Wednesday - 22 April, 2026 4-Dhu al-Qadah-1447

പിഞ്ചു പൈതലിന്റെ കണ്ണുനീരിന് മുന്നിൽ പൊട്ടിക്കരഞ്ഞപ്പോൾ

ഓരോ ഭരണാധികാരികളും പഠിക്കണം ഈ നായകനെ. നീതിമാനായിരുന്നു ഖലീഫ ഉമർ(റ)...


 ഖലീഫ സ്ഥാനം ഏറ്റെടുത്ത ഉമറിനോട് കാര്യങ്ങൾ ചർച്ച ചെയ്യാൻ പോലും സഹാബത് പേടിച്ചിരുന്നു. അത് കൊണ്ട് മഹാനായ അലി (റ) നോട് അവർ പോയിട്ട് പരാതി പറഞ്ഞു. ഖലീഫക്ക് ഗൗരവം കൂടുതലാണ്. അതൊന്നു കുറക്കാൻ പറയണം. ജനങ്ങൾക്ക് അദ്ദേഹത്തോട് സംസാരിക്കാൻ പോലും പേടിയാണ്...


 ഇക്കാര്യം അലി (റ) പോയിട്ട് ഉമർ (റ) വിനോട് പറഞ്ഞു. 

ഉമർ (റ) ഒന്നും മിണ്ടിയില്ല.

പിന്നീട് നമസ്കാരത്തിന് ശേഷം സഹാബത്തിന്റെ മുന്നിൽ എഴുന്നേറ്റ് നിന്നുകൊണ്ട് ഉമർ (റ) പറഞ്ഞു


  "എന്റെ ജോലി ചെറുപ്പത്തിൽ ആടുകളെയും ഒട്ടകങ്ങളെയും മേക്കലായിരുന്നു. എന്റെ പിതാവ് ഖത്താബ് ചെറുപ്പത്തിൽ എന്നെ നന്നായിട്ട് അടിക്കുമായിരുന്നു. അതുകൊണ്ട് തന്നെ എന്റെ സ്വഭാവം അല്പം പരുക്കനായി. പക്ഷെ നീതിയും ന്യായവും വിട്ട്  ഞാനൊന്നും ചെയ്യില്ല. പരാതികൾ നിങ്ങൾക്ക് എന്നോട് ബോധിപ്പിക്കാം. ന്യായമായ പരാതികൾ ആണെങ്കിൽ കൂടെ ഞാനുണ്ടാകും. ഇസ്ലാമിനെ സംരക്ഷിച്ചാൽ നിങ്ങൾക്ക് പാദസേവ ചെയ്യാൻ പോലും ഞാനുണ്ടാകും. എന്നാൽ ഇസ്ലാമിന് എതിര് പ്രവർത്തിച്ചാൽ നിങ്ങളുടെ തലയെടുക്കാനും ഞാനുണ്ടാകും..."


 ഒരിക്കൽ ഉമറിന്റെ കോടതിയിൽ ഒരു വാദിയും പ്രതിയും ഹാജരായി. വാദം കേട്ട ന്യായാധിപനായ ഖലീഫ പ്രതിക്കുള്ള ശിക്ഷ വിധിച്ചു. ആശയോടെ സന്തോഷത്തോടെ വാദിയും ശിക്ഷയും വാങ്ങിച്ചു കൊണ്ട് പ്രതിയും വെളിയിലേക്ക് ഇറങ്ങിയപ്പോൾ അതേവരെ ന്യായാധിപന്റെ സ്ഥാനത്തിരുന്ന ഉമർ (റ) തന്റെ റൂമിന്റെ അകത്തേക്ക് കടന്നുകൊണ്ട് വാതിലുകൾ അടച്ചുകൊണ്ട് സ്വന്തം നെഞ്ചിനു നേരെ വിരൽ ചൂണ്ടിയിട്ട് സംസാരിക്കാൻ തുടങ്ങി, എടാ ഉമറെ ഒരുകാലഘട്ടത്തിൽ നിന്റെ പിതാവ് ഖത്താബ് ഈന്തപ്പന മരത്തിൽ കെട്ടിയിട്ട് നിന്നെ അടിച്ചിട്ടുണ്ട്. അവിടെ നിന്ന് അല്ലാഹു ﷻ നിന്നെ കൈപിടിച്ചുയർത്തി. ഇപ്പോൾ നീ വലിയ ഭരണാധികാരി ആയപ്പോൾ പ്രതിക്കുള്ള ശിക്ഷ കൊടുത്തുകൊണ്ട് നീ വലിയ അഹങ്കാരി ആയെന്നു നിനക്ക് തോന്നണ്ട എന്ന് പറഞ്ഞു ചാട്ടവാറുകൊണ്ട് സ്വന്തം ശരീരത്തിലേക്കു അടിച്ചുകൊണ്ട് അഹങ്കാരം ഇല്ലാതാക്കി മാറ്റിയിരുന്നു മഹാനായ സയ്യിദുനാ ഉമർബ്നുൽ ഹത്തബ് (റ)....


