Wednesday - 22 April, 2026 4-Dhu al-Qadah-1447

അല്ലാഹുﷻവിന്റെ സിംഹം (1)


   നബിﷺതങ്ങൾ സൈന്യത്തെ പരിശോധിച്ചു. പ്രായം കുറഞ്ഞ ചിലർ സൈന്യത്തിൽ കടന്നുകൂടിയിരുന്നു. അവരെ പുറത്താക്കാൻ വേണ്ടി പരിശോധന നടത്തി. റാഫിഅ്, സംഅ എന്നിവർ പട്ടാളക്കാരോടൊപ്പം യുദ്ധത്തിനു വന്ന കുട്ടികളായിരുന്നു. കാലിന്റെ വിരലുകൾ നിലത്തൂന്നി ഉയർന്നുനിന്നാണു പരിശോധനയെ നേരിട്ടത്...


 റാഫിഇന്റെ ശ്രമം വെറുതെയായില്ല. യുദ്ധത്തിനു അനുമതി കിട്ടി. സംഅയെ പിടികൂടി പുറത്താക്കി...


“റാഫിഅ് കുട്ടിയാണ്. അവനെ സൈന്യത്തിലെടുത്തു. എന്നെയും എടുക്കണം. ഞാൻ അവനോടു ദ്വന്ദ്വയുദ്ധം നടത്താം. ഞാൻ ജയിക്കും...”


 സംഅ വാശിപിടിച്ചു. അവർ തമ്മിൽ മൽപിടുത്തം നടന്നു. സംഅ ജയിച്ചു. യുദ്ധത്തിന് അനുവാദവും കിട്ടി...


 മുസ്ലിം സൈന്യം ഉഹ്ദിലെത്തി. മദീനയിൽ നിന്നും എഴുപതു നാഴിക അകലെയുള്ള പ്രദേശം. ഉഹ്ദ് മലയ്ക്കു പിൻതിരിഞ്ഞു മദീനക്കു നേരെയാണ് അവർ നിന്നത്. 


 പിൻവശത്തു വലിയൊരു മലയിടുക്ക് ഉണ്ടായിരുന്നു. ശത്രുക്കൾ അതിലൂടെ

കടന്നുവന്നു ആക്രമണം നടത്താം. അതു തടയാൻവേണ്ടി അമ്പത് അമ്പെയ്ത്ത് വിദഗ്ധരെ അവിടെ നിറുത്താൻ തീരുമാനിച്ചു...


 അബ്ദുല്ലാഹിബ്നു ജുബയ്ർ(റ) ആയിരുന്നു അവരുടെ നേതാവ്, അമ്പെയ്ത്ത് വിദഗ്ധന്മാർക്കു പ്രവാചകൻ ﷺ കർശനമായ നിർദേശം നൽകി: 


 “ഈ മലയിടുക്കു നിങ്ങൾ കാത്തുസൂക്ഷിക്കണം. ഒരു കാരണവശാലും നിങ്ങൾ ഈ പ്രദേശം വിട്ടു പോകരുത്. സ്ഥലം വിടാനുള്ള കൽപന വരുന്നതുവരെ ഇവിടെത്തന്നെ നിൽക്കണം. യുദ്ധം ജയിച്ചാലും തോറ്റാലും ഇവിടം വിടരുത്..." 


 "ഞങ്ങൾ ശത്രുക്കളെ പരാജയപ്പെടുത്തുന്നതു കണ്ടാലും

ഞങ്ങളെ ശത്രുക്കൾ കൊന്നൊടുക്കുന്നതു കണ്ടാലും ശരി, ഈ ആജ്ഞ പാലിക്കണം. ശത്രുക്കളുടെ കുതിരകൾക്കുനേരെ അമ്പെയ്തുകൊണ്ടിരിക്കണം. അമ്പുകൾ വരുന്നതുകണ്ടാൽ കുതിരകൾ മുന്നേറുകയില്ല.”


 പ്രവാചകൻ ﷺ യോദ്ധാക്കളുടെ അണികൾക്കിടയിലൂടെ നടന്നു. അണികൾ ശരിപ്പെടുത്തിക്കൊണ്ടിരുന്നു...


