻ അവസരം നൽകണമെന്നും അപേക്ഷിച്ചു.
പിറ്റേദിവസം രാജസദസ്സിലേക്കു ഖുറയ്ശി പ്രമുഖന്മാരെവിളിപ്പിച്ചു. അവർ ഇപ്രകാരം ബോധിപ്പിച്ചു: “മഹാരാജാവേ, ഞങ്ങളുടെ നാട്ടിൽനിന്നു കുഴപ്പക്കാരായ കുറെയാളുകൾ ഇവിടെ എത്തിയിട്ടുണ്ട്. ഞങ്ങളുടെ നാട്ടിൽ ജനങ്ങളെ അവർ ഭിന്നിപ്പിച്ചു. കുടുംബബന്ധങ്ങൾ തകർത്തു. ഇവിടെയും അതൊക്കെ സംഭവിക്കും. അതിനുമുമ്പ് അവരെ ഞങ്ങൾക്ക് ഏൽപിച്ചുതരണം.”
“നിങ്ങളുടെ അപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് അവരുമായി സംസാരിക്കണം.”
മുസ്ലിംകളെ രാജസദസ്സിലേക്കു വിളിക്കാൻ ഉത്തരവായി. മുസ്ലിംകളുടെ പ്രതിനിധിയായി സംസാരിക്കാൻ വന്നത് ജഅ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു. അദ്ദേഹം രാജസദസ്സിലെത്തി...