ദുൽകിഫ്ലി (അ)നെ കുറിച്ച് സൂറത്ത് അമ്പിയാഇൽ പരാമർശമുണ്ട്. അയ്യൂബ് നബി (അ)ന്റെ പുത്രനാണ് ദുൽകിഫ്ലി (അ). പിൻഗാമിയുമാണ്. അൽയസഅ (അ) പിതൃവ്യപുത്രനാണെന്നും കാണുന്നുണ്ട്. ദുൽകിഫ്ലി (അ) ശാമിൽ താമസിച്ചു. വഫാത്താകുമ്പോൾ എഴുപത്തഞ്ച് വയസ്സ് പ്രായമുണ്ടായിരുന്നു.
ഇസ്റാഈലി സന്തതികളുടെ വസന്തകാലമായിരുന്നു അൽയസഅ (അ)ന്റെ കാലം എന്നു മനസ്സിലാക്കാം. പ്രവാചകനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്തു. തൗറാത്തിന്റെ വിധി വിലക്കുകൾ നടപ്പിൽ വന്നു.
അക്കാലുത്തുള്ളവർ പ്രവാചകനെ വെല്ലുവിളിച്ചതായോ വധഭീഷണി മുഴക്കിയതായോ അറിയപ്പെടുന്നില്ല. അവരുടെ രക്തത്തിലലിഞ്ഞ ചില സ്വഭാവദൂഷ്യങ്ങളുണ്ട്. അത് പ്രകടിപ്പിച്ചിരിക്കാം.
അൽയസഅ (അ) തൗറാത്തിലേക്കാണ് ജനങ്ങളെ ക്ഷണിച്ചത്. തൗറാത്തിലെ കല്പനകൾ പാലിക്കുക. അതിൽ നിഷിദ്ധമാക്കിയ കാര്യങ്ങൾ ഒഴിവാക്കുക. ഇവ രണ്ടും ആ സമുദായം സ്വീകരിക്കുക. അതിന്നവരെ പാകപ്പെടുത്തണമെങ്കിൽ കുറഞ്ഞ അധ്വാനമെന്നും പോര. നിരന്തരമായ കഠിനാധ്വാനം വേണം. പ്രശംസനീയമായ സേവനം തന്നെയാണ് അൽയസഅ (അ) നടത്തിയത്.
രാവും പകലും അവരെ ക്ഷണിച്ചു കൊണ്ടിരുന്നു. അവരോടൊപ്പം ജീവിച്ചു. അനുസരണക്കേടിന്റെ പഴുതുകളെല്ലാം അടച്ചു. ഒരു സമൂഹത്തെ കാത്തു സൂക്ഷിച്ചു. തൽഫലമായി സമുദായം വഴി തെറ്റി പോയില്ല. നബിയുടെ അധ്വാനത്തെ വിശുദ്ധ ഖുർആൻ വാഴ്ത്തി പറയുകയും ചെയ്തു.
ഒരു സമൂഹം പ്രവാചകനെ അനുസരിച്ചു കഴിഞ്ഞാൽ അല്ലാഹു ﷻ അവർക്ക് കണക്കില്ലാത്ത അനുഗ്രഹങ്ങൾ ചൊരിഞ്ഞുകൊടുക്കും. ശുദ്ധജലം ഒരു സമൂഹത്തിന് ലഭിക്കുന്ന വലിയ അനുഗ്രഹമാണ്. അതിൽ ഉപ്പുരസം കലരുന്നത് ഒരു പരീക്ഷണമോ ശിക്ഷയോ ആകുന്നു. അൽയസഅ നബി (അ)നെ സമീപിക്കുകയും പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയുമാണ് ഈ സമുദായം ചെയ്തത്. നബി പ്രാർത്ഥിച്ചു. വെള്ളത്തിലെ ഉപ്പുരസം നീങ്ങിപ്പോവുകയും ചെയ്തു...
അൽയസഅ (അ) അവസാനം വരെ അവരോടൊപ്പം നിലയുറപ്പിച്ചു. സന്മാർഗത്തിലൂടെ അവരെ നയിച്ചു. തന്റെ ബാധ്യതകൾ നിറവേറ്റിയ ശേഷം അൽയസഅ (അ) വഫാത്തായി. 402 വർഷം ജീവിച്ചു. നിസ്തർ എന്ന സ്ഥലത്ത് ഖബറടക്കി എന്നെല്ലാം കാണുന്നുണ്ട്.
അൽയസഅ (അ) ആരെയും പിൻഗാമിയായി നിയോഗിച്ചിരുന്നില്ല. ധാരാളം പണ്ഡിതന്മാരുണ്ട്. അവർ തൗറാത്ത് ആഴത്തിൽ പഠിച്ചിട്ടുണ്ട്. ഇനി ജനങ്ങളെ തൗറാത്തിലേക്ക് ക്ഷണിക്കേണ്ടത് പണ്ഡിതന്മാരാണ്. അൽയസഅ (അ) ഇല്ലാത്ത ലോകം. ഭയപ്പെടേണ്ട നേതാക്കൻമാർ ഇല്ലെന്ന തോന്നൽ ചിലരുടെ മനസ്സിൽ രൂപം കൊണ്ടു.