 അഭയാർത്ഥികൾക്കൊരു അഭയ കേന്ദ്രമായിരുന്നു ഖലീഫ ഉമർ. മദീനയിലേക്ക് വല്ല അഭയാർത്ഥികളും വന്നാൽ രാത്രിയിൽ ഖലീഫയായ ഉമർ (റ) അവർക്കു കാവൽ നിൽക്കുമായിരുന്നു. 


 ഒരിക്കൽ ഒരു സഹാബി വന്നിട്ട് ചോദിച്ചു, അമീറുൽമുഹ്‌മിനീൻ എല്ലാദിവസവും ഉറക്കമൊഴിച്ചുകൊണ്ട് അങ്ങെന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് ഞങ്ങൾ ആരെങ്കിലും കാവൽ നിന്നുകൊള്ളാം. 


 അതിനു അദ്ദേഹം പറഞ്ഞ മറുപടി, വേണ്ട ഇതൊക്കെ ഞാനെന്റ ആഹിറത്തിനു വേണ്ടി ചെയ്യുന്നതാണ്. എനിക്കൊരു കാലം കടന്നുപോയിട്ടുണ്ട്. എത്രയോ രാത്രികളിൽ ഞാൻ മദ്യപിച്ചവനാണ്, എത്രയോ രാത്രികളിൽ സുന്ദരി പെണ്ണുങ്ങളുടെ കൂടെ കിടന്ന് ചൂടും ചൂരും അനുഭവിച്ചവനാണ്. എത്രയോ ഹറാമുകൾ ചെയ്തവനാണ്. എത്രയോ ആളുകളോട് മനസ്സാക്ഷിയില്ലാതെ പെരുമാറിയവനാണ്, ഇതിനൊക്കെ ഒരു പ്രായാശ്‌ചിത്തമാണ് ഇതൊക്ക.


 ഗർഭിണികളുടെ പ്രസവമെടുക്കാൻ സ്വന്തം ഭാര്യയെ കൂട്ടിപോകുമായിരുന്നു മഹനായ ഉമർ (റ). പാവപ്പെട്ട പ്രജകൾക്ക് റൊട്ടി ചുടാനുള്ള മാവും തോളിൽ ചുമന്ന് കൊണ്ട് പോവുമായിരുന്നു. ഉമർ (റ) ശഹീദായിട്ട് മയ്യിത് കുളിപ്പിക്കുമ്പോൾ വലത് തോളിൽ ഒരു അടയാളം ഉണ്ടായിരുന്നു. പാവപ്പെട്ടവർക്ക് വേണ്ടി മാവ് ചുമന്ന് പോയതിന്റ അടയാളം...

 

പ്രജകളുടെ ക്ഷേമമന്യേഷിക്കാൻ രാത്രിയിൽ വേഷം മാറിയിട്ട് സഞ്ചരിക്കുമായിരുന്നു ഖലീഫ ഉമർ (റ). 

ഒരിക്കൽ രാത്രിയിൽ ഖലീഫ വേഷം മാറി  സഞ്ചരിക്കുമ്പോൾ ഒരു കുടിലിൽ നിന്ന് ഒരു കരച്ചിൽ കേട്ടു. ഒരു കൊച്ചു കുട്ടിയാണ് കരയുന്നത്. ഉമർ നേരെ ആ വീട്ടിലേക്ക് കടന്നു ചെന്നുകൊണ്ട് ചോദിച്ചു: "എന്തിനാണ് ഈ കുട്ടി കരയുന്നത്..."


