Wednesday - 22 April, 2026 4-Dhu al-Qadah-1447

നഈമിന്റെ സൂത്രം (2)

   ബനൂ ഖുറയ്ള സഖ്യത്തിൽ നിന്നു പിൻവാങ്ങിയെന്ന് അബൂസുഫ്യാനു മനസ്സിലായി. ഇനി മദീനയിൽ പ്രവേശിക്കാൻ ഒരു മാർഗവുമില്ല. ഈ കൊടുംതണുപ്പു സഹിക്കാനും വയ്യ. മൃഗങ്ങൾ ചത്തുവീഴുന്നു...


 ഈ വലിയ സൈന്യത്തെ തീറ്റിപ്പോറ്റാനും വയ്യ. അബൂസുഫ്യാന്റെ മനസ്സു മടുത്തു. ജൂതന്മാരുടെ വാക്കുകേട്ട് ഇറങ്ങിപ്പുറപ്പെട്ടത് അബദ്ധമായി. അന്നു രാതി നല്ല മഴ പെയ്തു. ശക്തിയായ കാറ്റടിച്ചു.


 കൂടാരങ്ങൾ പറന്നുപോയി. ഭക്ഷ്യവസ്തുക്കൾ മണ്ണിലും വെള്ളത്തിലും കുതിർന്നു. എവിടെയും അന്ധകാരം. ഈ ഇരുട്ടിൽ മുസ്ലിംകൾ കിടങ്ങു കടന്നുവരും. തങ്ങളെ ആക്രമിക്കും. അതിനുമുമ്പേ രക്ഷപ്പെടണം. അബൂസുഫ്യാന്റെ ശബ്ദം ഇരുട്ടിൽ മുഴങ്ങിക്കേട്ടു.


 “ഖുറയ്ശികളേ, നിങ്ങൾക്കു പറ്റിയ സ്ഥലമല്ല ഇത്. ഒട്ടകങ്ങളും കുതിരകളും ഇതാ നശിക്കുന്നു. ബനു ഖുറയ്ള നമ്മെ പറ്റിച്ചു കടന്നുകളഞ്ഞു.” അബൂസുഫ്യാൻ ഒട്ടകത്തിന്റെ കയറഴിച്ചു. ഒട്ടകപ്പുറത്തു കയറി. 


 ഗോത്രനായകന്മാരിലൊരാളായ സഫ്വാൻ പറഞ്ഞു: “അബൂസുഫ്യാൻ, അങ്ങു പോവുകയാണോ..? ഖുറയ്ശികളെ ഇവിടെ ഉപേക്ഷിച്ചു പോവുകയാണോ..? അങ്ങ് ഈ ജനതയുടെ നേതാവല്ലേ..?”


 അബൂസുഫ്യാൻ ഒട്ടകപ്പുറത്തു നിന്ന് ഇറങ്ങി. ഖുറയ്ശികളെ, പുറപ്പെടുക. ഒട്ടും സമയം കളയരുത്. ശ്രതുക്കൾ നിങ്ങൾക്കിടയിൽ കയറിക്കൂടുമെന്നു ഞാൻ ഭയപ്പെടുന്നു. നിങ്ങൾ കൈകൾ കോർത്തു പിടിക്കണം. മുസ്ലിംകൾ കിടങ്ങു മുറിച്ചുകടക്കും മുമ്പേ എല്ലാവരും സ്ഥലം വിടണം.


 കൂട്ടത്തോടെ പലായനം തുടങ്ങി. ഖുറയ്ശികൾ സ്ഥലം വിടാൻ തുടങ്ങിയതോടെ സഖ്യകക്ഷികളും പലായനം തുടങ്ങി. കയ്യിൽ കിട്ടിയതുമായി കൂട്ട ഓട്ടം..!

എല്ലാവരും പോയി. തങ്ങൾ മാത്രം ഇവിടെ നിന്നിട്ടെന്താ കാര്യം..?