 “അല്ലാഹുﷻവിനെ സൂക്ഷിക്കുക. ക്ഷമ അവലംബിക്കുക. ഒരു സത്യവിശ്വാസി മറ്റൊരു സത്യവിശ്വാസിക്ക് ശരീരത്തിനു ശിരസ്സു പോലെയാകുന്നു. ശിരസ്സിനു രോഗം വന്നാൽ ശരീരത്തിലെ മറ്റ വയവങ്ങളെല്ലാം വേദന അനുഭവിക്കും. ഒരു സത്യവിശ്വാസിയുടെ വേദന മറ്റുള്ളവർക്കും വേദനയാണ്... നബിﷺതങ്ങൾ അനുയായികളെ ഓർമപ്പെടുത്തി...


 ഖുറയ്ശികൾ സുസജ്ജരായിരുന്നു. ഒരു വിഭാഗത്തിനു നേതൃത്വം നൽകിയത് ഖാലിദ് ബ്നുൽ വലീദ്. അവർ വലതു ഭാഗത്തു നിലയുറപ്പിച്ചു. ബദറിൽ കൊല്ലപ്പെട്ട അബുജഹ്ലിന്റെ മകനാണ് ഇക്രിമത്. ഇടതു ഭാഗത്തു നിലയുറപ്പിച്ച സൈന്യത്തിന് ഇക്രിമ നേതൃത്വം നൽകുന്നു... 


 സ്ത്രീകൾ ദഫ് മുട്ടിയും പാട്ടുപാടിയും അണികൾക്കിടയിലൂടെ ഓടിനടക്കുന്നു. ആവേശം എവിടെയും അലതല്ലുകയാണ്. ബദറിന്റെ പ്രതികാരചിന്ത ഇളകിമറിയുന്നു. അബൂആമിർ എന്ന അടിമ യുദ്ധത്തിനു തുടക്കംകുറിച്ചു...


 ഇക്റിമയുടെ സൈന്യം മുസ്ലിംകളെ ആക്രമിച്ചു. മുസ്ലിംകൾ അവരെ കല്ലെറിഞ്ഞു തുരത്തി. അബൂആമിർ എന്ന അടിമയും കൂട്ടരും പിൻതിരിഞ്ഞോടി...


 ഹംസ(റ) പടവാൾ വീശിക്കൊണ്ടു ശത്രുനിരയുടെ ഉള്ളിലേക്കു പാഞ്ഞുകയറി. നിരവധി ശത്രുക്കൾ വാളിന്നിരയായി...


 ശ്രതുപക്ഷത്തുള്ള ധീരനായ തൽഹ മുസ്ലിംകളെ ദ്വന്ദ്വയുദ്ധത്തിനു വെല്ലുവിളിക്കുന്നു. അലി(റ) വെല്ലുവിളി സ്വീകരിച്ചു. അവർ തമ്മിലുള്ള ഏറ്റുമുട്ടൽ രോമാഞ്ചജനകമായിരുന്നു. കായികഭ്യാസങ്ങളുടെ ഉജ്ജ്വലമായ പ്രകടനം...


 അലി(റ)വിന്റെ കരങ്ങളുടെ വേഗം കൂടി. മിന്നെറിയുംപോലെ പടവാൾ കിടന്നുതിളങ്ങുന്നു. ഏതു വഴിയാണു വാൾ വരുന്നതെന്നറിയില്ല. തൽഹയുടെ കണ്ണഞ്ചിപ്പോയി. വെട്ടേറ്റു. ഒന്നല്ല, പലത്. താഴെ വീണുപോയി. തൽഹയുടെ അന്ത്യം സംഭവിച്ചു...


 വഹ്ശിക്കു യുദ്ധത്തിൽ വലിയ താൽപര്യമില്ല. ഹംസ(റ)വിനെ വധിക്കണം. അടിമത്തത്തിൽ നിന്നു മോചനം നേടണം. പിന്നെ കൈനിറയെ പാരിതോഷികങ്ങൾ. ഇത് മാത്രമാണ് വഹ്ശിയുടെ ലക്ഷ്യം...