Wednesday - 22 April, 2026 4-Dhu al-Qadah-1447

ഫിജാർ യുദ്ധം (1)

   നാലു വർഷങ്ങൾ പിന്നിട്ടു. അന്ന്, അബ്ദുല്ല (റ)വിന്റെയും ആമിന(റ)യുടെയും പൊന്നോമന പുത്രനു വയസ്സ് പന്ത്രണ്ട്. ശാമിലേക്കു ഖാഫില പുറപ്പെടാൻ സമയമായി. കൊല്ലത്തിലൊരിക്കൽ അബൂത്വാലിബും ഖാഫിലയോടൊപ്പം പോകും...


“ഞാനും കൂടിവരാം”- കുട്ടിയുടെ ആവശ്യം.


“പൊന്നുമോനേ... മോനെക്കൊണ്ട് അത്രയും ദൂരം സഞ്ചരിക്കാനാവില്ല. വളരെ പ്രയാസമാണ്. മോൻ ഇവിടെ ഇരുന്നാൽ മതി.” അബൂത്വാലിബ് കുട്ടിയെ പിന്തിരിപ്പിക്കാൻ നോക്കി...


"അതൊന്നും സാരമില്ല. ഞാനും വരാം” കുട്ടി നിർബന്ധം പിടിച്ചു.


 അബൂത്വാലിബ് വല്ലാതെ വിഷമിച്ചു. കുട്ടിയെ കൂടെ കൊണ്ടു പോകാൻ പറ്റില്ല. മരുഭൂമിയിലെ ദീർഘയാത്രയാണ്. കൊണ്ടുപോകാതിരുന്നാൽ കുട്ടിയുടെ മനസ്സു വേദനിക്കും. എന്തുവേണം. കുട്ടിയെ വേദനിപ്പിച്ചുകൂടാ...


“മോനെയും കൂടി കൊണ്ടുപോകാം.” കുട്ടിക്കു സന്തോഷം.


 ഖാഫില പുറപ്പെട്ടു. അബൂത്വാലിബ് തന്റെ അരികിൽത്തന്നെ കുട്ടിയെ ഇരുത്തി. ഈ യാത്രയും കുട്ടിക്കു വളരെ പ്രയോജനപ്പെട്ടു. ഓരോ സ്ഥലത്തെത്തുമ്പോഴും അബൂത്വാലിബ് ആ സ്ഥലത്തെക്കുറിച്ചു കുട്ടിക്കു വിവരിച്ചുകൊടുക്കും. കേട്ടതെല്ലാം ഓർമയിൽ വെക്കും. 


 സന്തോഷകരമായ യാത്ര. യാത്രക്കാർ ബുസ്റാ എന്ന സ്ഥലത്ത് എത്തി. അവർ അവിടെ അൽപനേരം വിശ്രമിച്ചു. ഒരു ക്രിസ്തീയ പുരോഹിതൻ കുട്ടിയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ബുഹയ്റ.


 പൂർവവേദങ്ങൾ പഠിച്ചിട്ടുള്ള പണ്ഡിതനാണു ബുഹയ്റ. അതിലെ സൂചനകൾ വെച്ചുനോക്കിയാൽ ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ആ പ്രവാചകന്റെ ലക്ഷണങ്ങൾ വേദങ്ങളിൽ വിവരിച്ചിട്ടുണ്ട്. ആ ലക്ഷണങ്ങൾ ഈ കുട്ടിയിൽ

കാണുന്നുണ്ട്. ബുഹയ്റ അബൂത്വാലിബിന്റെ മുമ്പിലെത്തി.

എന്നിട്ടൊരു ചോദ്യം:


“ഈ കുട്ടി ഏതാണ്..?”


“എന്റെ മകൻ”- അബൂത്വാലിബ് പറഞ്ഞു.


“നിങ്ങളുടെ സ്വന്തം മകനാണോ..?”- ബുഹയ്റ ചോദിച്ചു. അബൂത്വാലിബ് എന്തോ ആലോചിക്കുന്നു.


“നിങ്ങളുടെ മകനാകാൻ വഴിയില്ല. പറയൂ, ഈ കുട്ടിയുടെ പിതാവ് ആരാണ്?”- ബുഹയ്റ തറപ്പിച്ചു ചോദിച്ചു.


