അബൂജഹലിന്റെ പരിഹാസ വചനത്തെ അവഗണിച്ചു കൊണ്ട് റസൂൽ തിരുമേനി ﷺ അവിടെ കൂടിയിരുന്നവരെ നോക്കി ഇപ്രകാരം പറഞ്ഞു.
“പ്രിയമുള്ളവരെ, ഇന്നലെ രാത്രിയുണ്ടായ ഒരത്ഭുത സംഭവം ഞാൻ നിങ്ങളെ അറിയിക്കാൻ പോവുകയാണ്.”
വിശ്വാസികളും അവിശ്വാസികളുമായി അവിടെ കൂടിയിരുന്നവരെല്ലാം നബി ﷺ പറയുന്നതെന്താണന്നുള്ള ആകാംക്ഷയോടുകൂടി അവിടേക്ക് ഉറ്റുനോക്കി. എന്തത്ഭുതമായിരിക്കും സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷ എല്ലാവരുടെയും മുഖത്ത് പ്രകടമായിരുന്നു.
തിരുമേനി ﷺ അവരുടെയെല്ലാം ആകാംക്ഷക്കറുതി വരുത്തിക്കൊണ്ട് തുടർന്നു. “ഞാൻ ഇന്നലെ രാത്രി പതിവുപോലെ മസ്ജിദുൽ ഹറമിൽ ഇരിക്കുകയായിരുന്നു. അപ്പോൾ എന്റെ സമീപം ബഹുമാനപ്പെട്ട മലക്ക് ജിബ്രീൽ (അ) വന്നുചേർന്നു.
"നബിയേ, അല്ലാഹു ﷻ വിന്റെ കൽപനയുണ്ട് അങ്ങ് ഉടനടി പുറപ്പെടുക" എന്ന് ജിബ്രീൽ (അ) എന്നോട് പറഞ്ഞു.
അദ്ദേഹത്തിന്റെ കൂടെ മിന്നൽപ്പിണരിന്റെ വേഗതയുള്ള വിശേഷപ്പെട്ട ഒരു വാഹനമുണ്ടായിരുന്നു. ആ വാഹനത്തിൽ കയറി ഞാൻ നിമിഷനേരങ്ങൾക്കകം ബൈത്തുൽ മുഖദ്ദസിലെത്തിച്ചേർന്നു. അവിടെ നിന്നും അല്ലാഹു ﷻ വിന്റെ അനുഗ്രഹത്താൽ ഏഴ് ആകാശങ്ങളിലും മറ്റും അല്ലാഹു ﷻ അനുവദിച്ച വിശേഷ സ്ഥലങ്ങളിലും പോയി. അല്ലാഹുﷻവുമായി മുനാജാത്ത് നടത്തുകയും മുൻകഴിഞ്ഞ അമ്പിയാക്കന്മാരോടൊത്തും മറ്റും നിസ്കാരം നിർവഹിക്കുകയും ചെയ്തു. പുലരുന്നതിനു മുമ്പ് തന്നെ ഞാൻ തിരിച്ച് വീട്ടിലെത്തി...”
അവിടെ കൂടിയിരുന്നവരെല്ലാം കേൾക്കാനാകാത്തതെന്തോ കേട്ട പ്രതീതിയുമായി മിഴിച്ചു നിൽക്കുകയായിരുന്നു. ഒക്കെ ഇസ്ലാമിലേക്ക് പുതുതായി വന്നവർ. വലിയ വലിയ കാര്യങ്ങളൊന്നും ദഹിക്കാനായിട്ടില്ല.
അബൂ ജഹലിനും കൂട്ടുകാരായ അവിശ്വാസികൾക്കും നബിﷺയുടെ വാക്കുകൾ വെറും ഭ്രാന്തൻ ജൽപ്പനമായിട്ടാണ് തോന്നിയത്. അബൂജഹൽ പൊട്ടിച്ചിരിച്ചു. ദീർഘമായ പൊട്ടിച്ചിരി. ആ പരിഹാസച്ചിരിയുടെ അവസാനം അയാൾ വായ തുറന്നു.
“ഇത്രയും വിഡ്ഢിത്വം എഴുന്നള്ളിക്കുന്ന ഒരു മനുഷ്യന്റെ കൂടെ നിൽക്കാൻ നിങ്ങൾക്കാർക്കും ഇനിയും ലജ്ജയില്ലേ. പറഞ്ഞ് പറഞ്ഞ്
എന്തൊക്കെയാണിയാൾ പറഞ്ഞു തുടങ്ങിയിരിക്കുന്നത്. തനി ഭ്രാന്ത്,
ഉഗ്രൻ വട്ട്.” ഇത്രയും പറഞ്ഞ് അയാൾ നബിﷺയുടെ നേരെ തിരിഞ്ഞു നിന്നുകൊണ്ട് ചോദിച്ചു.
