ചരിത്ര സത്യങ്ങൾ ഒട്ടനവധി അയവിറക്കുന്ന വിശുദ്ധ ഗേഹം പരിശുദ്ധിയുടെ പ്രതീകമായ പുണ്യഭവനം, കഅബാശരീഫ്. ആ പരിശുദ്ധ വീടിന്റെ സമീപം തേജസ്വരൂപിയായ ഒരു മനുഷ്യൻ. അദ്ദേഹത്തിനു ചുറ്റും ചുരുക്കം ചിലയാളുകൾ. ആരാണവർ, എന്തിനാണവർ അവിടെ കൂടിയിരിക്കുന്നത്, പറയാം. അതിനുമുമ്പ് ആ കാലഘട്ടം ഏതാണെന്നറിയണ്ടേ..?
ആദം നബി(അ)മുതൽ ഒരു ലക്ഷത്തിൽപ്പരം പ്രവാചകന്മാർ സത്യത്തിന്റെ സന്ദേശവുമായി ഈ ഭൂമുഖത്തേക്ക് വന്നു. പ്രപഞ്ചവും അതിലെ സകലമാന ചരാചരങ്ങളും സൃഷ്ടിച്ച് സംരക്ഷിച്ചു പോരുന്ന ഏക ഇലാഹായ അല്ലാഹുﷻവിൽ വിശ്വസിക്കുകയും അവന്റെ കൽപനകൾക്കനുസൃതമായി ജീവിതം മുന്നോട്ട് നയിക്കുകയും ചെയ്യുക. ബഹുദൈവാരാധനയും അനാശാസ്യ പ്രവർത്തനങ്ങളും ഉപേക്ഷിക്കുക.
ഇത്തരം മഹത്തായ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് പ്രവാചകന്മാരെ നിയോഗിക്കപ്പെട്ടത്. അവർ തങ്ങളുടെ രിസാലത്തിനെ എല്ലാവിധ ത്യാഗങ്ങളും സഹിച്ച്
ജനങ്ങളിലെത്തിച്ചു. ഒരു വിഭാഗം ജനങ്ങൾ പ്രവാചകരിൽ വിശ്വാസമർപ്പിച്ചപ്പോൾ മറ്റൊരു വിഭാഗം സത്യത്തിനുനേരെ പുറം തിരിഞ്ഞു നിന്നു.
വിശുദ്ധ ഖുർആനിലും ചരിത്രരേഖകളിലുമെല്ലാം ഇക്കാര്യങ്ങൾ മങ്ങാതെ മായാതെ പ്രതിഫലിച്ചു കിടക്കുന്നു.
കാലം മാറി. പ്രവാചകന്മാർ ഭൂമുഖത്തു വന്നിട്ട് നാളേറെയായി, ജനങ്ങളുടെ ജീവിതരീതിയാകെ മാറി മറിഞ്ഞു. സത്യത്തിന്റെയും സുകൃതത്തിന്റെയും നേരിയ കിരണം പോലുമില്ലാത്ത മനുഷ്യജീവിതം. ജനങ്ങൾ മുഴുവനും ബഹുദൈവവിശ്വാസികളായി.
പ്രത്യക്ഷത്തിൽ കാണുന്ന എല്ലാ അചേതനവസ്തുക്കളിലും ദിവ്യത്വമാരോപിച്ച് അവർ ആരാധിക്കാൻ തുടങ്ങി, വെറുതെ കിടന്നിരുന്ന കല്ലുകളും ബിംബങ്ങളുമെല്ലാം അവർ പ്രതിഷ്ഠകളാക്കി, ഏക ഇലാഹിനെ ആരാധിക്കാൻ വേണ്ടി എടുക്കപ്പെട്ട
അല്ലാഹുﷻവിന്റെ വിശുദ്ധഭവനം കഅബാശരീഫ് പോലും ശിലാദൈവങ്ങളെക്കൊണ്ട് അന്നത്തെ ജനങ്ങൾ നിറച്ചു.
