Wednesday - 22 April, 2026 4-Dhu al-Qadah-1447

മുഹമ്മദ് എന്ന പേരിന്റെ മഹത്വം

ഉസ്മാനിയ്യാ സുൽത്താൻ സുലൈമാനുൽ ഖാനൂനി (റ) ഒരു ദിവസം രാജവസതിയിൽ നിന്നു ദർബാറിലേക്കു വരുമ്പോൾ എന്തോ വേല ചെയ്തു കൊണ്ടു അവിടെ നിന്നിരുന്ന തന്റെ ഭൃത്യനെ വിളിച്ചു:


 "യാ ഗുലാം...!" (മോനേ...)


 അദ്ദേഹം വിളി കേട്ടു. നിർദ്ദേശിച്ച കൃത്യം നിർവ്വഹിക്കുകയും ചെയ്തു. എന്നാൽ, സുൽത്താന്റെ വിളി കേട്ട നിമിഷം മുതൽ അദ്ദേഹം വിഷണ്ണനായി കാണപ്പെട്ടു. മുഖത്തെന്തോ ദു:ഖത്തിന്റെ കരിനിഴൽ...


 അടുത്ത ദിവസവും സുൽത്താൻ വരുമ്പോൾ അദ്ദേഹത്തെ കണ്ടു...


 "യാ.. മുഹമ്മദ് "


വിളി കേട്ടു. ആ ഭൃത്യൻ ഓടി വന്നു. മുഖം കണ്ണീരിൽ കുതിർന്നു ചീർത്തിരിക്കുന്നു. കണ്ണുകളിൽ രക്തവർണം. 


"നിനക്കെന്തു പറ്റി..?"


"സുൽത്താൻ, ഞാൻ ഇരുപതു വർഷമായല്ലോ അങ്ങയുടെ കൂടെ ചേർന്നിട്ട്..."


"അതേ, ഇപ്പോ എന്തുണ്ടായി..?"


"ഇക്കാലമത്രയും അങ്ങെന്നെ മുഹമ്മദ്‌ എന്നാണു വിളിച്ചത്. എന്റെ ആദരവായ തിരുമേനിﷺയുടെ പേര്. എന്നാൽ, ഇന്നലെ - ഇന്നലെ മാത്രം അങ്ങെന്നെ യാ ഗുലാം എന്നു വിളിച്ചു. എന്നെ തിരുമേനിﷺയുടെ പേരു ചൊല്ലി വിളിച്ചില്ല. എനിക്കതു സഹിക്കാനോ ഓർക്കാനോ സാധിക്കുന്നില്ല..."


സുൽത്താൻ പറഞ്ഞു..,


 "നിങ്ങളെന്നോടു ക്ഷമിക്കണം.  ഇന്നലെ അങ്ങനെ ചെയ്യാൻ കാരണമുണ്ട്. ഞാൻ ഓർമ്മ വെച്ചതിനു ശേഷം വുളൂഓടെയല്ലാതെ തിരുനാമം മൊഴിഞ്ഞിട്ടില്ല. ഇന്നലെ ഇങ്ങോട്ടു വരുന്നതിനിടെ എന്റെ വുളൂഅ്‌ നഷ്ടപ്പെട്ടു. വീണ്ടും വുളൂഅ്‌ ചെയ്യുന്നതിനു മുമ്പാണ് നിന്നെ കണ്ടതും സലാം പറഞ്ഞതും. അപ്പോൾ, തിരുനാമം ഉച്ചരിക്കാൻ എനിക്കാകുമായിരുന്നില്ല..."


صَلَّى اللّٰهُ عَلَى مُحَمَّدْ صَلَّى اللّٰهُ عَلَيْهِ وَسَلَّمْ

اَللّٰهُمَّ صَلِّى عَلَى مُحَمَّدْ يَا رَبِّ صَلِّى عَلَيْهِ وَسَلِّمْ


മുഹമ്മദ് സജീർ ബുഖാരി