അതായിരുന്നു ജൂതന്മാരുടെ ചിന്ത. അവരും സ്ഥലം വിട്ടു. കാറ്റ് അപ്പോഴും ആഞ്ഞുവീശിക്കൊണ്ടിരുന്നു.


 നേരം പുലർന്നു. നല്ല കാഴ്ച. ശത്രുക്കൾ മുഴുവൻ സ്ഥലം വിട്ടിരിക്കുന്നു. പറന്നുപോയ തമ്പുകൾ. അടുപ്പിൽ നിന്നു മറിഞ്ഞുവീണ പാത്രങ്ങൾ. ഉപയോഗശൂന്യമായ ആഹാരസാധനങ്ങൾ. 


 വലിയൊരു ദുരന്തത്തിൽ നിന്നു മുസ്ലിംകളെ അല്ലാഹു ﷻ അത്ഭുതകരമായി രക്ഷപ്പെടുത്തി. എല്ലാവരും മനസ്സമാധാനത്തോടെ അവരവരുടെ വീടുകളിലേക്കു മടങ്ങി. സ്ത്രീകളും കുട്ടികളും അവരെ കാത്തിരിക്കുകയായിരുന്നു. അല്ലാഹുﷻവിന്റെ അപാരമായ അനുഗ്രഹത്തെ എല്ലാവരും

വാഴ്ത്തി...


 ഖൻദഖിന്റെ കഥ അവർക്കൊരിക്കലും മറക്കാനായില്ല.

ഖൻദഖ് കുഴിക്കുമ്പോഴുണ്ടായ അനുഭവങ്ങൾ അവർ വിവരിച്ചു.


 ഒരു പാറ പൊട്ടിക്കാൻ കഴിയാതെ മുസ്ലിംകൾ കുഴങ്ങി. നബിﷺതങ്ങളോടു പരാതി പറഞ്ഞു. പ്രവാചകൻ ﷺ വന്നു. ആയുധം വാങ്ങി. ഒരൊറ്റ വെട്ട്..! പാറ തകർന്നുപോയി...


 വിശപ്പു കാരണം നിവർന്നു നിൽക്കാനാകാത്ത സ്വഹാബികൾ. അവർ വയറ്റത്തു കല്ലുവച്ചു കെട്ടി ഒരുറപ്പിനുവേണ്ടി. അസഹ്യമായ വിശപ്പു വന്ന ഒരു ഘട്ടത്തിൽ അക്കാര്യം പ്രവാചകനോടു പറഞ്ഞു. നോക്കുമ്പോൾ പ്രവാചകനും കല്ലു

വച്ചു കെട്ടിയിരുന്നു..! അതു കണ്ടപ്പോൾ ജാബിർ(റ)വിനു സഹിക്കാനായില്ല...


 ഒരു സ്വാഅ് യവവും ചെറിയ ആടിനെയും കൊണ്ടുവന്നു. നബി ﷺ തങ്ങൾക്കുവേണ്ടി ഭക്ഷണമുണ്ടാക്കി. പ്രവാചകരുടെ (ﷺ) മുഅ്ജിസത്തു വ്യക്തമായ സമയമായിരുന്നു അത്. ധാരാളമാളുകൾ ആ ഭക്ഷണത്തിൽ നിന്നു കഴിച്ചു. എല്ലാവരും വിശപ്പടക്കി. 


 എല്ലാ വാതിലുകളും അടഞ്ഞുപോകുക. പ്രതീക്ഷയ്ക്ക് വകയില്ലാത്ത അവസ്ഥയിൽ പെട്ടുപോകുക. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു പ്രാർത്ഥിക്കുക. ആർക്കും കാണാനാവാത്ത മാർഗത്തിലൂടെ അല്ലാഹുﷻവിന്റെ സഹായം എത്തുന്നു.

ഖൻദഖ് യുദ്ധത്തിന്റെ പാഠം അതാകുന്നു.