Wednesday - 22 April, 2026 4-Dhu al-Qadah-1447

സത്രത്തിൽ ഒരു രാത്രി

ഭൗതികസുഖങ്ങളിൽ രാജാവിന്ന് തെല്ലെങ്കിലും താൽപര്യമുണ്ടെങ്കിൽ അതുംകൂടി നശിപ്പിക്കുന്ന വിധത്തിലായിരുന്നു പിന്നീടുള്ള അനുഭവങ്ങൾ ...


പശ്ചാതാപവിവശനായ ആ മഹാനുഭാവനെ കൂടുതൽ ഉന്നതിയിൽ എത്തിക്കാനാവണം, കൂടുതൽ പരീക്ഷണങ്ങൾക്ക് അള്ളാഹു സുബ്ഹാനഹുവതാല വിധേയനാക്കി ...


പ്രഭാതം പൊട്ടിവിടർന്നു ... പറവകൾ കളകളാരവം മുഴക്കി അന്നും നാലുപാടും പറന്നു ... അല്ലാഹുവിന്റെ പരിശുദ്ധമായ അടിമകൾ അല്ലാഹുവിന്ന് വേണ്ടി നിസ്കരിച്ചും, മറ്റു ഇബാദത്തുകളിലും വ്യാപൃതരായി... അധികം വീടുകളിൽ നിന്നും ഖുർആൻ പാരായണത്തിന്റെ മന്ത്രമധുരസ്വരം ഉയർന്നുകൊണ്ടിരുന്നു...


സമയം പിന്നെയും മുന്നോട്ട് നീങ്ങി. ജനങ്ങൾ തങ്ങളുടെ ജോലികളിൽ പ്രവേശിച്ചുതുടങ്ങി. സൂര്യൻ കൂടുതൽ ജ്വലിച്ചു. മധ്യാഹ്നമായി, സായാഹ്നവും ... ജോലിക്കാരെല്ലാം തളർന്ന് വീട്പിടിക്കാൻ തുടങ്ങി ...


കൊട്ടാരത്തിന്റെ പ്രധാന കവാടത്തിന്റെ അരികിലേക്ക് അതാ ഒരു വഴിപോക്കൻ നടന്നടുക്കുന്നു. യാതൊരു കൂസലും കൂടാതെ അങ്ങോട്ട് നടന്നടുക്കുന്നത് ആരാണ് ...?

പാറാവുകരൻ ആഗതനെ സൂക്ഷിച്ചു നോക്കി. എന്നിട്ടും അയാൾക്കൊരു കുലുക്കവുമില്ല...


" ങും ... എന്തുവേണം..., തിരുമേനിയെ കാണാനും സങ്കടമുണർത്താനുമാണെങ്കിൽ നാളെ കാലത്ത് വരൂ ... ഇപ്പോൾ അദ്ദേഹം ആരെയും കാണാൻ ഇഷ്ടപ്പെടുന്നില്ല..."

പാറാവുകാരൻ പറഞ്ഞു ...


പാറാവുകാരന്റെ ചോദ്യം കേട്ട് ആഗതൻ ഒന്നുചിരിച്ചു ... തെല്ല് കൂസൽ കൂടാതെ അയാൾ ഇപ്രകാരം പറഞ്ഞു ...


" ഞാൻ പാവപ്പെട്ട ഒരു വഴിയാത്രക്കാരനാണ്. ഈ യാത്ര ഇങ്ങനെ തുടർന്നുകൊണ്ടിരുന്നു. ഒരു ദിവസം ഒരിടത്ത് തങ്ങും. മറ്റൊരു ദിവസം മറ്റൊരിടത്ത് ... ഇന്ന് ഈ സത്രത്തിൽ തങ്ങാമെന്നാണ് ഉദ്ദേശിക്കുന്നത്. നിന്റെ യജമാനനോട് പോയി സമ്മതം വാങ്ങിവരൂ ..."


" സത്രമോ ... ഏതു സത്രം...?"

" ഇതാ ... ഈ കാണുന്ന സത്രം തന്നെ ..."


" ഹേ മനുഷ്യാ നിങ്ങൾക്ക് തനി കിറുക്ക് തന്നെ. ഇത് ഇബ്റാഹീംമിബ്നു അദ്ഹം എന്ന വിശ്വവിഖ്യാതനായ മഹാരാജാവിന്റെ കൊട്ടാരമാണ്. ഇതിനെ സത്രമാക്കിയ നിങ്ങൾ ഒരിക്കലും സ്വയബുദ്ധിയുള്ള ആളല്ല. ഇതെങ്ങാനും മഹാരാജാവ് കേൾക്കാനിടയായാൽ നിങ്ങളുടെ അന്ത്യം ഇവിടെവെച്ചുതന്നെ ആയിരിക്കും. അതുകൊണ്ട് വേഗം ഇവിടെനിന്ന് സ്ഥലം വിടുന്നതാണ് നല്ലത് ..."


