നിസ്കാരത്തിന്റെ പതിനൊന്നാമത്തെ ഫർള് അവസാന അത്തഹിയ്യാത്തിനു ശേഷം നബിﷺയുടെ മേൽ സ്വലാത്ത് ചൊല്ലുക എന്നതാണ്. സ്വലാത്തിന്റെ ചുരുങ്ങിയ രൂപം اللهُمّ صَلِّ علی محمد എന്നാണ്.
ഇവിടെ صَلَّی اللّهُ علی محمد എന്നും പറയാം. محمد എന്നതിനു പകരം رسوله എന്നോ النبيّ എന്നോ പറയാം. പക്ഷേ ഈ സ്ഥാനത്ത്أحمد , حاشر പോലെയുള്ള നബി ﷺ യുടെ മറ്റു പേരുകൾ മതിയാവുകയില്ല.
(فتح المعين)
ഒന്നാം അത്തഹിയ്യാത്ത് സുന്നത്താണ് എന്നതു പോലെ ഒന്നാം അത്തഹിയ്യാത്തിനു ശേഷം നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലലും സുന്നത്താണ്...
അവസാന അത്തഹിയ്യാത്തിനു ശേഷം നബി ﷺ യുടെ കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്. നബി ﷺ യുടെ മേലിലുള്ള സ്വലാത്തിന്റെ കൂടെ وآله എന്ന് കൂട്ടിച്ചേർക്കൽ കൊണ്ട് കുടുംബത്തിന്റെ മേലിലുള്ള സ്വലാത്തിന്റെ ചുരുങ്ങിയ രൂപം കരസ്ഥമാകുന്നതാണ്.
അപ്പോൾ നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ ചൊല്ലേണ്ട സ്വലാത്തിന്റെ ഏറ്റവും ചെറിയ രൂപം ഇപ്രകാരം ആണ്
اللهم صلى على محمد وآله
എന്നാൽ ഒന്നാം അത്തഹിയ്യാത്തിൽ നബി ﷺ യുടെ കുടുംബത്തിന്റെ മേൽ സ്വലാത്ത് ചൊല്ലൽ സുന്നത്ത് ഇല്ല.
(فتح المعين)
അത്തഹിയ്യാത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ നബി ﷺ യുടെ മേൽ സ്വലാത്ത് ചൊല്ലുമ്പോഴും നിർബന്ധമായും പരിഗണിക്കണം.
അഥവാ, അക്ഷരങ്ങളെയും വാക്കുകളെയും ശദ്ദുകളെയും പദാവസാനത്തിലുള്ള വ്യാകരണത്തെയും പരിഗണിക്കുക, തുടർച്ച ഉണ്ടാവുക, സ്വശരീരത്തെ കേൾപ്പിക്കുക, അറബി ഭാഷയിൽ കൊണ്ടു വരുക. തുടങ്ങിയ കാര്യങ്ങളെ ഇവിടെ നിർബന്ധമായും ശ്രദ്ധിക്കണം...
അവസാന അത്തഹിയ്യാത്തിൽ നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ ഉള്ള സ്വലാത്ത് പൂർണരൂപത്തിൽ ചൊല്ലൽ സുന്നത്താകുന്നു. അത് താഴെ പറയും പ്രകാരമാണ്.
اَللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ وَبَارِكْ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ فِي الْعالَمِينَ إِنَّكَ حَمِيدٌ مَّجِيدْ
ഇവിടെ നബി ﷺ യുടെ മേൽ സ്വലാത്ത് മാത്രമേ ചൊല്ലുന്നു എന്ന സംശയത്തിന് ഇടമില്ല. കാരണം അത്തഹിയ്യാത്തിൽ തന്നെ നബി ﷺ യുടെ മേൽ സലാം ചൊല്ലുന്നുണ്ടല്ലോ. محمد എന്നതിനു മുമ്പിൽ سيدنا എന്ന് ചേർത്തിപ്പറയൽ പ്രത്യേകം ശ്രേഷ്ഠമായ കാര്യമാണ്...
