ഇബ്‌റാഹീമിബ്നു അദ്ഹം അല്ലാഹുവിങ്കലേക്കു കൂടുതൽ അടുക്കുകയായിരുന്നു. ഈ പ്രപഞ്ചത്തിലെ എല്ലാവിധ സീനത്തുകളും അലങ്കാരങ്ങളും മനുഷ്യനെ പ്രലോഭിപ്പിക്കുവാനുള്ളതാണ്. അവയുടെ വശ്യതയിൽ മുഴുകി പരലോക ചിന്തകളിൽ നിന്നകന്നു കൂടാ .... എന്ന സത്യം എല്ലായ്പ്പോഴും അദ്ദേഹം ഓർമ്മിച്ചുകൊണ്ടിരുന്നു ...
വഞ്ചകിയായ ദുനിയാവിന്റെ മാസ്മരികയിൽ നിന്ന് രാജാവ് അകന്നു നിന്നു ... കൊട്ടാരത്തിൽ ആണെങ്കിൽ മുഴുവൻ സമയവും തന്റെ തെറ്റുകളെ കുറിച്ചോർത്ത് പശ്ചാത്തപിച്ചു കൊണ്ടാണ് അദ്ദേഹം കഴിച്ചുകൂട്ടിയത് ...
മനോഹരമായ കെട്ടിടത്തിന്റെ മുകളിലെ തട്ടിലാണ് രാജാവിന്റെ മുറി. ഒരു ദിവസം പതിവുപോലെ ഖുർആൻ ഒത്തിക്കൊണ്ടിരിക്കെ അദ്ദേഹം തന്റെ റൂമിൽ ഇരിക്കുകയായിരുന്നു. തുറന്നിട്ട ജനലഴികൾക്കിടയിലൂടെ നോക്കിയാൽ രാജപാതയും അതിനരികിലെ തണൽ വൃക്ഷങ്ങളുമെല്ലാം ശരിക്കും കാണാം. സഞ്ചാരികളെയും മരത്തണലിൽ വിശ്രമിക്കുന്നവരെയും അവിടെയിരുന്നാൽ കാണാം. കൊട്ടാരത്തിന് മുമ്പിലുള്ള തണൽ വൃക്ഷങ്ങളിൽ ഒന്നിന്റെ ചുവട്ടിൽ ഒരാൾ ഇരുന്ന് വിശ്രമിക്കുന്നത് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടു. ആരാണെന്നറിയാണുള്ള ജിജ്ഞാസയോടുകൂടി രാജാവ് സൂക്ഷിച്ചുനോക്കി. അവിടെ ഇരിക്കുന്നത് ഒരു പാവപ്പെട്ട വഴിപോക്കനായിരുന്നു. ജരാനരകൾ ബാധിച്ച ഒരു സാധുമനുഷ്യൻ. അയാളുടെ വസ്ത്രങ്ങൾ മുഷിഞ്ഞതും അവിടവിടെ പിഞ്ഞിത്തുടങ്ങിയതും ആയിരുന്നു...
ശരിക്ക് നോക്കിയപ്പോഴാണ് ആ മനുഷ്യന്റെ ദയനീയാവസ്ഥ മനസിലായത്. ഓജസ്സും തേജസ്സും ആകെ ചോർന്നുപോയ ഒരു പേക്കോലം. കവിളുകൾ ഒട്ടിയിരിക്കുന്നു. കണ്ണുകൾ കുഴിയിലേക്ക് ആണ്ടുപോയിരിക്കുന്നു. ദേഹം മലിഞ്ഞിരിക്കുന്നു. കൈകാലുകൾ ശോഷിച്ചിരിക്കുന്നു. കണ്ടാൽ തന്നെ ദയനീയത തോന്നിക്കുന്നതായിരുന്നു ആ രൂപം ...
ആ വഴിപോക്കൻ തന്റെ തോളിൽ കിടന്നിരുന്ന മാറാപ്പഴിച്ച് താഴെവെച്ചു ... അയാൾ എന്തിനുള്ള ഭാവമാണ്...! രാജാവ് അതറിയാനുള്ള ഉത്കണ്ഠയോടുകൂടി ഇമവെട്ടാതെ അങ്ങോട്ടുതന്നെ നോക്കിയിരിക്കുകയാണ്...
ആ മനുഷ്യൻ തൊട്ടരികിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്ന നീർച്ചോലയിൽ നിന്നും അംഗസ്നാനം ചെയ്തു, മരത്തണലിൽ നിന്ന് നിസ്കാരം നിർവ്വഹിച്ചു. പിന്നീട് ആ പാവം തന്റെ മാറാപ്പ് അഴിക്കുന്നതാണ് രാജാവിന്റെ ദൃഷ്ടിയിൽ പെട്ടത് ...
