മധുവിധുവിന്റെ നാളുകൾ തീർന്നു താരള്യത്തിന്റെ ഏഴു മാസങ്ങൾ എത്ര പെട്ടെന്നാണവ കൊഴിഞ്ഞുവീണത്...
പ്രിയതമന്റെ മധുരമൂറുന്ന വാക്കുകൾ. സ്നേഹത്തിൽ ചാലിച്ചെടുത്ത നർമ സല്ലാപങ്ങൾ, കൊണ്ടും കൊടുത്തും പരസ്പരം പങ്കുവെച്ചുള്ള സുന്ദര ദിനരാത്രങ്ങൾ...
നജ്മയുടെ മനസിലിപ്പോൾ ആധി പടരുകയാണ്. ഭർത്താവിന്റെ അഭാവം, അതല്ല അവളെ ഇന്ന് കൂടുതൽ അസ്വസ്ഥയാക്കുന്നത്. ഒരു കുഞ്ഞിക്കാൽ കാണണം. അതൊരു ഉൽക്കടമായ അഭിലാഷമായി ഉള്ളിൽ വളർന്നു കഴിഞ്ഞു. ഇതുവരെ അത്തരമൊരു മോഹം അവളെ അലട്ടിയിരുന്നില്ല. കാരണം മറ്റൊന്നുമല്ല, പ്രണയ സഖന്റെ സാന്നിധ്യം, അവരുടെ സ്നേഹസാന്ത്വമായ തലോടൽ അവർക്കിടയിൽ സത്യത്തിൽ അവളക്കാര്യം മറന്നിരുന്നു. പക്ഷെ ഇന്ന് പ്രയതമൻ അക്കരെയാണ്. ആ അസാന്നിധ്യം അതൊരു പുതിയ കൂട്ടുകാരൻ എന്ന ചിന്ത വളർത്തി...
എന്നാൽ അതിനേക്കാളപ്പുറം ഒന്നുണ്ട്. ആരൊക്കെയോ അവളെ പിന്തുടരുന്നു. കുത്തി നോവിക്കുന്നു. പരിഹാസത്തിന്റെ അസ്ത്രങ്ങളെയ്യുന്നു. എന്താടീ നിനക്ക് കുട്ടികളൊന്നും വേണ്ടേ..? ലാഘവത്തോടെ പലരും ചോദിക്കുന്നു. എല്ലാം കേട്ട് അവൾ നെടുവീർപ്പിടുന്നു. ഏകാന്തതയിൽ ഗദ്ഗദകണ്ഠയാവുന്നു. രാത്രിയുടെ ഇരുണ്ടയാമങ്ങൾ അവയിൽ പലപ്പോഴും അവൾ കാതോർക്കും, തന്റെ ഉദരത്തിൽ വല്ല ചലനവുമുണ്ടോയെന്ന്. വഴിപാടുകൾ നേരും. പലപ്പോഴും അമർഷം തോന്നും, കുത്തിനോവിച്ചവരോട്. പരിഹാസത്തിന്റെ അസ്ത്രങ്ങളെയ്തവരോട്. പാവം ഭർത്താവിനോട് പോലും... സ്ത്രീ അവൾ അപലയാണ്. ചപലയും. ആഗ്രഹങ്ങളുടെ വലിയ ഭാണ്ഡക്കെട്ട് അതവളിൽ എപ്പോഴുമുണ്ടാകും. പ്രതീക്ഷയുടെ കണികകൾ അതവളെ അലോസരപ്പെടുത്തും...
വിവാഹിതയാവണം, കുഞ്ഞുങ്ങളുണ്ടാവണം, അവരെ പൊന്നുപോലെ വളർത്തണം, ലാളിക്കണം, പഠിപ്പിച്ച് വലിയ നിലയിലെത്തിക്കണം അങ്ങനെയുള്ള ആഗ്രഹങ്ങൾ പ്രത്യേകിച്ച് സ്ത്രീകൾക്ക് അവർക്കതൽപം കൂടുതലുമാണ്. ഈ അഭിലാഷങ്ങളാകട്ടെ തികച്ചും ന്യായവുമാണ്. എന്നാൽ പലപ്പോഴും കാര്യങ്ങൾ അനുകൂലമാകാതെ പോകുന്നവരുണ്ട്. വർഷങ്ങളുടെ കാത്തിരിപ്പ് അതും പ്രതീക്ഷയുടെ ഭാരവും പേറി ഒടുവിലോ..?
