രാജാവ് ഒരിക്കൽ തന്റെ മന്ത്രിയോട് പറഞ്ഞു:
നമ്മുടെ കൊട്ടാരത്തിലെ ഭൃത്യനെ വളരെ സന്തോഷവാനും ജീവിതത്തിൽ പരാതിയില്ലാത്തവനുമായി ഞാൻ നിത്യേന കാണുന്നു. എന്നാൽ ഈ രാജ്യം ഭരിക്കുകയും രാജ്യത്തെ എല്ലാ സ്വത്തുക്കളുടെയും ഉടമയായ എനിക്ക്, ഒന്നുമില്ലാത്ത ഭൃത്യൻ അനുഭവിക്കുന്ന മാനസിക സുഖവും സന്തോഷവും ലഭിക്കുന്നില്ലല്ലോ...
എന്താണ് കാരണം?
രാജാവിന്റെ ചോദ്യത്തിന് വളരെ ആലോചിച്ച ശേഷം മന്ത്രി പറഞ്ഞു...
"പ്രശ്‌നം 99 ന്റേതാണ് പ്രഭോ..."
ഒരു കാര്യം ദയവായി ചെയ്യണം എന്നുണർത്തുന്നു. ഒരു സഞ്ചിയിൽ 99 ദിർഹം നിറക്കുക. സഞ്ചിയുടെ പുറത്തു 100 ദിർഹം എന്നെഴുതുകയും വേണം. ഈ പണ സഞ്ചി ഭൃത്യന്റെ വീടിനു മുന്നിലായി കൊണ്ടുപോയി വെക്കാൻ ഏർപ്പാടുണ്ടാക്കുക.
അങ്ങനെ ആ പണ സഞ്ചി ഭൃത്യൻ അറിയാതെ അയാളുടെ വാതിലിനു മുന്നിൽ കൊണ്ടുപോയി വെച്ചു...
വാതിലിനു മുന്നിൽ നിന്നും കിട്ടിയ 100 ദിർഹം എന്ന് എഴുതിയ പണസഞ്ചി സന്തോഷത്തോടെ തുറന്നു അയാൾ അതെല്ലാം എണ്ണി കൃത്യത വരുത്തി. അപ്പോൾ രേഖപ്പെടുത്തിയതിൽ നിന്നും ഒരു ദിർഹം കുറഞ്ഞതായി കണ്ടു. വീണ്ടും എണ്ണി. അപ്പോഴും 99 തന്നെ. സംശയത്തോടെ ആ ഒരു ദിർഹമും കൂടി ഉണ്ടെങ്കിൽ 100 തികയുമല്ലോ എന്ന് ചിന്തിച്ചു വീണ്ടും വീണ്ടും ആ ദിർഹമുകൾ മാറി മാറി എണ്ണി. അയാളുടെ ചിന്ത മുഴുവൻ ആ ഒരു ദിർഹത്തെക്കുറിച്ചായിരുന്നു...
ആ ഒരു ദിർഹം എന്ത് കൊണ്ട് കിട്ടിയില്ല എന്ന് ചിന്തിച്ചു അയാളുടെ ഉറക്കം പോയി. മാനസിക സുഖവും സന്തോഷവും നഷ്ടപ്പെട്ടു...
അപ്പോൾ രാജാവിനോട് മന്ത്രി പറഞ്ഞു: "ഇതാണ് പ്രശ്‌നം. പ്രശ്നം 99 ആണ്"
ഇതൊരു കഥയാണ്. ഇതാണ് നമ്മുടെ ജീവിതത്തിലെയും സ്വസ്ഥത കളയുന്ന കാര്യം. മനസ്സമാധാനത്തോടെ ജീവിച്ചിരുന്ന ആ ഭൃത്യന് ഉള്ള സമാധാനം പോകാൻ കാരണം 99 ദിർഹമുകളായിരുന്നു. അതായത് അതുള്ളതു കൊണ്ടാണ് 100 ലേക്കെത്താൻ ഒന്നിനെക്കുറിച്ചു ആലോചിച്ചു അയാളുടെ സ്വസ്ഥത പോയത്...
നാമും ഇങ്ങനെയാണ് നമുക്ക് കിട്ടിയതിലല്ല നാം ഉള്ളത്. അതിനു നന്ദി കാണിച്ചു ജീവിക്കുകയുമല്ല. മറിച്ചു കിട്ടാത്ത ഒന്നിനെ തേടി അതിനായി ഉറക്കം കളഞ്ഞു ചിന്തിച്ചു ഉള്ള സമാധാനം നാം തന്നെ നഷ്ട്ടപ്പെടുത്തുകയാണ്...
അല്ലാഹു ﷻ നമുക്ക് കുറേ നൽകിയിട്ടുണ്ട്. അത് നാം തിരിച്ചറിയുക. അതിനു നന്ദി കാണിക്കുക. ഉള്ളവ നഷ്ടപ്പെടാതെ സൂക്ഷിക്കുക. ഈ പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നതും അതാണ്. അവിടുന്ന് ﷺ പറഞ്ഞു:
"നിങ്ങൾ നിങ്ങളെക്കാൾ താഴ്ന്നവരിലേക്കു നോക്കുക. നിങ്ങളെക്കാൾ മേലെയുള്ളവരിലേക്കു നോക്കരുത്. അതാണ് നിങ്ങളുടെ മേലുള്ള അല്ലാഹു ﷻ ന്റെ അനുഗ്രഹം നിസ്സാരമായി കാണാതിരിക്കാൻ നിങ്ങള്‍ക്ക് നല്ലത്."
(മുസ്ലിം)
റഹ്‌മാനായ റബ്ബിന്റെ പൊരുത്തത്തിൽ ജീവിച്ചുമരിക്കാൻ നാമേവർക്കും നാഥൻ തൗഫീഖ് നൽകട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ ...