Thursday - 23 April, 2026 5-Dhu al-Qadah-1447

ഈ ഭരണം ആരാണ് കൊതിക്കാത്തത്

ഖലീഫാ ഉമറിന്റെ (റ) ഭരണത്തിന്റെ കീഴില്‍ എനിക്ക് ഏതു മലഞ്ചെരുവിലും തനിച്ചു കിടന്നുറങ്ങാം. ചെന്നായ്ക്കളെയല്ലാതെ മറ്റൊന്നിനെയും താന്‍ ഭയക്കേണ്ടതില്ല എന്നൊരു സ്ത്രീക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു...


 ഇന്ന് സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ മാത്രമല്ല പകൽ സമയത്ത് പോലും തനിച്ച് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ്. പക്ഷെ ഉമർ (റ) കാലത്ത് ഏതൊരു സ്ത്രീക്കും ഏത് സമയത്തും പുറത്തിറങ്ങാമായിരുന്നു. കാരണം‌ ഭരിക്കുന്നത് ഉമർ(റ)യാണ്.


 ഇപ്പൊഴാണ് നമ്മൾക്ക് ഉമർ(റ)യെ പോലെയുള്ള ഭരണാധികാരികളെ ആവിശ്യം നമ്മൾ മനസിലാക്കേണ്ടത്.


 ഉമര്‍(റ) ഭരണം തുടങ്ങി കുറേ കാലം കഴിഞ്ഞു. രാത്രി സമയങ്ങളില്‍ മദീന ഉറങ്ങിക്കിടക്കുമ്പോള്‍ ഉറങ്ങാതെ പ്രജകളുടെ ക്ഷേമാന്വേഷണങ്ങളറിയാന്‍ മദീനയുടെ തെരുവോരങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടക്കാറുണ്ടായിരുന്നു ഉമര്‍. ഏതെങ്കിലും ഒരു മനുഷ്യന് എന്തെങ്കിലും ഒരാവിശ്യമുണ്ടെങ്കിലോ എന്നോര്‍ത്ത്...


 അത്തരം ഒരു യാത്രയില്‍, ഒരു തണുത്ത രാത്രിയില്‍, മദീനയുടെ പ്രാന്ത പ്രദേശത്തെ ഒരു താഴ് വരയില്‍ ഖലീഫാ ഉമര്‍ ഒരു തീവെട്ടം കണ്ടു. ആകാംഷയോടെ അദ്ദേഹം അങ്ങോട്ടു ചെന്നു...


 അവിടെ ഒരു സ്ത്രീ ആ വിജനമായ സ്ഥലത്ത് ഒരു മരച്ചുവട്ടില്‍ ഒരു അടുപ്പു കൂട്ടി തീ കത്തിച്ചു കൊണ്ടിരിക്കുകയാണ്. അവളുടെ അരികില്‍ തളര്‍ന്നുറങ്ങുന്ന രണ്ടോ മൂന്നോ കുഞ്ഞുങ്ങളുണ്ടായിരുന്നു. അടുപ്പിന്റെ മുകളിലെ ഒരു കലത്തില്‍ തിളച്ചു കൊണ്ടിരിക്കുന്ന വെറും വെള്ളം മാത്രം. തന്റെ അടുത്തൊരു നിഴലാട്ടം കണ്ടപ്പോള്‍ സ്ത്രീ ഞെട്ടിത്തിരിഞ്ഞു നോക്കി..! അപരിചിതനായ ഒരു പുരുഷനെ കണ്ടപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ ആ സ്ത്രീ ഖലീഫാ ഉമറിനോടു ചോദിച്ചു:


 "ഹെ.. മനുഷ്യ. നിങ്ങള്‍ക്കിത്ര ധൈര്യമോ..? വിജനമായ ഒരു സ്ഥലത്ത് ഒരു സ്ത്രീ മാത്രമുള്ളപ്പോള്‍ അവളുടെ അടുത്തേക്ക് പാത്തും പതുങ്ങിയും വരാന്‍ നിങ്ങളെങ്ങിനെ ധൈര്യപ്പെടുന്നു. അറേബ്യ ഭരിക്കുന്നത് ഉമറാണെന്നു നിങ്ങള്‍ക്കറിയില്ലെ. നാളെ ഈ കാര്യമെങ്ങാനും ഉമര്‍(റ) അറിഞ്ഞാല്‍ നിങ്ങളുടെ കാര്യമെന്താവുമെന്ന് നിങ്ങളോര്‍ക്കുന്നുണ്ടോ..?"


