അബ്ദുല്ലാഹിബിൻ ജഅഫർ (റ) പ്രസിദ്ധ ഉദാരമനസ്കനായിരുന്നു. യാത്രാമധ്യേ തോട്ടത്തിൽ ഒരു അടിമ പണിയെടുക്കുന്നത് അദ്ധേഹം കണ്ടു. ഈത്തപ്പഴം പെറുക്കിക്കൂട്ടുന്ന പണിയാണയാൾക്ക്...
പണിക്കാരന് പ്രാതൽ കഴിക്കാൻ യജമാന പുത്രൻ രണ്ട് റൊട്ടി കൊണ്ടുവന്നു. ആയാൾ ഭക്ഷണം കഴിക്കാനിരുന്നു. വാലാട്ടി വിനയം കാണിച്ചു കൊണ്ട് ഒരു നായ അരികെ എത്തി. റൊട്ടിയിൽ നിന്ന് ഒന്ന് അയാൾ നായക്ക് നൽകി. നായ അത് പെട്ടെന്ന് അകത്താക്കി. നാവ് നുണഞ്ഞു കൊണ്ട് അത് വീണ്ടും തലയാട്ടി, രണ്ടാം റൊട്ടിയും അയാൾ നായക്ക് നൽകി. അടിമ ചെയ്യുന്നത് കണ്ട് അബ്ദുല്ലാഹിബ്നു ജഅഫർ (റ) അത്ഭുതപ്പെട്ടു...
അയാൾ ചോദിച്ചു: "ഭൃത്യാ താങ്കൾക്കിന്നെന്താണ് ഭക്ഷണം ...?"
അടിമ: "നിങ്ങൾ കണ്ടില്ലേ എന്റെ ഭക്ഷണ രീതി." ഇത് സാധാരണ നായകളെ കാണാത്ത പ്രദേശമാണ്. ഈ നായ വിശന്നു വലഞ്ഞാണ് വന്നത്. എന്റെ വിശപ്പിനേക്കാൾ ഞാൻ നായയുടെ വിശപ്പിനെ പരിഗണിച്ചു ഭക്ഷണം അതിനു നൽകി...
അബ്ദുല്ല: "ഇനി നിങ്ങൾ ഭക്ഷണത്തിന് എന്ത് ചെയ്യും..."
"വിശപ്പ് സഹിച്ച് വയർ ചുരുട്ടി കിടക്കും..."
പിന്നെ താമസിച്ചില്ല അബ്ദുല്ലാഹിബ്നു ജഅഫർ ഭൃത്യന്റെ യജമാനന്റെ അടുക്കൽ ചെന്നു. അടിമയെ വിൽക്കുമോ എന്ന് ചോദിച്ചു. യജമാനൻ: "നിങ്ങളെന്തിനാ അയാളെ വാങ്ങുന്നത്." അയാൾ താൻ കണ്ട കാര്യങ്ങൾ യജമാനനെ ധരിപ്പിച്ചു. അയാളെ വിലക്ക് വാങ്ങി അടിമത്തത്തിൽ മോചിപ്പിച്ച് ഒരു തോട്ടം വാങ്ങിക്കൊടുക്കുകയാണ് ലക്ഷ്യം എന്ന് പറഞ്ഞു...
"നിങ്ങൾ ഈ ഒരു കാര്യം മാത്രമല്ലേ അയാളിൽ നിന്ന് കണ്ടിട്ടുള്ളൂ... ഞങ്ങൾ ധാരാളം അത്ഭുതങ്ങൾ അയാളിൽ നിന്ന് കണ്ടിട്ടുണ്ട്. താങ്കളെ സാക്ഷിയാക്കി ഞാൻ ആ ഭൃത്യനെ അല്ലാഹുവിന്റെ മാർഗത്തിൽ മോചിപ്പിക്കുന്നു. അയാൾ ജോലിയെടുക്കുന്ന ആ തോട്ടം അയാൾക്ക് ദാനം നൽകുകയും ചെയ്തിരിക്കുന്നു..."
കെ എം മജീദ് ഫൈസി കിഴിശ്ശേരി