സ്വന്തം ഭർത്താവിനെ ഷണ്ഡനായി ചിത്രീകരിക്കുക, അതും പൊതുജന മധ്യെവെച്ച്. ഏതെങ്കിലും ഒരു പെണ്ണ് അതിഷ്ടപ്പെടുമോ..? ഭാര്യയെ മച്ചി യായി മുദ്രകുത്തുക ഒരാളും അതിഷ്ടപ്പെടുന്നില്ല. പിന്നെയും എന്തേ നമ്മുടെ പെണ്ണുങ്ങൾ ഇങ്ങനെയൊക്കെ ആയിപ്പോകുന്നത്..?
സന്താന സിദ്ധിയില്ലാത്ത പാവം പെണ്ണ് അവളുടെ ഉള്ളിലിരമ്പുന്ന വേദനയുടെ സാഗരം അതെന്തുകൊണ്ട് അവർക്ക് കാണാനാവുന്നില്ല..? അവളുടെ സ്ഥാനത്ത് തന്നെയൊന്ന് നിർത്തിനോക്കാനുള്ള മനസ് അതെന്തേ നമ്മുടെ പെണ്ണുങ്ങൾക്കില്ലാതെ പോയത്..? അവരെ ഇങ്ങനെ അകറ്റിനിർത്തുക ഇതൊക്കെ അൽപം മനുഷ്യത്വമുള്ളവർക്ക് ചേർന്നതാണോ..? ആ ബോധം പെണ്ണുങ്ങൾക്കില്ലാതെ പോയതെന്തേ..?
വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രമുണ്ട് എട്ടുകാലി മമ്മൂഞ്ഞി. നാട്ടിലെവിടെയുമുള്ള ഗർഭത്തിന്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കും ഷണ്ഡനല്ലെന്ന് തെളിയിക്കാനുള്ള തത്രപ്പാട്. ആ അവസ്ഥയിലേക്ക് കുട്ടികളില്ലാത്ത ഭർത്താക്കന്മാരെ ഇവർ എത്തിക്കുമെന്നാണ് തോന്നുന്നത്...
പാവം സ്ത്രീ അവളെന്തു പിഴച്ചു..?
വിവാഹം, സന്താനങ്ങൾ എല്ലാം അവളും കൊതിച്ചു എല്ലാവരെയും പോലെത്തന്നെ. എന്നാൽ വിധി അതിനവളെ അനുവദിച്ചില്ലെന്ന് മാത്രം. അതിന് അവൾ ഉത്തരവാദിയല്ലല്ലോ..? അവൾക്കെന്ത് ചെയ്യാൻ പറ്റും..? അവൾക്കെന്നല്ല ഒരു സ്ത്രീക്കും കഴിയുകയില്ല സന്താനങ്ങളെ ഉൽപാദിപ്പിക്കാൻ. സന്താനലബ്ധി അതൊരു മഹാഭാഗ്യമാണ്. അനുഗ്രഹവും. എത്രയോ സമ്പന്നർ, പ്രമാണിമാർ, ഉന്നത വ്യക്തിത്വങ്ങൾ, പലപ്പോഴും കുട്ടികളില്ലാതെ വിഷമിക്കുന്നവരുണ്ടവരിൽ...
കാണാൻ അഴക്, പത്രാസ്, തലയെടുപ്പ് എല്ലാമുണ്ടായിരിക്കും മുഖത്ത് വിടർന്ന പുഞ്ചിരിയും എന്നാൽ അകമോ..? നീറുന്ന വേദനയിൽ പിടയുന്നു. അത് കാണാൻ നമുക്കാവില്ലെന്ന് മാത്രം. ഒരു കാര്യം കൂടി പരിഹാസകർ ഓർക്കുന്നത് നന്ന്. നമുക്ക് നൽകപ്പെട്ട സന്താനങ്ങൾ ഒരു നാൾ പെടുന്നനെ നാഥൻ അവരെയങ്ങ് തിരിച്ചു വിളിച്ചാലോ..? അപ്പോൾ നമ്മുടെ അവസ്ഥയെന്താകും..? പരിഹസിക്കപ്പെടുന്നവരേക്കാൾ ഹൃദയഭേദകമാവില്ലേ..? വല്ലപ്പോഴും അതേക്കുറിച്ച് ഓർത്തിട്ടുണ്ടോ..? അല്ലാഹുﷻവാണെല്ലാം നിശ്ചയിക്കുന്നത്...