 ഉമര്‍ ശാന്തനായി പറഞ്ഞു: “പ്രിയപ്പെട്ട സഹോദരീ. അപരിചിതവും വിജനവുമായ ഒരു സ്ഥലത്ത് തീ വെളിച്ചം കണ്ടു വന്നതാണ്. നിങ്ങള്‍ ബുദ്ധിമുട്ടിലാണെന്ന് തോന്നുന്നു. നിങ്ങള്‍ക്കു വല്ല സഹായവും ആവശ്യമുണ്ടോ..?

സഹോദരീ... നിങ്ങള്‍ ആരാണ്..? എന്തിനാണ് ഇങ്ങോട്ട് വന്നിരിക്കുന്നത്..?"


 "ഞങ്ങള്‍ ദൂരെ നിന്നു വരികയാണ്. പട്ടിണി സഹിക്കാന്‍ വയ്യാതായ കാരണം ഖലീഫാ ഉമറിനെ കണ്ട് സഹായമെന്തെങ്കിലും കിട്ടുമോ എന്നു നോക്കാന്‍ വന്നതാണ്. ഇവിടെ എത്തിയപ്പോള്‍ രാത്രിയായി. നാളെ രാവിലെ ഖലീഫയെ കാണാമെന്നു കരുതി. വിശന്ന മക്കളെ വെറുതെ വെള്ളം ചൂടാക്കുന്നത് കാണുമ്പോള്‍ ഭക്ഷണമായിരിക്കും എന്നാശ്വസിച്ച് കിടക്കുമല്ലോ. അവര്‍ അങ്ങിനെ ഉറങ്ങട്ടെ...

 ഖലീഫക്കിതൊന്നും അറിയേണ്ടതില്ലല്ലോ. നാളെ അല്ലാഹുﷻവിന്റെ കോടതിയില്‍ വിശന്നുറങ്ങുന്ന എന്റെ കുട്ടികളുടെ കാര്യത്തില്‍ ഖലീഫക്കെങ്ങിനെ ഒഴിഞ്ഞു മാറാനാവും..?!"


 ആ സ്ത്രീയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഖലീഫാ ഉമര്‍ (റ) ഞെട്ടി വിറച്ചു...

 അദ്ദേഹത്തിന്റെ കണ്ണുകളിലൂടെ ധാര ധാരയായി കണ്ണുനീര്‍ ഒലിച്ചിറങ്ങാന്‍ തുടങ്ങി. പിന്നെ അദ്ദേഹം അവിടെ നിന്നില്ല. തിരിച്ചോടുകയായിരുന്നു. തന്റെ മന്ത്രിയുടെ വീടിന്റെ വാതിലില്‍ മുട്ടി വിളിച്ചു...


 അദ്ദേഹം പുറത്തേക്കു വന്നപ്പോള്‍ ഖലീഫ ഉമര്‍ ഒരൊറ്റ ചോദ്യമേ ചോദിച്ചുള്ളു...


 “അറേബ്യയില്‍ എത്ര മനുഷ്യര്‍ പട്ടിണി കിടക്കുന്നുണ്ട്..?"


 "അമീറുല്‍ മുഅ്മിനീന്‍.. എന്റെ അറിവില്‍ ആരുമില്ല തന്നെ..."


 "കഷ്ടം.. നിനക്കും ഉമറിനും നാശം. ആ മലഞ്ചെരുവിലതാ ഉമറിനുള്ള ശിക്ഷ വിശന്നുറങ്ങുന്നു. നീയിവിടെ ഉറങ്ങുകയാണോ..? എന്റെ കൂടെ വരിക..."


 ഉമര്‍ (റ) അയാളെയും കൂട്ടി പൊതു  ഖജനാവിന്റെ അടുത്തു ചെന്നു. അതിന്റെ കാവല്‍കാരനോട് അത് തുറക്കാന്‍ പറഞ്ഞു. വലിയ ഒരു ചാക്ക് ധാന്യം തന്റെ തലയിലേക്കു വെച്ചു തരാന്‍ ഉമര്‍ തന്റെ മന്ത്രിയോട് പറഞ്ഞു...