അവസാന അത്തഹിയ്യാത്തിൽ നബി ﷺ യുടെയും കുടുംബത്തിന്റെയും മേൽ സ്വലാത്ത് ചൊല്ലിയ ശേഷം ദുആ ചെയ്യൽ സുന്നത്താണ്. ഇവിടെ ഹദീസുകളിൽ വന്നിട്ടുള്ള ദുആകളാണ് ഏറ്റവും ശ്രേഷ്ഠമായത്. അവയിൽ ശക്തമായ സുന്നത്തുള്ളത് താഴെ പറയുന്ന ദുആയാണ്.
اللَّهُمَّ إنِّي أَعُوذُ بِكَ مِنْ عَذَابِ الْقَبْرِ , وَمن عَذَابِ النَّارِ , وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ , وَمِنْ فِتْنَةِ الْمَسِيحِ الدَّجَّالِ
അത്തഹിയ്യാത്തിനും സ്വലാത്തിനും ശേഷം ഈ ദുആ ഉപേക്ഷിക്കൽ കറാഹത്താണ്. ചില പണ്ഡിതന്മാർ ഈ ദുആ നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
എന്നാൽ ഒന്നാം അത്തഹിയ്യാത്തിൽ സ്വലാത്തിനു ശേഷം ദുആ ചെയ്യൽ കറാഹത്താകുന്നു. പക്ഷേ, ഇമാമിന്റെ അത്തഹിയാത്തിനു മുമ്പ് മഅ്മൂം തന്റെ അത്തഹിയ്യാത്തി നിന്ന് വിരമിച്ചാൽ അവന് ദുആ ചെയ്യാം.
(فتح المعين)
അവസാന അത്തഹിയാത്തിൽ സ്വലാത്തിന് ശേഷം സുന്നത്തുള്ള ദുആകളിൽ നബി ﷺ യിൽ നിന്ന് ഉദ്ധരിക്കപ്പെട്ട ചില പ്രാർത്ഥനകൾ താഴെപ്പറയുന്നു
١). اللهم اغفر لي ما قدَّمتُ وما أخّرتُ وما أسْرَرتُ وما أعلنتُ وما أسرفتُ وما اَنتَ اَعلَمُ بِه مِنّی اَنتَ المُقدِّمُ واَنتَ المُؤخِّرُ لاَ الٓهَ الاّ اَنت.
٢). اللهمَّ اِنِّی ظَلمتُ نَفسِی ظُلْمًا كَبيرًا كثيرًا ولاَ يَغْفِرُ الذُّنُوبَ الاَّ اَنتَ فاغْفِرْ لی مَغفِرةً مِن عِندِكَ اِنَّكَ اَنتَ الغفورُ الرَّحيم .
അത്തഹിയാത്തിന്റെയും നബി ﷺ തങ്ങളുടെ മേലുള്ള സ്വലാത്തിന്റെയും ചുരുങ്ങിയ രൂപത്തേക്കാൾ ഇമാമിന്റെ ദുആ ചുരുങ്ങൽ സുന്നത്താണ്. ഈ ദുആ ക്ക് ശേഷം നബി ﷺ യുടെ പേരിൽ സ്വലാത്ത് ചൊല്ലൽ കറാഹത്താകുന്നു.
(فتح المعين)
ഒരു മഅ്മൂം തന്റെ ഇമാമിന് മുമ്പ് തന്നെ അത്തഹിയ്യാത്തിന് ശേഷമുള്ള ദുആകളിൽ നിന്ന് വിരമിച്ചാൽ ഇമാം സലാം വീട്ടുന്നതു വരെ എന്തുചെയ്യണം..?
അവസാനത്തെ അത്തഹിയ്യാത്തിൽ ചൊല്ലേണ്ടതായി ഹദീസിൽ വന്നിട്ടുള്ള ദിക്റുകൾ പലതുമുണ്ട്. അവയെല്ലാം ഇമാമിന് മുമ്പ് ചൊല്ലി കഴിയുക എന്നത് വളരെ വിദൂരമാണ്. അങ്ങനെ അവയെല്ലാം ഇമാമിന്റെ സലാമിനും മുമ്പ് ചൊല്ലി കഴിഞ്ഞുവെന്ന് സങ്കല്പിക്കുന്നുവെങ്കിൽ, അവൻ മറ്റു പ്രാർത്ഥനകളിൽ വ്യാപൃതനാകണം. പാരത്രിക പ്രാർത്ഥനകളാണ് ഉത്തമം...
ഒരു മഅ്മൂം ഒന്നാമത്തെ അത്തഹിയ്യാത്തിൽ അവന്റെ ഇമാമിനേക്കാൾ മുമ്പേ വിരമിച്ചാൽ എന്തുചെയ്യണം..?