“അല്ല, മുഹമ്മദേ (ﷺ), ഞാനൊന്നു ചോദിക്കട്ടെ, നീ ബൈത്തുൽ മുഖദ്ദിസ് കണ്ടുവെന്നാണല്ലൊ പറയുന്നത്. അതിന്റെ ആകൃതിയും പരിസരവുമെല്ലാം ഒന്ന് വിവരിച്ചു തരാൻ നിന്നെക്കൊണ്ടാകുമോ..? നീയിത് കണ്ടതാണെങ്കിൽ പറയുന്നതിന് ഒരു പ്രയാസവുമുണ്ടായിരിക്കുകയില്ലല്ലോ...”
“ഇല്ല, ഒരു പ്രയാസവും എനിക്കാ കാര്യത്തിലില്ല. ഞാൻ നേരിട്ടു കണ്ടതല്ലെ.” ഇത്രയും പറഞ്ഞ് നബി ﷺ ബൈത്തുൽ മുഖദ്ദിസിന്റെ ആകൃതിയും പ്രകൃതിയും ശരിക്കും വിശദമായി പറഞ്ഞുകൊടുത്തു.
ബൈത്തുൽ മുഖദ്ദീസ് നേരിൽ കാണാത്ത ഒരാൾക്കും തന്നെ അത്ര വിശദമായി അതിനെക്കുറിച്ച് വിവരിച്ചു കൊടുക്കാൻ കഴിയുകയില്ലെന്ന് അബൂജഹലിനു തന്നെ ബോദ്ധ്യമായി. സത്യമാണ് നബി ﷺ പറയുന്നതെന്ന് ബോധ്യമുണ്ടായിട്ടും അയാൾ തന്റെ പരിഹാസം തുടർന്നതേയുള്ളു...
ഈ സംഗതികളൊക്കെ നടക്കുമ്പോൾ ഒരാൾ മാത്രം അവിടെയുണ്ടായിരുന്നില്ല. അബൂബക്കർ (റ). ആരോ അദ്ദേഹത്തിന്റെ സമീപത്തേക്കോടി. ഈ കാര്യത്തിൽ അബൂബക്കർ എങ്ങനെ പ്രതികരിക്കുമെന്നറിയാനാണ് അവർ തിടുക്കപ്പെട്ടത്. അബൂബക്കറിനെ കണ്ടുമുട്ടിയ ഉടനെ ഒരുത്തൻ പറഞ്ഞു:
“കേട്ടില്ലെ.., മുഹമ്മദിന്റെ (ﷺ) പുതിയ നുണ, ഒറ്റ രാത്രികൊണ്ട് ബൈത്തുൽ
മുഖദ്ദിസിലും ഏഴ് ആകാശങ്ങളിലും പോയി തിരിച്ചു വന്നുവത്രെ...”
“എന്ത്..? നബി തിരുമേനി ﷺ അങ്ങനെ പറഞ്ഞോ..?!”
“അതെ, പറഞ്ഞു.”
“എങ്കിൽ അതു സത്യം തന്നെ. ഞാനതു വിശ്വസിക്കുന്നു...”
യാതൊരു സംശയവും കൂടാതെ അബൂബക്കർ (റ) പറഞ്ഞു. പ്രവാചകൻ ﷺ ഒരിക്കലും കളവു പറയുകയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.
ഈ നുണ കേട്ടാൽ അബൂബക്കറും പിന്തിരിയുമെന്നുറപ്പിച്ചവർക്ക് അമളി
പറ്റി...
പക്ഷെ, അദ്ദേഹത്തിന്റെ മറുപടി കേട്ടപ്പോൾ അവരെല്ലാവരും ഇളിഞ്ഞുപോയി. അബൂബക്കർ(റ)വിന്ന് പിന്നീട് അവിടെ നിൽപ്പുറപ്പിച്ചില്ല. അദ്ദേഹം നേരെ നബിﷺയുടെ അരികിലേക്കോടി. തിരുമേനി ﷺ എല്ലാ
കാര്യങ്ങളും അദ്ദേഹത്തോട് പറഞ്ഞു.
“നബിയെ, അങ്ങ് പറഞ്ഞത് സത്യമാണ്. ഞാനത് വിശ്വസിക്കുന്നു...”
അതെ, കേട്ടപാടെ അദ്ദേഹം നബിﷺയെ വിശ്വസിച്ച് അദ്ദേഹത്തിന് അങ്ങനെ ഒരു വിശേഷണനാമം കിട്ടി. സിദ്ദീഖ് അഥവാ സത്യമാക്കുന്നവൻ.
പ്രവാചകന്റെ (ﷺ) ആകാശാരോഹണ വാർത്തയിൽ തെല്ലു സംശയം
തോന്നിയവർക്കെല്ലാം സിദ്ദീഖ്(റ)വിന്റെ ആ സുദൃഡമായ വാക്കുകൾ മനസ്സുറപ്പ് കൊടുത്തു.