അയാൾ മാറാപ്പഴിച്ചു. അതിൽ നിന്നും ഒരു ഉണക്കറൊട്ടിയാണ് പുറത്തെടുത്തത്. രസകരമായ മധുരപലഹാരം കഴിക്കുന്ന സംതൃപ്തിയോടുകൂടി അയാൾ ആ ഉണക്കറൊട്ടി ചവച്ചരച്ചുതിന്നു ...അനന്തരം അല്പം ശുദ്ധജലം കുടിച്ച് വയറുനിറഞ്ഞ സംതൃപ്തിയോടുകൂടി ഒരു ഏമ്പക്കവും വിട്ട് ആ മരത്തണലിൽ വെറും മണ്ണിൽ അയാൾ മലർന്നുകിടന്നു ...മന്ദമാരുതന്റെ തലോടലേറ്റ് ആ വഴിപോക്കൻ നിമിഷങ്ങൾക്കകം ഉറങ്ങിപ്പോയി ... ഉറങ്ങിക്കിടക്കുമ്പോഴും അയാളുടെ മുഖത്ത് സംതൃപ്തിയുടെ നിഴലാട്ടം ഉണ്ടായിരുന്നു. ചുണ്ടിൽ നേരിയൊരു പുഞ്ചിരി തത്തിക്കളിച്ചുകൊണ്ടിരുന്നു ...
ആ വഴിപോക്കന്റെ ഓരോ ചലനങ്ങളും വീക്ഷിച്ചുകൊണ്ടിരുന്ന രാജാവിന്റെ ഹൃദയത്തിൽ പലവിധ ചിന്തകളും മിന്നിമറഞ്ഞു ... ആ വഴിപോക്കനും താനും തമ്മിലുള്ള വ്യത്യാസം എന്താണ് ...? താൻ മഹാരാജാവ്, വലിയൊരു സാമ്രാജ്യത്തിന്നുടമ. മണിമാളികയിൽ ഉല്ലസിക്കുന്നവൻ, ഏറ്റവും വിശിഷ്ടമായ ഭോജ്യങ്ങൾ കഴിക്കുന്നവൻ, പട്ടുമെത്തയിൽ കിടന്നാലല്ലാതെ ഉറക്കം വരാത്തവൻ, ആജ്ഞാനുവർത്തികളും ദാസികളും എമ്പാടുമുള്ളവൻ...
എന്നാൽ ആ വഴിപോക്കനോ ...?
വെറും പാവപ്പെട്ടവൻ... ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവൻ, തല ചായ്ക്കാൻ ഇടമില്ലാത്തവൻ, വലിയ മോഹങ്ങളൊന്നുമില്ലാത്തവൻ ... എന്നിട്ടും അയാൾ സംതൃപ്തനാണ്. എന്നേക്കാൾ പതിന്മടങ്ങ് ... സംതൃപ്തമായ കെട്ടുപാടുള്ളവർക്ക് ഒരിക്കലും മനഃസംതൃപ്തി ഉണ്ടാവുകയില്ലെന്നതിന്റെ ഉത്തമ ഉദാഹരണമല്ലേ ഈ സംശയം ...
ഇങ്ങിനെ ഓരോന്നാലോചിച്ചുകൊണ്ട് രാജാവ് തന്റെ ഭടന്മാരിൽ നിന്നൊരാളെ വിളിച്ച് ഇപ്രകാരം കല്പിച്ചു ...
കൊട്ടാരത്തിന് മുമ്പിലുള്ള രാജപാതക്കരികത്ത് തണൽ വൃക്ഷത്തിന് കീഴിലായി ഒരു വഴിപോക്കൻ കിടന്നുറങ്ങുന്നുണ്ട്. അയാളെ ഉടൻതന്നെ നമ്മുടെ മുമ്പിൽ ഹാജരാക്കണം ...
രാജകല്പനയല്ലേ ... വെട്ടൊന്ന് മുറി രണ്ട് എന്ന പരുവത്തിൽ നടപ്പിലാക്കിയേ തീരൂ ... ഭടൻ ഉടൻ തന്നെ തെരുവിലേക്കോടി ...
സംഭവമൊന്നുമറിയാതെ സുഖസംതൃപ്തിയിൽ ലയിച്ചുറങ്ങുകയാണ് വഴിപോക്കൻ. രാജകിങ്കരൻ അയാളെ തട്ടിവിളിച്ചു ...
"എഴുന്നേൽക്കെടാ ... " അയാൾ ഉച്ചത്തിൽ ആക്രോശിച്ചു ...
വഴിപോക്കൻ ഞെട്ടിയുണർന്നു ...
രാജഭടന്റെ പെരുമാറ്റം അയാൾക്ക് തീരെ രസിച്ചില്ല ...