പണ്ഡിതന്മാരുണ്ട്. അവർ പ്രസംഗിക്കുന്നുണ്ട്. നല്ല ഉപദേശങ്ങൾ നൽകുന്നുണ്ട്. എന്നിട്ടും പേടി തോന്നുന്നില്ല. അൽയസഅ (അ)ന്റെ മുഖം കണ്ടാൽ തന്നെ വല്ലാത്തൊരു ഭീതിയായിരുന്നു. തെറ്റുചെയ്യാൻ ഭയം. കളവ് പറയാൻ കഴിയില്ല. നല്ല കച്ചവടക്കാരുണ്ടായി. കൃത്യമായ തുലാസ്സും അളവുപാത്രങ്ങളും ഉപയോഗിച്ചു. മായമില്ല ചതിയില്ല. എല്ലാവരും വിശ്വസ്ഥർ...
ഇപ്പോൾ ചെറിയ തോതിൽ കളവും വഞ്ചനയും തുടങ്ങിയിട്ടുണ്ട്. ആരെ പേടിക്കാൻ എന്ന ഭാവം. പേടിക്കേണ്ടത് അല്ലാഹുﷻവിനെയാണ്. ചതിയും, കളവും, പാടില്ലെന്ന് പറഞ്ഞത് അല്ലാഹുﷻവാണ്. അൽയസഅ (അ) അല്ലാഹുﷻവിന്റെ ദൂതനാകുന്നു. സന്തോഷ വാർത്ത അറിയിക്കുന്നവർ. മുന്നറിയിപ്പുകാരൻ. ആ മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. അതിനെക്കുറിച്ചു പണ്ഡിതന്മാർ ഓർമ്മപ്പെടുത്തുന്നുണ്ട്. മനുഷ്യമനസ്സുകളിൽ വേണ്ടതു പോലെ പതിയുന്നില്ല.
കാലം നീങ്ങുന്നു. അൽയസഅ (അ) വഫാത്തായിട്ട് ഒരു നൂറ്റാണ്ട് തികയുന്നു. അതിന്നിടയിൽ പ്രവാചകന്മാർ വന്നില്ല. അൽയസഅ (അ) പറഞ്ഞ വാക്കുകൾ ആസ്പദമാക്കിയാണ് ജനങ്ങൾ ജീവിക്കുന്നത്. അൽയസഅ (അ)ന്റെ കൂടെ കഴിഞ്ഞവർ. കൂടെ പ്രാർത്ഥിച്ചവർ. ആ വാക്കുകൾ കേട്ടവർ അവരെല്ലാം മരിച്ചു തീരുകയാണ്...
പുതിയ തലമുറ വളരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലയിലും അവർ നിറഞ്ഞു നിൽക്കുന്നു. അവർ അൽയസഅ (അ)നെ കണ്ടിട്ടില്ല. കണ്ടവരെ കണ്ടിട്ടുണ്ട്. ആ ഗുണം അവർക്കു കിട്ടി. മുന്നൂറ് വർഷങ്ങൾ കടന്നു പോയിരിക്കുന്നു. അൽയസഅ (അ) വഫാത്തായ ശേഷം മുന്നൂറ് വർഷങ്ങൾ കടന്നു പോയിരിക്കുന്നു...
പുതിയ തലമുറയുടെ അവസ്ഥയെന്താണ്? അൽയസഅ (അ) അവർക്കൊരു കേട്ടുകേൾവി മാത്രമാണ്. എന്നോ ജീവിച്ചു പോയ ഒരാൾ. തൗറാത്ത് അവർ കാണുന്നുണ്ട്. അത് മൂസാ (അ)ന്ന് ഇറക്കപ്പെട്ടതാണെന്ന് അവർ കേട്ടിട്ടുണ്ട്. അതനുസരിച്ചു ജീവിക്കണം. അത് വിലക്കിയത് ഒഴിവാക്കണം.
ഇളം തലമുറ മുതർന്നവരെ നോക്കുന്നു. വഴിപിഴച്ച ജീവിതം കാണുന്നു. അതിനെ അനുകരിക്കുന്നു. ഇടയനില്ലാത്ത ആട്ടിൻകൂട്ടം. അതാണവസ്ഥ. ആട്ടിൻ കൂട്ടങ്ങൾ വഴിതെറ്റി ഓടുന്നു. നിയന്ത്രിക്കാനാളില്ല. പിശാചിന്റെ നിയന്ത്രണം. അതവരെ നാശത്തിലേക്ക് മാത്രമാണ് നയിക്കുക...
ക്രൂരനായ ശദ്ദാദിന്റെ സൈന്യ നായകനായിരുന്നു ജാലൂത്ത്. ഒരു വൻ സൈന്യം വരുന്നു. ജാലൂത്തിന്റെ നേതൃത്വത്തിൽ. ഇസ്റാഈല്യരെ അവർ അടിച്ചോടിക്കും. സ്വന്തം നാട് അന്യാധീനപ്പെടും. നിരവധി പേർ വധിക്കപ്പെടും. അതിലേറെപ്പേർ അടിമകള
ായിത്തീരും. ഈ പ്രതിസന്ധി ഘട്ടത്തിൽ അവരിലേക്ക് ഒരു പ്രവാചകൻ വരുന്നു. നബിയുള്ളാഹി ശംവീൽ (അ) വഴി തെറ്റി ജീവിച്ച ഇസ്രാഈല്യർ മറ്റൊരു മഹാവിപത്ത് നേരിടാൻ പോവുകയാണ്...
അൽയസഅ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...☝????
അൽയസഅ് നബി (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 അൽയസഅ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】