അല്ലാഹു ﷻ പറയുന്നു, താനുദ്ദേശിച്ചവർക്ക് അല്ലാഹു ﷻ പെൺകുട്ടിയെ നൽകുന്നു. അവനുദ്ദേശിച്ചവർക്ക് ആൺകുട്ടിയെ നൽകുന്നു. അല്ലെങ്കിൽ ആണും പെണ്ണും നൽകുന്നു. അവനുദ്ദേശിച്ചവരെ വന്ധ്യനുമാക്കുന്നു...
(42/49,50)
നാഥന്റെ ഖളാഹ് വേണം എങ്കിലേ സന്താനങ്ങളുണ്ടാവൂ...
പ്രവാചകന്റെ (ﷺ) പ്രിയ പത്നിയാണല്ലോ ആഇശ (റ).. അവരുടെ കാര്യം നോക്കൂ... അവർ ഗർഭം ധരിച്ചില്ല. ഒറ്റ കുട്ടികൾ പോലും അവർക്കുണ്ടായില്ല. പ്രവാചകൻ ﷺ പതിനൊന്ന് ഭാര്യമാരെ സ്വീകരിച്ചു. ഒന്നിൽ മാത്രമാണ് സന്താനങ്ങളുണ്ടായത് ഖദീജയിൽ...
ഇബ്രാഹിം - ഹാജർ ദമ്പതികൾ ഏറെ വർഷം കാത്തിരുന്നു ഒരു കുഞ്ഞിക്കാല് കാണാൻ. അവസാനം ഭാഗ്യം തുണച്ചു, എന്നാൽ ആറ്റുനോറ്റുണ്ടായ കുഞ്ഞിനെ ബലിയർപ്പിക്കാൻ ദൈവകൽപനയുണ്ടായി. കടുത്ത പരീക്ഷണം. മർയമിനാകട്ടെ പുരുഷ സ്പർശനം പോലും ഏൽക്കാതെ അല്ലാഹു ﷻ കുഞ്ഞിനെ നൽകി. പടുവൃദ്ധനായ സകരിയ്യ (അ)ന് അവൻ യഹ്യ (അ)നെ നൽകി. എല്ലാം തീരുമാനിക്കുന്നത് അല്ലാഹുﷻവാണ് നടപ്പിൽ വരുത്തുന്നതും അവൻ തന്നെ...
സന്താനങ്ങളുടെ പിറവി ഒരഭിലാഷം തന്നെ. അതിനുവേണ്ടി വഴിപാടുകൾ നേർന്നവർ ധാരാളം. അതിന്റെ പേരിൽ ലക്ഷങ്ങൾ പൊടി പൊടിക്കുന്നവരുണ്ട്. എങ്ങനെയും അതിനുവേണ്ടിയുള്ള യത്നത്തിലാണ് ചിലർ. അടങ്ങാത്ത സന്താനാഭിലാഷം. അതുമൂലം അന്ധവിശ്വാസങ്ങളിൽ പോലും ചെന്നുചാടുന്നവരുണ്ട്. ആപ്പിൾ മരം അനുഗ്രഹിച്ചാൽ കുഞ്ഞുങ്ങളുണ്ടാവും. ഇംഗ്ലണ്ടിലെ ചിലർക്കാണിങ്ങനെ ഒരു വിശ്വാസം. അതിനാൽ ആപ്പിൾ മരത്തെ പ്രീതിപ്പെടുത്താൻ യുവതീ യുവാക്കൾ കൈകോർത്ത് നൃത്തം ചെയ്യുമത്രെ...
സന്താനങ്ങൾ വേണം. പെണ്ണന്വേഷിക്കുന്ന പുരുഷൻ കൂടുതൽ പ്രസവിക്കുന്നവളെ തെരഞ്ഞെടുക്കണം. പ്രവാചകാധ്യാപനമാണിത്. എന്റെ സമുദായത്തിന്റെ വർധനവ് മൂലം അന്ത്യനാളിൽ ഞാൻ അഭിമാനം കൊള്ളുമെന്നും തിരുനബി ﷺ മൊഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിന്റെ പേരിൽ വഴിവിട്ട പ്രവർത്തനങ്ങൾ ഭൂഷണമല്ല...
