Wednesday - 22 April, 2026 4-Dhu al-Qadah-1447

നിസ്കാരത്തിന്റെ ഫർളുകൾ - അത്തഹിയ്യാത്ത്

   നിസ്കാരത്തിന്റെ പത്താമത്തെ ഫർളാണ് അവസാനത്തെ അത്തഹിയ്യാത്ത്. ആദ്യ അത്തഹിയ്യാത്ത് സുന്നത്തുകളിൽ പെട്ടതാണ്. അത്തഹിയ്യാത്തിന് ചുരുങ്ങിയ രൂപം താഴെ പറയും പ്രകാരം ആകുന്നു...


التَحِيَّاتُ لِلّٰهِ سَلَامٌ عَلَيْكَ ايُّهَا النَبِيُّ ورَحْمَةُ اللهِ وبَركَاتهُ سَلامٌ عَليْنَا وعلَی عِبَادِ اللهِ الصَالِحِين اشْهَدُ انْ لا اِلَهَ الاَّ اللهُ وانَّ محمدًا رسُولُ الله


 അത്തഹിയ്യാത്തിന്റെ ഈ ചുരുങ്ങിയ രൂപത്തിലുള്ള വാക്കുകൾക്ക് പകരം അതേ ആശയമുള്ള മറ്റു പദങ്ങൾ പോലും അനുവദനീയമല്ല. മുഹമ്മദ് എന്ന വാക്കിന് പകരം അഹ്മദ് എന്നൊ നബി എന്നതിന്റെ സ്ഥാനത്ത് റസൂൽ എന്നൊ പ്രയോഗിക്കാൻ പറ്റുകയില്ല. അത്തഹിയ്യാത്തിന്റെ മുമ്പ് ബിസ്മി ഓതൽ സുന്നത്തില്ല...

   അത്തഹിയ്യാത്തിന്റെ പൂർണമായ രൂപം ഇപ്രകാരം ആണ്...


التَحِيَّاتُ المُبَاركَاتُ الصَلَوَاتُ الطَيِّباتُ لِلّٰهِ السَّلامُ عَلَيْكَ اَيُّهَا النَّبِيُّ وَرَحْمَةُ اللّٰهِ وبَركَاتُهُ السَّلامُ عَليْنَا وَعلَی عِبَادِ اللّهِ الصَالحين اَشهَدُ اَن لاَ الَهَ الاَّ اللّهُ وَاَشهدُ اَنَّ مُحمَّدًا رسولُ اللهِ


അത്തഹിയാത്ത് അറബി ഭാഷയിൽ ഓതുക, സ്വന്തം ശരീരത്തെ കേൾപ്പിക്കുക, അതിലെ അക്ഷരങ്ങളെയും വാക്കുകളെയും ശദ്ദുകളെയും പദാവസാനത്തിലുള്ള വ്യാകരണത്തെയും (إعراب) പരിഗണിക്കുക, എന്നിവ അത്തഹിയാത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്.

അത്തഹിയാത്തിന്റെ സുന്നത്തുകൾ:


1)  അവസാന അത്തഹിയാത്തിൽ തവറുക്കിന്റെ രൂപത്തിൽ ഇരിക്കുക. ഇടതുകാൽ വലതുഭാഗത്തുകൂടെ പുറത്തേക്കിട്ടു കൊണ്ട് പൃഷ്ടഭാഗം ഭൂമിയിൽ ചേർത്തുവെക്കുകയും, വലത് കാലിന്റെ വിരൽ അറ്റങ്ങളെ ഖിബ് ലയിലേക്ക് മുന്നിൽനിന്ന് രീതിയിൽ നാട്ടി വെക്കുകയും ചെയ്യുക. ഇതാണ് തവറുക്കിന്റെ ഇരുത്തം...


 എന്നാൽ ഇമാമിന്റെ സലാമിന് ശേഷം ബാക്കി നിസ്കരിക്കാനുള്ള മസ്ബൂഖിനും സലാം വീട്ടുന്നതിന് മുമ്പ് സഹ് വിന്റെ സുജൂദ് ചെയ്യാനുള്ളവനും ഈ ഇരുത്തം ഇരിക്കേണ്ടതില്ല. അവർ ഇരുവരും ഇഫ്തിറാശിന്റെ ഇരുത്തമാണ് ഇരിക്കേണ്ടത്. അപ്രകാരം ഒന്നാം അത്തഹിയ്യാത്തിലും ഇഫ്തിറാശിന്റെ രൂപത്തിലാണ് ഇരിക്കേണ്ടത്...