ആഗതൻ പാറാവുകാരന്റെ വാക്കുകൾ കേട്ട് ഒട്ടുംതന്നെ ഭയത്തിന്നടിമയായില്ല. തന്നെയുമല്ല അയാൾ തന്റെ ആവശ്യം പിന്നെയും ഉന്നയിച്ചു ...


" ഈ സത്രത്തിൽ ഇന്ന് താമസിക്കാൻ എനിക്ക് സമ്മതം തരുമോ ...? "


ഇതെന്തുകഥ ...!  യഥാർത്ഥ വസ്തുത ഇയാളെ പലവട്ടം അറിയിച്ചിട്ടും പിന്തിരിയാനുള്ള ഒരുക്കമില്ല. പിന്നെയും ഒരേ പലവിതന്നെ ആവർത്തിക്കുന്നു ... പാറാവുകാരന് കലികയറാൻ പിന്നെ അധിക താമസമുണ്ടായില്ല. അയാൾ അവസാനമെന്നോണം പറഞ്ഞു ... 


" എടോ ... മനുഷ്യാ തനിക്ക് വേഗം ഇവിടെനിന്ന് രക്ഷപ്പെടുന്നതാണ് നല്ലത്. അല്ലെങ്കിൽ എനിക്ക് ബലം പ്രയോഗിക്കേണ്ടിവരും ..."


" ഈ പാവപ്പെട്ട വഴിപോക്കനോടാണോ നിങ്ങളുടെ പരാക്രമം ... ഹേ കാവൽക്കാരാ എനിക്ക് നിങ്ങളുടെ അനുവാദമല്ല വേണ്ടത്. നിങ്ങളുടെ യജമാനന്റെ സമ്മതമാണ്. ഞാൻ ഇന്ന് ഈ സത്രത്തിൽ തങ്ങുന്നത് അദ്ദേഹത്തിന് സമ്മതമാണോ ...? അതാണെനിക്ക് അറിയേണ്ടത് ..."


പിന്നെ പാറാവുകാരൻ അയാളോട് വേദാന്തമോതാൻ നിന്നില്ല. അയാളെ ബലം പ്രയോഗിച്ച്  പുറമെ തള്ളുക എന്ന ഉദ്ദേശത്തോടുകൂടി ആ ഭടൻ വഴിപോക്കന്റെ നേരെ ചീറിയടുത്തു... അവിടെ ഉന്തും, പിടിയും, ബഹളവുമായി. എത്ര തന്നെ ബലം പ്രയോഗിച്ചിട്ടും ആ ആഗതനെ പുറന്തള്ളാൻ പാറാവുകാരന് കഴിഞ്ഞില്ല. ഒടുവിൽ ഈ ബഹളവും കോലാഹലവുമെല്ലാം രാജാവിന്റെ ചെവിയിലുമെത്തി ...


" എന്താണവിടെ ഒരു ബഹളം ...? " രാജാവ് ചോദിച്ചു ...

പാറാവുകാരൻ രാജാവിനോട് ഇപ്രകാരം ഉണർത്തി...


" തിരുമനസ്സേ ..., ഇവിടെയിതാ ഒരുത്തൻ വന്ന് ബഹളമുണ്ടാക്കുന്നു..."


" എന്താണവന്റെ ആവശ്യം ...? "


"അത് വളരെ വിചിത്രമാണ്. വർത്തമാനം കേട്ടിട്ട് അയാൾക്ക് ഭ്രാന്താണെന്നാണ് തോന്നുന്നത് ..."


" അതെന്താ അങ്ങിനെ തോന്നാൻ ...? "


" അയാൾക്ക്‌ ഈ സത്രത്തിൽ ഇന്ന് താമസിക്കാൻ സൗകര്യം ചെയ്തുകൊടുക്കണമെന്ന്. ഇത് സത്രമല്ല രാജകൊട്ടാരമാണെന്ന് പലവുരു പറഞ്ഞുനോക്കി. പക്ഷെ, അയാൾ സമ്മതിക്കണ്ടേ..., പിടിച്ച് പുറത്താക്കിയിട്ടും അയാൾ പോകുന്നില്ല ..."