ഒരു വിഭാഗം കുട്ടികളുണ്ടാവാൻ അതിയായി ആഗ്രഹിക്കുന്നു. പ്രതീക്ഷയോടെ കാത്തിരിക്കുന്നു. എന്നാൽ മറ്റൊരു വിഭാഗത്തിന്റെ കാര്യമോ..? അത് പരമ ദയനീയമാണ്. കൂടുതൽ കുട്ടികളുണ്ടാകുന്നത് കുറച്ചിലായി കാണുന്നു. പത്തും പതിനഞ്ചും എന്ന പഴയ തലമുറയുടെ കണക്ക് ഇന്ന് ചവറ്റുകൊട്ടയിലാണ്. ആർക്കും അതിന് വയ്യെന്നവസ്ഥ. മാത്രമല്ല അതൊരു പഴഞ്ചൻ ഏർപാടാണിന്ന്. സ്റ്റാറ്റസിന് നിരക്കുന്നതല്ല. എന്തൊരു ദുര്യോഗം...
കുട്ടികളെ വ്യാപകമായി കൊന്നൊടുക്കുകയാണ്. ലോകത്ത് പെൺകുട്ടികളാണ് കൂടുതൽ ഇരയാക്കപ്പെടുന്നത്. കേരളത്തിൽ ദിനംപ്രതി 1500 ഭ്രൂണഹത്യകൾ നടക്കുന്നുണ്ടത്രെ 1981 -91 കാലയളവിൽ ഇന്ത്യയിൽ ഇത്തരത്തിൽ കൊന്നൊടുക്കപ്പെട്ട പെൺകുട്ടികൾ 10 ലക്ഷത്തിലധികം വരുമെന്നാണ് കണക്ക്. ഇന്ത്യയിൽ പ്രതിവർഷം 50 ലക്ഷം ഭ്രൂണഹത്യകൾ
നടക്കുന്നു. സ്ത്രീകളേക്കാൾ 3.1 കോടി മുന്നിലാണ് ഇന്ത്യയിലെ പുരുഷന്മാരുടെ ജനസംഖ്യ. ഏഷ്യയിൽ 10 ദശലക്ഷം സ്ത്രീകൾ കുറവു വന്നതായി റിപ്പോർട്ട് ചെയ്യുപ്പെടുകയുണ്ടായി. 2001-ലെ സെൻസസ് പ്രകാരം കേരളത്തിൽ 1000-ന് 1058 സ്ത്രീകൾ എന്നതായിരുന്നു സംസ്ഥാന ശരാശരി. എന്നാൽ 6 വയസിൽ താഴെയുള്ളവരുടെ പുതിയ സെൻസസ് പ്രകാരം 1000 -ന് 958 പെൺകുട്ടികളേയുള്ളൂ...
വിവിധ രാജ്യങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിന് കോപ്പു കൂട്ടുന്നു. ജനങ്ങളാൽ പലപ്പോഴും അതടിച്ചേൽപിക്കുന്നു. മതവിശ്വാസവും യുക്തിബോധവും വേണ്ടത്രയില്ലാത്തവർ അതിന് വഴങ്ങുന്നു. പ്ലാൻ ഓർ പെറിഷ് (ആസൂത്രണം ചെയ്യുക ; അല്ലെങ്കിൽ നശിക്കുക) എന്നത് നെഹ്റുവിന്റെ ആജ്ഞയായിരുന്നു. 1995 മെയ് 30 -ന് ഒറീസയിൽ ഒരു നിയമം പ്രാബല്യത്തിൽ വരികയുണ്ടായി. മുൻസിപ്പാലിറ്റി കൗൺസിലർമാർ, പഞ്ചായത്ത് മെമ്പർമാർ എന്നിവരിലാർക്കെങ്കിലും രണ്ടിൽ കൂടുതൽ കുട്ടികളുണ്ടായാൽ സ്ഥാനം നഷ്ടപ്പെടും. സമാന നിയമങ്ങൾ പിന്നീട് പല സംസ്ഥാനങ്ങളിലും പരീക്ഷിച്ചു. അപ്പോഴാണ് കേരളാ വിമൺസ് കോഡ് 2011 എന്ന ഒരു പൊല്ലാപ്പുണ്ടാകുന്നത്. ജസ്റ്റിസ് വി ആർ കൃഷ്ണയ്യരുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സമർപ്പിച്ച ഈ കമ്മീഷൻ റിപ്പോർട്ടിൽ വലിയ അപകടം പതിയിരിക്കുന്നുണ്ട്. രണ്ടിൽ കൂടുതൽ സന്താനോൽപദനം നടത്തുന്ന മാതാപിതാക്കളെ ശിക്ഷിക്കുക. അവർക്ക് യാതൊരുവിധ ആനുകൂല്യങ്ങളും നൽകാതിരിക്കുക. കൂടുതൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നവർക്ക് കടുത്ത ശിക്ഷ നൽകുക. ഗർഭഛിദ്രത്തിന് അനുമതി നൽകുകയും പ്രോത്സാഹനം നൽകുകയും ചെയ്യുക. തുടങ്ങിയവ അതിലെ നിർദേശങ്ങളിൽ ചിലതാണ്...