ആ മഅ്മൂം മുവാഫിക് ആണെങ്കിൽ, ഇമാമിനു മുമ്പ് ഒന്നാം അത്തഹിയാത്തിൽ നിന്ന് വിരമിച്ചാൽ അവൻ നബിﷺയുടെ കുടുംബത്തിന് പേരിലുള്ള സ്വലാത്തും ശേഷമുള്ള പ്രാർത്ഥനയും കൊണ്ടുവരണം.
ആ മഅ്മൂം മസ്ബൂഖ് ആണെങ്കിൽ ഇമാമിനോട് ഉള്ള അനുഗമനത്തിനു വേണ്ടി മേൽ പറയപ്പെട്ട കാര്യങ്ങളെ (സ്വലാത്തും ശേഷമുള്ള പ്രാർത്ഥനയും) കൊണ്ടുവരണം.
ഇമാമിനെ പിന്തി തുടർന്ന് നിസ്കരിക്കുന്ന മസ്ബൂഖിന്, അവന്റെ ഇമാമിന്റെ അത്തഹിയ്യാത്തിലും സ്വലാത്തിനും ദുആയിലും ഇമാമിനോട് യോജിച്ചുകൊണ്ട് അവയെ കൊണ്ടുവരൽ സുന്നത്താണ്. മസ്ബൂഖ് ആയ ആ മഅ്മൂമിനെ അപേക്ഷിച്ച് അതു ഒന്നാമത്തെ അത്തഹിയാത്താണെങ്കിൽ പോലും ഇമാമിനോട് എല്ലാത്തിലും യോജിക്കൽ സുന്നത്താണ്...
ഉദാഹരണത്തിന്, നാല് റക്അത്തുള്ള നിസ്കാരത്തിലെ മൂന്നാം റകഅത്തിൽ ഒരു മഅ്മൂം ഇമാമിനോട് തുടർന്ന് നിസ്കരിക്കാൻ തുടങ്ങിയാൽ, ഇമാമിന്റെ അവസാന അത്തഹിയാത്തിന്റെ അവസരത്തിൽ ഇമാമിനോട് യോജിച്ചുകൊണ്ട് അത്തഹിയ്യാത്തും സ്വലാത്തും ദുആയും കൊണ്ടുവരൽ അവന് സുന്നത്താണ്. ആ മസ്ബുക്കായ മഅ്മൂമിനെ അപേക്ഷിച്ച് അത് ഒന്നാം അത്തഹിയാത്ത് ആണ്. എങ്കിലും ഇമാമിനോട് എല്ലാ കാര്യങ്ങളിലും യോജിക്കൽ സുന്നത്താണ്.
ഇമാമിന് മുമ്പ് അത്തഹിയാത്ത് ഓതി തീർന്ന മഅ്മൂം ഒഴികെയുള്ളവർക്ക് ഒന്നാം അത്തഹിയാത്തിന് ശേഷം ദുആ നിർവഹിക്കൽ കറാഹത്താകുന്നു. അപ്രകാരം അവസാന അത്തഹിയ്യാത്തിന് ശേഷം ദുആ ഉപേക്ഷിക്കുക, ഒന്നാം അത്തഹിയാത്ത് നീട്ടി കൊണ്ടുപോവുക, അത്തഹിയാത്തിൽ إلا الله എന്ന് പറയുമ്പോൾ ഇടത് കൈയിലെ ചൂണ്ടുവിരൽ ഉയർത്തുക, അവസാന അത്തഹിയാത്തിലെ ദുആ ശേഷം നബിയുടെ മേൽ സ്വലാത്ത് ചൊല്ലുക തുടങ്ങിയ കാര്യങ്ങളെല്ലാം കറാഹത്താകുന്നു...
ഇമാം അവസാന അത്തഹിയ്യാത്തിന് ശേഷമുള്ള ദുആയെ അത്തഹിയ്യാത്ത്, സ്വലാത്ത് എന്നിവയുടെ ചുരുങ്ങിയ രൂപത്തിന്റെ അളവിനേക്കാൾ വർദ്ധിപ്പിക്കുകയോ ആ അളവിനോട് തുല്യമാക്കുകയോ ചെയ്യലും കറാഹത്താണ്.