Thursday - 23 April, 2026 5-Dhu al-Qadah-1447

ഒരു പാവം ഫഖീർ

തിളച്ചുരുകുന്ന മണലിൽ ഒരു പാവം ഫഖീർ...


 ലുഖ്മാനുൽ ഹകീം (റ) യും ശിഷ്യൻമാരും ഒരു സഞ്ചാരത്തിനിടയിലാണ് അയാളെ കണ്ടുമുട്ടിയത്. മെലിഞ്ഞൊട്ടി എല്ലും തോലുമായ ആ മനുഷ്യരൂപത്തിന്റെ സമീപത്തേക്ക് ലുഖ്മാനവർകൾ നടന്നടുത്തു...


  വെള്ളം വെള്ളം അയാൾ ദയനീയമായി യാചിച്ചു. പെട്ടെന്നു ശിഷ്യൻമാർ വെള്ളവുമായെത്തി. മഹാനവർകൾ അത് ഫഖീറിന്റെ വായിലൊഴിച്ചു കൊടുത്തു. അൽപം ആശ്വാസമായെന്നു തോന്നിയപ്പോൾ ലുഖ്മാനവർകൾ ചോദിച്ചു:


  ഈ ചുട്ടുപൊള്ളുന്ന മണലിൽ ഇങ്ങനെ കിടക്കുന്നതെന്തിനാണ്


ഞാൻ മൗത്തിനെ പ്രതീക്ഷിക്കുകയാണ്.


മരണവും ജീവിതവും അല്ലാഹു ﷻ ന്റെ കൈകളിലല്ലേ. അത് ആഗ്രഹിക്കാൻ മനുഷ്യനെന്തവകാശം.


ഐഹിക ജീവിതം വെറുമൊരു ഉറക്കമാണ് സുഹൃത്തെ. ഈ ഉറക്കത്തിൽ നിന്ന് ഒന്നുണരണമെന്ന് ആശിച്ചു പോയി.


അതിരിക്കട്ടെ താങ്കളുടെ അഭിലാഷമെന്താണ്.


എനിക്ക് നോർദിയിലെത്തി മഹാനായ ലുഖ്മാനുൽ ഹകീം(റ)നെ ഒന്നു കണ്ടതിനു ശേഷം മരിച്ചാൽ കൊള്ളാമെന്നുണ്ട്.


  എങ്കിൽ ഈ മരുന്ന് കഴിക്കൂ. താങ്കളുടെ അഭിലാഷം ഞാൻ നിറവേറ്റിത്തരാം.


അതിന് നിങ്ങൾ ലുഖ്മാനുൽ ഹഖീമിനെ കണ്ടിട്ടുണ്ടോ..?


      അയാളെ കണ്ടിട്ടെന്തു കാര്യം. ലുഖ്മാനവർകളുടെ ഈ മറുപടി ആ ഫഖീറിന് തീരെ പിടിച്ചില്ല...


  എടോ താനെന്തു പറഞ്ഞു. അല്ലാഹു ﷻ ബഹുമാനിച്ചവരെ കുറിച്ച് നിന്ദ്യമായി സംസാരിക്കുകയോ. പോകൂ എന്റെ മുമ്പിൽ നിന്ന്. നിന്നെ എനിക്കിനി കാണണ്ട. ഇതിലും ഭേദം മറ്റെവിടെയെങ്കിലും നോക്കുന്നതാണ്.


 ഫഖീറിന്റെ പ്രഹസനം കേട്ടപ്പോൾ ശിഷ്യന്മാർക്ക് സഹിച്ചില്ല. അവർ പറഞ്ഞു:


  അരുത്, താങ്കളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ലുഖ്മാനുൽ ഹഖീമെന്നവരാണ്.  


 അതുകേട്ട മാത്രയിൽ ഫഖീറിന്റെ മുഖം വികസിച്ചു. ആനന്ദം ആ മിഴികളിൽ നിറഞ്ഞുനിന്നു. യാ അള്ളാ എന്ന മഹത് വചനം മുഴക്കിക്കൊണ്ട് അദ്ദേഹം ഒന്നു പിടഞ്ഞു. ലാ ഇലാഹ ഇല്ലള്ളാ എന്ന പരിശുദ്ധ കലിമ ഉച്ചരിച്ച് ആ ഫഖീർ അന്ത്യം വരിച്ചു. മഹാനവർകളും ശിഷ്യൻമാരും കൂടി മയ്യിത്തിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു...


 ലുഖ്മാനുൽ ഹകീം(റ) ശിഷ്യഗണങ്ങളുമായി പല സ്ഥലങ്ങളിലും സഞ്ചരിക്കുക പതിവായിരുന്നു. തന്റെ അഭിവന്ദ്യ ഗുരുവിനെ കണ്ടെത്താത്തതിൽ മഹാനവർകൾക്ക് മനസ്താപമുണ്ടായിരുന്നു. അന്ത്യസമയത്ത് ഞാൻ നിന്റെ സന്നിധിയിൽ എത്തുമെന്ന് വാക്കു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യമടുത്തിട്ടില്ലാത്തതു കൊണ്ടായിരിക്കാം ഇതുവരെ നേരിൽ കാണാത്തത്. എങ്കിലും ഗുരുവര്യനെ ഒരു നോക്കു കാണാൻ മഹാനവർകളുടെ മനം തുടിച്ചു...


 പതിവു പ്രകാരമുള്ള യാത്രയിൽ ഒരു വയോധികനെ അവർ കണ്ടുമുട്ടി. ദേഹം മുഴുവനും വ്രണം കൊണ്ടു മൂടിയിരുന്നു. മുറിവുകളിൽ പുഴുക്കളും കൃമികളും അള്ളിപ്പിടിച്ചിരിക്കുന്നു. ചോരയും ചലവും കൊണ്ട് ഒരു തരം നാറ്റം പുറപ്പെടുന്നു. മുറിവുകളിൽ നിറയെ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു... 


 നിരങ്ങി നിരങ്ങി ആ രൂപം അടുത്തു വരികയാണ്. വികൃതമായ കോലമാണെങ്കിലും ഗുരുനാഥനെ ലുഖ്മാനവർകൾ തിരിച്ചറിഞ്ഞു. മഹാൻ ഓടിച്ചെന്ന് ആ വയോവൃദ്ധനെ ആലിംഗനം ചെയ്തു...


അങ്ങ് ഇത്രയും വിഷമിച്ച് നിരങ്ങി നീങ്ങുന്നതെങ്ങോട്ടാണ്..?