" ആട്ടെ, അയാളെ നമ്മുടെ സന്നിധിയിലേക്കയക്കൂ ... നാമൊന്ന് ചോദിച്ച് നോക്കട്ടെ ..."


രാജകല്പന പ്രകാരം ആ വഴിപോക്കനെ തിരുമനസ്സിന്റെ മുമ്പിൽ ഹാജരാക്കി. രാജാവ് അയാളെ ആകപ്പാടെ ഒന്നുനോക്കി. എന്നിട്ട് ചോദിച്ചു ...


" ഹേ മനുഷ്യാ ... ഇത് രാജകൊട്ടാരമാണെന്ന് നിങ്ങൾക്കറിഞ്ഞുകൂടെ, പിന്നെയെന്തിനാണ് ഇങ്ങിനെ വിചിത്രമായൊരു ചോദ്യമുന്നയിച്ചുകൊണ്ട് വന്നിരിക്കുന്നത് ...? "


" രാജകൊട്ടാരമോ ...? ഇത് സത്രമാണ്. വെറും വഴിയമ്പലം. ഓരോരുത്തർ വരുന്നു പോകുന്നു. അത്രതന്നെ ... "


" എന്റെ പാറാവുകാരൻ പറഞ്ഞതുപോലെതന്നെ നിങ്ങൾക്ക് ഭ്രാന്താണെന്ന് തോന്നുന്നു. മഹാനായ ഇബ്റാഹീമിബ്നു അദ്ഹം എന്ന ചക


്രവർത്തിയെ കുറിച്ച് നിങ്ങൾക്ക് ഒന്നുമറിഞ്ഞുകൂടെന്നോ ...? അദ്ദേഹത്തിന്റെ കൊട്ടാരമാണിത്. ഞാനാണാ ചക്രവർത്തി മനസ്സിലായോ ...? "


" മഹാനായ ചക്രവർത്തിയോ ...? നിങ്ങൾക്കുമുമ്പ് അങ്ങനെ എത്രയെത്ര മഹാന്മാർ കഴിഞ്ഞുപോയിട്ടുണ്ട്. ഞാനൊന്ന് ചോദിക്കട്ടെ, അതിന്ന് ശരിയായ ഉത്തരം താങ്കൾ പറയുമോ ...?"


" പറയാമല്ലോ ..."


" എങ്കിൽ, ഈ കൊട്ടാരത്തിൽ താങ്കൾക്കുമുമ്പ് ആരായിരുന്നു താമസിച്ചിരുന്നത് ...?" 


" എനിക്ക് മുമ്പോ ... അത് എന്റെ പിതാമഹാൻ "


" അദ്ദേഹത്തിന് മുമ്പോ ...? "


" അദ്ദേഹത്തിന്റെ പിതാവായിരിക്കും..."


" അദ്ദേഹത്തിന് മുമ്പോ ...? "


" ഇതെന്തു ചോദ്യമാണ്. ആ  പിതാമഹന്റെ പിതാവ്. അതിലെന്താണിത്ര സംശയം ..."


" എനിക്കുശേഷം സംശയമില്ല. നേരെമറിച്ച് വളരെ ഉറപ്പാണ്. എന്റെ വാദത്തിന് തെളിവുദ്ധരിക്കാൻ വേണ്ടിയാണ് ഞാനീ ചോദ്യങ്ങൾ ചോദിച്ചത്. രാജാവ് തന്നെ ഒന്നു ചിന്തിച്ചുനോക്കൂ ... ആരും ഈ കൊട്ടാരത്തിൽ സ്ഥിരമായി പാർക്കുന്നില്ല. ഒരാൾ കുറച്ചുകാലം താമസിക്കുന്നു. പിന്നെ അയാളുടെ മകൻ, പിന്നെ അയാളുടെ മകൻ... അങ്ങനെ ഓരോരുത്തർ വരുകയും, വന്നപോലെതന്നെ തിരിച്ചുപോകുകയും ചെയ്യുന്നു ... അതുകൊണ്ടുതന്നെയാണ് ഞാനിതൊരു സത്രമാണെന്നു പറഞ്ഞത് ..."


രാജാവ് അത്ഭുതത്തോടെ അയാളുടെ വാക്കുകൾ കേട്ടുകൊണ്ട്, ആ മുഖത്തുനിന്ന് കണ്ണെടുക്കാതെ നോക്കുന്നതിനിടയിൽ പെട്ടെന്ന് ആഗതൻ അപ്രത്യക്ഷനായി ...