2) അത്തഹിയാത്തിന് വേണ്ടി ഇരിക്കുമ്പോൾ രണ്ട് കൈകളെയും ഇരുകാൽമുട്ടുകളുടെ പാർശ്വത്തിൽ വെക്കുക. വിരലുകളുടെ തലഭാഗം കാൽമുട്ടിന്റെ അറ്റവുമായി നേരിടുന്ന രീതിയിലാണ് കൈകൾ വെക്കേണ്ടത്.


 ഇടത് കൈയിലെ വിരലുകൾ വിടർത്തിയാണ് വെക്കേണ്ടത്. ഖിബിലയിൽനിന്നും തെറ്റാത്ത രീതിയിൽ വിരലുകളെ ഒരല്പം ചേർത്തുവെക്കണം. വലതുകൈയിലെ ചൂണ്ടുവിരൽ ഒഴികെ ബാക്കി വിരലുകൾ കൂട്ടി പിടിക്കണം. ആദ്യം വിടർത്തി വെച്ചതിനു ശേഷമാണ് കൂട്ടി പിടിക്കേണ്ടത്. ചൂണ്ടുവിരൽ  താഴേക്ക് തൂക്കിയിട്ടു കൊണ്ട് തള്ളവിരലിന്റെ തലഭാഗം ചൂണ്ടുവിരലിന്റെ താഴെ ഭാഗത്ത് (കൈപ്പടയുടെ അറ്റത്തോട് ചേർത്ത്) വെക്കണം.


3) അത്തഹിയ്യാത്തിൽ إلا ألله  എന്നതിലെ همزة ഉച്ചരിക്കുമ്പോൾ വലതുകൈയുടെ ചൂണ്ടുവിരൽ ഉയർത്തുക. ഖിബ് ലയുടെ നിരപ്പിൽ നിന്നും തെറ്റാത്ത രീതിയിലാണ് ചൂണ്ടുവിരൽ ഉയർത്തേണ്ടത്. ഈ സമയം  ചൂണ്ടുവിരലിലേക്ക് നോക്കലും സുന്നത്താണ്. ഈ ഉയർത്തലും നോട്ടവും അടുത്ത റക്അത്തിലെ നിർത്തം അല്ലെങ്കിൽ സലാം വീട്ടും വരെ തുടർന്നു കൊണ്ടുപോകണം. നിസ്കാരത്തിൽ ബാക്കി ഉള്ള അവസരങ്ങളിൽ സുജൂദിന്റെ സ്ഥാനത്തേക്ക് നോക്കലാണ് സുന്നത്ത്.


 നിസ്കാരത്തിൽ അല്ലാത്ത അവസരങ്ങളിൽ إلا الله എന്ന് പറയുമ്പോൾ ആ വിരൽ ഉയർത്തൽ സുന്നത്തില്ല.


   അത്തഹിയാത്ത് അറിയാത്തവൻ എന്താണ് ചെയ്യേണ്ടത്..?


 അത്തഹിയ്യാത്ത് അറിയാത്തവന് അത് പഠിക്കൽ നിർബന്ധമാണ്. അതിന് വേണ്ടി യാത്ര ചെയ്യേണ്ടി വന്നാൽ പോലും പോയി പഠിക്കണം.

 പക്ഷേ പഠിക്കാൻ ഒരുങ്ങിയാൽ നിസ്കാരം നഷ്ടപ്പെടുമെന്ന് കണ്ടാൽ അത്തഹിയ്യാത്ത് തർജ്ജിമ ചെയ്യണം. അവന് അറിയാവുന്ന ഭാഷയിൽ അത്തഹിയ്യാത്തിന്റെ ആശയത്തെ കൊണ്ടുവരണം. ഇങ്ങനെ തർജ്ജിമ ചെയ്തു നിർവഹിച്ച നിസ്കാരം മടക്കേണ്ടതില്ല. എന്നാൽ അവന്റെ വീഴ്ച കൊണ്ടാണ് പഠനം വൈകിപ്പോയതെങ്കിൽ പഠിച്ച ശേഷം അതിന് മുമ്പുള്ള എല്ലാ നിസ്കാരങ്ങളും മടക്കണം...