പരിഷ്കൃതരെന്ന് അഭിമാനിക്കുന്നവരാണ് പുതിയ തലമുറ. അവരാണിത്ര കടുംകൈ ചെയ്യുന്നതും ചെയ്യിക്കുന്നതും. സന്താനങ്ങൾ യഥേഷ്ടം നൽകപ്പെട്ടവരുടെ അവസ്ഥയാണിത്. നൽകപ്പെടാത്തവരോ..? അവർ എല്ലാം കണ്ട് നെടുവീർപ്പിടുന്നു സങ്കടപ്പെടുന്നു. ഇവിടെ ഇരുകൂട്ടർക്കും ആവശ്യം സാമാന്യബുദ്ധിയാണ്. ഇതിനേക്കാളപ്പുറം വിവേകവും...
പ്രപഞ്ചനാഥനാണല്ലോ കുഞ്ഞുങ്ങളെ കനിഞ്ഞു നൽകുന്നത്. നൽകപ്പെട്ടവർ അതിന് ശുക്റ് ചെയ്യുക. അല്ലാത്തവർ ക്ഷമിക്കുക. വിധിയിൽ വിശ്വസിക്കുകയും ചെയ്യുക. അതോടൊപ്പം പ്രാർത്ഥന ആയുധമാക്കുക. തീർച്ചയായും നമ്മുടെ ദുഃഖം അറിയുന്നവനാണല്ലോ അല്ലാഹു ﷻ അവൻ മക്കള തരും...
ഈ ഖുർആനിക വചനം ശ്രദ്ധിക്കുക:
താങ്കളുടെ നാഥൻ അവന്റെ ദാസനായ സകരിയ്യാക്ക് ചെയ്ത അനുഗ്രഹത്തെ സംബന്ധിച്ച് അനുസ്മരണമാകുന്നു. (അഥവാ) അദ്ദേഹം തന്റെ നാഥനെ രഹസ്യമായി വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം അദ്ദേഹം പറഞ്ഞു: "എന്റെ നാഥാ എന്റെ എല്ലുകൾ ദുർബലമായിത്തീരുകയും നരയാൽ ശിരസ്സ് തിളങ്ങുന്നവയാകുകയും ചെയ്തിരിക്കുന്നു. എന്റെ നാഥാ നിന്നോട് പ്രാർത്ഥിച്ചിട്ട് ഞാൻ ദൗർഭാഗ്യവാനായിട്ടില്ല. എനിക്ക് പിറകിൽ വരുന്ന പിന്തുടർച്ചക്കാരെക്കുറിച്ച് ഞാൻ ഭയപ്പെടുന്നു. എന്റെ ഭാര്യയാണെങ്കിൽ വന്ധ്യയുമാകുന്നു. അതിനാൽ നിന്റെ പക്കൽ നിന്ന് എനിക്കൊരു ബന്ധുവെ (പുത്രനെ) പ്രദാനം ചെയ്യേണമേ... അവൻ എനിക്കും യഹ്ഖൂബ് കുടുംബത്തിനും പിന്തുടർച്ചാവകാശിയായിരിക്കും. അവനെ സകലരുടെയും തൃപ്തിക്കു നീ പാത്രീഭൂതനാക്കുകയും ചെയ്യേണമേ..."
(സൂറത്തുൽ : മർയം :1-6)