ഋതുക്കൾ മാറി വന്നു. ലുഖ്മാൻ വളർന്നു...
ആ പിഞ്ചോമനയുടെ പഞ്ചാരപുഞ്ചിരിയിൽ മാതാപിതാക്കൾ സ്വയം മറന്നു... ശൈശവത്തിൽ തന്നെ മറ്റു കുട്ടികളിൽ നിന്നും വിഭിന്നമായി ഒരുപാട് പ്രത്യേകതകൾ അവർ ലുഖ്മാനിൽ കണ്ടു. തങ്ങളുടെ ഓമന മകൻ സാധാരണക്കാരനല്ലെന്ന് ആ മാതാപിതാക്കൾ മനസ്സിലാക്കി. അവർ അല്ലാഹുവിന് സ്തുതികളർപ്പിക്കുകയും കുഞ്ഞിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു...
നാലു വയസ്സായപ്പോൾ തന്നെ പിതാവിന്റെ ജോലി മകൻ ഏറ്റെടുത്തു. പ്രവാചകൻമാർ ചെയ്തിരുന്ന അജപാലനം...
ലുഖ്മാൻ കുട്ടികളുമായി ആടുമേയ്ക്കാൻ വനപ്രദേശങ്ങളിലേക്ക് പുറപ്പെടും.
എങ്കിലും അവരോടൊപ്പം അനാവശ്യമായ കളികളിലോ തമാശകളിലോ പങ്കെടുക്കാൻ ആ കുട്ടി ഇഷ്ടപ്പെട്ടിരുന്നില്ല...
അക്കാലത്ത് പ്രഗത്ഭനായ ഒരു പണ്ഡിതന്റെ കീഴിൽ വിദ്യയഭ്യസിപ്പിക്കുവാൻ പിതാവ് ലുഖ്മാനെ ഏൽപ്പിച്ചു...
ആ ഗുരു അഗാധ പാണ്ഡിത്യത്തിന്റെ ഉടമയായിരുന്നുവെന്നു മാത്രമല്ല, മഹാനായൊരു സൂഫിവര്യൻ കൂടിയായിരുന്നു. കൂടാതെ പ്രകൃതി ചികിത്സയുടെ ആചാര്യൻ കൂടിയായിരുന്നു ആ പണ്ഡിതൻ...
പ്രകൃതിയിൽ വളരുന്ന പലതരം വൃക്ഷങ്ങളുടെയും ചെടികളുടെയും ഇലകളും വേരുകളുമെല്ലാം അത്ഭുതസിദ്ധിയുള്ള മരുന്നുകളാണെന്നുള്ള വസ്തുത അദ്ദേഹത്തിനറിയാമായിരുന്നു...
നാം കേവലം നിസ്സാരമായി പരിഗണിക്കുന്ന പച്ചിലകൾക്ക് അത്ഭുതാവഹമായ ശക്തികളുണ്ടെന്ന് ചികിത്സകളിലൂടെ തെളിയിച്ച മഹാനായിരുന്നു ആ ഗുരുനാഥൻ...
ലുഖ്മാന്റെ ബുദ്ധിശക്തിയിലും, വിനയം, ലാളിത്യം തുടങ്ങിയ സ്വഭാവ മഹിമയിലും ഗുരു സന്തുഷ്ടനായി. അദ്ദേഹം തന്റെ അരുമശിഷ്യന് പരമാവധി വിജ്ഞാനം പകർന്നു കൊടുത്തു. എന്തു പറഞ്ഞു കൊടുത്താലും ഉടനെ മനസ്സിലാക്കാനും മന:പാഠമാക്കുവാനുമുള്ള ലുഖ്മാന്റെ കഴിവ് ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. പ്രിയപുത്രന്റെ ബുദ്ധിസാമർത്ഥ്യവും സ്വഭാവവൈശിഷ്ട്യവും കണ്ട് ആ മാതാപിതാക്കൾ അകമഴിഞ്ഞ് അല്ലാഹുവിനെ സ്തുതിച്ചു...
ഓടിവരൂ ലുഖ്മാനേ.., ഓടിവരൂ..., നിന്റെ ആടിനെ സിംഹം പിടിക്കുന്നു...
ഏഴു വയസ്സുകാരനായ ലുഖ്മാന്റെ കർണ്ണപുടങ്ങളിൽ ആ സഹായാഭ്യർത്ഥന പതിച്ചു. ആരാധനയിൽ മുഴുകിയിരുന്ന ആ ബാലൻ വേഗം അതവസാനിപ്പിച്ച് നിലവിളി കേട്ട ഭാഗം ലക്ഷ്യമാക്കി ഓടി...
അവിടെ കണ്ട കാഴ്ച ഭയാനകമായിരുന്നു..!! കരുത്തനായ ഒരു സിംഹം ആടുകളിലൊന്നിനെ പിടികൂടിയിരിക്കുകയാണ്. ചോരയൊലിപ്പിച്ചു കൊണ്ട് ദയനീയമായി വിലപിക്കുന്ന ആടിനെ കണ്ടപ്പോൾ ലുഖ്മാന് സങ്കടവും അമർഷവും ഒരുമിച്ച് വന്നു...