നന്മയുടെ ഒരു ചീള് ആ ഇരുണ്ട യുഗത്തിന്റെ സന്തതികളിൽ കണ്ടില്ല.
ഗോത്രങ്ങൾ തമ്മിൽ പോരടിച്ച് രക്തം ചിന്തുന്ന പതിവ് സർവ്വ സാധാരണമായിരുന്നു. ലൈംഗികാരാജകത്വം എങ്ങും നടമാടിയിരുന്നു. അംഗനമാരെ ലൈംഗികദാഹം ശമിപ്പിക്കാൻ മാത്രം ഉപയോഗിക്കുന്ന ഒരു വസ്തുവായിട്ടാണവർ ഗണിച്ചുവരുന്നത്. വനിതകൾക്ക് സമൂഹത്തിൽ ഒരു നിലയും വിലയുമില്ലാത്ത കാലഘട്ടം.
സ്ത്രീയാണ് ഉമ്മയും പെങ്ങളും എല്ലാമെല്ലാമെന്ന ബോധം ആർക്കുമുണ്ടായിരുന്നില്ല. പെൺമക്കൾ പിറക്കുന്നതുപോലും ശാപമായി കരുതിയ സമൂഹം പിഞ്ചോമനകളെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന കാട്ടാളമാനസരുടെ ലോകം. ഈ കാലഘട്ടത്തിലാണ് പ്രവാചക ശൃംഖലയുടെ അവസാനത്തെ കണ്ണിയായി മുഹമ്മദ് നബിﷺയെ അല്ലാഹു ﷻ നിയോഗിച്ചത്.
തികച്ചും അനാഥനായി വളർന്നിട്ടുപോലും അന്നുവരെ ഒരു ചെറിയ സ്വഭാവദൂഷ്യം പോലും ആരാലും ആരോപിക്കപ്പെടാത്ത മുഹമ്മദ് (ﷺ). അറബികൾ മുഴുക്കെ "അൽഅമീൻ" അഥവാ സത്യസന്ധൻ എന്ന് വിളിച്ചിരുന്ന മുഹമ്മദ് ﷺ.
മുഹമ്മദ് ﷺ ഒരു സുപ്രഭാതത്തിൽ തങ്ങളോടറിയിച്ച കാര്യം സത്യമാണെന്നറിഞ്ഞിട്ടും വിശ്വസിക്കാൻ അറബികളിൽ ബഹുഭൂരിഭാഗവും തയ്യാറായില്ല. അങ്ങനെ വളരെ കുറഞ്ഞ പേർ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ നബിﷺയിൽ വിശ്വാസമർപ്പിച്ചത്.
തന്റെ രിസാലത്തിൽ വിശ്വാസം പൂണ്ട് ചുരുങ്ങിയ അനുയായികൾക്ക് ദീനിന്റെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കാൻവേണ്ടി നബി ﷺ അവരെ തന്റെ സന്നിധിയിലേക്ക് വിളിച്ചിരിക്കുകയാണ്. അവരാണ് കഅബായുടെ സമീപം ഒരുമിച്ചു ചേർന്നിരിക്കുന്നത്.
ബഹുദൈവാരാധനയിൽ അലിഞ്ഞു ചേർന്ന ഒരു ജനവിഭാഗത്തിനിടയിൽ പരിശുദ്ധ ദീനിന്റെ ദൗത്യവുമായി നബി ﷺ വന്നപ്പോൾ മുഹമ്മദിന്റെ ജൽപനമാണതെന്ന് ബഹുഭൂരിഭാഗവും വിളിച്ചുകൂവിയപ്പോൾ യാതൊരു സന്ദേശവും കൂടാതെ ഞാൻ വിശ്വസിക്കുന്നു എന്ന് ആദ്യമായി സധൈര്യം പ്രസ്താവിച്ച് മുന്നോട്ട് വന്ന പ്രവാചകന്റെ ആദ്യ അനുയായി ഇഷ്ടകൂട്ടുകാരൻ അതായിരുന്നു ഹസറത്ത് അബൂബക്കർ സിദ്ദീഖ് (റ).