 മുമ്പിൽ നിൽക്കുന്നത്‌ ഖലീഫയാണെന്ന് മനസ്സിലാകാതെ ആ മാതാവ് പറഞ്ഞുവത്രേ.., "ഞങ്ങളുടെ നാട് ഭരിക്കുന്നത് ഖലീഫ ഉമറാണ്. ഇന്നലെ ഉമറിന്റെ ഗവൺമെന്റ് ഒരു നിയമം നടപ്പാക്കി. മുലകുടി പ്രായം കഴിഞ്ഞ കുട്ടികൾക്ക് മാത്രമേ സൗജന്യ റേഷൻ ലഭിക്കൂ.. എന്റെ കുഞ്ഞിന്റെ മുലകുടി മാറിയിട്ടില്ല. പക്ഷെ ഞാൻ നിർബന്ധിച്ചു മാറ്റാൻ ശ്രമിക്കുകയാണ്. നാളെ ഈ കുഞ്ഞിനെ ഉമറിന്റെ മുന്നിൽ ഹാജരാക്കിയിട്ട് മുലകുടി പ്രായം കഴിഞ്ഞെന്നു തെളിയിച്ചാൽ അത്രയും സൗജന്യ റേഷൻ ഞങ്ങൾക്ക് ലഭിക്കുമല്ലോ, ഞങ്ങൾ പാവങ്ങളാണ്. അതുകൊണ്ട് എന്റെ കുഞ്ഞിന് മുലപ്പാല് കൊടുക്കാതെ  ഞാൻ കുടി നിർത്താൻ ശ്രമിക്കുന്നത് കൊണ്ടാണ് എന്റെ കുട്ടി കരയുന്നതെന്നു ആ മാതാവ് പറഞ്ഞു." 


 ഇത് കേട്ട ഉമർ തരിച്ചു നിന്നു. വിതുമ്പുന്ന ചുണ്ടുകളോടെ ഉമർ നേരെ മസ്ജിദുന്നബവിയിൽ പോയി സുജൂദിൽ കിടന്നു പൊട്ടിക്കരഞ്ഞുവത്രേ...


അവസാനം കരഞ്ഞു കരഞ്ഞു സുബ്ഹി നമസ്കാരത്തിന് ഇമാമായി നിന്ന് സൂറത്തുൽ ഫാതിഹ ഓതാൻ കഴിയാതെ ഉമർ കരഞ്ഞു. അവസാനം സലാം വീട്ടിയിട്ട് കരഞ്ഞുകൊണ്ട്  ആകാശത്തേക്ക് കൈകൾ ഉയർത്തികൊണ്ട് അദ്ദേഹം പറഞ്ഞുവത്രേ,  അല്ലാഹുവേ ഇന്നലെ ഈ ഉമറിന്റെ ഒരു തെറ്റായ തീരുമാനം കാരണം ഒരു പിഞ്ചുപൈതലിന്റ കണ്ണുനീർ ഈ ഭൂമിയിൽ വീണുപോയി തമ്പുരാനെ. അതിന്റെ പേരിൽ ഈ ഉമറിനെ നാളെ നീ നിന്റെ സ്വർഗത്തിൽ നിന്ന് പുറത്താക്കല്ലെ അല്ലാഹ്...


 ഒരിക്കൽ ഇഷാ നമസ്കാരം കഴിഞ്ഞുകൊണ്ട് അബൂതൽഹ (റ) വീട്ടിലേക്ക് പോകുമ്പോൾ ഇരുട്ടിലൂടെ പാത്തും പതുങ്ങിയും ഒരാൾ പോകുന്നത് അദ്ദേഹം കണ്ടു. പോക്ക് കണ്ട് എന്തോ പന്തികേട് തോന്നിയ അദ്ദേഹം അയാളെ പിന്തുടർന്നു. ഇവൻ വല്ല കള്ളനുമാണെങ്കിൽ ഇവനെ പിടിച്ചു ഉമറിന്റെ കോടതിയിൽ ഹാജരാക്കി ഇവന് ശിക്ഷ വാങ്ങിച്ചു കൊടുക്കണം. അദ്ദേഹം ചിന്തിച്ചു...