പലരും നിരാശയുടെ പടുകുഴിയിലകപ്പെടുന്നു. വർഷങ്ങളായിട്ടും സന്താന സൗഭാഗ്യം തുണക്കാത്തവർ അപ്പോഴുള്ള അവരുടെ സ്ഥിതിയൊന്ന് ചിന്തിച്ചുനോക്കൂ... വല്ലാത്തൊരു അവസ്ഥ തന്നെ അല്ലേ..? അന്നേരം നാമനുഭവിക്കുന്ന മനഃപ്രയാസം, ദുഃഖം... എല്ലാം താങ്ങാവുന്നതിലുമപ്പുറമായിരിക്കും. നമ്മുടെയുള്ളിൽ അപ്പോൾ നുരഞ്ഞുപൊങ്ങുന്ന നെടുവീർപ്പുകൾ, ഗദ്ഗദങ്ങൾ, എല്ലാം കണ്ണീർ കണങ്ങളായി ചാലിട്ടൊഴുകും. ആർദ്രമായി അവ നമ്മുടെ കൺപോളകളെ നനക്കും. എന്നാൽ ഈ സമയം നമ്മെ ചിലർ കുത്തി നോവിക്കുക കൂടി ചെയ്താലോ..? അതും നമ്മുടെതല്ലാത്ത കുറ്റത്തിന്. അന്നേരം ആരും തകരും. ആയിരം കുന്തമുനകൾ ഒന്നിച്ച് ശരീരത്തിൽ തുളഞ്ഞു കയറുന്നതായനുഭവപ്പെടും. മച്ചി എന്നോ മറ്റോ നമുക്ക് നേരെ പരിഹാസാസ്ത്രങ്ങളെയ്താലോ..? നാം വല്ലാതെയാകും. നമ്മുടെ മനസ്സ് പിടക്കും. ഹൃദയം പൊട്ടും. വല്ലാത്തൊരു അരക്ഷിത ബോധം നമ്മിൽ ഉടലെടുക്കും...
സന്താന സൗഭാഗ്യമില്ലാത്തവർ നമുക്കിടയിൽ ധാരാളമുണ്ട്. അത്തരക്കാർ പലപ്പോഴും ഇന്ന് പരിഹസിക്കപ്പെടുന്നു. കുടുംബക്കാർ, ബന്ധുക്കൾ, സുഹൃത്തുക്കൾ, അയൽവാസികൾ, ഗുണകാംക്ഷികൾ, അന്യർ തുടങ്ങിയവരാലൊക്കെയും ... പെണ്ണുങ്ങൾ അവർ തമ്മിൽ അടക്കം പറയുന്നു. ഒളിക്കണ്ണിട്ടും ഒച്ചവെച്ചും കുത്തിനോവിക്കുന്നു. വ്യംഗ്യമായി അധിക്ഷേപിക്കുന്നു. ഭർത്താവിൽ ഷണ്ഡത്വം ആരോപിക്കുന്നു. ഉറക്കെ ചിരിച്ചും ആർത്തട്ടഹസിച്ചും ആഘോഷമാക്കുന്നു...
സാഹചര്യം, സന്ദർഭം, സ്ഥാനമാനങ്ങൾ, ബന്ധങ്ങൾ എല്ലാം ഇവിടെ വിസ്മരിക്കപ്പെടുന്നു, ഒപ്പം ഇരയുടെ വേദനയും നൊമ്പരങ്ങളും. കല്യാണ മരണ വീടുകൾ, വഴിയോരങ്ങൾ അങ്ങനെ എവിടെയുമായിക്കൊള്ളട്ടെ സ്ഥലകാല ബോധമില്ലാതെ മറ്റുള്ളവരെ പരിഹസിക്കാൻ മുതിരുന്ന ചിലരെ കാണാം... വിവാഹ വാർഷികം പോലും തികഞ്ഞിട്ടില്ലാത്ത ദമ്പതികൾ അവർ പോലും ഇതിന്റെ പേരിൽ പരിഹസിക്കപ്പെടുന്നു. ചിലർക്കത് ഒരുതരം ഹരം തന്നെയാണ്. ലൈംഗികച്ചുവകലർത്തിയാവും പലപ്പോഴും ഈ വാചകക്കസർത്തുകൾ...
നാണവും മാനവുമെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു...
റഹ്‌മാനായ റബ്ബ് ആണ് ആർക്ക് കുട്ടികൾ വേണം വേണ്ട എന്നു തീരുമാനിക്കുന്നത്...
ഇന്നത്തെ സാഹചര്യത്തിൽ കുട്ടികൾ ഉണ്ടാവാൻ കുറച്ച് വൈകിയാൽ ദമ്പതികൾ അതുമായി ബന്ധപ്പെട്ട് ഡോക്ടറെ കാണിക്കുന്നത് സ്വാഭാവികമാണ്. ആ ഡോക്ടറുടെ മരുന്ന് കഴിച്ച് ഗർഭം ധരിക്കാൻ റബ്ബ് തീരുമാനിച്ചിട്ടുണ്ടെങ്കിൽ അത് നടക്കുക തന്നെ ചെയ്യും... അതിനെ പരിഹസിക്കാനോ, കുറ്റം പറയാനോ, അവരുടെ മനസ്സ് വിഷമിപ്പിക്കുന്ന രീതിയിൽ എന്തെങ്കിലും പറയാനോ തുനിഞ്ഞാൽ... അത് റബ്ബിനെ പരിഹസിക്കുന്നതിന് തുല്യമാണെന്ന് ഓർക്കുക... നിന്നെ പടച്ച സർവ്വലോക രക്ഷിതാവ് തന്നെയാണ് അവരേയും പടച്ചത് എന്നു മനസ്സിലാക്കുക...
ഒരു കുഞ്ഞിക്കാല് കാണാൻ കൊതിക്കുന്ന എല്ലാ വിശ്വാസികൾക്കും റഹ്മാനായ റബ്ബ് എത്രയും പെട്ടെന്ന് സ്വാലിഹായ സന്താനങ്ങളെ നൽകി അനുഗ്രഹിക്കട്ടെ ...
ആമീൻ യാ റബ്ബൽ ആലമീന്‍