 അയാള്‍ മടിച്ചു നിന്നു. പിന്നെ ഉമറിനോടു പറഞ്ഞു: "അമീറുല്‍ മുഅ്മിനീന്‍... താങ്കളത് എന്റെ ചുമലിലേക്ക്പിടിച്ചു തരിക. ഞാനിവിടെ നില്ക്കുമ്പോള്‍ ഈ ഭാരം അങ്ങ് ചുമക്കുകയോ..?"


 കോപത്തോടെ ഖലീഫാ ഉമര്‍ (റ) ചോദിച്ചു: "നാളെ വിചാരണ ദിവസം അല്ലാഹുﷻവിന്റെ മുമ്പില്‍ എന്റെ പാപ ഭാരങ്ങളും നീ ചുമക്കുമോ..? നീ ഇതെന്റെ ചുമലിലേക്കു വെച്ചു തരിക. ഇത് ഖലീഫയുടെ ഉത്തരവാണ്..."


 ആ രാജ കല്‍പ്പനക്കു മുമ്പില്‍ മന്ത്രിക്ക് മറ്റൊന്നും പറയാനുണ്ടായിരുന്നില്ല. തന്റെ തലയില്‍ ചുമന്ന ചാക്കും, ഒരു കയ്യില്‍ ഈത്തപ്പഴ വട്ടിയുമായി ഖലീഫാ ഉമര്‍ ആ മലഞ്ചെരുവ് ലക്ഷ്യമാക്കി നടന്നു. മുന്നാലെ വഴി വെളിച്ചം കാണിച്ചു കൊണ്ട് മന്ത്രിയും...


അവരെത്തിയപ്പോള്‍ ആ സ്ത്രീ അമ്പരന്നു പോയി... 


 ഉമര്‍ (റ) ആ സ്ത്രീക്ക് ധാന്യവും ഈത്തപ്പഴവും കൊടുത്തു. അതെല്ലാം കിട്ടിയ സന്തോഷത്തോടെ ആ സ്ത്രീ പറഞ്ഞു:   


 “നിങ്ങളെത്ര നല്ല മനുഷ്യനാണ്. തീര്‍ച്ചയായും ഉമറിനെക്കാളും അറേബ്യയുടെ ഖലീഫയാകാന്‍ നിങ്ങളാണ് ‘യോഗ്യന്‍’..."


 അതു കേള്‍ക്കെ ഇതാണ് ഖലീഫ ഉമര്‍ എന്നു പറയാന്‍തുനിഞ്ഞ മന്ത്രിയുടെ മുഖത്തേക്ക് ഖലീഫാ ഉമറൊന്നു നോക്കിയപ്പോള്‍ പിന്നെ അങ്ങിനെ പറയാന്‍ മന്ത്രിക്കായില്ല...


 ഖലീഫാ ഉമര്‍ (റ) ആ സ്ത്രീയോടായി ഇങ്ങിനെ പറഞ്ഞു:


 "പ്രിയപ്പെട്ട സഹോദരീ... ഖലീഫാ ഉമറിന് ഒരു പക്ഷെ നിങ്ങളുടെ വിവരമൊന്നും അറിയാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല. അദ്ദേഹം തീര്‍ച്ചയായും അല്ലാഹുﷻവിനെ ഭയക്കുന്നവനാണ്. നിങ്ങള്‍ നാളെ അദ്ദേഹത്തെ ചെന്നു കാണുക. അദ്ദേഹം നിങ്ങളെ വേണ്ട രീതിയില്‍ സഹായിക്കുക തന്നെ ചെയ്യും..."


 ഇത്രയും പറഞ്ഞു കൊണ്ട് ഖലീഫാ ഉമര്‍ (റ) കുറച്ചകലേക്കു മാറി, ആ സ്ത്രീക്കും കുഞ്ഞുങ്ങള്‍ക്കും കാവലെന്ന വണ്ണം പുലര്‍ച്ചെ വെള്ള കീറുന്നതു വരെ ആ മലഞ്ചെരുവിന്റെ ഒരു ഭാഗത്തിരുന്നു...


 ഖലീഫാ ഉമറിന്റെ (റ) ഭരണത്തിന്റെ കീഴില്‍ എനിക്ക് ഏതു മലഞ്ചെരുവിലും തനിച്ചു കിടന്നുറങ്ങാം, ചെന്നായ്ക്കളെയല്ലാതെ മറ്റൊന്നിനെയും താന്‍ ഭയക്കേണ്ടതില്ല എന്നൊരു സ്ത്രീക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.