 ആ മനുഷ്യൻ നേരെ ഒരു കൊച്ചു കുടിലിലേക്ക് കയറിപ്പോയി വാതിലടച്ചു. ആ കുടിലിലിന്റെ ഇരുണ്ട വെളിച്ചത്തിൽ അയാളുടെ മുഖം അബൂത്വൽഹ കണ്ടു. മറ്റാരും ആയിരുന്നില്ല ഖലീഫ ഉമർ തന്നെ ആയിരുന്നു അത്. പാതി രാത്രിയിൽ ഖലീഫ ഉമർ ഒരു വീടിന്റെ ഉള്ളിൽ കയറി വാതിലടക്കുകയോ, അദ്ദേഹം ഞെട്ടിപ്പോയി..!!


 മനസ്സിൽ പല സംശയങ്ങളും അബൂതല്ഹ(റ) വിന് വന്നു. എന്തിനായിരിക്കും ഉമർ അകത്തു കയറിയത്. ഉമർ അത്തരക്കാരനാണോ. എന്തായാലും രാവിലെ അന്വേഷിക്കാം എന്ന് വിചാരിച്ചു അദ്ദേഹം വീട്ടിലേക്ക് പോയി...


 രാവിലെ സുബ്ഹി നമസ്കാരത്തിന് പള്ളിയിലേക്ക് വന്ന അബൂത്വൽഹ (റ) വിനു ഈ ഉമറിന്റെ പിന്നിൽ കൈകെട്ടി നമസ്കരിക്കാൻ ഒരു ബുദ്ധിമുട്ട് തോന്നി. എന്തായാലും സലാം വീട്ടിയിട്ട് അദ്ദേഹം തലേദിവസം ഉമർ കയറിയ ആ വീട്ടിലേക്ക് നടന്നു. പോയി വാതിലിൽ മുട്ടി. 


 ആരായാലും അകത്തേക്ക് വന്നോളൂ എന്ന് അകത്തു നിന്ന് ഒരു സ്ത്രീയുടെ ശബ്ദം കേട്ട അദ്ദേഹം സങ്കടത്തോടെ അകത്തേക്ക് കയറി. അകത്തു കയറിയ അദ്ദേഹം ഞെട്ടി. ഒരു കട്ടിലിൽ കണ്ണ് കാണാൻ കഴിയാത്ത വൃദ്ധയായ ഒരു സ്ത്രീ കിടക്കുന്നു...


 അദ്ദേഹം ചോദിച്ചു ഉമ്മാ നിങ്ങളെ സഹായിക്കാൻ ആരാണുള്ളത്..?


 ആ ഉമ്മ പറഞ്ഞു : "എന്നും രാത്രിയിൽ ഒരാൾ വരും. ഞാൻ മലമൂത്ര വിസർജനം ചെയ്യാറുള്ള ഈ പാത്രം എടുത്ത് വൃത്തിയാക്കും. എന്നിട്ട്  എനിക്ക് വേണ്ട എല്ലാ സഹായവും ചെയ്തു തരും. പോക്കറ്റിൽ നിന്നും കാരക്കയെടുത്തു അത് മൃദുലമാക്കി എന്റെ വായിലേക്ക് വെച്ച് തരും. പോവാൻ നേരം നല്ല വാക്കുകൾ പറഞ്ഞു കൊണ്ട് എന്നെ സന്തോഷിപ്പിക്കും. ആ മനുഷ്യൻ ആരാണെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ല..."


 ഇത് കേട്ട അബൂത്വൽഹ(റ) പൊട്ടിക്കരഞ്ഞു...

ഈ ഉമറിനെയാണോ ഞാൻ ഒരു നിമിഷത്തേക്ക് സംശയിച്ചു പോയത് അദ്ദേഹം ചിന്തിച്ചു...


 എന്നിട്ട് പറഞ്ഞു : "ഉമ്മാ നിങ്ങൾക്ക് അറിയുമോ ആ മനുഷ്യൻ ആരാണെന്ന്..,  അതാണ് ഖലീഫ ഉമർ (റ)..!!