Wednesday - 22 April, 2026 4-Dhu al-Qadah-1447

ജാഗ്രത വേണമെപ്പോഴും

 ഒരിക്കൽ ഒരു യുവാവ് ഒരു ശെയ്ഖിന്റടുത്ത് വന്ന് പറഞ്ഞു...


  ഞാനൊരു ചെറുപ്പക്കാരനാണ്. എൻെറ ദൗർബല്യം സ്ത്രീകളാണ്. ഞാൻ യാത്ര ചെയ്യുമ്പോഴൊക്കെ എനിക്ക് സ്ത്രീകളെ നോക്കാതിരിക്കാൻ കഴിയുന്നേയില്ല. അതിനാൽ ആ തെറ്റിൽ നിന്ന് ഒഴിവാകാൻ ഞാനെന്ത് ചെയ്യണം..?


 ആ യുവാവിനെ അടിമുടി ഒന്ന് നോക്കി ശെയ്ഖ് അവന്റെ കയ്യിൽ ഒരു കപ്പ് കൊടുത്തു. അതിൽ നിറയെ പാൽ ഉണ്ടായിരുന്നു. എന്നിട്ട് അവനോട് പറഞ്ഞു.


  അങ്ങാടിയിലേക്ക് പോകുന്ന വഴിയിൽ ഇന്ന സ്ഥലത്ത് നീ ഇത് എത്തിക്കണം. ഒരു തുള്ളി പാലു പോലും ഇതിൽ നിന്ന് പൊയ്കൂടാ..!അത് പ്രത്യേകം ശ്രദ്ധിക്കണം


 തന്റെ ശിഷ്യരിൽ ഒരാളോട് കൂടെ പോകാനും പാൽ കോപ്പയിൽ നിന്ന് ഒരു തുള്ളി താഴെ പോയാൽ അവിടെ വെച്ചുകൊണ്ട്, അത്  ജനങ്ങളുടെ മുന്നിൽ വെച്ചായാൽ പോലും തല്ലാനും നിർദ്ദേശിച്ചു...


 അങ്ങനെ നിർദ്ദേശിച്ച സ്ഥലത്ത് ഒരു തുള്ളി പാൽ പോകാതെ എത്തിച്ചു.

പിന്നീട് ശെയ്ഖിന്നരികിൽ എത്തിയപ്പോൾ ശെയ്ഖ് ചോദിച്ചു...


  ഇന്ന് നീ എത്ര യുവതികളെ നോക്കി..?


 യുവാവ് മറുപടി പറഞ്ഞു...


  ഇന്ന് ഞാൻ ആരെയും കണ്ടില്ല. ഞാന്‍ പേടിച്ചുകൊണ്ടാണ് പോയത്. കാരണം പാലെങ്ങാനും ഒരു തുള്ളി പോയെങ്കിൽ നിങ്ങളുടെ ശിഷ്യന്റെ അടി ഞാന്‍ കൊള്ളേണ്ടിവരുമെന്ന് മാത്രമല്ല, അത് ജനങ്ങൾക്ക് മുന്നിൽ വെച്ചാകുമ്പോൾ അപമാനിതനാവുകയും ചെയ്യുമല്ലോ എന്ന് പേടിച്ച് ഞാൻ ആരെയും ശ്രദ്ധിച്ചതേ ഇല്ല


 അപ്പോള്‍ ശെയ്ഖ് പറഞ്ഞു...


  ഇതുപോലെ ആയിരിക്കണം ഓരോ സത്യ വിശ്വാസിയും. എപ്പോഴും അല്ലാഹു ﷻ നെ പേടിക്കുകയും തെറ്റ് ചെയ്താൽ ഖിയാമത്ത് നാളിൽ ജനങ്ങൾക്ക് മുന്നിൽ വെച്ച് നിന്ദ്യനാവുമല്ലോ എന്ന ഭയപ്പാടും വേണം. എന്നാല്‍ വിജയി ആയിത്തീരാം


"അള്ളാഹു വിജയികളുടെ കൂടെ നാമേവരെയും ഉൾപ്പെടുത്തട്ടെ"...

ആമീൻ യാ റബ്ബൽ ആലമീൻ ...


സൈതലവി ഫൈസി, കടമ്പഴിപ്പുറം