അല്‍ബഖറയിലെ 255-ാം ആയത്താണ് ആയത്തുല്‍കുര്‍സിയ്യ് എന്നപേരില്‍ വിളിക്കപ്പെടുന്നത്. ഉബയ്ബ്‌നു കഅബ് (റ) പറയുന്നു.
നബി(സ) പറയുന്നു. ”എല്ലാ ഫര്‍ളു നിസ്‌ക്കാരങ്ങള്‍ക്കു ശേഷവും ഒരാള്‍ ആയത്തുല്‍ കുര്‍സിയ്യ് ഓതിയാല്‍ മരണമല്ലാത്ത മറ്റൊന്നും അവന്റെ സ്വര്‍ഗ പ്രവേശത്തിനു തടസ്സമില്ല”. (ഇബ്‌നു കസീര്‍1/270) അബൂമൂസാ(റ) നിവേദനം. നബി(സ) പറഞ്ഞു. അല്ലാഹു മൂസാനബിക്ക് ഇങ്ങനെ ഒരു സന്ദേശം നല്‍കി ഓരോ ഫര്‍ളു നിസ്‌ക്കാര ശേഷവും നിങ്ങള്‍ ആയത്തുല്‍കുര്‍സിയ്യ് ഓതുക. അങ്ങനെ പതിവാക്കുന്ന വ്യക്തിക്ക് ഞാന്‍ നന്ദിയുളള മനസ്സും ദിക്‌റ് ചൊല്ലുന്ന നാവും പ്രവാചകന്മാരുടെ പ്രതിഫലവും സത്യ സന്ധരുടെ പ്രവര്‍ത്തികളും നല്‍കും. പ്രവാചകന്മാര്‍ക്കോ, പൂര്‍ണ്ണ സത്യസന്ധനോ ഈമാനിക പരീക്ഷയില്‍ വിജയം വരിച്ചവര്‍ക്കോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷിയുടെ പ്രതിഫലം നല്‍കപ്പെടുന്നവനോ അല്ലാതെ ഇതു പതിവാക്കാന്‍ സാധ്യമല്ല.” (ഇബ്‌നുകസീര്‍)
1/270) ആയത്തുല്‍ കുര്‍സിയ്യിന്റെ പ്രാധാന്യവും ഫലങ്ങളും വിവരിക്കുന്ന നിരവധി ഹദീസുകള്‍ ഇനിയുമുണ്ട്. ഭൗതികമായ ഫലങ്ങള്‍ വിവരിച്ച ധാരാളം ഹദീസുകള്‍ നമുക്ക് കാണാന്‍ കഴിയും. ഒരു ഹദീസ് കാണുക. ബുഖാരി (റ) ഉദ്ധരിച്ച ദീര്‍ഘമായ ഹദീസിന്റെ വിവരണത്തില്‍ ഇങ്ങനെ മനസിലാക്കാം. ഉറങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ തന്റെ വിരിപ്പിലെത്തിയാല്‍ ആയത്തുല്‍ കുര്‍സിയ്യ് പാരായണം ചെയ്യുക. അങ്ങനെ ചെയ്യുന്നവന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക സംരക്ഷണം ഉണ്ടാകുമെന്നു നബി (സ) പ്രസ്താവിച്ചിട്ടുണ്ട് (ബുഖാരി).
നബി (സ്വ) പറഞ്ഞു: നിങ്ങളുടെ വീടുകളെ നിങ്ങള്‍ ശ്മശാനം പോലെയാക്കരുത്. (സാധാരണ ഖബറുകളെ പോലെ ഖുര്‍ആന്‍ ഓത്തുകളോ ദിക്‌റുകളോ ഇല്ലാത്തവയാക്കരുത്). സൂറത്തുല്‍ ബഖറ ഓതപ്പെടുന്ന ഭവനങ്ങളില്‍ നിന്ന് പിശാച് ഇറങ്ങി ഓടുന്നതാണ്. (മിശ്കാത്ത്)
പിശാചിന്റെ ഉപദ്രവം തടയുന്നതിന് നബി (സ്വ) സമുദായത്തിനു നല്‍കിയ ഉരുക്കുകോട്ടയാണ് യഥാര്‍ഥത്തില്‍ ആയത്തുല്‍ കുര്‍സിയ്യ്.
അബൂഹുറയ്‌റ(റ)വില്‍ നിന്ന് ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നത് കാണുക: നബി(സ്വ) പറഞ്ഞു: സൂറത്തുല്‍ ബഖറയില്‍ ഒരു ആയത്തുണ്ട്. ഖുര്‍ആനിലെ മുഴുവന്‍ ആയത്തുകളുടെയും നേതാവാണത്. പിശാചിന്റെ സാന്നിധ്യമുള്ള വീട്ടില്‍ അതു പാരായണം ചെയ്താല്‍ തീര്‍ച്ചയായും അവന്‍ പുറത്തുപോകും. ആയത്തുല്‍ കുര്‍സിയ്യ് ആണത്. (ഇബ്‌നുകസീര്‍ 2/289).