അത്തഹിയ്യാത്തിന് മുൻഗണന


   അത്തഹിയാത്ത് മനഃപ്പാഠം ഇല്ലാത്ത ഒരാൾ നിൽക്കുകയാണെങ്കിൽ മുമ്പിൽ എഴുതിവെച്ച  അത്തഹിയ്യാത്ത് നോക്കി ചൊല്ലുവാൻ കഴിയും. നേരെമറിച്ച് അയാൾ ഇരിക്കുകയാണെങ്കിൽ അത്തഹിയ്യാത്ത് ഓതാൻ സാധിക്കുകയില്ല. അവസാന അത്തഹിയ്യാത്തും അതിനുവേണ്ടിയുള്ള ഇരുത്തവും രണ്ടും നിർബന്ധമാണല്ലോ. ഒരു കാര്യം എടുക്കുകയാണെങ്കിൽ മറ്റേത് നഷ്ടപ്പെടും. അഥവാ അത്തഹിയ്യാത്ത് ഓതുകയാണെങ്കിൽ ഇരിക്കാൻ പറ്റുകയില്ല, ഇരിക്കുകയാണെങ്കിൽ അത്തഹിയാത്ത് ഓതാനും സാധിക്കുകയില്ല. ഈ അവസരത്തിൽ അത്തഹിയാത്തിനാണ് മുൻഗണന നൽകേണ്ടത്. ഇരുത്തം ഒഴിവാക്കി നിന്നുകൊണ്ട് അത്തഹിയ്യാത്ത് ഓതണം. ശേഷം സലാം വീട്ടുന്നതിന് വേണ്ടി ഇരിക്കണം...


   ഇമാം അത്തഹിയ്യാത്തിൽ ഇരിക്കെ ഒരാൾ തക്ബീറത്തുൽ ഇഹ്റാം ചെയ്തു. എന്നാൽ ഇമാം ഒന്നാമത്തെ അത്തഹിയ്യാത്തിലാണെങ്കിൽ നിർത്തത്തിലേക്ക് വരുന്നത് പ്രതീക്ഷിച്ചുകൊണ്ടോ, അവസാനത്തെ അത്തഹിയ്യാത്തിലാണെങ്കിൽ സലാം വീട്ടുന്നത് പ്രതീക്ഷിച്ചുകൊണ്ടോ ആ മഅ്മൂമിന് നിർത്തം തുടരാമോ..? 


   ഇമാം അത്തഹിയാത്തിലിരിക്കെ ഒരാൾ നിസ്കാരത്തിനായി ഇഹ്റാം ചെയ്തു. അവൻ ഇഹ്റാം ചെയ്തയുടനെ ഇമാം സലാം വീട്ടിയാൽ തുടർച്ച അവസാനിച്ചത് കൊണ്ട് ആ മഅ്മൂം ഇരിക്കാൻ പാടില്ല. ഇനി ഇമാം സലാം വീട്ടിയില്ലെങ്കിൽ ഇരിക്കൽ അവന് നിർബന്ധമാണ്. നിർത്തം തുടർന്നാൽ അവൻ ഇസ്തിറാഹത്തിന്റെ ഇരുത്തത്തിന്റെ അളവ് പിന്തിയിട്ടുണ്ടെങ്കിൽ നിസ്കാരം ബാഥ്വിലാകും.


   ഇമാം അത്തഹിയ്യാത്തിൽ ഇരിക്കെ ഇഹ്റാം ചെയ്ത ശേഷം ഒരു മസ്ബൂഖ് ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവ് നിർത്തം തുടർന്നാൽ അവന്റെ നിസ്കാരം അസാധുവാകും. അപ്രകാരം ഇമാം സലാം വീട്ടിയ ശേഷം മസ്ബൂഖ് തന്റെ അത്തഹിയാത്തിന്റെ സ്ഥാനത്ത് അല്ലാതിരിക്കെ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവിൽ ഇരുത്തം തുടർന്നാലും നിസ്കാരം ബാഥ്വിലാകും.


 ഈ രണ്ടു സ്ഥലങ്ങളിൽ ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ അളവ് കൊണ്ടുള്ള വിവക്ഷ,  ഇമാം ഇബ്നുഹജറി (റ)ന്റെ അഭിപ്രായപ്രകാരം, ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ പൂർണമായ അളവാണ്. അഥവാ അത്തഹിയാത്തിന്റെ ചുരുങ്ങിയ രൂപം ഓതാനുള്ള സമയം. എന്നാൽ ഇമാം റംലി(റ) യുടെ അഭിപ്രായപ്രകാരം ഇസ്തിറാഹത്ത് ഇരുത്തത്തിന്റെ മിനിമം അളവാണ് ഉദ്ദേശം. അഥവാ സുബ്ഹാനള്ളാ എന്നു പറയാനുള്ള സമയം. ഒന്നാം അഭിപ്രായമാണ് പ്രബലം.