“എന്റെ സഹോദര പുത്രനാണ്”- അബൂത്വാലിബ് പറഞ്ഞു.


“നിങ്ങളുടെ സഹോദരനെവിടെ..?”


“മരിച്ചുപോയി”


“എപ്പോൾ..?” 


“ഈ കുട്ടി പ്രസവിക്കുന്നതിനു മുമ്പ്”


“എങ്കിൽ ഈ കുട്ടി അതുതന്നെ.”


“ങേ... എന്താ... എന്താ പറഞ്ഞത്..?”


 "ഒരു പ്രവാചകൻ വരാൻ സമയമായിരിക്കുന്നു. ഈ കുട്ടിയിൽ പ്രവാചക ലക്ഷണങ്ങൾ കാണുന്നുണ്ട്. നിങ്ങൾ സൂക്ഷിക്കണം. ജൂതന്മാർ ഈ കുട്ടിയെ കാണാൻ ഇടവന്നാൽ ഉപദ്രവിക്കും. ഉടനെ തിരിച്ചുപോകണം. ശത്രുക്കൾ കാണാൻ ഇടവരരുത്...”


 അബൂത്വാലിബ് ഭയന്നുപോയി. പിന്നീടെല്ലാം ധൃതിപിടിച്ചായിരുന്നു. ശാമിലെത്തി. കച്ചവടകേന്ദ്രങ്ങൾ ഉണർന്നു. വ്യാപാര കാര്യങ്ങൾ പെട്ടെന്നവസാനിപ്പിച്ചു വേഗം മടങ്ങി.


 കുട്ടിയുടെ കാര്യത്തിൽ കൂടുതൽ ഉൽക്കണ്ഠയായി. ജൂതന്മാർ കാണാതെ നോക്കണം. അവർ കുട്ടിയെ തിരിച്ചറിയും. പൊന്നുമോനെയും കൊണ്ടു മക്കയിൽ തിരിച്ചെത്തിയിട്ടേ ആശ്വാസമായുള്ളൂ. ഇനി ദൂരയാത്രയ്ക്കൊന്നും അയയ്ക്കരുത്

എന്നു തീരുമാനിക്കുകയും ചെയ്തു.


 കുട്ടി ഇടയ്ക്കൊക്കെ വീട്ടിലെ കുട്ടികളോടൊപ്പം ആടിനെ മേയ്ക്കാൻ പോകുമായിരുന്നു. ഉന്നത കുടുംബത്തിലെ കുട്ടികളും മേച്ചിൽ സ്ഥലത്തുണ്ടാകും. മക്കക്കാർക്കൊക്കെ അബ്ദുല്ലയുടെ പുത്രനോടു വലിയ സ്നേഹമാണ്. ഒരു ബഹളത്തിനും പോകില്ല. ആളുകളെ സഹായിക്കും. സത്യം മാത്രമേ പറയുകയുള്ളൂ. മക്കക്കാർ കുട്ടിയെ "അൽ അമീൻ” എന്നുവിളിച്ചു...


 അൽഅമീൻ എന്നു പറഞ്ഞാൽ എന്താ അർത്ഥം..? വിശ്വസ്തൻ എന്നുതന്നെ. വാക്കു പറഞ്ഞാൽ വിശ്വസിക്കാം. കള്ളം പറയില്ല... 


 മക്കയിൽ ധാരാളം ഗോത്രങ്ങളുണ്ട്. അവർ ഇടയ്ക്കിടെ ബഹളം വയ്ക്കും. നിസ്സാര കാരണം മതി, അടിപിടികൂടും. എല്ലാവർക്കും പ്രതികാര ചിന്തയാണ്. അതില്ലാത്തവർ കുറവാണ്. ഇങ്ങോട്ടു പറഞ്ഞാൽ അങ്ങോട്ടു പറയും. ഇങ്ങോട്ടടിച്ചാൽ അങ്ങോട്ടുമടിക്കും. ഗോത്രങ്ങൾക്കിടയിൽ പ്രതികാര ചിന്ത വളരെ ശക്തമായിരുന്നു...